Sunday, November 06, 2016

നവംബറിലെ വടിക്കാത്താടികൾ

" അമ്മേ... എനിക്ക് മുഖത്തൊക്കെ ചൊറിയണു. ഈ താടീം മീശേം ഒക്കെ ഊരണം."

"അയ്യോ കണ്ണാ, ദേ ഒരാളും കൂടി കഴിഞ്ഞാ മോന് സ്റ്റേജിൽ കേറണ്ടേ? അപ്പൊ വല്ല്യ മീശേം താടീം ഒക്കെ വെച്ച് മോനെ കണ്ട് എല്ലാവരും കയ്യടിക്കും. മോന് ഫസ്റ്റ് കിട്ടണ്ടേ."

" എന്നാ എനിക്ക് നന്ദൂനെ പോലെ കറുത്ത കൊമ്പൻ മീശ മതി. ഈ വെള്ള താടി വേണ്ട"
"അതെങ്ങന്യാ കണ്ണാ, നന്ദു ഭഗത് സിംഗ് അല്ലെ . അമ്മേടെ കണ്ണനെ ടാഗോറപ്പൂപ്പന്റെ ഈ വെള്ള താടീം മീശേം ഒക്കെ വെച്ച് കാണാൻ എന്ത് ഭംഗിയാന്ന് അറിയ്യോ. അതു മാത്രമല്ല ബുദ്ധിയുള്ളവരുടെ ലക്ഷണമാണീ താടി."

അമ്മയുടെ വാക്കുകളും അന്നു നേടിയ ഒന്നാം സമ്മാനവും അന്നാദ്യമായി കണ്ണന്റെ മനസ്സിൽ താടി ഒരു മോഹമാക്കി മാറ്റി.
അങ്ങനെ അവന്റെ സ്വപ്നങ്ങളിലെ കുറ്റിത്താടികൾക്കൊപ്പം അവനും വളർന്ന് അഞ്ചാം ക്ലാസിലെത്തിയ കാലം.

"നീയെന്താടാ രണ്ട് ദിവസായിട്ട് കണ്ണാടീടെ മുമ്പിലന്നെ ആണല്ലോ. എന്താടാ പരുപാടി? ഇവിടെ വാ നോക്കട്ടെ."

"ഒന്നൂല്ല അമ്മേ... ഞാൻ വെറുതേ നിക്കാ..."

" നോക്കട്ടെ. ഏ ഇതെന്താ മുഖത്തൊക്കെ?"

" അത് എനിക്ക് അച്ഛനെ പോലെ താടി വന്നതാ "

''ഹ ഹ ഹാ... അതിന് നീ കുറച്ചും കൂടി ഒക്കെ വലുതാവട്ടെ. എന്നിട്ട് നമുക്ക് താടിയൊക്കെ വെച്ച് നടക്കാം. ഇപ്പൊ പോയി ഈ കൺമഷിയൊക്കെ കഴുകി വന്നിരുന്ന് നാലക്ഷരം പഠിക്ക്."

വാൽമീകി താടിയിലെ സംസ്കാരവും, ഡാർവിൻ താടിയിലെ സിദ്ധാന്തവും, ലിങ്കൺ താടിയിലെ ചരിത്രവും, പത്മരാജൻ താടിയിലെ സിനിമയും പഠിച്ചവൻ വളർന്നു.

കാർൾ മാർക്സിന്റേയും ചെഗ്വേരയുടേയും താടികൾ വിപ്ലവം പഠിപ്പിച്ച കോളേജ് ജീവിതം അവന്റെ മുഖത്തും താടി മുളപ്പിച്ചു.

"ഇതെന്ത് കോലാടാ ഇത്... താടീം മുടീം വളർത്തി ഒരു മാതിരി ഹിപ്പികളെ പോലെ."

