" റെസ്റ്റ് എന്നു പറഞ്ഞാൽ കമ്പ്ലീറ്റ് റെസ്റ്റ്. യാതൊരു വിധ സ്ട്രെയിനും പാടില്ല എന്നല്ലേ ഡോക്ടർ പറഞ്ഞേ? ഇങ്ങനെ ഇരുപത്തിനാല് മണിക്കൂറും പുസ്തകം വായിച്ചാൽ കണ്ണിനാണ് സ്ട്രെയിൻ. പിന്നെ ഇതുപോലത്തെ മനസ്സിലാവാത്ത പുസ്തകങ്ങളാവുമ്പോ തലച്ചോറിനും. അങ്ങനെ കിടന്ന് ബോർ അടിക്കുമ്പോ വല്ല ബാലരമയോ ബാലഭൂമിയോ എടുത്ത് മറിച്ച് നോക്കിക്കോളൂ. അതും മാക്സിമം അര മണിക്കൂർ."
ഉപദേശങ്ങളോട് സാധാരണ കാണിക്കുന്ന വിമുഖത ഭാര്യയുടെ ആ വാക്കുകളോട് കാണിക്കാൻ അവന് തോന്നിയില്ല. കുറച്ചധികം നേരം ശ്രദ്ധയോടെയുള്ള പുസ്തക വായന അവൻ്റെ കണ്ണുകളേയും മനസ്സിനേയും തളർത്തിയിരുന്നു.
ഏതോ വയറസ്സുകളാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണം എന്ന് സംശയിക്കുന്നു എന്നാണ് ഡോക്ടറുമാർ പറഞ്ഞിരിക്കുന്നത്. ' വാണാക്രൈ റാൻസംവെയർ ' വയറസ്സുകൾ മൊബൈൽ ഇടപാടുകളെയും ബാധിക്കാൻ സാധ്യതയുണ്ടെന്ന പത്രവാർത്ത കണ്ടത് മുതൽ മൊബൈൽ ഉപയോഗം വഴി അതേ വയറസ്സുകളാണ് അവൻ്റെ ദേഹത്തു കയറിക്കൂടിയത് എന്ന് ഉറപ്പിച്ച അമ്മ രാവിലെ തന്നെ മൊബൈൽ ഫോൺ അവൻ്റെ കയ്യിൽ നിന്ന് വാങ്ങി മാറ്റി വെച്ചിരുന്നു. അതോടൊപ്പം പുസ്തകങ്ങളും കട്ടിലിന്റെ ഒരറ്റത്തേക്ക് നീക്കി വെച്ച് അയാൾ കുറച്ചു നേരം കണ്ണുകളടച്ചു കിടന്നു.
സുഖമില്ലാത്ത ഈ അവസ്ഥയിൽ ഇത്തിരി കഷ്ടപെട്ടിട്ടാണെങ്കിലും ഇക്കാര്യങ്ങൾ അവനെ കൊണ്ട് അനുസരിപ്പിക്കാൻ പറ്റിയ സന്തോഷത്തിൽ അമ്മയും ഭാര്യയും പരസ്പരം അഭിമാനത്തോടെ നോക്കിയപ്പോഴാണ് പുറത്തു ആരോ ബെൽ അടിക്കുന്ന ശബ്ദം കേട്ടത്.
"ആ മനു... വാ..."
"ജയൻചേട്ടന് ഇപ്പൊ എങ്ങനെയുണ്ട് ചേച്ചി? ഞാനിന്ന് അമ്മ പറഞ്ഞപ്പോഴാ അറിഞ്ഞേ..."
എന്ന് പറഞ്ഞുകൊണ്ട് അവൻ്റെ സുഹൃത്തും അയൽവാസിയുമായ മനു അവൻ കിടന്ന മുറിയിലേക്ക് നടന്നു.
"രണ്ട് ദിവസമായി തൊണ്ട വേദന തുടങ്ങിയിട്ട്. ശബ്ദം കുറഞ്ഞപ്പോൾ അതിന്റെ ആവും എന്നാണ് വിചാരിച്ചത്. ഉപ്പുവെള്ളം ഗാർഗിൾ ചെയ്യാൻ നോക്കിയപ്പോൾ പറ്റുന്നില്ല, തൊണ്ട അനങ്ങുന്നില്ല. പിന്നെ ശബ്ദം വായിൽ കൂടി ഒട്ടും വരാതെയായി. സംസാരിക്കാൻ ശ്രമിക്കുമ്പോൾ മൂക്കിൽ കൂടെ എന്തോ ഒച്ച വരും. ഒന്നും മനസ്സിലാവില്ല. വെള്ളം കുടിക്കുമ്പോൾ അതും മൂക്കിൽ കൂടെ വരും. പോരാത്തതിന് ദേഹമാകെ ഒരു മരവിപ്പും."
അവൻ്റെ മുറിയിലേക്ക് നടക്കുമ്പോൾ ഭാര്യ പറഞ്ഞു കൊണ്ടിരുന്നു.
