Friday, February 16, 2018

വാടകക്കട്ടിൽ

ഞാൻ ആര് എന്ന് പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തേണ്ടത് എന്ന് അറിയില്ല. സത്യം പറഞ്ഞാൽ എന്റെ പേരു പോലും ഞാൻ മറന്നു പോയി. ഇവിടെ എല്ലാവരും എന്നെ "അമ്മേ" എന്നാണ് വിളിക്കുന്നത്, ഞാൻ തിരിച്ചും. ഞങ്ങൾ ഓരോരുത്തരും മക്കളിൽ നിന്നു കേൾക്കാൻ കൊതിക്കുന്നതാണ് ആ വിളി. എന്നാൽ അവർക്കത് ഒരു ബാദ്ധ്യത ആയി തോന്നുന്നത് കൊണ്ടായിരിക്കും ഞങ്ങളെയെല്ലാം ഇവിടെ കൊണ്ടാക്കിയിരിക്കുന്നത്. ഈ വൃദ്ധസദനത്തിൽ.

പ്രായം, ഓർമ്മകൾ പകുതിയും മായ്ച്ചിട്ടും ഇന്നും മായാതെ കിടക്കുന്നതാണ് ആദ്യമായി കേട്ട "അമ്മേ" എന്ന വിളി. അന്ന് അതിന് സ്നേഹമെന്നും കരുതലെന്നും ജീവനെന്നും അർത്ഥമുണ്ടായിരുന്നു. മകന്, നടന്നു നീങ്ങാൻ കാലുറച്ചപ്പോൾ ആ വിളിക്ക് അർത്ഥം വിശപ്പെന്നും കാശെന്നും ആയി. നിവർന്നു നിൽക്കാൻ നട്ടെല്ലുറച്ചപ്പോൾ ആ വിളിയിൽ ആജ്ഞയും അധികാരവും ചേർന്നു.
അവർക്ക് സ്വന്തമായി ഒരു കുടുംബവും ജീവിതത്തിരക്കും ആയപ്പോൾ "അമ്മേ" എന്ന വിളിക്കർത്ഥം ആവശ്യം എന്നായി. ആവശ്യം കഴിഞ്ഞപ്പോൾ ഭാരവും.

അങ്ങനെയുള്ള ഒരുപാട് ഭാരങ്ങൾ കൊണ്ടിറക്കിയ ഒരു സ്ഥലമാണ് ഇവിടം. ഇപ്പോൾ ഇവിടെ ഞങ്ങളെല്ലാവരും ഭാരമില്ലാത്തവരായി ജീവിക്കുന്നു. കൊല്ലത്തിലൊരിക്കൽ ഇവിടുത്തെ വാടക കൊടുക്കാൻ വരുമ്പോഴാണ് ഞാൻ എന്റെ മകനെ കണ്ടിരുന്നത്. ആദ്യം കൊച്ചു മക്കളേയും കൊണ്ടു വരുമായിരുന്നു. പിന്നെ അത് ഇല്ലാതായി. ഇപ്പോൾ കാശ് അടക്കൽ കമ്പ്യൂട്ടർ വഴി ആയപ്പോൾ ആരും വരാതെയായി.

ആവശ്യക്കാർ ഏറുന്നതിനനുസരിച്ച് വൃദ്ധസദനവും പുതിയ പദ്ധതി തുടങ്ങി. എല്ലാ കൊല്ലവും വാടക കൊടുക്കുന്നതിനു പകരം, കുറച്ചധികം കാശു കൊടുത്താൽ സ്ഥിരമായി ഒരു കട്ടിൽ നമുക്കു കിട്ടും. നമ്മുടെ കാലശേഷം ബന്ധുക്കൾ ഒരാൾക്ക് ഇവിടെ വന്നു താമസിക്കാം. ബന്ധങ്ങളുടെ വിലയറിയുന്നവരാരും മറ്റൊരാൾ ഇവിടെ എത്തിച്ചേരാൻ ആഗ്രഹിക്കില്ല എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ്  അറിഞ്ഞത് എന്റെ കൊച്ചു മകൻ എന്റെ വാടക ആ പദ്ധതിയിലേക്ക് മാറ്റിയിരിക്കുന്നു എന്ന്.

എന്റെ മകനേ... നീ ഇനിയാർക്കും ഭാരമാവാതിരിക്കാൻ ഈ അമ്മയ്ക്കു ചെയ്തു തരാവുന്നത് എത്രയും പെട്ടന്ന് ഈ കട്ടിൽ ഒഴിയുക എന്നതാണ്. എന്തെന്നാൽ അമ്മ എന്നു പറഞ്ഞാൽ സ്നേഹം, കരുതൽ, ജീവൻ എന്നെല്ലാമാണല്ലോ...

Sunday, December 10, 2017

ജലപിശാച്

"ജലപിശാചന്നെ അല്ലാതെന്താ. എത്ര കുളിച്ചാലും കഴുകിയാലും തൃപ്തിയാവില്ല എന്ന് വെച്ചാൽ എന്ത് ചെയ്യാനാ?"

ജയന്റെ പെട്ടെന്നുള്ള ശബ്ദം കേട്ട് സിബി ഞെട്ടി തലയുയർത്തി. വായിച്ചു കൊണ്ടിരുന്ന പേപ്പർ മടക്കി ടീപ്പോയിൽ വെച്ച് മനസ്സിലാവാത്ത ഭാവത്തിൽ ജയനെ നോക്കി.

"അല്ലെടോ... അമ്മേടെ കാര്യം പറഞ്ഞതാ. ദിവസം ചെല്ലുംതോറും വൃത്തി കൂടി കൂടി വരികയാണ്. എവിടെ തൊട്ടാലും പോയി കൈ കഴുകും. ഒരു വട്ടം കൈ കഴുകി ടാപ്പ് അടച്ചു കഴിഞ്ഞാൽ ടാപ്പ്  തൊട്ടെന്ന് പറഞ്ഞ് പിന്നെയും കൈ കഴുകണം. ദിവസവും അഞ്ചു പ്രാവശ്യമെങ്കിലും കുളിക്കും. വന്ന്  വന്ന്  ഞാനൊന്ന് പുറത്തു പോയി വന്നാൽ അമ്മയാണ് പോയി കുളിക്കുന്നത്."

ഇത് കേട്ട് ഒന്ന് ചിരിച്ചുകൊണ്ട് സിബി പറഞ്ഞു.

"സാരമില്ലെടോ ... അമ്മക്കിപ്പോ ഇത്രേം പ്രായം ഒക്കെ ആയില്ലേ. ഇനി തിരുത്താനും ദേഷ്യപ്പെടാനും ഒന്നും പോവണ്ട. എന്തായാലും കൈ കഴുകുന്നത് കൊണ്ടോ കുളിക്കുന്നത് കൊണ്ടോ വേറെ ദോഷം ഒന്നും ഇല്ലല്ലോ."

"അതല്ല സിബി... നാട്ടിലാണെങ്കിൽ കുഴപ്പമില്ലായിരുന്നു. ഇവിടെ നമ്മളീ വെള്ളമൊക്കെ കാശ് കൊടുത്തു വാങ്ങുന്നതല്ലേ. അതിങ്ങനെ വെറുതെ കളഞ്ഞാൽ എങ്ങനെയാ. ഓരോ ഭ്രാന്ത്."