"ഓ... എന്റെ കോളേജിലെ എല്ലാവരും ഇങ്ങനെയൊക്കെ തന്നയാ"

"ഞാനിപ്പൊ കൊച്ചു കുട്ടിയൊന്നും അല്ലല്ലോ. എനിക്ക് എന്റെ ഇഷ്ടത്തിന് ഒരു താടി വെക്കാനും പാടില്ലേ. അപ്പൊ അച്ഛൻ താടി വെച്ചേക്കണതോ?"

"ഇത് ഞാൻ ശബരിമലക്ക് പോവാനുള്ള ദീക്ഷയാണ്. പോയി വന്നിട്ട് വടിച്ചോളാം. ആ... നീ വല്ല്യേ കമ്മ്യൂണിസ്റ്റല്ലേ, നിനക്കിതിനോടൊക്കെ പുച്ഛമാണല്ലോ..."

" സ്വന്തം കാലില് നിക്കാറായിട്ട് താടിയോ മുടിയോ എന്തു വേണമെങ്കിൽ വളർത്തിക്കോ. ഇപ്പൊ ഞങ്ങള് പറഞ്ഞത് അനുസരിച്ചാ മതി. നാളെ മുതൽ മര്യാദക്ക് താടി വടിച്ച് വൃത്തിയായിട്ട് കോളേജിൽ പോയാൽ മതി."

താടിക്കും മീശയും ഇടയിലൂടെ നിത്യം അകത്തേക്കു പോകേണ്ട ഭക്ഷണത്തിന്റെ കാര്യം ആലോചിച്ച് അവൻ തന്റെ താടിസ്വപ്നം തൽക്കാലത്തേക്ക് മറന്നു.

എങ്കിലും താടികൾ പകർന്ന അറിവ് അവന് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി വാങ്ങി കൊടുത്തു.

നിൽക്കാൻ സ്വന്തമായൊരു കാല് കിട്ടിയപ്പോൾ അതുവരെ തന്റെ മോഹത്തിന്റെ കടവെട്ടിയിരുന്ന ക്ഷൗരക്കത്തികൾക്കൊരു അവധി കൊടുക്കാൻ തീരുമാനിച്ചു.

പതിവുപോലെ ഓഫീസിലെത്തിയ ഒരു ദിവസം മാനേജർ അവന്റെ അടുത്തു വന്നു.

"Look Mr.Kannan. This is a reputed firm and we have some strict policies. തനിക്ക് താടിയും വളർത്തി തോന്നിയ പോലെ വരാൻ ഇത് തന്റെ കോളേജല്ല. ഒന്നാമത് ആദ്യത്തെ ഒരു വർഷം തന്റെ ഇന്റേൺഷിപ്പ് പിരീഡ് ആണ്. താൻ സെയിൽസിൽ ആയത് കൊണ്ട് ക്ലൈന്റ് ഇന്ററാക്ഷൻ വേണ്ടി വരും. So I want you to come as a neat gentleman every day."

അല്ല സർ അപ്പൊ എന്റെ സ്വന്തം കാല് ... അപ്പൊ സ്റ്റീവ് വോസ്നിയാക്കിന്റെ താടി... എന്നൊക്കെ പറയണമെന്നുണ്ടായിരുന്നെങ്കിലും അവധിക്കു വിട്ട ക്ഷൗരക്കത്തിയെ തിരിച്ച് വിളിക്കാൻ തീരുമാനിച്ചു.

മീശ വെച്ച മഹാബലിയും താടി വെച്ച സാന്റാക്ലോസും മുടങ്ങാതെ വന്ന് വർഷങ്ങൾ കടന്നു പോയി.

ജീവിക്കാനുള്ള നെട്ടോട്ടത്തിന്റെ ഇടയിൽ തന്റെ മോഹം അവൻ മറന്നിരുന്നു. ക്ഷൗരക്കത്തി റിട്ടയർ ചെയ്തതും പകരം വന്ന ഇലക്ട്രിക് ഷേവർ ജോലി തുടങ്ങിയതും അവൻ ശ്രദ്ധിച്ചില്ല.