"ഇവിടെ ഇ.എൻ.ടി. ഡോ .വർമ്മയെ കാണിച്ചപ്പോൾ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ പോയി ന്യൂറോളജിസ്റ്റിനെ കാണിക്കാൻ പറഞ്ഞ് എഴുത്ത് തന്നു. അവിടത്തെ ഡോക്ടർ ആണ് പറഞ്ഞത് ചെറുനാക്ക് തളർന്നു പോയെന്ന്. ചിലപ്പോൾ ഏതെങ്കിലും വൈറസ് കാരണമാവാം. ദേഹത്തെ മരവിപ്പും കൈ കാൽ തരിപ്പും കാണുമ്പോൾ ജി.ബി.എസ്സിൻറെ തുടക്കമാണോ എന്നും സംശയമുണ്ടെന്ന്. എന്തായാലും നാല് ദിവസം റെസ്റ്റ് എടുത്ത് വരാൻ പറഞ്ഞു."
അപ്പോഴേക്കും അവർ അവൻ്റെ അടുത്ത് എത്തിയിരുന്നു.
" റെസ്റ്റ് എന്നു പറഞ്ഞാൽ കമ്പ്ലീറ്റ് റെസ്റ്റ്." അവൾ കൂട്ടിച്ചേർത്തു.
എല്ലാം മനസ്സിലായ പോലെ മനു തലയാട്ടി. എന്നിട്ടവനെ നോക്കി പറഞ്ഞു.
" എൻ്റെ ജയേട്ടാ... നിങ്ങളിങ്ങനെ എപ്പോഴും കിടക്കാതെ ഒന്നുഷാറായി എഴുന്നേറ്റ് ഇരിക്ക്. ഡോക്ടറുമാര് പലതും പറയും, അതൊക്കെ കേട്ട് നമ്മള് കിടന്നാ ഓരോന്ന് ആലോചിച്ച് അസുഖം കൂടുകയേ ഉള്ളൂ. ആശുപത്രിക്കാർക്ക് കാശ് ഉണ്ടാക്കാൻ വേണ്ടി ആ ടെസ്റ്റ് ഈ ടെസ്റ്റ് നാല് ദിവസം കഴിഞ്ഞു വാ എന്നൊക്കെ പറയും. ശരിക്കും ഒരു പ്രശ്നവും ഉണ്ടാവില്ല."
" തൊണ്ടക്ക് ഇൻഫെക്ഷൻ വരുമ്പോൾ ചിലപ്പോൾ ശബ്ദമൊക്കെ ഒന്നടയും. അത് ശരിയായിക്കോളും. എനിക്കും ഉണ്ടാവാറുണ്ട്." എന്ന് പറഞ്ഞ് മനു തൊണ്ടയിൽ പിടിച്ച് ഒന്നനക്കി ശബ്ദമുണ്ടാക്കി.
മനുവിന്റെ സംസാരം കേട്ട് ജയൻ തൻ്റെ ഭാര്യയെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു. അയാളുടെ ഇടതു കൈ കട്ടിലിൻ്റെ അറ്റത്ത് മാറ്റി വെച്ചിരുന്ന പുസ്തകത്തിലേക്ക് നീങ്ങി.
" എന്നാ ജയേട്ടാ ഞാനിറങ്ങട്ടെ... ചേച്ചീ ഒന്നിങ്ങു വന്നേ..."
തൻ്റേയും അമ്മയുടേയും ഒരു ദിവസത്തെ ഉപദേശവും അധ്വാനവും വെറുതെ ആയല്ലോ എന്നോർത്ത് നിൽക്കുകയായിരുന്നു അവൾ.
വീടിനു പുറത്തിറങ്ങി മനു അവളോടും അമ്മയോടുമായി പറഞ്ഞു.
" ഞാൻ ജയേട്ടനെ ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി അങ്ങനെ പറഞ്ഞു എന്നേ ഉള്ളൂ. ഞാൻ നെറ്റിൽ നോക്കിയിരുന്നു. ഡോക്ടർ പറഞ്ഞ അസുഖമാണെങ്കിൽ ഇത്തിരി പ്രശ്‍നം തന്നെയാണ്. ഡോക്ടർ റെസ്റ്റ് എടുക്കാൻ പറഞ്ഞെങ്കിൽ റെസ്റ്റ് എടുക്കണം. റെസ്റ്റ് എന്നു പറഞ്ഞാൽ കമ്പ്ലീറ്റ് റെസ്റ്റ്. മൊബൈലും ബുക്കും ഒന്നും വേണ്ട. ഒന്ന് ശ്രദ്ധിച്ചോളു."
എന്തൊക്കെയോ പറയാനുള്ള ദേഷ്യമുണ്ടായിരുന്നെങ്കിലും അവൾ മനുവിനെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
വീണ്ടും ഡോക്ടറെ കാണേണ്ട നാലാം ദിവസം ആയപ്പോഴേക്കും, ഇടതുകാലിൽ തളർച്ച, കൺപോളകളുടെ ബലക്കുറവ്, പേശിവേദന തുടങ്ങിയ കൂടുതൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയതിനാൽ അവനെ അഡ്മിറ്റ് ചെയ്യാൻ ഡോക്ടർ നിർദേശിച്ചു.