"ഇത് പിന്നെ ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല കേട്ടോ. പണ്ട്  ഞങ്ങൾക്ക് നാട്ടിൽ തറവാട്ടിൽ രണ്ട് കുളങ്ങൾ ഉണ്ടായിരുന്നു. ഭാഗം വെച്ചു കഴിഞ്ഞപ്പോൾ കുളങ്ങളിൽ ഒന്ന് ഞങ്ങളുടെ പറമ്പിലും മറ്റേത് അച്ഛന്റെ ചേട്ടന്റെ പറമ്പിലും ആയി. അന്നൊക്കെ 'അമ്മ പുറത്തു പോയി വന്നാൽ നേരെ വല്യച്ഛന്റെ പറമ്പിലെ കുളത്തിൽ പോയി കുളിക്കും. എന്നിട്ട് വന്ന്  ഞങ്ങളുടെ കുളത്തിൽ ഒന്ന് കൂടി കുളിക്കും. നേരെ ഇവിടെ വന്ന് കുളിച്ചാൽ ഞങ്ങളുടെ കുളം വൃത്തികേടാകും എന്ന തോന്നലാണ് കാരണം. ഭ്രാന്തെന്നല്ലാതെ എന്തു പറയാൻ."

"ആഹാ... അപ്പൊ എന്തായാലും നല്ല ബുദ്ധിയുള്ള ജലപിശാചാണ് കൂടിയിരിക്കുന്നത്. അക്കാര്യത്തിൽ പേടി വേണ്ട." സന്ദർഭമൊന്ന് മയപ്പെടുത്താൻ സിബി ഇടക്ക് കയറി പറഞ്ഞു.

സംഭാഷണമെവിടെ മുറിഞ്ഞപ്പോൾ എന്തോ ഓർത്തിട്ടെന്ന പോലെ ജയൻ പറഞ്ഞു.

"താൻ ആദ്യമായിട്ടല്ലേ ഇവിടെ? വാ നമുക്ക് പുറത്തിറങ്ങി ഒന്ന് നടന്നിട്ട് വരാം ."

സിബിയുടെ മറുപടിക്ക് കാക്കാതെ കസേരയിൽ നിന്നെഴുന്നേറ്റ് ജയൻ  അടുത്ത മുറിയിൽ ഇരിക്കുന്ന മകനോടായി ഉറക്കെ പറഞ്ഞു.

"അപ്പൂ ... ഞങ്ങളൊന്ന് പുറത്തു പോയി വരാം. നീ ഇരുന്നു പഠിച്ചോ."

ഇതുകേട്ട്  സിബി പറഞ്ഞു.

"കുറച്ചു നേരം പഠിച്ചില്ല എന്ന് വെച്ച് ഒന്നും സംഭവിക്കില്ല. അവനും വരട്ടെ."

"ഉം എന്നാൽ ഹോംവർക്ക് തീർത്ത് വേഗം റെഡിയാവ് " എന്ന് പറഞ്ഞ് വീണ്ടും കസേരയിൽ ഇരുന്ന് ജയൻ തുടർന്നു. 

"എനിക്കിത് ആലോചിച്ച് എന്നും ടെൻഷനാണ്. അച്ഛൻ മരിച്ച് അധികം വൈകാതെ അമ്മ മുട്ടുവേദന കാരണം പുറത്തക്കൊന്നും ഇറങ്ങാതെയായി. ഞങ്ങൾക്ക് അവിടെ ചെന്ന് നില്ക്കാൻ പറ്റാത്തത് കൊണ്ട്, സഹായത്തിന് ഒരാളെ നിർത്തിയിരുന്നു."

"കുളത്തിലേക്ക് ഒന്നും ഇറങ്ങാൻ പറ്റാത്തത് കൊണ്ട് ആ ഭ്രാന്ത് അങ്ങനെ തീരും എന്നാ വിചാരിച്ചത്. പക്ഷെ അത് പിന്നെ വേറെ രീതിയിലായി. സഹായത്തിന് നിർത്തിയിരുന്ന സ്ത്രീയെ കൊണ്ട് അവർ തൊടുന്ന പാത്രങ്ങളും ഡ്രെസ്സും എല്ലാം കുളത്തിൽ പോയി മുക്കി കൊണ്ടുവരിയിച്ചു തുടങ്ങി. ഒരു തവണ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡൈനിങ്ങ് ടേബിൾ കുളത്തിൽ കൊണ്ട് പോയി മുക്കി കൊണ്ട് വരാൻ പറഞ്ഞപ്പോൾ അവരും അവിടുന്ന് മതിയാക്കി പോയി. അങ്ങനെ അമ്മെ പിന്നെ ഇങ്ങോട്ട് കൊണ്ട് വന്നു. ഭ്രാന്തെന്നല്ലാതെ എന്ത് പറയാൻ."

ജയൻ വിവരണം നിർത്തിയപ്പോൾ സിബി പറഞ്ഞു.

"ജയാ... ഇതിനു ഞങ്ങളുടെ ഭാഷയിൽ OCD എന്ന് പറയും. 'ഒബ്സെസിവ് കമ്പൽസിവ് ഡിസോർഡർ' എന്ന അവസ്ഥയുടെ ഒരു രൂപമാണിത്. പലർക്കും പല രീതിയിലാവും. മരുന്നും മെഡിറ്റേഷനും എല്ലാം ട്രൈ ചെയ്‌യാമെങ്കിലും ഈ തോന്നലുകൾ മുഴുവനായി വിട്ടു പോവില്ല. എന്തായാലും ഇത്ര പ്രായം ഒക്കെ ആയില്ലേ. ഇനി അമ്മെ അമ്മേടെ വഴിക്ക് വിട്ടാൽ മതി. ഭ്രാന്താണെന്ന് പറഞ്ഞ് ടെൻഷൻ അടിക്കേണ്ട കാര്യം ഒന്നും ഇല്ല."

"അങ്കിളേ ഞാൻ റെഡി. നമുക്ക് പോവാം?"

അപ്പുവിന്റെ ശബ്ദം കേട്ട് രണ്ടുപേരും ചർച്ച നിർത്തി എഴുന്നേറ്റു.

"ഹലോ  ജയൻ"

മൂന്നുപേരും പുറത്തിറങ്ങി വാതിൽ പൂട്ടുന്നതിനിടയിൽ പുറകിൽ നിന്ന് ശബ്ദം കേട്ട് ജയൻ തിരിഞ്ഞു നോക്കി.

"ആ മേനോൻ ചേട്ടാ..."

"എന്താ ജയൻ ഭാര്യ ഒരാഴ്ച വീട്ടിലില്ലാത്തതിന്റെ ആഘോഷമാണോ? വീടും പൂട്ടി എങ്ങോട്ടാ ഈ നേരത്ത്? അമ്മ അകത്തില്ലേ?" മേനോൻ ചോദ്യങ്ങളെല്ലാം ഒന്നിച്ച് തീർത്തു.

"യെസ്, അമ്മ അകത്തുണ്ട്. ഒറ്റക്ക് മുറിയിൽ ഇരിക്കുമ്പോൾ ആരെങ്കിലും വന്ന് വാതിൽ തുറന്നാൽ പോലും അമ്മ അറിയില്ല. അതുകൊണ്ട് വാതിൽ പൂട്ടി പോവുന്നതാ സേഫ്. എന്തായാലും അമ്മക്ക് പുറത്തിറങ്ങേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ."

" ബൈ ദി  വേ... ഇത് എന്റെ ഫ്രണ്ട് സിബി. ഡോക്ടറാണ്. നാളെ ഇവരുടെ എന്തോ കോൺഫറൻസ് ഉണ്ട്. അതിനു വന്നതാണ്. ഞങ്ങൾ വെറുതെ ഒന്ന് നടന്ന്  വരാം  എന്നു വെച്ച് പുറത്തിറങ്ങിയതാ"

"ഹാലോ ഡോക്ടർ... എന്നാ നടക്കട്ടെ, വീണ്ടും കാണാം."

