Sunday, November 06, 2016

നവംബറിലെ വടിക്കാത്താടികൾ

" അമ്മേ... എനിക്ക് മുഖത്തൊക്കെ ചൊറിയണു. ഈ താടീം മീശേം ഒക്കെ ഊരണം."

"അയ്യോ കണ്ണാ, ദേ ഒരാളും കൂടി കഴിഞ്ഞാ മോന് സ്റ്റേജിൽ കേറണ്ടേ? അപ്പൊ വല്ല്യ മീശേം താടീം ഒക്കെ വെച്ച് മോനെ കണ്ട് എല്ലാവരും കയ്യടിക്കും. മോന് ഫസ്റ്റ് കിട്ടണ്ടേ."

" എന്നാ എനിക്ക് നന്ദൂനെ പോലെ കറുത്ത കൊമ്പൻ മീശ മതി. ഈ വെള്ള താടി വേണ്ട"
"അതെങ്ങന്യാ കണ്ണാ, നന്ദു ഭഗത് സിംഗ് അല്ലെ . അമ്മേടെ കണ്ണനെ ടാഗോറപ്പൂപ്പന്റെ ഈ വെള്ള താടീം മീശേം ഒക്കെ വെച്ച് കാണാൻ എന്ത് ഭംഗിയാന്ന് അറിയ്യോ. അതു മാത്രമല്ല ബുദ്ധിയുള്ളവരുടെ ലക്ഷണമാണീ താടി."

അമ്മയുടെ വാക്കുകളും അന്നു നേടിയ ഒന്നാം സമ്മാനവും അന്നാദ്യമായി കണ്ണന്റെ മനസ്സിൽ താടി ഒരു മോഹമാക്കി മാറ്റി.
അങ്ങനെ അവന്റെ സ്വപ്നങ്ങളിലെ കുറ്റിത്താടികൾക്കൊപ്പം അവനും വളർന്ന് അഞ്ചാം ക്ലാസിലെത്തിയ കാലം.

"നീയെന്താടാ രണ്ട് ദിവസായിട്ട് കണ്ണാടീടെ മുമ്പിലന്നെ ആണല്ലോ. എന്താടാ പരുപാടി? ഇവിടെ വാ നോക്കട്ടെ."

"ഒന്നൂല്ല അമ്മേ... ഞാൻ വെറുതേ നിക്കാ..."

" നോക്കട്ടെ. ഏ ഇതെന്താ മുഖത്തൊക്കെ?"

" അത് എനിക്ക് അച്ഛനെ പോലെ താടി വന്നതാ "

''ഹ ഹ ഹാ... അതിന് നീ കുറച്ചും കൂടി ഒക്കെ വലുതാവട്ടെ. എന്നിട്ട് നമുക്ക് താടിയൊക്കെ വെച്ച് നടക്കാം. ഇപ്പൊ പോയി ഈ കൺമഷിയൊക്കെ കഴുകി വന്നിരുന്ന് നാലക്ഷരം പഠിക്ക്."

വാൽമീകി താടിയിലെ സംസ്കാരവും, ഡാർവിൻ താടിയിലെ സിദ്ധാന്തവും, ലിങ്കൺ താടിയിലെ ചരിത്രവും, പത്മരാജൻ താടിയിലെ സിനിമയും പഠിച്ചവൻ വളർന്നു.

കാർൾ മാർക്സിന്റേയും ചെഗ്വേരയുടേയും താടികൾ വിപ്ലവം പഠിപ്പിച്ച കോളേജ് ജീവിതം അവന്റെ മുഖത്തും താടി മുളപ്പിച്ചു.

"ഇതെന്ത് കോലാടാ ഇത്... താടീം മുടീം വളർത്തി ഒരു മാതിരി ഹിപ്പികളെ പോലെ."

"ഓ... എന്റെ കോളേജിലെ എല്ലാവരും ഇങ്ങനെയൊക്കെ തന്നയാ"

"ഞാനിപ്പൊ കൊച്ചു കുട്ടിയൊന്നും അല്ലല്ലോ. എനിക്ക് എന്റെ ഇഷ്ടത്തിന് ഒരു താടി വെക്കാനും പാടില്ലേ. അപ്പൊ അച്ഛൻ താടി വെച്ചേക്കണതോ?"

"ഇത് ഞാൻ ശബരിമലക്ക് പോവാനുള്ള ദീക്ഷയാണ്. പോയി വന്നിട്ട് വടിച്ചോളാം. ആ... നീ വല്ല്യേ കമ്മ്യൂണിസ്റ്റല്ലേ, നിനക്കിതിനോടൊക്കെ പുച്ഛമാണല്ലോ..."