പുറമേ നിന്ന് പല വഴിയേ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുകയും, പിന്നീട് പെറ്റു പെരുകി ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്ന വൈറസുകൾക്കും ബാക്റ്റീരിയകൾക്കും എതിരെ പൊരുതാൻ, ശരീരത്തിലെ പ്രതിരോധവകുപ്പ്, നിർമിച്ച അഴിച്ചു വിടുന്ന, ആൻ്റിബോഡികൾ എന്ന പടയാളികൾ, ലക്ഷ്യബോധം നഷ്ടപ്പെട്ട് നമ്മുടെ ഞരമ്പ് സമൂഹത്തെ ആക്രമിക്കുമ്പോൾ, ഞരമ്പുകളും പേശികളും തളരുന്നു. അതാണ് പ്രശനം. ജി.ബി.എസ് അധവാ ഗുയാൻ ബാരെ സിൻഡ്രം എന്ന ഒരു അപൂർവ്വ അവസ്ഥ.
ഇത് ഉണ്ടാവാൻ കൃത്യമായൊരു കാരണമില്ല എന്നതു പോലെ തന്നെ ഇതിന് പ്രത്യേകിച്ച് ഒരു മരുന്നുമില്ല. റെസ്റ്റ് ആണ് ഏറ്റവും വലിയ മരുന്ന്. പിന്നെ കൂടുതൽ വ്യാപിക്കാതെ ഇരിക്കാൻ പരിഹാരം രണ്ടു വിധം.
ഈ കുരുത്തംകെട്ടവരുടെ ഗതാഗത ചുമതലയുള്ള രക്തത്തെ പുറത്തെടുത്ത് ഇവരെ തലസ്ഥാനങ്ങളിൽ നിന്ന് നീക്കി, രക്തം തിരിച്ചു കേറ്റുക. അല്ലെങ്കിൽ കൂടുതൽ കാര്യപ്രാപ്തിയും ലക്ഷ്യബോധവുമുള്ളവരെ കുത്തിവെയ്പ്പിലൂടെ കയറ്റി വിട്ട് ഇവരെ നിർവീര്യരാക്കുക.
വേദനക്കുറവും സൗകര്യപ്രദവും രണ്ടാം മാർഗത്തിനായതിനാൽ അതുറപ്പിക്കുകയും, ദിനം പ്രതി കൂടി വരുന്ന രോഗലക്ഷണങ്ങൾ നിരീക്ഷിക്കാൻ ഐ.സി.യു വിലേക്ക് മാറ്റുകയും ചെയ്തു.
ഐ.സി.യു, നിശ്ചിത സമയങ്ങളിൽ രോഗിയെ ചില്ലുജാലകത്തിലൂടെ ഒരു നോക്ക് കാണാൻ ബന്ധുക്കൾ പുറത്തും, ദേഹമാസകലം ഘടിപ്പിച്ച വയറുകളിലൂടെ അക്കങ്ങളും വരകളുടെ ഏറ്റക്കുറച്ചിലും കാണിക്കുന്ന മോണിറ്ററുകൾ ചുറ്റും നിരത്തി അബോധാവസ്ഥയിലുള്ള രോഗി ഒറ്റക്ക് അകത്തും ഉള്ളൊരു മുറിയാണ് അവൻ്റെ മനസ്സിലുള്ള ഐ.സി.യു.
ന്യൂറോ ഒബ്സെർവഷൻ ഐ.സി.യു. ആകയാൽ ചുറ്റും കൂട്ടിനായി വേറെയും രോഗികൾ ഉണ്ടെന്നത് ഒഴിച്ചാൽ മനസ്സിൽ കണ്ടതിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നില്ല അവിടം. അവനു കിട്ടിയ നാലാം നമ്പർ കട്ടിൽ ഉൾപ്പടെ ആകെ ഏഴു കട്ടിലുകൾ. അതിൽ ഒറ്റനോട്ടത്തിൽ അബോധാവസ്ഥ രണ്ട്, അർദ്ധബോധാവസ്ഥ രണ്ട്, പൂർണബോധാവസ്ഥ മൂന്ന് എന്ന കണക്കിൽ കിടക്കുന്ന രോഗികൾ. കോളേജിലെ സീനിയർ വിദ്യാർത്ഥികൾ നവാഗതരെ നോക്കുന്നതുപോലെ അടിമുടി ഒരു തുറിച്ചുനോട്ടം പൂർണബോധവസ്ഥകാരുടെ അടുത്തു നിന്ന് ഉണ്ടായെങ്കിലും, അവൻ അത് ശ്രദ്ധിക്കാതെ അവൻ്റെ കട്ടിലിൽ പോയി കിടന്നു.
കിടന്നതും ഒരു നഴ്‌സ് ഓടിവന്ന് ഒന്നും മിണ്ടാതെ നെഞ്ചിനു മുകളിൽ ഇരുവശവും, താഴെ ഇടതു വശത്തും ഓരോ സ്റ്റിക്കർ ഒട്ടിച്ച് അതിൽ മൂന്നു വയറുകൾ ഘടിപ്പിച്ച്, ചൂണ്ടുവിരലിൽ ഒരു ക്ലിപ്പും ഇട്ടു പോയി. അവൻ്റെ മോണിറ്ററിലും അക്കങ്ങൾ തെളിഞ്ഞു. അവൻ അവിടെ കിടന്ന് ചുറ്റുമൊന്ന് നോക്കി.
