Sunday, July 19, 2015

ക്ഷണക്കത്ത്


ഉറക്കം വരാത്ത അന്നത്തെ രാത്രിക്ക് ബിവറേജസ് ക്യൂവിനേക്കാൾ നീളക്കൂടുതൽ അനുഭവപ്പെട്ടു അവന്‌. സൂചി ഒന്ന് അനക്കാൻ പോലും അറുപത് സെക്കൻഡ് സമയം എടുക്കുന്ന തന്റെ പഴഞ്ചൻ ടൈം പീസ് ഒന്നു കുലുക്കി ചെവിയിൽ വെച്ച് നോക്കി അതിപ്പോഴും ജീവിച്ചിരിക്ക്കുന്നു എന്ന് ഉറപ്പു വരുത്തി. ഈ ടൈം പീസ് ഇത്രയും കാലം വേഗത്തിലോടി തനിക്ക് 35 വയസ്സാക്കാൻ കാണിച്ച ഉത്സാഹം ഇന്ന് രാത്രി കൂടി കാണിച്ചിരുന്നെങ്കിൽ പെട്ടന്ന് 7 മണി ആവുമായിരുന്നു.

7.30ക്കുള്ള ബസ് പിടിച്ചാലേ 9 മണിക്ക് മുമ്പ് ടൗണിലെ വെഡ്ഡിങ്ങ് കാർഡ് സെൻഡറിൽ എത്താൻ പറ്റൂ. താൻ കഴിഞ്ഞ 10 വർഷമായി സ്വപ്നത്തിൽ കൊണ്ടുനടക്കുന്ന..., സ്വർണലിപികളിൽ തന്റെ പേരിനൊപ്പം ഒരു പെൺകുട്ടിയുടെ പേരും കൂടി അച്ചടിച്ചിരിക്കുന്ന..., താൻ തന്നെ രൂപ കല്പന ചെയ്ത ആ ക്ഷണക്കത്ത് തന്റെ വരവും കാത്ത് ആ കടയിലെ അലമാരിയിൽ ശ്വാസം മുട്ടി ഇരിക്കുന്നുണ്ടാവും.

ഉദിക്കാൻ തന്റെ വയസ്സൻ ടൈം പീസിൽ സമയം നോക്കുന്ന സൂര്യനെ പഴിച്ച് അവൻ തിരിഞ്ഞുകിടന്നു. കാശിത്തിരി കൂടിയാലെന്താ, തന്റെ സ്വപ്നങ്ങൾക്ക് അച്ചടിയന്ത്രങ്ങൾ ജന്മം നല്കിയതാണാ ക്ഷണക്കത്ത്...

ഒരു കുടുംബജീവിതമെന്ന തന്റെ ചിരകാലാഭിലാഷ സാക്ഷാത്കാരം ലോകത്തെ അറിയിക്കാനുള്ള ദൗത്യം ഏറ്റെടുത്ത ആ ക്ഷണക്കത്ത് കയ്യിൽ കിട്ടിയാൽ ആദ്യം ഒരെണ്ണം അമ്പലത്തിൽ കൊണ്ടുപോയി ശ്രീവിനായകന്‌ സമർപ്പിക്കണം. ഇനി വിഘ്നങ്ങളൊന്നും ഉണ്ടാവരുത്.

അങ്ങനെ ചിന്തകളും ടൈമ്പീസ് സൂചിയും ഒരുമിച്ച് നീങ്ങി സമയം 6 മണിയായി. ഇനിയും പഴി കേൾക്കാൻ വയ്യാത്തതിനാൽ ഒട്ടും വൈകാതെ സൂര്യനുദിച്ചു... ഉദിച്ചാൽ കൂവണമെന്ന പാരമ്പര്യം മറക്കാത്ത കോഴിയും ഒന്നുച്ചത്തിൽ കൂവി.

തന്റെ കല്യാണക്കാര്യത്തിൽ സൂര്യനും കോഴിക്കുമുള്ള ഉത്സാഹം അതേയളവിൽ 7.30ക്കുള്ള ബസ്സിനും ഉണ്ടാവും എന്ന ധാരണയിൽ 7 മണിക്കു തന്നെ അയാൾ ബസ് സ്റ്റോപ്പിലെത്തി.