''കണ്ണേട്ടാ... എന്താ ആലോചിച്ച് ഇരിക്കണേ? സിനിമ കഴിഞ്ഞു വരൂ പോവാം. ഞാൻ പറഞ്ഞില്ലേ പ്രേമം നല്ല സിനിമയാന്ന്. ഇത്തവണ ഉണ്ണീടെ ചിൽഡ്രൻസ് സേ ഡാൻസിന് ഇതിലെ കോസ്റ്റൂമാണ് . കറുത്ത ജുബ്ബേം, കളറ് മുണ്ടും, താ ടീം ഒക്കെ വാങ്ങിക്കണം എന്ന് ടീച്ചറ് ഡയറീല് എഴുതിവിട്ടിട്ടുണ്ട്. നമുക്ക് അതും കൂടി നോക്കിയിട്ട് പോവാം "

ഭാര്യ പറയുന്നത് മൂളി കേൾക്കുമ്പോൾ അവന്റെ മനസ്സിൽ ആ താടി മോഹം വീണ്ടും തെളിയുകയായിരുന്നു.

"എടീ... ഞാനും ഇതിലെ നിവിൻ പോളിയെ പോലെ താടി വെച്ചാലോന്ന് ആലോചിക്യാ..."

" ശര്യാ... ഞാനും വിചാരിക്കാറുണ്ട് കണ്ണേട്ടൻ ഇതുവരെ താടി വെച്ച് കണ്ടിട്ടില്ലല്ലോന്ന്. വെച്ച് നോക്കൂ... എടക്കൊരു ചെയിഞ്ചൊക്കെ വേണ്ടേ."

വാടിക്കിടന്ന മോഹങ്ങളെ വെള്ളമൊഴിച്ചുണർത്തി വളമിട്ടു വളർത്തിയ ഭാര്യേ... നീയാണു ഭാര്യ... ബാറ്ററിയുടെ സഹായത്താൽ എന്റെ മോഹങ്ങളെ ഇത്രയും കാലം തുടച്ചു നീക്കിയിരുന്ന ഇലക്ട്രിക് ഷേവറേ നിന്നെ ഞാൻ പിരിച്ചു വിട്ടിരിക്കുന്നു...

അങ്ങനെ അവന്റെ മുഖത്തെ കുറ്റിത്താടികൾ ആരേയും പേടിക്കാതെ വളർന്നു തുടങ്ങി. ആഴ്ച ഒന്നു കഴിഞ്ഞപ്പോഴാണ് അവൻ ശ്രദ്ധിക്കുന്നത്. താൻ സ്വപ്നം കണ്ട കറുത്ത താടി രോമങ്ങൾക്കൊപ്പം അതാ പ്രായത്തിന്റെ വെളുത്ത രോമങ്ങൾ വളരുന്നു. നിറമെന്തായാലെന്താ കുറച്ചു നാളെങ്കിലും താടി വെച്ച് നടക്കാലോ.

" കണ്ണേട്ടാ അടുത്ത ആഴ്ച എന്റെ ഓഫീസിന്ന് എല്ലാവരും ഫാമിലിയായി ടൂർ പോവുന്നുണ്ട്. നമുക്കും പോവണം. അതിന് മുമ്പ് ഈ വൃത്തികെട്ട താടി വടിക്കണം ട്ടോ "

"അല്ല നീയല്ലേ താടി വെക്കാൻ സമ്മതിച്ചേ? ഒരു ചെയിഞ്ചിന് ..."

"അത് നിവിൻ പോളിയെ പോലത്തെ താടി എന്ന് പറഞ്ഞോണ്ടല്ലേ. ഇത് ഒരു മാതിരി മുഴുവൻ നരച്ച് വയസ്സൻമാരെ പോലെ ഉണ്ട്. ഇങ്ങനെ എന്റൊപ്പം വരാൻ പറ്റില്ല."