അർദ്ധബോധക്കാരുടെ ഞെരങ്ങലും മൂളലും കാരണം ഭയാനകമായ അന്തരീക്ഷം. നരകശിക്ഷകളെ ഓർമിപ്പിക്കും വിധമുള്ള കാഴ്ചകൾ.
ഇരുപത്തെട്ടു നരകങ്ങളിലെ ആയ:പാന നരകത്തിലെ മൃത്യുദൂതന്മാർ വിധേയനെ ബലമായി ഉരുക്കിയ കാരിരുമ്പ് കുടിപ്പിക്കുന്നതു പോലെ നഴ്സുമാർ അബോധാവസ്ഥകാരുടെ മൂക്കിലേക്ക് ട്യൂബിലൂടെ വെള്ള ദ്രാവകം ഒഴിക്കുന്നു.
അസി:പത്ര നരകത്തിലെ യമകിങ്കരന്മാർ പാപികളെ അസിപത്ര ചമ്മട്ടി കൊണ്ട് മർദിക്കുന്നതു പോലെ, നഴ്‌സോ ഡോക്ടറോ എന്ന് തിരിച്ചറിയാനാവാത്ത ഒരാൾ ഇസ്തിരിപ്പെട്ടി പോലെ എന്തോ ഒന്ന് വെച്ച് അർദ്ധബോധാവസ്ഥക്കാരന്റെ നെഞ്ചത്ത് ഉരക്കുന്നു.
ശൂലപ്രോത നരകത്തിൽ കാലകിങ്കരന്മാർ വിധേയനെ ശൂലാഗ്രത്തിൽ കൊരുക്കുന്ന പോലെ, നഴ്സുമാർ രോഗികളുടെ മേൽ സൂചിമുനകൾ കുത്തുകയും എടുക്കുകയും ചെയ്യുന്നു.
പാപകർമ്മ ഫലം അനുഭവിക്കാതെ പറ്റില്ല. ഇതിൽ താനേതു നരകത്തിൽ എത്തിച്ചേരുമെന്ന് ആലോചിച്ച് ഒന്ന് ചരിഞ്ഞു കിടന്നപ്പോൾ പുറകിൽ അനവധി സൂചികൾ ഒന്നിച്ചു കുത്തിയ വേദന.
പ്രാണനിരോധക നരകം. ഉറവിടമില്ലാത്ത തരത്തിലുള്ള ശരവർഷത്തിനു പാത്രനാവുകയാണ് ഇവിടുത്തെ വിധി എന്നോർത്ത് പെട്ടെന്നു നേരെ കിടന്നപ്പോൾ മൂന്നു നാല് കൊതുകുകൾ ഒന്നിച്ചു പറന്നു പൊങ്ങി. അവന്റെ പെട്ടെന്നുള്ള തിരിച്ചിലും മറച്ചിലും കണ്ടിട്ടാവാം ഒരു നഴ്‌സ് വന്ന് ഗുഡ്‌നൈറ്റ് ലിക്വിഡ് ഓൺ ചെയ്ത് അവന് താൽകാലിക പാപമോചനം കൊടുത്ത് അവനെ നോക്കി കണ്ണിറുക്കി ഒന്ന് ചിരിച്ചു. ആ ചിരിയിൽ അതുവരെ ഭയാനകമായിരുന്നു അന്തരീക്ഷം പാടെ മാറിയത് അവനറിഞ്ഞു.
അബോധാവസ്ഥയിൽ ആഹാരം കഴിക്കാനാവാതെ കിടക്കുന്നവരുടെ ആരോഗ്യം നിലനിർത്താൻ നഴ്സുമാർ സസൂക്ഷ്മം ട്യൂബുകളിലൂടെ ആഹാരവും വെള്ളവും മരുന്നും നൽകുന്നു.
കഫക്കെട്ടും ശ്വാസതടസ്സവും മൂലം ബുദ്ധിമുട്ടുന്ന അർദ്ധബോധാവസ്ഥകാർക്ക് ഫിസിയോതെറാപിസ്റ് ചെസ്റ് മസ്സാജ് ചെയ്തു കൊടുക്കുന്നു.
നിറപുഞ്ചിരിയോടെ നഴ്സുമാർ രോഗികൾക്ക് കുട്ടികളോടെന്നപോലെ ഒട്ടും വേദനിപ്പിക്കാതെ മരുന്നുകൾ കുത്തിവെയ്ക്കുന്നു.
ഇത് നരകമല്ല, സ്വർഗ്ഗമാണ്, മാലാഖമാർ കാവൽ നിൽക്കുന്ന സ്വർഗ്ഗം.