എങ്ങോട്ടാ രാമാ രാവിലെ തന്നെ?

ഇന്നു ഏതു ജില്ലേലാ പെണ്ണുകാണൽ?

പാപ്പി ബസ് സ്റ്റോപ്പിലെ തൂണിൽ ചാരി നിന്ന് ബീഡി പുകയ്ക്കൊപ്പം പുച്ഛം കലർത്തി ഒരു ചോദ്യവും ഊതി വിട്ടു.

നിന്നെ പോലെ കണ്ടതിനെയെല്ലാം കെട്ടി അവസാനം കിടത്തം കടത്തിണ്ണയിലാക്കിയത് പോലെയല്ല. അല്പം വൈകിയാണെങ്കിലും എല്ലാവരേയും ക്ഷണിച്ച് അന്തസ്സായി ഒരു കല്യാണം നടത്തി കാണിച്ചു തരാമെടാ... എന്നു പറയണമെന്ന് വിചാരിച്ചെങ്കിലും ഒരു നല്ല കാര്യത്തിന്‌ ഇറങ്ങിയതിനാൽ ഒരു പല്ലു കടിയിലും ഒരു പുരികം ചുളിക്കലിലും അവസാനിപ്പിച്ചു.

കൃത്ത്യ സമയത്തു തന്നെ എത്തിയ ബസ്സിൽ കയറി ടൗണിൽ ഇറങ്ങി. കടയിലെ ഇടുങ്ങിയ അലമാരിയിലെ ശ്വാസം മുട്ടലിൽ നിന്നും ആ 50 ക്ഷണക്കത്തുകൾക്കും ശാപമോക്ഷം കിട്ടി.

അയാൾ തന്റെ പ്രിയതമയേക്കാൾ മനോഹരമായി തോന്നിയ ആ ക്ഷണക്കത്തിലേക്ക് അല്പനേരം നോക്കി നിന്നു.

“മംഗലം മൂട്ടിൽ ടി ജയരാമൻ വിവാഹിതനാവുകയാണ്‌”

ഇതു കാണുന്നവർക്കെല്ലാം എടുത്ത് കൊടുക്കുവാനുള്ളതല്ല. അത്ര അടുപ്പം ഉള്ളവർക്ക് മാത്രം കൊടുത്താൽ മതി.ബാക്കിയുള്ളവരെയൊക്കെ വാക്കാൽ ക്ഷണിച്ചാൽ മതി. അതുകൊണ്ടു തന്നെയാണ്‌ താൻ 50 എണ്ണത്തിൽ ഒതുക്കിയതും.

ശ്രീവിനായകനു സമർപ്പിക്കാനുള്ള ഒരെണ്ണം മാറ്റിവെച്ച് ബാക്കിയെല്ലാം ഭദ്രമായി ബാഗിൽ വെച്ചു അമ്പലം ലക്ഷ്യമാക്കി നടന്നു.

ക്ഷണക്കത്ത് ഒരു തളികയിൽ വെച്ച് ശാന്തിക്കാരനു കൈമാറി. തിരുമേനീ... ഒരുപാട് കാത്തിരുന്നു ഒത്തുവന്ന വിവാഹമാണ്‌. അതിന്റെ ആദ്യത്തെ ക്ഷണക്കത്ത് ഭഗവാന്‌ സമർപ്പിച്ച് ഒന്നു പൂജിച്ചു തരണം...

ആദ്യ രാത്രിയെ അനുസ്മരിപ്പിക്കും വിധം പൂവുകൾക്കിടയിൽ കിടക്കുന്ന ക്ഷണക്കത്തോടു കൂടി ആ തളിക തിരികെയെത്തി. തളികയിലെ പൂവുകൾ വകഞ്ഞുമാറ്റി ആ ക്ഷണക്കത്തെടുത്ത്‌ അതിലെ വെള്ളത്തുള്ളികൾ തുടച്ചു കളഞ്ഞ് അയാൾ ഒന്നുകൂടി അത് വായിച്ചു നോക്കി.