മേനോൻ ചേട്ടനോട് യാത്ര പറഞ്ഞ് ലിഫ്റ്റിന്റെ അടുത്തെത്തിയപ്പോഴാണ് ജയൻ ഓർത്തത്.

"അയ്യോ... അയാളോട് വർത്തമാനം പറഞ്ഞ് വാതിൽ പൂട്ടാൻ മറന്നെന്നു തോന്നുന്നു. ഒരു മിനിറ്റ് ഞാനൊന്ന് നോക്കിയിട്ട് വരാം."

സിബി അപ്പുവിനോട് സ്കൂൾ വിശേഷങ്ങൾ ചോദിച്ച് തുടങ്ങിയപ്പോഴേക്കും ജയൻ എത്തി.

"വാ പോവാം..."

ലിഫ്റ്റിൽ വെച്ച്  അപ്പു സിബിയോട് സ്കൂൾ വിശേഷങ്ങൾ പറഞ്ഞു കൊണ്ടേ ഇരുന്നു.

താഴെ ലിഫ്റ്റിറങ്ങി ഫ്ലാറ്റിന്റെ ഗേറ്റിലെത്തിയപ്പോൾ ജയൻ അപ്പുവിനോട് പറഞ്ഞു.

"അപ്പൂ... നീ അങ്കിളിനെയും കൂട്ടി പതുക്കെ നടന്നോ. ഞാനിപ്പോ വരാം. ഒരു സാധനം എടുക്കാൻ മറന്നു."

തലയാട്ടികൊണ്ട് അപ്പു സിബിയുടെ ഒപ്പം പുറത്തേക്കിറങ്ങി.

"അങ്കിളേ... അച്ഛനിപ്പോ തിരിച്ചു പോയത് ഒന്നും എടുക്കാൻ മറന്നിട്ടൊന്നും അല്ല. വാതിൽ പൂട്ടിയില്ലേ എന്ന് ഒന്ന് കൂടി നോക്കാൻ വേണ്ടിയാ. കുറച്ചു കാലമായി എപ്പോ പുറത്തേക്കിറങ്ങിയാലും ഇങ്ങനെയാണ്. മൂന്നുനാലു തവണ പോയി നോക്കി ഉറപ്പു വരുത്തിയാലേ അച്ഛനു സമാധാനമാവുള്ളു."

സിബി ചിരിച്ചുകൊണ്ട് അപ്പുവിന്റെ തോളിൽ കൈവെച്ച് 'മോനേ... ഇതിനു ഞങ്ങളുടെ ഭാഷയിൽ OCD...' എന്ന് പറയാൻ തുടങ്ങിയപ്പോഴേക്കും അപ്പു ഇടക്ക് കയറി പറഞ്ഞു.

"ഭ്രാന്തെന്നല്ലാതെ എന്ത് പറയാൻ..."

Saturday, September 30, 2017

കാലനെ അറിയാത്ത കാലൻകോഴി

അന്ധവിശ്വാസങ്ങളുടെ ഒരു പടു കൂമ്പാരമാണ് ഈ മനുഷ്യരുടെ മനസ്സ്.അവർക്കേൽക്കുന്ന ഓരോ തോൽവിക്കും അവർ കണ്ടെത്തുന്ന ന്യായീകരണങ്ങളാണ് യഥാർത്ഥത്തിൽ ഈ അന്ധവിശ്വാസങ്ങൾ. അത് പിന്നെ അവർ അതീന്ദ്രിയ കഥകളാക്കി മറ്റുള്ളവരുടെ മനസ്സിൽ കുത്തിനിറക്കുന്നു. എന്നാൽ അവരുടെ ഈ ചെയ്തിയാൽ വെറുക്കപ്പെട്ടവരായി മാറുന്ന കുറേ പാവങ്ങളെ കുറിച്ച് അവർ ചിന്തിക്കുന്നില്ല. അത്തരത്തിൽ, ഞങ്ങളുടേതും കൂടിയായ ഈ ഭൂമിയിൽ, സ്വന്തം വർഗ്ഗത്തിന്റെ പേരിൽ അറിയപ്പെടാൻ പോലും കഴിയാതെ പോയ ഒരു വിഭാഗമാണ് എന്റേത്. മനുഷ്യരെന്ന ജന്തു വർഗ്ഗം മെനഞ്ഞ കഥയിലെ ഒരു കഥാപാത്രത്തിന്റെ പേരിൽ ഞാനിന്ന് അറിയപ്പെടുന്നത് കാലൻകോഴി എന്നാണ്.

കാലൻകോഴി അകലെ കരഞ്ഞാൽ അടുത്തു മരണം എന്നാണവർ പറയുന്നത്. മരണത്തിലേക്ക് അവരെ ആനയിക്കാൻ കാലൻ എന്നൊരാൾ വരുമെന്നും, അത് ഞാനവരെ പൂവ്വ... പൂവ്വ... എന്ന ശബ്ദമുണ്ടാക്കി വിളിച്ചറിയിക്കുന്നു എന്നുമാണ് അവരുടെ വിശ്വാസം. അവരുടേത് മാത്രമെന്നു കരുതി മനുഷ്യർ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ പ്രകൃതിയിൽ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി നെട്ടോട്ടമോടുന്നതിന്റെ ഇടയിൽ, ഇനി ഒരു പരിചയവുമില്ലാത്ത കാലന്റെ സന്ദേശം കൊണ്ടു നടക്കാൻ എനിക്കെവിടെ സമയം.

പ്രകൃതി മുഴുവൻ ഒരേ ഭാഷയിൽ സംസാരിക്കുമ്പോൾ ഈ മനുഷ്യർ മാത്രം അവരുടേതു മാത്രമായ ഭാഷയിൽ സംസാരിക്കുന്നു. ഞങ്ങൾ കരയുകയും ചിരിക്കുകയും പ്രണയിക്കുകയും ചെയ്യുന്നതിനെ അവർ അവരുടെ ഭാഷയിലേക്ക് മാറ്റി കഥകൾ ഉണ്ടാക്കുന്നു. എന്നിട്ടവർ തന്നെ ഭയക്കുന്നു.

പ്രണയത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഓർത്തത്, ഒരു ഇണയെ കണ്ടു പിടിക്കേണ്ട പ്രായം എനിക്കെന്നേ കഴിഞ്ഞു. എന്നിട്ടും ഇതുവരെ അതിനു സാധിച്ചിട്ടില്ല. അതിനും കാരണം ഈ മനുഷ്യർ തന്നെ. അവരുടെ അനാവശ്യ ഇടപെടലുകൾ മൂലം ഞങ്ങളുടെ ആവാസ വ്യവസ്ഥയിൽ ഉണ്ടായ മാറ്റങ്ങളും അതു മൂലം ഉണ്ടാവുന്ന വംശനാശ ഭീഷണയും.

അതാ ദൂരെ നിന്ന് ഒരു കരച്ചിൽ കേൾക്കുന്നില്ലേ? അത് എന്നെ പോലെ ഇണയെ തേടുന്ന ഒരുവളുടെ ഒച്ചയാണ്. ഇതെങ്കിലും ശരിയാവുമോ എന്നു നോക്കട്ടെ. എന്തായാലും ഒന്നുറപ്പാണ്. ഈ കരച്ചിൽ കേട്ട്, താഴെ കുറേ മനുഷ്യർ, കാലന്റെ വരവും കാത്ത് പേടിച്ച് കിടക്കുന്നുണ്ടാവും. അന്ധവിശ്വാസികൾ ഭയക്കട്ടെ... എനിക്കെന്താ...