ഐ.സി.യു.വിൽ എത്തുന്നതിനു മുമ്പ് നടത്തിയ നെർവ് കണ്ടക്‌ഷൻ വെലോസിറ്റി, എം.ആർ.ഐ. സ്കാൻ, ബോൺമാരോ ടെസ്റ്റ് എന്നിവക്ക് പുറമെ ഐ.സി.യുവിൽ കിടക്കാനുള്ള മിനിമം യോഗ്യതക്കുള്ള ഇ.സി.ജി, എക്സ് റേ, ബ്ലഡ് ടെസ്റ്റ്, യൂറിൻ ടെസ്റ്റ് എന്നിവയും നടത്തി, നിശ്ചയിച്ച പോലെ ആ ഇഞ്ചക്ഷൻ കൊടുത്തു തുടങ്ങി. ഇനി ദിവസവും അഞ്ചു ഇഞ്ചക്ഷൻ വീതം എടുത്ത് അഞ്ചു ദിവസത്തേക്ക് ഇവിടെ കിടക്കാം.
ഇടക്കെപ്പോഴോ മാലാഖമാരുടെ അമ്മയെന്ന് തോന്നിക്കുന്ന ഒരു കന്യാസ്ത്രീ അവിടേക്ക് കടന്നു വന്നു. എല്ലാവരുടെ അടുത്തും ചെന്ന് ചിരിച്ചുകൊണ്ട് കുശലാന്വേഷണം നടത്തുന്നുണ്ട്. അബോധാവസ്ഥകാരും അർദ്ധബോധാവസ്ഥകാരും തിരിച്ചൊന്നും പറഞ്ഞില്ല. എന്നാലും അവരോടും വർത്തമാനം പറഞ്ഞു. അവൻ്റെ അടുത്തും വന്ന് ക്ഷേമാന്വേഷണം നടത്തി. ശബ്ദമില്ലാത്തതിനാൽ അവനെല്ലാം ആംഗ്യഭാഷയിൽ മറുപടി നൽകി. മറുപടി മനസ്സിലാവുന്നില്ലെങ്കിലും അവർ ക്ഷേമം അന്വേഷിച്ചുകൊണ്ടേ ഇരുന്നു.
"മദ്യപിക്കുമോ?"
ചിരിച്ചുകൊണ്ട് ഇപ്പൊ വേണ്ട എന്നവൻ ആംഗ്യം കാട്ടി.
"ഓ ഇല്ലേ? സാധാരണ മദ്യപാനികൾക്കാണ് ഈ പ്രായത്തിൽ സ്‌ട്രോക് വരാറ് . അതുകൊണ്ട് ചോദിച്ചതാ."
"സ്‌ട്രോക് അല്ല സിസ്റ്റർ, ജി.ബി.എസ് ആണ് ." ഒരു നഴ്‌സ് തിരുത്തി.
"ഓ..." എന്ന് പറഞ്ഞ് സഹതാപത്തോടെ അയാളെ നോക്കി ആ കന്യാസ്ത്രീ അടുത്ത കട്ടിലിലേക്ക് ചിരിച്ചുകൊണ്ട് നീങ്ങി.
അമ്പത് വയസ്സിനു മുകളിലുള്ളവർ നഴ്സുമാർക്ക് അച്ഛനാണ്, താഴെയുള്ളവർ ചേട്ടനും. അന്നവിടെ ചേട്ടനായി അയാൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പരിചരണം സേവനമാണെന്നു കരുതി ആത്മാർത്ഥമായി ജോലി ചെയ്യുന്നവരും, തൻ്റെ വിധി ഇതായി പോയെന്ന് സ്വയം പഴിച്ച് യാന്ത്രികമായി ജോലി ചെയ്യുന്നവരുമായ നഴ്സുമാർ ഷിഫ്റ്റ് അനുസരിച്ച് മാറി മാറി വന്നു. വീട്ടിൽ നിന്ന് പോലും കിട്ടാത്ത പരിചരണം ഇവിടെ നിന്ന് കിട്ടുമ്പോൾ ചിലർക്ക് അവർ മാലാഖാമാരായും, അബോധാവസ്ഥയിൽ നിന്ന് തങ്ങളെ ശുശ്രുഷിച്ച് പൂർണബോധാവസ്ഥയിൽ എത്തിച്ചപ്പോൾ ചിലർക്ക് അവർ കാശു പിണുങ്ങാൻ വെമ്പുന്ന ആശുപത്രികാരുടെ കയ്യാളുമാരുമായും തോന്നി.
മുറിയിലെ ഓരോരുത്തരുടെയും മോണിറ്ററിലെ അക്കങ്ങളും വരകളും തമ്മിൽ താരതമ്യം ചെയ്തും, ആരും കാണാതെ മൂക്കിലെ ട്യൂബ് വലിച്ചൂരാൻ ശ്രമിക്കുന്ന അർദ്ധബോധാവസ്ഥകാരുടെ കള്ളത്തരങ്ങൾ നഴ്സുമാർക്ക് കാണിച്ചു കൊടുത്തും രണ്ടു മൂന്നു ദിവസങ്ങൾ കടന്നു പോയി. അതുവരെ അബോധ, അർദ്ധബോധ, പൂർണബോധകാരായിരുന്നവർ അവന് ശശിധരൻ അങ്കിളും, അഹമ്മദിക്കയും, ക്ളീറ്റസ് ഏട്ടനും ഒക്കെയായി.