“മംഗലം മൂട്ടിൽ ടി ജയരാമൻ വിവാഹിതനാവുകയാണ്‌. വധു പുതിയകുടി ലതിക എസ്.”

ഒന്നു തൊട്ടുതൊഴുത് ആ ക്ഷണക്കത്ത് ബാഗിൽ വെച്ചു.

ഭഗവാനെ ക്ഷണിച്ചു... ഇനി അടുത്തത് രമേശനെ തന്നെ ക്ഷണിക്കാം. തന്റെ വിവാഹം കഴിയാത്തതിൽ ഒരുപാട് വിഷമം ഉണ്ടായിരുന്ന ആളാണ്‌ രമേശൻ. എവിടെ വെച്ച് കണ്ടാലും അന്വേഷിക്കാറുണ്ട്. രമേശന്‌ ഒരു കുട്ടിയുണ്ടായിട്ട് 6-7 മാസമായെങ്കിലും ഒന്നു പോയി കണ്ടിട്ടുമില്ല.

അവിടെ കണ്ട ഓട്ടോയിൽ കയറി രമേശന്റെ വീട്ടിലെത്തി. വാതിൽ തുറന്ന രമേശന്റെ ഭാര്യയുടെ ചെറുപുഞ്ചിരിക്കൊപ്പം വീട്ടിനകത്തേക്കു കയറി.

ആ... രാമാ... എത്ര നാളായി കണ്ടിട്ട്‌. എന്തൊക്കെയുണ്ട്‌ വിശേഷം? കല്യാണക്കാര്യം ഒക്കെ ശരിയായോ? അതാണോ ഈ വരവിന്റെ ഉദ്ദേശം?

സുഹൃത്തിന്‌ തന്റെ കല്യാണ ക്ഷണക്കത്ത്‌ കാണിക്കാൻ ബാഗിൽ നിന്ന് എടുക്കുന്ന തിരക്കിൽ ആ ചോദ്യങ്ങളൊന്നും അയാൾ ശ്രദ്ധിചില്ല.

അപ്പൊ രമേശാ... എന്റെ കല്യാണം നിശ്ചയിച്ചു. ഈ ചിങ്ങത്തിലാണ്‌ കല്യാണം. എല്ലാം ഇതിൽ വിശദമായി എഴുതിയിട്ടുണ്ട്, എന്നും പറഞ്ഞ് ഒരു ക്ഷണക്കത്ത് രമേശന്‌ കൈമാറി. രമേശൻ അലസമായി അതു വാങ്ങി ഒന്നു തിരിച്ചും മറിച്ചും നോക്കി.

ക്ഷണക്കത്തിന്റെ ഭംഗികണ്ട് രമേശന്റെ കണ്ണുകളിൽ ഉരുണ്ടുകൂടുന്ന അത്ഭ്തം പരതുകയായിരുന്നു അപ്പോൾ അയാൾ.എന്നാൽ പ്രത്ത്യേകിച്ചൊരു ഭാവപകർച്ചയും കാണാത്തതിനാൽ അയാൾ രമേസനേയും ഭാര്യയേയും മാറി മാറി നോക്കി പറഞ്ഞു.

എന്റെ ഒരുപാട് നാളത്തെ സ്വപ്നമാണ്‌ ഈ ക്ഷണക്കത്ത്. ഇങ്ങനെയൊരെണ്ണം നിങ്ങൾക്കൊക്കെ തരാൻ പറ്റും എന്ന് ഞാൻ വിചാരിച്ചതല്ല. എന്നാൽ ഇപ്പോൾ എല്ലാം ഒത്തു വന്ന് എനിക്കും ആ ഭാഗ്യം ഉണ്ടായിരിക്കുകയാണ്‌.

എല്ലാം കേട്ട് ഒന്നു മൂളി രമേശൻ ക്ഷണക്കത്ത് തന്റെ ഭാര്യക്ക് കൈമാറി.