ആരോ താഴെ നിന്ന് ഈ മരത്തിലേക്ക് കയറി വരുന്നുണ്ടല്ലോ. ഒരു മനുഷ്യനല്ലേ അത്. അയാളുടെ കൈയ്യിൽ എന്തിനാണാവോ ഒരു കയർ. സാധാരണ മനുഷ്യരെ പോലെ അല്ലല്ലോ, ഇയാളുടെ തലയിൽ എന്താ രണ്ടു കൊമ്പ്? എന്തെങ്കിലുമാവട്ടെ... ഞാനെന്റെ ഇണയെ തേടി പോവുന്നു...

രാവിലെ ഉറുമ്പുകൾക്ക് പ്രാതലായി ഒരു കാലൻകോഴിയുടെ ജഡം ആ മരത്തിനു താഴെ കിടക്കുന്നത് മനുഷ്യരാരും ശ്രദ്ധിച്ചില്ല.

Saturday, September 16, 2017

കൊതുകുവിപ്ലവം

മതവും ജാതിയും ഞങ്ങൾക്കില്ല
ഞങ്ങൾ, നുകരും പകരും
ഒരേ നിറത്തിൽ ഒഴുകും
ചുടുചോര മുഗുളങ്ങൾ

പേരും പെരുമയും നോക്കാറില്ല
ഞങ്ങൾ, ഉറങ്ങും മനസ്സിന്
ഉണർത്തു പാട്ടായ്
മൂളും വിപ്ലവഗാനങ്ങൾ

ഭയവും ഭീതിയും അറിയുകയില്ല
ഞങ്ങൾ ഇരുളിലുമുണരും
അവഗണനയിൽ നിന്നൂർജ്ജം കൊള്ളും
ആയിരമായിരം പടയണികൾ

അധികാരത്തിൽ കൈപ്പിടിയും
മാനവ ഗർവ്വിൻ പുക തിരിയും
ഒന്നിച്ചൊരു ചതി ചതുരംഗത്തിൽ
വീഴ്ത്തി തീർത്തൊരു
ബലികുടീരം തന്നിൽ
ഞങ്ങൾ ചിന്തിയ ചുടു ചോര
അറിയുകയതു ചോര നിങ്ങളുടെ

Thursday, April 13, 2017

ഒരു മുടിഞ്ഞ കഥ

നാട്ടുകാരുടെ തലകൾ മൊബൈൽ ഫോണുകൾക്ക് മുൻപിൽ താഴാതെ പരസ്പരം മുഖത്തു നോക്കി ചിരിച്ചിരുന്ന കാലം. ലാൻഡ് ഫോണുകൾ നാട്ടിലെ പ്രമാണികളുടെ വീട്ടിൽ മാത്രം ശബ്ദിച്ചിരുന്ന കാലം. പേനകൾ ഇൻലൻഡുകളോട് പറഞ്ഞ രഹസ്യങ്ങൾ പോസ്റ്റ് ബോക്സുകളിൽ ഒളിപ്പിച്ചിരുന്ന കാലം. സ്വദേശ ഭാര്യമാർ ആണ്ടിൽ ഒരിക്കൽ വരുന്ന വിദേശ ഭർത്താക്കന്മാരേക്കാൾ അവരുടെ കത്തുമായി വരുന്ന പോസ്റ്മാന്മാരെ കാത്തിരുന്നിരുന്ന കാലം.

അങ്ങനെയുള്ളൊരു കാലത്ത് മദ്ധ്യകേരളത്തിന്റെ വടക്കുമാറി തെയ്യന്പാടികുത്ത് എന്ന ഗ്രാമത്തിലെ ജനങ്ങളുടെ ഏക സന്ദേശവാഹകനായിരുന്നു ശങ്കുണ്ണി... പോസ്റ്മാൻ ശങ്കുണ്ണി...

ശങ്കുണ്ണി അറിയാത്ത ഒരു രഹസ്യവും ആ നാട്ടുകാർക്കിടയിൽ ഉണ്ടായിരുന്നില്ല. അത് നാട്ടുകാർക്ക് ശങ്കുണ്ണിയോടുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പുറത്തു അവർ തുറന്നു പറഞ്ഞ രഹസ്യങ്ങളായിരുന്നില്ല. അവർ അയച്ചതും അവർക്ക് വന്നതുമായ എഴുത്തുകളിൽ നിന്ന് ശങ്കുണ്ണി സ്വയം വായിച്ചു മനസ്സിലാക്കിയവയായിരുന്നു.

രാവിലെ പോസ്‌റ്റോഫീസിൽ നിന്ന് ഇറങ്ങിയാൽ ഒരു മരത്തണലിൽ ഇരുന്ന് അന്നത്തെ കത്തുകൾ സസൂക്ഷ്മം തുറന്ന് വായിക്കുകയും അതുപോലെ തന്നെ തിരിച്ചു ഒട്ടിക്കുകയും ചെയ്‌യുന്നതായിരുന്നു ശങ്കുണ്ണിയുടെ പതിവ്.

രാവിലെ എഴുത്തുകളുമായി ഒരു കറക്കം കഴിഞ്ഞാൽ ലോനപ്പന്റെ ചായക്കടയിൽ വന്നിരുന്ന് ഒരു ചായയും കുടിച്ച് നാട്ടുകാര്യങ്ങളും പറഞ്ഞിരിക്കൽ ശങ്കുണ്ണിയുടെ ശീലമായിരുന്നു.

ലോനപ്പൻ : 
"ഇന്നെന്താ ശങ്കുണ്ണി എഴുത്തു കൊടുക്കൽ നേരത്തെ കഴിഞ്ഞോ? 

ശങ്കുണ്ണി : 
ഹൌ ഒന്നും പറയണ്ടെന്റെ ലോനപ്പേട്ടാ... രാവിലെ എണീറ്റപ്പോ മുതൽ വല്ലാത്തൊരു തലവേദന. എന്നാ ഒരു ചായ കുടിച്ച് ഉഷാറായിടാങ്കട് തൊടങ്ങാം ന്ന് വിചാരിച്ചു. ഇന്നാണെങ്കിൽ ആകെ നാലഞ്ചണ്ണം മാത്രേ കൊടുക്കാൻ ഉള്ളൂ. അതും അത്ര അത്യാവശ്യമുള്ളതൊന്നും അല്ല. "

ലോനപ്പൻ : 
" ഹയ്യ് ... നിത്യതൊഴിൽ അഭ്യാസം ല്ലേ? തനിക്കിപ്പോ കത്ത് പുറമേനിന്ന് കാണുന്പോഴേക്കും അത്യാവശ്യമാണോ അല്ലേ എന്നൊക്കെ മനസ്സിലായി തുടങ്ങി ല്ലേ ? "

ശങ്കുണ്ണി : 
ഏയ് അങ്ങനൊന്നും ഇല്ല. ഞാനൊരു ഊഹം പറഞ്ഞതല്ലേ ലോനപ്പേട്ടാ. "

ശങ്കുണ്ണി : 
എന്താ നാരായണിയേടത്ത്യേ... ഇന്ന് പാല് കൊണ്ടൊരാൻ വൈകിയോ? മദിരാശീന്ന് രാമൻ അയക്കണ കാശ് വരണ്ട സമയം കഴിഞ്ഞുലോ. വന്ന് കണ്ടില്ല. "