നിശ്ചിത സമയങ്ങളിൽ ബന്ധുക്കൾ വരുമ്പോൾ അല്ലാതെ ബാക്കി സമയം എല്ലാം ഇവരെ നോക്കി ഇരിക്കാൻ രസമാണ്. കഴിഞ്ഞ നാലു മാസമായി ഇടയ്ക്കിടെ ഐ.സി.യു സന്ദർശിക്കയാൽ, ഇവിടുത്തെ കാര്യങ്ങൾ നഴ്സുമാരെക്കാൾ കൂടുതൽ തനിക്ക് അറിയാമെന്നു ഭാവിക്കുന്ന ക്ളീറ്റസ് ഏട്ടൻ... വയസ്സ് 80 കഴിഞ്ഞെങ്കിലും നടക്കാൻ വയ്യെങ്കിലും, പ്രാഥമിക ആവശ്യങ്ങൾക്ക് പാത്രം വെക്കാൻ നഴ്സുമാർ വരുമ്പോൾ നാണം കൊണ്ട് കണ്ണുകൾ ഇറുക്കി അടക്കുന്ന കുമാരേട്ടൻ... മനുഷ്യന്റെ നിസ്സാരതയും, ജീവിതത്തിന്റെ നിസ്സഹായതയും, ബന്ധങ്ങളുടെ ആവശ്യകതയും ആയി ഓരോ നിമിഷവും പഠിക്കുന്നത് ഓരോ പാഠങ്ങളാണ്.
ചായ...ചായ... എന്ന ശബ്ദം കേട്ട് അവൻ ഞെട്ടി ഉണർന്ന് ആദ്യം നോക്കിയത് അരികിൽ തൂക്കിയിട്ടിരിക്കുന്ന മരുന്ന് കുപ്പിയിലേക്കാണ്. നിശ്ചിത ഇടവേളകളിൽ വീഴുന്ന തുള്ളികളുടെ വേഗതയും, കുപ്പിയിൽ ബാക്കിയുള്ള മരുന്നിൻ്റെ അളവും കണക്കാക്കുമ്പോൾ, അത് മുഴുവൻ തൻ്റെ ശരീരത്തിൽ കയറാൻ ഇനിയും ഒരു മണിക്കൂർ എടുക്കും. പിന്നെ അയാൾ നോക്കിയത് ക്ലോക്കിലേക്കാണ്. സമയം രാത്രി ഒന്നേകാൽ. അപ്പോഴാണ് താൻ കേട്ട ചായ ശബ്ദത്തിന്റെ കാര്യം അയാൾ ആലോചിച്ചത്. നോക്കിയപ്പോൾ വൈകുന്നേരം റൂമിലേക്ക് മാറ്റിയ പാത്തുമ്മയുടെ കട്ടിലിലേക്ക് പകരക്കാരനായി വന്ന ക്യാപ്റ്റൻ കുട്ടി എന്ന അർദ്ധബോധാവസ്ഥകാരനാണ്.
" എനിക്ക് ചായ തരൂ... ഇത്തിരി ചായ തരൂ... കഷ്ടപ്പെടുത്താണേ... ചായ തരാതെ എന്നെ കഷ്ടപ്പെടുത്താണേ..."
അർദ്ധബോധാവസ്ഥയിൽ ആണെങ്കിലും, കാൽമുട്ടുകൾ വളച്ചു പൊക്കി വെച്ച് കിടന്ന് അയാൾ ഉച്ചത്തിൽ നിലവിളിച്ചു.
എന്തായാലും ഉറക്കം പോയി. മരുന്ന് തീർന്ന് കുപ്പി മാറ്റി വെക്കാൻ ഇനിയും ഒരു മണിക്കൂർ വേണം. അതുവരെ ക്യാപ്റ്റൻ കുട്ടിയെ ശ്രദ്ധിക്കാം എന്ന് അയാൾ തീരുമാനിച്ചു.
ഇടക്കൊരു ഇടവേള കിട്ടിയപ്പോൾ വിദേശ ജോലിക്കായി IELTS പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന ആൻസി എന്ന നഴ്‌സാണ് ശബ്ദം കേട്ട് ആദ്യം ഓടിയെത്തിയത്.
"ഓഹ് ! ഗോഡ്... എന്താ കുട്ടി അങ്കിൾ? ഇത്ര ലൗഡ് ആയി കരയല്ലേ.എല്ലാവരും ഉറങ്ങിക്കോട്ടെ. അങ്കിളിനെന്താ പെയിൻ ഉണ്ടോ?"
ശബ്ദമൊന്ന് കുറച്ചെങ്കിലും പിന്നെ കരച്ചിൽ "ഓഹ് ! ഗോഡ്... ഓഹ്! ഗോഡ്..." എന്ന് പറഞ്ഞായി.
ശബ്ദം കുറഞ്ഞപ്പോൾ നഴ്‌സ് വീണ്ടും പഠിക്കാനുള്ള ബുക്കുമായി തന്റെ കസേരയിലേക്ക് മടങ്ങി.