" സ്വന്തം കാലില് നിക്കാറായിട്ട് താടിയോ മുടിയോ എന്തു വേണമെങ്കിൽ വളർത്തിക്കോ. ഇപ്പൊ ഞങ്ങള് പറഞ്ഞത് അനുസരിച്ചാ മതി. നാളെ മുതൽ മര്യാദക്ക് താടി വടിച്ച് വൃത്തിയായിട്ട് കോളേജിൽ പോയാൽ മതി."

താടിക്കും മീശയും ഇടയിലൂടെ നിത്യം അകത്തേക്കു പോകേണ്ട ഭക്ഷണത്തിന്റെ കാര്യം ആലോചിച്ച് അവൻ തന്റെ താടിസ്വപ്നം തൽക്കാലത്തേക്ക് മറന്നു.

എങ്കിലും താടികൾ പകർന്ന അറിവ് അവന് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി വാങ്ങി കൊടുത്തു.

നിൽക്കാൻ സ്വന്തമായൊരു കാല് കിട്ടിയപ്പോൾ അതുവരെ തന്റെ മോഹത്തിന്റെ കടവെട്ടിയിരുന്ന ക്ഷൗരക്കത്തികൾക്കൊരു അവധി കൊടുക്കാൻ തീരുമാനിച്ചു.

പതിവുപോലെ ഓഫീസിലെത്തിയ ഒരു ദിവസം മാനേജർ അവന്റെ അടുത്തു വന്നു.

"Look Mr.Kannan. This is a reputed firm and we have some strict policies. തനിക്ക് താടിയും വളർത്തി തോന്നിയ പോലെ വരാൻ ഇത് തന്റെ കോളേജല്ല. ഒന്നാമത് ആദ്യത്തെ ഒരു വർഷം തന്റെ ഇന്റേൺഷിപ്പ് പിരീഡ് ആണ്. താൻ സെയിൽസിൽ ആയത് കൊണ്ട് ക്ലൈന്റ് ഇന്ററാക്ഷൻ വേണ്ടി വരും. So I want you to come as a neat gentleman every day."

അല്ല സർ അപ്പൊ എന്റെ സ്വന്തം കാല് ... അപ്പൊ സ്റ്റീവ് വോസ്നിയാക്കിന്റെ താടി... എന്നൊക്കെ പറയണമെന്നുണ്ടായിരുന്നെങ്കിലും അവധിക്കു വിട്ട ക്ഷൗരക്കത്തിയെ തിരിച്ച് വിളിക്കാൻ തീരുമാനിച്ചു.

മീശ വെച്ച മഹാബലിയും താടി വെച്ച സാന്റാക്ലോസും മുടങ്ങാതെ വന്ന് വർഷങ്ങൾ കടന്നു പോയി.

ജീവിക്കാനുള്ള നെട്ടോട്ടത്തിന്റെ ഇടയിൽ തന്റെ മോഹം അവൻ മറന്നിരുന്നു. ക്ഷൗരക്കത്തി റിട്ടയർ ചെയ്തതും പകരം വന്ന ഇലക്ട്രിക് ഷേവർ ജോലി തുടങ്ങിയതും അവൻ ശ്രദ്ധിച്ചില്ല.

''കണ്ണേട്ടാ... എന്താ ആലോചിച്ച് ഇരിക്കണേ? സിനിമ കഴിഞ്ഞു വരൂ പോവാം. ഞാൻ പറഞ്ഞില്ലേ പ്രേമം നല്ല സിനിമയാന്ന്. ഇത്തവണ ഉണ്ണീടെ ചിൽഡ്രൻസ് സേ ഡാൻസിന് ഇതിലെ കോസ്റ്റൂമാണ് . കറുത്ത ജുബ്ബേം, കളറ് മുണ്ടും, താ ടീം ഒക്കെ വാങ്ങിക്കണം എന്ന് ടീച്ചറ് ഡയറീല് എഴുതിവിട്ടിട്ടുണ്ട്. നമുക്ക് അതും കൂടി നോക്കിയിട്ട് പോവാം "

ഭാര്യ പറയുന്നത് മൂളി കേൾക്കുമ്പോൾ അവന്റെ മനസ്സിൽ ആ താടി മോഹം വീണ്ടും തെളിയുകയായിരുന്നു.