നാരായണി : 
ഞാനും അത് ചോദിക്കാൻ ഇരിക്കായിരുന്നു ശങ്കുണ്ണി. വരണ്ട സമയം കഴിഞ്ഞു. എല്ലാ മാസോം മുടങ്ങാതെ 300 രൂപ അയച്ചേർന്ന ചെക്കനാ. ഇപ്പൊ കൊറേ നാളായി 200 രൂപേ കാണാനുള്ളൂ. കാശയക്കുന്നു എന്നൊരു വര്യല്ലാണ്ടെ ഒരു വിശേഷോം വേറെ എഴുതില്ല്യ. രണ്ടൂസത്തിന്റെ ഉള്ളില് വര്വേരിക്കും. "

ലോനപ്പൻ
ആ അത് പറഞ്ഞപ്പഴാ ഓർത്തെ. തന്റെ പറ്റ് ഇപ്പൊ നൂറു രൂപ ആയിട്ടോ ശങ്കുണ്ണി. "

ശങ്കുണ്ണി : 
തരാം ലോനപ്പേട്ടാ... ഞാനും കുറച്ചു കാശ് വരാനുള്ളത് കാത്തിരിക്യാ. രണ്ടൂസത്തിന്റെ ഉള്ളില് വര്വേരിക്കും. "

നടന്നകലുന്ന നാരായണിയമ്മയെ ഒളികണ്ണിട്ട്  നോക്കികൊണ്ട് ശങ്കുണ്ണി പറഞ്ഞു.

ശങ്കുണ്ണി : 
എവടക്കാ രമേശാ ധൃതീല് ? "

രമേശൻ : 
ആ ശങ്കുണ്ണിയേട്ടാ... ഞാൻ പോസ്റ്റോഫീസിലേക്കാ. ഒരു ജോലിക്കുള്ള അപേക്ഷ അയക്കാനാ. ഇന്നത്തെ പോസ്റ്റിലന്നെ പോണം. "

ശങ്കുണ്ണി : 
ആ അത് തന്നോ. ഞാൻ കേറ്റി വിട്ടോളാം... അല്ല രമേശാ നിന്റെ ഇത്തവണത്തെ കവിത തിരിച്ചു വരണ്ട സമയം ആയിലോ. രണ്ടാഴ്ച ആയിലേ അയച്ചിട്ട് ? "

രമേശൻ : 
ഇത്തവണ അത് എന്തായാലും അച്ചടിച്ചു വരും. "

ശങ്കുണ്ണി : 
ആ വരട്ടെ... ലോനപ്പേട്ടാ എന്ന ഞാൻ ഇറങ്ങട്ടെ. "

സൈക്കിൾ ഓടിച്ചു പോകുന്ന വഴി കാണുന്നവരോടൊക്കെ വിശേഷങ്ങൾ പറഞ്ഞാണ് പോക്ക്.

ശങ്കുണ്ണി : 
ജമീലേ അയമ്മദ് വരാറായി അല്ലേ? നടുവേദന ഒക്കെ കുറവല്ലേ? "

അന്തം വിട്ട് നിന്ന ജമീല എന്തെങ്കിലും പറയുന്നതിന് മുന്പ്‌ ശങ്കുണ്ണി സൈക്കിൾ ചവിട്ടി നീങ്ങി.

ശങ്കുണ്ണി : 
എന്താ രേണുക ടീച്ചറെ... നിങ്ങളെ പുറത്തക്കൊന്നും  കാണാറേ ഇല്ലല്ലോ. നിങ്ങൾക്ക് പിന്നെ ഫോൺ ഉള്ളതുകൊണ്ട് വിശേഷങ്ങൾ ഒക്കെ അതിലാവും അല്ലെ? ആരും എഴുത്തെഴുതുന്നതും കാണാറില്ല. ഭർത്താവ് കോയന്പത്തൂരന്നെ അല്ലെ? ആള് നാട്ടിലേക്ക് വരവൊന്നും ഇല്ലേ? "

ചോദ്യങ്ങൾ അനവധി ഉണ്ടെങ്കിലും, എല്ലാം കേട്ട് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്ത് രേണുക ടീച്ചർ അകത്തേക്ക് കയറി പോയി.

ശങ്കുണ്ണി : 
വെറുതെ ഫോൺ വിളിച്ചു കാശ് കളയാതെ എടക്കൊരു എഴുത്തൊക്കെ എഴുത്. ഞങ്ങളും വിശേഷങ്ങളൊക്കെ അറിയട്ടെ. "

എന്ന് ആത്മഗതം പറഞ്ഞു കൊണ്ട് ശങ്കുണ്ണി സൈക്കിൾ എടുത്ത് ചവിട്ടി നീങ്ങി.

- മറ്റൊരു ദിവസം -

മരത്തണലിൽ ഇരുന്ന് എഴുത്തുകൾ നോക്കുന്നതിനിടയിൽ ആണ് ആ വെളുത്ത കവർ ശങ്കുണ്ണി ശ്രദ്ധിച്ചത്.

 രേണുക രഘുനാഥ്,  കുന്നക്കൽ ഹൌസ്,  തെയ്യന്പാടികുത്ത്  

എന്ന രേണുക ടീച്ചറുടെ മേൽവിലാസം എഴുതിയ കവർ കണ്ട് ആകാംഷയോടെ പേനയെടുത്ത് തിരുകിത്തിരിച്ച് പശയടർത്തി സസൂക്ഷ്മം കവർ തുറന്നു.

ശങ്കുണ്ണി : (ആത്മഗതം) 
ആ അങ്ങനെ അവസാനം പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ സഹായം ആവശ്യം വന്നു. സഹായം ചെയ്‌യുന്പോൾ അത് എന്തിനാന്ന് ഞങ്ങളും അറിഞ്ഞിരിക്കണ്ടേ... " 

കവറിൽ നിന്ന് പുറത്തെടുത്ത കത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന മുടിയും പൊടിയും അലസഭാവത്തിൽ ഊതിയും കൈകൊണ്ട് തട്ടിയും കളഞ്ഞ്, ചുറ്റും ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി, കത്ത് തുറന്നു വായിച്ചു.

പ്രിയപ്പെട്ട രേണു,

" പ്രശ്നങ്ങൾ ദിനം പ്രതി ഒന്നിന് പുറകെ ഒന്നായി വന്നു കൊണ്ടിരിക്കുന്നു. എല്ലാം അവൻ കാരണമാണ്. ഇനി അവനെ എങ്ങനെയെങ്കിലും ഒഴിവാക്കിയാലേ എല്ലാം തിരിച്ചു നേടാൻ പറ്റൂ. അത് എന്ത് കൂടോത്രം ചെയ്തിട്ടാണെങ്കിലും ശരി.

എന്തായാലും നീ ഫോണിൽ പറഞ്ഞത് പോലെ നെറുകയിൽ നിന്ന് ഒപ്പിച്ചെടുത്ത ഒരു മുടി ഇതിന്റെയൊപ്പം വെക്കുന്നു. "

എന്ന് സ്വന്തം,
രഘു 
 
സംശയത്തോടെ ശങ്കുണ്ണി അവസാന വരി ഒന്നുകൂടി വായിച്ചു.

"നെറുകയിൽ നിന്ന് ഒപ്പിച്ചെടുത്ത ഒരു മുടി ഇതിന്റെയൊപ്പം വെക്കുന്നു."  