ഒരേ താളത്തിൽ " ഗോഡ്.... ഗോഡ്...." എന്ന് പറഞ്ഞു കിടക്കുന്ന ആ മനുഷ്യനെ നോക്കി അവൻ കിടന്നു. ഇടക്കെപ്പോഴോ തല തിരിച്ചപ്പോഴാണ് ചുമരിൽ തൂക്കി ഇട്ടിരിക്കുന്ന വിവിധ മതസ്ഥരായ ദൈവങ്ങളുടെ ചിത്രങ്ങൾ അയാൾ ശ്രദ്ധിച്ചത്.
എല്ലാവരുടെ മുഖത്തും ഒരു അനിശ്ചിത ഭാവം കാണുന്നില്ലേ?
ശരിയാണ്... 'ഗോഡ്' എന്ന വിളിയിൽ നിന്നും 'കുട്ടി' എന്ന പേരിൽ നിന്നും അയാൾ ഏതു മതസ്ഥനാണെന്നു മനസ്സിലാവാത്തതിനാൽ താൻ ഇതിൽ ഏതു രൂപത്തിൽ പ്രത്യക്ഷപ്പെടണം എന്ന അനിശ്ചിതത്ത്വത്തിൽ ആണ് ദൈവം.
അപ്പോഴേക്കും ക്യാപ്റ്റൻ കുട്ടി താളം മാറ്റാതെ തൻ്റെ വിളിക്ക് ഒരു സ്പഷ്ടത വരുത്തി.
"ഈശ്വരാ രക്ഷിക്കണേ... ഈശ്വരാ...."
അപ്പോൾ ഇയാൾ ശങ്കരൻകുട്ടിയോ രാമൻകുട്ടിയോ ആയിരിക്കും എന്ന് മനസ്സിലായ ചിത്രത്തിലെ ചില ദൈവരൂപങ്ങൾ പഴയ ഭാവത്തിലേക്ക് തിരിച്ചു പോയി. സങ്കീർണത അവസാനിക്കുന്നില്ല. ഇനിയുമുണ്ട് കുറെ രൂപങ്ങൾ.
പാതിരാത്രി ഭക്തൻ്റെ അടുത്തേക്ക് പുറപ്പെടുമ്പോൾ, എങ്ങോട്ടു പോവുന്നു എന്ന് ചോദിയ്ക്കാൻ ആരും ഇല്ലാത്ത നിത്യ ബ്രഹ്മചാരി ആയതിനാൽ, അയ്യപ്പൻ വരാനാണ് സാധ്യത കൂടുതൽ... അവൻ ചിന്തിച്ചു.
"ആവൂ ...അയ്യോ... ഈശ്വരാ... ആവൂ..." ശ്രദ്ധിച്ചാൽ മാത്രം കേൾക്കാവുന്ന രീതിയിലേക്ക് ശബ്ദം കുറഞ്ഞിരുന്നു.
ആവോ... ആയിയെ...ഈശ്വരാ... നോർത്ത് ഇന്ത്യയിൽ അയ്യപ്പ സങ്കൽപ്പത്തിന് ഭക്തർ കുറവാണ്. അപ്പൊ സാക്ഷാൽ കൃഷ്ണൻ തന്നെയാണ് വരുന്നുണ്ടാവുക എന്നുറപ്പിച്ച് അവൻ ആ ഫോട്ടോകളിലേക്ക് ഒന്ന് കൂടി നോക്കി.
അപ്പോൾ മതഭേദമന്യേ ഒരോ ദൈവരൂപത്തിൽ നിന്നും ഓരോ വെളിച്ചം ഉയരുന്നതായ് അവൻ കണ്ടു. അടുത്ത നിമിഷം അവയെല്ലാം കൂടി ഒന്നായി ആ മുറിയാകെ പരന്നു. അവനു തലചുറ്റുന്നത് പോലെ തോന്നി. ആകെ ഒരു കുളിര്. കാഴ്ച മങ്ങുന്നതവൻ അറിഞ്ഞു.
അവൻ ക്യാപ്റ്റൻ കുട്ടിയുടെ കട്ടിലിലേക്ക് ഒന്ന് നോക്കി. മങ്ങിയ കാഴ്ച്ചയിൽ ഒരു അവ്യക്ത രൂപം അവിടെ നില്കുന്നതവൻ കണ്ടു. എന്തോ അന്വേഷിക്കുന്നുണ്ട്. വിളിച്ചതിന്റെ കാരണം അന്വേഷിക്കുന്നതാവും.
" എനിക്ക് ചായ തരൂ ... ഇത്തിരി ചായ തരൂ ... ഒരു ബിസ്‌ക്കറ്റ് തരൂ ...ഈശ്വരാ...ആവൂ ..."
മനുഷ്യന്റെ മോഹങ്ങൾ ഇങ്ങനെയാണ്. അവൻ ആലോചിച്ചു. ഒന്ന് കിട്ടുമെന്നാവുമ്പോഴേക്കും അടുത്തത് മോഹിച്ചു തുടങ്ങും.
അവനാ അവ്യക്ത രൂപത്തിലേക്ക് ഒന്ന് കൂടി നോക്കി. അത് തന്നെ നോക്കി ചിരിക്കുന്നുണ്ടോ? അത് തന്റെ അടുത്തേക്കാണോ വരുന്നത്?