അയാൾ കടന്നു വന്നപ്പോൾ രമേശന്റെ ഭാര്യയുടെ മുഖത്തു കണ്ട ആ പുഞ്ചിരി വിസ്തീർണം ഒന്നുകൂടി കൂട്ടി ആ മുഖത്ത് വീണ്ടും തെളിഞ്ഞു. അത് വാങ്ങി അവർ അതിലേക്ക് ഒന്നു നോക്കി, പിന്നെ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന സഞ്ചിയിൽ അതു വെച്ചു. പുഞ്ചിരിച്ചു കൊണ്ടൊരാൾ തന്റെ ക്ഷണക്കത്ത് നോക്കുകയും അതു ഭദ്രമായി സൂക്ഷിച്ചു വെയ്ക്കുകയും ചെയ്യുന്നത് കണ്ട നിർവൃതിയിൽ അയാൾ ഒരു നിമിഷം നിന്നു.

അപ്പൊ രമേശാ... ഞാൻ ഇറങ്ങട്ടെ. ഇനിയും ഒരുപാട് പേരെ ക്ഷണിക്കാനുണ്ട്. നിങ്ങൾ എല്ലാവരും നേരത്തേ വരണം എന്ന് യാത്രയും പറഞ്ഞ് അയാൾ അവിടെ നിന്ന് ഇറങ്ങി നടന്നു.

പത്ത് മിനിറ്റ് നടന്ന് ബസ് സ്റ്റോപ്പിൽ എത്തിയപ്പോഴാണ്‌ അയാൾ അക്കാര്യം ഓർത്തത്. ഇവിടെ വരെ വന്ന് തന്റെ വിശേഷങ്ങളൊക്കെ പറഞ്ഞു, എന്നാൽ രമേശന്റെ കുട്ടിയെ കാണാൻ മറന്നിരിക്കുന്നു. മോശമായിപ്പോയി. ഉടൻ അടുത്തുള്ള കടയിൽ കയറി ഒരു കളിപ്പാട്ടവും വാങ്ങി തിരിച്ചു നടന്നു.

ഇത്തവണ പുഞ്ചിരിയുടെ അകമ്പടിയോടു കൂടി വാതിൽ തുറന്നത് രമേശനായിരുന്നു.

എന്താ രാമാ...? എന്തെങ്കിലും വെച്ചു മറന്നോ?

ക്ഷമിക്കണം രമേശാ... ഇവിടെ വന്ന് ഇത്രയും നേരം ഇരുന്നിട്ടും ഞാൻ നിന്റെ കുട്ടിയെ ഒന്നു കാണാനോ അവനെ പറ്റി ചോദിക്കാനോ മറന്നു.

എന്നാൽ കയറി വാ രാമാ... നീ വന്നപ്പോൾ അവൻ നല്ല ഉറക്കമായിരുന്നു. രണ്ട് ദിവസമായി അവന്റെ വയറിനു നല്ല സുഖമില്ല. ഇപ്പോൾ ഉണർന്ന് കാര്യവും സാധിച്ച് കിടന്നു കളിക്കുകയാണ്‌ ആശാൻ. ഞങ്ങളത് വൃത്തിയാക്കുന്ന തിരക്കിലായിരുന്നു... നീ കയറി വാ...

ചെരുപ്പ് ഊരിയിട്ട് അകത്തേക്ക് കയറാൻ തിരിഞ്ഞപ്പോഴാണ്‌ അയാൾ അതു ശ്രദ്ധിച്ചത്. തന്റെ ക്ഷണക്കത്ത് രണ്ടു കഷ്ണങ്ങളായി ആ മുറ്റത്തു കിടക്കുന്നു.

കലങ്ങിയ കണ്ണുകളോടെ മഞ്ഞക്കറ പുരണ്ടു പകുതി മാഞ്ഞ അക്ഷരങ്ങൾ അയാൾ വായിച്ചു...

“മ ംഗലം മൂട്ടിൽ ടി യരാമൻ വിവാഹിതനാവുകയാണ്‌..."