ഏ മുടിയോ? "

എന്നോർത്ത് കവറിന്റെ ഉള്ളിലേക്ക് നോക്കുന്പോഴാണ് താൻ നേരത്തെ ഊതിയും തട്ടിയും കളഞ്ഞ മുടിയെ കുറിച്ച് ശങ്കുണ്ണി ഓർത്തത്.

ആ മുടിയില്ലാതെ ഇനി ഈ കത്ത് കവറിലിട്ട് നൽകാനാവില്ല എന്ന തിരിച്ചറിവിൽ ശങ്കുണ്ണി അവിടെ മുഴുവൻ പരതി. പുൽനാന്പുകൾക്കിടയിൽ നിന്ന് പലതും കിട്ടിയെങ്കിലും ആ മുടി കണ്ടെത്താനായില്ല.

വഴിപോക്കൻ :
എന്താ ശങ്കുണ്ണി പുല്ലിന്റെ എടേല് നോക്കണേ ? കത്ത് വല്ലതും പറന്നു പോയോ? "

ശങ്കുണ്ണി :
ഏയ് ഒരു മു........ മുക്കുറ്റിടെ തൈ കിട്ട്വോ എന്ന് നോക്കണതാ. വീട്ടില് കൊണ്ട് നടാൻ. ആവശ്യം ഉള്ളപ്പോ ഇനി അവിടുന്നു പാറിക്കലോ."

ഇനി അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് മനസ്സിലായതോടെ 

ആ കിട്ടി " 

എന്ന് പറഞ്ഞ് വെറുതെ ഒരു പുല്ല് പറിച്ച് സൈക്കിളിന്റെ പെട്ടിയിലും, കവരും കത്തും പോക്കറ്റിലും ഇട്ട് സൈക്കിളെടുത്ത് പോയി.

പോകുന്ന വഴിയെല്ലാം ആ മുടിയെ കുറിച്ച് ആയിരുന്നു ചിന്ത.

വഴിയിൽ പലരും ശങ്കുണ്ണിയെ നോക്കി ചിരിക്കുകയും വർത്തമാനം പറയുകയും ചെയ്‌യുന്നുണ്ടെങ്കിലും ശങ്കുണ്ണി അതൊന്നും ശ്രദ്ധിച്ചില്ല.

അവസാനം തന്റെ തലയിൽ നിന്ന് ഒരു മുടി പറിച്ച് കത്തിന്റെ ഒപ്പം വെച്ച് പ്രശ്‍നം പരിഹരിക്കാൻ ഉറപ്പിച്ച് മുടിയിൽ കൈ വെച്ചപ്പോഴാണ് കത്തിലെ ആ വാചകം ശങ്കുണ്ണി ഓർത്തത്.

ഇനി അവനെ എങ്ങനെയെങ്കിലും ഒഴിവാക്കിയാലേ എല്ലാം തിരിച്ചു നേടാൻ പറ്റൂ. അത് എന്ത് കൂടോത്രം ചെയ്തിട്ടാണെങ്കിലും ശരി. "

കൂടോത്രം എന്ന വാക്ക് ഓർത്തതും ശങ്കുണ്ണി വേഗം കൈ തന്റെ തലയിൽ നിന്ന് പിൻവലിച്ചു.

ഒരു മുടിക്കായുള്ള ശങ്കുണ്ണിയുടെ തുടരന്വേഷണത്തിൽ തെളിഞ്ഞ വിവിധ ഇനത്തിലും തരത്തിലും ഇത്രയധികം മുടികൾ കുന്നുകൂടി കിടക്കുന്ന ഒരു സ്ഥലം ഇന്നാട്ടിലുള്ളപ്പോൾ തനിനിയെന്തിനേറെ അന്വേഷിച്ചു നടക്കുന്നു എന്ന ബോദ്ധ്യം ചെന്നെത്തിച്ചത് വിജയൻറെ ബാർബർ ഷോപ്പിലാണ്.

വിജയൻ :
" ആ ശങ്കുണ്ണി... ഇരിക്ക്, ദേ ഇത് ഇപ്പൊ കഴിയും. അത് കഴിഞ്ഞ് നമുക്കൊരോ ചായ കുടിച്ചു വന്നിട്ട് വെട്ടാം. കട്ടിങ് മാത്രമേ ഉള്ളോ അതോ ഷേവിങ്ങും ഉണ്ടോ? "

ശങ്കുണ്ണി : (കണ്ണാടിയിൽ നോക്കി മുടി ചീകിക്കൊണ്ട്)
രണ്ടും ഇല്ല "

വിജയൻ :
പിന്നെ? ഓ അളിയന്റെ കത്ത് വന്നല്ലേ. അവള് കുറച്ച് ദിവസമായി കാത്തിരിക്കുന്നു."

ശങ്കുണ്ണി :
കത്തും ഇല്ല. ഞാൻ വെറുതെ കയറിയതാ. "

ഒരു മുക്കിൽ കൂട്ടിയിട്ടിരിക്കുന്ന മുടി കൂന്പാരത്തിന്റെ അരികിലേക്ക് നീങ്ങി.

ശങ്കുണ്ണി :
ഈ മുടിയൊക്കെ വിറ്റാൽ നല്ല കാശ് കിട്ട്വോ വിജയാ? 

എന്ന് ചോദിച്ച് അതിൽ നിന്ന് ഒരു മുട്ടിയെടുത്ത് കൈയിലൊതുക്കി.

വിജയൻ : (ദേഷ്യത്തോടെ)
ആ കിട്ടും. താനിത് ചോദിക്കാനാണോ വന്നത്? താനൊന്നു പോയേ ശങ്കുണ്ണി. ഞാനിതൊന്നു തീർത്തിട്ട് ഒരു ചായ കുടിക്കട്ടെ."

 
കൈയിൽ കിട്ടിയ മുടിയുമായി ശങ്കുണ്ണി പുറത്തേക്കിറങ്ങി. അല്പം മാറി നിന്ന് ആ കവറിലേക്ക് ആ മുടിയും കത്തും ഇട്ട് ഒട്ടിച്ച് സൈക്കിളിന്റെ പെട്ടിയിലേക്കിട്ടു. നേരത്തെ പറച്ചിട്ടിരുന്ന പുല്ല് പെട്ടിയിൽ നിന്നെടുത്ത് ചുരുട്ടി കളഞ്ഞു.

എന്നിട്ട് നേരെ സൈക്കിൾ എടുത്ത് രേണുക ടീച്ചറുടെ വീട്ടിലേക്ക് ചവിട്ടി.

മുറ്റത്ത് സൈക്കിൾ ബെല്ലിന്റെ ശബ്ദം കേട്ട് വാതിൽ തുറന്നു നോക്കിയ രേണുക ടീച്ചറുടെ കൈയിൽ ഒരു ചെറു പുഞ്ചിരിയോടെ ശങ്കുണ്ണി ആ കവർ നൽകി.

ശങ്കുണ്ണി എന്തോ ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും അകത്ത് ഫോൺ അടിക്കുന്ന ശബ്ദം കേട്ട് രേണുക ടീച്ചർ ശങ്കുണ്ണിയെ ശ്രദ്ധിക്കാത്ത മട്ടിൽ ധൃതിയിൽ വാതിൽ പാതി ചാരി അകത്തേക്കോടി.

ഒന്നു നിന്ന് മടങ്ങി പോകാൻ സൈക്കിൾ തിരിക്കുന്നതിനിടയിൽ ശങ്കുണ്ണി അകത്തു നിന്ന് രേണുക ടീച്ചറുടെ ശബ്ദം കേട്ടു.