ആ വെളിച്ചത്തിന്റെ കാഠിന്യം നോക്കാവുന്നതിലും അപ്പുറമായപ്പോൾ അവൻ കണ്ണുകളടച്ചു.
ആരോ തട്ടി വിളിച്ചപ്പോഴാണ് അവൻ കണ്ണുതുറന്നത്. നഴ്‌സാണ്.
"ചേട്ടൻ ഇന്നലെ നന്നായി ഉറങ്ങി അല്ലെ? ഞങ്ങൾ വന്ന് പുതിയ മരുന്ന് കുപ്പി വച്ചതൊന്നും അറിഞ്ഞില്ല. അപ്പൊ നോക്കിയപ്പോ കുറച്ച് പനിയും ഉണ്ടായിരുന്നു. ഉറക്കമല്ലേ എന്ന് വിചാരിച്ചാ ഗുളിക തരാഞ്ഞത്. ഇപ്പൊ പനി ഇല്ല."
ബ്രുഷും പേസ്റ്റും എടുത്തു തരുന്നതിനിടയിൽ നഴ്‌സ് പറഞ്ഞു.
"വേഗം പല്ലു തേച്ച് ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ. ഞങ്ങളുടെ ഡ്യൂട്ടി ടൈം കഴിയാറായി. ഇന്നലെ ആ അച്ഛൻ ബഹളം വെച്ചതൊന്നും കേട്ടില്ല അല്ലെ?"
പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവൻ ക്യാപ്റ്റൻ കുട്ടിയുടെ കട്ടിലിലേക്ക് നോക്കി.
അവിടെ ആരും ഉണ്ടായിരുന്നില്ല. ഒരു ഒഴിഞ്ഞ ചായ ഗ്ലാസ് മാത്രം മേശപ്പുറത്ത് ഇരിക്കുന്നുണ്ടായിരുന്നു.
അവൻ നോക്കുന്നത് കണ്ടിട്ടായിരിക്കാം നഴ്‌സ് തുടർന്നു.
"ഇന്നലെ അനസ്തേഷ്യയുടെ മയക്കം വിട്ട് ബോധം വരുന്നതിന്റെ ബഹളമായിരുന്നു. ഇപ്പൊ ബോധം ഒക്കെ വന്നു. ഒരു ടെസ്റ്റിന് കൊണ്ട് പോയിരിക്കുകയാ."
നഴ്സിനെ നോക്കി ഒന്ന് ചിരിച്ച് പല്ലു തേക്കാൻ പോവുമ്പോൾ, ക്യാപ്റ്റൻ കുട്ടിയുടെ മേശയിലിരിക്കുന്ന ചായ ഗ്ലാസ് ശ്രദ്ധിച്ചു. അത് സാധാരണ അവിടെ ചായ കൊണ്ട് വരുന്നത് പോലത്തെ ഗ്ലാസ് അല്ലല്ലോ എന്ന് മനസ്സിലോർത്തു.
പതിവ് പോലെ രാവിലെ ഡോക്ടർ റൗണ്ട്സിനെത്തിയ ഡോക്ടർ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയുമ്പോൾ തൻ്റെ സംസാരത്തിന് കൂടുതൽ വ്യക്തത വന്നതവൻ ശ്രദ്ധിച്ചു.
"ഇപ്പൊ നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ട്. ഇനി റൂമിലേക്ക് മാറാം. ഇഞ്ചക്ഷൻ്റെ കോഴ്സ് കഴിഞ്ഞ് ഒരാഴ്ച കൂടി ഇവിടെ കിടക്കാം. അതു കഴിഞ്ഞ് പിന്നെ വീട്ടിൽ പോയി റെസ്റ്റ് എടുത്താൽ മതി. തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാൻ കഴിഞ്ഞത് ഭാഗ്യം. അല്ലെങ്കിൽ ഒരു കൊല്ലത്തോളം വേണ്ടി വരുമായിരുന്നു ഈ കിടപ്പ്." അവൻ്റെ കണ്ണും കയ്യും എല്ലാം പിടിച്ചു നോക്കി കൊണ്ട് ഡോക്ടർ പറഞ്ഞു.
വീട്ടിലെത്തി റെസ്റ്റ് എടുക്കുമ്പോൾ അവൻ ആ രാത്രിയെ കുറിച്ചും അന്ന് കണ്ട വെളിച്ചത്തെ കുറിച്ചും ഓർത്തെടുക്കാൻ ശ്രമിച്ചു.
അവൻ മേശപ്പുറത്തു ഗുളികകൾക്കൊപ്പം വെച്ചിരുന്ന ആ കടലാസെടുത്തു നോക്കി. അവൻ ഐ.സി.യുവിൽ കിടന്നപ്പോൾ അവൻ്റെ ആയുരാരോഗ്യത്തിന് വേണ്ടി ബന്ധുക്കളും സുഹൃത്തുക്കളും അമ്പലങ്ങളിലേക്കും പള്ളികളിലേക്കും നേർന്ന വഴിപാടുകളുടേയും നേർച്ചകളുടേയും ലിസ്റ്റ് ആയിരുന്നു അത്.