"എടീ... ഞാനും ഇതിലെ നിവിൻ പോളിയെ പോലെ താടി വെച്ചാലോന്ന് ആലോചിക്യാ..."

" ശര്യാ... ഞാനും വിചാരിക്കാറുണ്ട് കണ്ണേട്ടൻ ഇതുവരെ താടി വെച്ച് കണ്ടിട്ടില്ലല്ലോന്ന്. വെച്ച് നോക്കൂ... എടക്കൊരു ചെയിഞ്ചൊക്കെ വേണ്ടേ."

വാടിക്കിടന്ന മോഹങ്ങളെ വെള്ളമൊഴിച്ചുണർത്തി വളമിട്ടു വളർത്തിയ ഭാര്യേ... നീയാണു ഭാര്യ... ബാറ്ററിയുടെ സഹായത്താൽ എന്റെ മോഹങ്ങളെ ഇത്രയും കാലം തുടച്ചു നീക്കിയിരുന്ന ഇലക്ട്രിക് ഷേവറേ നിന്നെ ഞാൻ പിരിച്ചു വിട്ടിരിക്കുന്നു...

അങ്ങനെ അവന്റെ മുഖത്തെ കുറ്റിത്താടികൾ ആരേയും പേടിക്കാതെ വളർന്നു തുടങ്ങി. ആഴ്ച ഒന്നു കഴിഞ്ഞപ്പോഴാണ് അവൻ ശ്രദ്ധിക്കുന്നത്. താൻ സ്വപ്നം കണ്ട കറുത്ത താടി രോമങ്ങൾക്കൊപ്പം അതാ പ്രായത്തിന്റെ വെളുത്ത രോമങ്ങൾ വളരുന്നു. നിറമെന്തായാലെന്താ കുറച്ചു നാളെങ്കിലും താടി വെച്ച് നടക്കാലോ.

" കണ്ണേട്ടാ അടുത്ത ആഴ്ച എന്റെ ഓഫീസിന്ന് എല്ലാവരും ഫാമിലിയായി ടൂർ പോവുന്നുണ്ട്. നമുക്കും പോവണം. അതിന് മുമ്പ് ഈ വൃത്തികെട്ട താടി വടിക്കണം ട്ടോ "

"അല്ല നീയല്ലേ താടി വെക്കാൻ സമ്മതിച്ചേ? ഒരു ചെയിഞ്ചിന് ..."

"അത് നിവിൻ പോളിയെ പോലത്തെ താടി എന്ന് പറഞ്ഞോണ്ടല്ലേ. ഇത് ഒരു മാതിരി മുഴുവൻ നരച്ച് വയസ്സൻമാരെ പോലെ ഉണ്ട്. ഇങ്ങനെ എന്റൊപ്പം വരാൻ പറ്റില്ല."

മന:സമാധാനത്തിനേക്കാൾ വലുതല്ല ഒരു താടീം... എന്റെ പ്രിയപ്പെട്ട ഇലക്ട്രിക് ഷേവറേ നിന്നെ ഞാൻ പ്രമോഷനോടെ തിരിച്ചെടുത്തിരിക്കുന്നു.

പിറ്റേന്ന് ഓഫീസിലേക്ക് കാറോടിക്കുമ്പോൾ മനസ്സിൽ ചിന്തകൾ കുന്നു കൂടി. താടിയെന്ന തന്റെ ചിരകാല മോഹം ഒറ്റയാഴ്ച കൊണ്ട് എന്നന്നേക്കുമായി അവസാനിക്കുന്നു... ഇട്ടു മൂടാൻ ഇനിയൊരു കുഴി കുത്തണം.

റേഡിയോയിൽ അപ്പൊ ടമാർ പഠാർ സിനിമയിലെ താടിപ്പാട്ട് കേൾക്കുന്നുണ്ടായിരുന്നു.

"റേഡിയോ മാംഗോ 91.9 നാട്ടിലെങ്ങും പാട്ടായി. ഞാൻ നിങ്ങളുടെ നീതയാണ്... ഇന്ന് നവംബർ ഒന്ന്... കേരളപ്പിറവി... ഇന്നു മുതൽ താടി വെക്കുന്നവരെ നിങ്ങളാരും കുറ്റം പറയരുത്. ചിലപ്പോൾ അവർ ചെയ്യുന്നത് ഒരു കാരുണ്യ പ്രവർത്തനമാവാം. No Shave November നമ്മുടെ നാട്ടിലും തരംഗമാവുന്നു... "