രേണുക :
ആ രഘുവേട്ടാ... കിട്ടി... ദേ ഇപ്പൊ പോസ്റ്മാൻ കൊണ്ടുവന്ന് തന്നു. ഇന്നന്നെ കിട്ടിയത് നന്നായി......"
 
ഉം... നമുക്ക് വേറെ വഴിയില്ലാതോണ്ടല്ലേ... മനുഷ്യനെ ഇങ്ങനെ ദ്രോഹിച്ചാ പിന്നെ എന്ത് ചെയ്‌യാനാ ? അതെ നല്ല ശക്തിയുള്ള പൂജയാ... പലർക്കും അനുഭവം ഉണ്ട്."
 
ആ... ഇന്ന് വെള്ളിയാഴ്ചയല്ലേ... അമാവാസിയും... വൈകുന്നേരം പോവുന്നുണ്ട്. ഒരു കാര്യം ഉറപ്പാ......"

അപ്പോഴേക്കും ശങ്കുണ്ണി ഗേറ്റ് കടന്ന് പുറത്തെത്തിയിരുന്നു. അകത്ത് നിന്നുള്ള ശബ്ദം അവ്യക്തമായി.

ശങ്കുണ്ണി : (ആത്മഗതം)
ആ... ഒരു കാര്യം ഉറപ്പാ... ഇന്നാട്ടിലെ ഏതോ ഒരുത്തന്റെ കാര്യം തീരുമാനമായി. എന്റെ മുടി വെക്കാൻ തോന്നാഞ്ഞത് എത്ര നന്നായി. 

ജോലി കഴിഞ്ഞ് പോസ്‌റ്റോഫീസിൽ നിന്ന് ശങ്കുണ്ണി തിരിച്ച് വീട്ടിൽ എത്തി കാലും മുഖവും കഴുകാൻ മുറ്റത്തെ ടാപ്പ് തുറന്നു. ഭാര്യ മുറ്റമടിക്കുന്ന തിരക്കിലാണ്.

ശങ്കുണ്ണി :
മോൻ എവിടെടീ ? "

ഭാര്യ :
അവൻ അകത്തിരുന്ന് പഠിക്കുന്നുണ്ട്. ഇന്ന് ജലദോഷം കാരണം സ്കൂളിൽ വിട്ടില്ല. അതുകൊണ്ട് രാവിലെ തന്നെ പോയി മുടി വെട്ടിച്ചു. "

ശങ്കുണ്ണി :
ഉം... "

ടാപ്പിൽ നിന്ന് ഒരു കുന്പിൾ വെള്ളം വായിലേക്കൊഴിച്ചപ്പോഴാണ് വെള്ളിടി വെട്ടും പോലെ ശങ്കുണ്ണി അക്കാര്യം ഓർത്തത്. വായിലൊഴിച്ച വെള്ളം തുപ്പാൻ മറന്ന് ഇറക്കി.

ശങ്കുണ്ണി :
മുടി വെട്ടാൻ എപ്പോ പോയെന്നാ പറഞ്ഞേ ? "

ഭാര്യ :
രാവിലെ നിങ്ങൾ ഇറങ്ങീതിന്റെ തൊട്ടു പുറകെ പോയി വെട്ടി. "

ശങ്കുണ്ണി : (അസ്വസ്ഥനായി)
എന്നിട്ടാ വിജയൻ എന്നോടൊന്നും പറഞ്ഞില്ലല്ലോ. നിനക്ക് വേറെ ഒരു ദിവസവും കിട്ടിയില്ലേ മുടിവെട്ടിക്കാൻ. " 

ഭാര്യ :
മുടി വളർന്ന് വിയർപ്പിറങ്ങി പനി പിടിക്കണ്ടാ എന്ന് വെച്ച് വെട്ടിച്ചപ്പോ അതും തെറ്റായോ? നിങ്ങളുടെ വർത്തമാനം കേട്ടാ ഞാനവന്റെ തല വെട്ടിയ പോലെ ആണല്ലോ. " 

ശങ്കുണ്ണി :
അതേടീ... ഏതാണ്ട് തല വെട്ടിയ പോലെ ആയി. എന്നിട്ട് അവൻ എവിട്യാന്നാ പറഞ്ഞേ? "

ഭാര്യ :
അകത്തിരുന്ന് പഠിക്കുന്നുണ്ട് മനുഷ്യാ... നിങ്ങൾക്കിതെന്താ പറ്റിയേ...? 

ശങ്കുണ്ണി അകത്തേക്കോടി പുസ്തകം വായിക്കുന്ന മകനെ തലയിൽ ഒന്ന് തലോടി കെട്ടിപിടിച്ചു. പുറകെ ഓടിയെത്തിയ ഭാര്യക്കും, അച്ഛന്റെ കാരങ്ങളിലമർന്ന മകനും കാര്യമൊന്നും മനസ്സിലായില്ല.

ശങ്കുണ്ണിക്ക് അന്നത്തെ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. മകന്റെ മുടിയിൽ വിരലോടിച്ചു കൊണ്ട്  എന്തൊക്കെയോ ആലോചിച്ചിരുന്നു.

" ആ നശിച്ച കത്ത് പൊട്ടിച്ചതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം. ഈ വിഷമം ആരോടും ഒന്ന് തുറന്ന് പറയാൻ പോലും പറ്റില്ലല്ലോ. ഈശ്വരാ... ഞാനെടുത്തത് ഇവന്റെ മുട്ടിയാകല്ലേ. വേറെ ആരുടെയെങ്കിലും ആവണേ. "

ഇങ്ങനെ ഓരോന്ന് ആലോചിച്ചിരുന്ന് നേരം വെളുത്തു.

പല്ലു തേച്ചുകൊണ്ട് മുറ്റത്തിറങ്ങിയപ്പോഴാണ് ബാർബർ വിജയൻ ആ വഴി പോകുന്നത് കണ്ടത്. സാധാരണ എല്ലാവരോടും വിശേഷങ്ങൾ ചോദിച്ചിരുന്നു ശങ്കുണ്ണി നിർവികാരനായി ഒന്നും മിണ്ടാതെ നോക്കി നിന്നു. ശങ്കുണ്ണിയെ കണ്ട് അടുത്തേക്ക് വന്ന് വിജയൻ പറഞ്ഞു.

വിജയൻ :
തെക്കേലെ മരിച്ചേടത്തേക്ക് വരണില്ലേ? അതോ താൻ അറിഞ്ഞില്ലേ? " 

 മറ്റാരോ മരിച്ചു എന്നറിഞ്ഞപ്പോൾ ശങ്കുണ്ണിയുടെ കണ്ണിൽ പെട്ടെന്നൊരു തിളക്കം പ്രത്യക്ഷപ്പെട്ടു. മരിച്ചത് ആരാണെന്നു പോലും അന്വേഷിക്കാതെ ശങ്കുണ്ണി ചോദിച്ചു.

ശങ്കുണ്ണി :
ഏ... അയാൾ ഇന്നലെ തന്റെ കടയിൽ വന്ന് മുടി വെട്ടിയിരുന്നോ? "

ഒരാൾ മരിച്ചെന്നറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം ശങ്കുണ്ണിയുടെ മുഖത്ത് പ്രകടമായിരുന്നു.

പെട്ടെന്നുള്ള ചോദ്യം കേട്ട് വിജയൻറെ മനസ്സിൽ മരിച്ചയാളുടെ മുഖം തെളിഞ്ഞു. എന്നിട്ട് പറഞ്ഞു.

വിജയൻ :
ഹ...ഹ... താനെന്തൊരു ചോദ്യാ ശങ്കുണ്ണി ചോദിക്കണേ. മരിച്ചത് തെക്കേലെ കുമാരേട്ടനാ. ഞാൻ മുടിവെട്ട് തുടങ്ങിയ കാലം മുതൽ അയാളുടെ തലയിൽ പേരിനു പോലും ഒരു മുടി ഞാൻ കണ്ടിട്ടില്ല. പിന്നെ എന്തെടുത്തു വെട്ടാനാ? "

ശങ്കുണ്ണി : (നിസ്സംഗതയോടെ)
ഓ... അയാളാണോ? വേറാരും മരിച്ചിട്ടില്ല ല്ലേ ? സമയം എടുക്കുമായിരിക്കും..... "
 

അങ്ങനെ ആ സമയവും കാത്ത് ശങ്കുണ്ണി ഇരുന്നു. പക്ഷെ പിന്നീട് കുറെ നാളത്തേക്ക്  തെയ്യന്പാടികുത്തിൽ ആരും മരിച്ചില്ല. ശങ്കുണ്ണിയുടെ മകന്റെ മുടി പിന്നെയും വളരുകയും വെട്ടുകയും ചെയ്തു. രമേശന്റെ കവിതകൾ ആഴ്ചപ്പതിപ്പുകളിൽ അച്ചടിച്ചു വന്നു തുടങ്ങി. നാരായണിയേടത്തിക്ക് മകൻ അയച്ച 300 രൂപ പിന്നെയും കിട്ടി തുടങ്ങി. ജമീലക്ക് വീണ്ടും നടുവേദന വന്നത് ശങ്കുണ്ണി അറിഞ്ഞില്ല. ഒന്നും സംഭവിച്ചില്ലെങ്കിലും ശങ്കുണ്ണി ഇന്നും ആ സമയം വരുമെന്ന ഭയത്തിൽ കാത്തിരിക്കുന്നു.

- അങ്ങനെയിരിക്കെ -

പോസ്‌റ്റോഫീസിൽ കത്തുകളിൽ സീൽ അടിക്കുന്ന ശങ്കുണ്ണി ഒരു പോസ്റ്റ് കാർഡിൽ എഴുതിയിരിക്കുന്ന ആ മേൽവിലാസം കണ്ട് വിറയ്ക്കുന്ന കൈയോടെ അത് എടുത്തു...

 രേണുക രഘുനാഥ്,  കുന്നക്കൽ ഹൌസ്,  തെയ്യന്പാടികുത്ത്  

മനസാക്ഷി സമ്മതിച്ചില്ലെങ്കിലും അത് തിരിച്ച് വായിക്കാതിരിക്കാൻ അയാൾക്കായില്ല...

പ്രിയപ്പെട്ട രേണു,

"ചില സാഹചര്യങ്ങൾ കാരണം കുറച്ചു നാളായി വിളിക്കാൻ കഴിഞ്ഞില്ല. എന്തായാലും നിന്റെ പൂജ ഫലിച്ചു. അവൻ സ്വയം ഒഴിഞ്ഞു പോയി. അധികം താമസിക്കാതെ നമുക്ക് നഷ്ടപെട്ടതെല്ലാം തിരിച്ചു കിട്ടും. എന്നിട്ടു വിളിക്കാം."

"ദൈവത്തിനു നന്ദി..."

എന്ന് സ്വന്തം,
രഘു

Sunday, February 12, 2017

വരമീമരം

തരു, നിന്റെ രക്ഷകർ ഞങ്ങൾ, പറയുന്നു, നിൻ നാശമേകുന്നൊരാപത്തുകൾ
പകരുന്നിതാ പാഠം പലവിധമങ്ങനെ
മരമൊരു വരമെന്ന സത്യതത്ത്വം.

നിന്റെ തുകൽ ചീന്തിയുള്ളൊരാ
കടലാസിൽ, രക്ഷക്കായ്,
എഴുതുന്നു കവിതകൾ നിനക്കു വേണ്ടി

നിന്റെ കട വെട്ടിയുള്ളൊരാ
മേശക്കിരുവശ ചർച്ച,
കൂട്ടുന്നു മുറവിളി നിനക്കു വേണ്ടി

നിൻ വിരലറുത്തുത്തീർത്തൊരാ തീപ്പെട്ടിയാൽ, ഞങ്ങൾ,
കത്തിച്ചു കോലങ്ങൾ നിനക്കു വേണ്ടി

നിന്റെ തുടകീറിയുണ്ടാക്കി
പെട്ടിയൊന്നിൽ, ഭദ്രം,
കരുതുന്നു പണമതു നിനക്കു വേണ്ടി

(തരു...)

നടുക നടുക വൃക്ഷത്തൈകൾ
അവ നിങ്ങളുടെ നാളെതൻ നട്ടെല്ലുകൾ...

നടുക നടുക വൃക്ഷത്തൈകൾ
അവ നിങ്ങളുടെ നാളെതൻ നട്ടെല്ലുകൾ, പാടി

നിനക്കായൊഴുക്കിയ വിയർപ്പുതുള്ളി,തുടയ്ക്കുന്നു
നിൻ കൈ വെട്ടി നിർമ്മിച്ച നാപ്കിന്നുകൾ

നിൻ കാൽ മുറിച്ചൊരു തണൽ
പന്തലിൽ, വെച്ചു,
നിൻ സംരക്ഷസമര മതി കാഹളങ്ങൾ

പകരം നീ തരിക...
ഞങ്ങൾക്കുറങ്ങുവാൻ,ഒരു ശവമഞ്ചവും കത്തിത്തീരാൻ, ഒരു ചിതയും

(തരു... )

Sunday, February 05, 2017

നാളെകൾക്കായ്

നാളെകളെ നാളെകളെ...
ഇന്നലെകളേകിയതു
നൽകുന്നിതാ ഞങ്ങൾ
ഓർമകളായ്...

കെട്ടിപ്പടുക്കയിനി
ഞങ്ങൾ ഞങ്ങൾക്കായ്
തട്ടിക്കളഞ്ഞു പോയ്
പോയ സൗഖ്യം

ചെറുകിളികൾ ചേക്കേറും
പൂമരച്ചില്ല തൻ
കടവെട്ടിയവനവൻ
ചിതയൊരുക്കി

ഞങ്ങളുടെയാച്ചിതതൻ
ഒരുപിടിച്ചാരമെടുത്തിനി
നിങ്ങൾ നടുക
പുതു പൂമരങ്ങൾ

(നാളെകളെ...)

ജീവന്റെ ജലമൊഴുകു-
മാപ്പുഴതൻ മണൽ വാരി
പൊക്കിപ്പടുത്തു മരണ-
മടയാള സൗധം

ഞങ്ങളുടെയാക്കുടികൾ
തട്ടിത്തകർത്തവയാൽ
കെട്ടിപ്പടുക്കു പുഴയിൽ
തടയണകൾ

(നാളെകളെ...)

ഒന്നായമാനവ
കുലമതിനെ പലതാക്കി
പക ചോര ചിന്തിയ
പടനിലങ്ങൾ

ഞങ്ങളുടെയച്ചോര
കറകഴുകിയിനിയിവിടെ
നൽഹൃദയമൊന്നായ്
മിടിച്ചിടട്ടേ

നാളെകളെ, നിങ്ങൾക്കായ്
ഇന്നലെകൾ കരുതിയ -
തിന്നിൻ സുഖത്തിനായ്
കവർന്നെടുത്തു

തരരുതുമാപ്പതിനു
ഞങ്ങളുടെ തെറ്റതിനു
നിങ്ങളുടെ നാളെകൾ
നന്നായിടാൻ...