മന:സമാധാനത്തിനേക്കാൾ വലുതല്ല ഒരു താടീം... എന്റെ പ്രിയപ്പെട്ട ഇലക്ട്രിക് ഷേവറേ നിന്നെ ഞാൻ പ്രമോഷനോടെ തിരിച്ചെടുത്തിരിക്കുന്നു.

പിറ്റേന്ന് ഓഫീസിലേക്ക് കാറോടിക്കുമ്പോൾ മനസ്സിൽ ചിന്തകൾ കുന്നു കൂടി. താടിയെന്ന തന്റെ ചിരകാല മോഹം ഒറ്റയാഴ്ച കൊണ്ട് എന്നന്നേക്കുമായി അവസാനിക്കുന്നു... ഇട്ടു മൂടാൻ ഇനിയൊരു കുഴി കുത്തണം.

റേഡിയോയിൽ അപ്പൊ ടമാർ പഠാർ സിനിമയിലെ താടിപ്പാട്ട് കേൾക്കുന്നുണ്ടായിരുന്നു.

"റേഡിയോ മാംഗോ 91.9 നാട്ടിലെങ്ങും പാട്ടായി. ഞാൻ നിങ്ങളുടെ നീതയാണ്... ഇന്ന് നവംബർ ഒന്ന്... കേരളപ്പിറവി... ഇന്നു മുതൽ താടി വെക്കുന്നവരെ നിങ്ങളാരും കുറ്റം പറയരുത്. ചിലപ്പോൾ അവർ ചെയ്യുന്നത് ഒരു കാരുണ്യ പ്രവർത്തനമാവാം. No Shave November നമ്മുടെ നാട്ടിലും തരംഗമാവുന്നു... "

Thursday, August 18, 2016

അഹം

"ഇനി തീരുമാനം എടുക്കേണ്ടത് നിങ്ങളാണ്..."

അതെ ശരിയാണ്, ഇനി താനൊരു തീരുമാനമെടുത്തേ മതിയാവൂ. അവൻ ഓർത്തു... പതിനഞ്ചു വയസ്സിനു ശേഷം ജീവിതത്തിൽ താൻ എടുത്തതെല്ലാം തന്റെ മാത്രം തീരുമാനങ്ങളായിരുന്നു. സംശയത്തിന്റെ ആനുകൂല്യങ്ങളില്ലാത്ത ഉറച്ച തീരുമാനങ്ങൾ. അവയെല്ലാം ശരിയായിരുന്നു എന്ന വിശ്വാസവും തനിക്കുണ്ടായിരുന്നു.

എന്നാൽ ഇന്ന് ആ വിശ്വാസങ്ങൾ തന്നെ തുണയ്ക്കുന്നില്ല. മനസ്സ് രണ്ടായി സ്വയം പകുത്ത് തമ്മിൽ സംവദിക്കുന്നു. ഇവിടെ ഒന്ന് ശരി മറ്റേത് തെറ്റ് എന്ന് പറയാനാകില്ല. പ്രായോഗികതയും വൈകാരികതയും തമ്മിലാണ് സംവാദം.

അവൻ ഓർമ്മകളിൽ പരതി.

ഇല്ല തന്റെ ഇതുവരെയുള്ള തീരുമാനങ്ങളിലൊന്നും വൈകാരികതക്ക് സ്ഥാനമുണ്ടായിരുന്നില്ല.

അപ്പോൾ ഇതുവരെ താൻ സ്വയം എടുത്തത് എന്ന് അഹങ്കരിച്ചിരുന്ന തീരുമാനങ്ങൾ എല്ലാം ശരിയായിരുന്നില്ലേ?

തന്റെ ആഗ്രഹങ്ങളെ തീരുമാനങ്ങളാക്കി നടപ്പാക്കാനുള്ള ഊർജ്ജം തനിക്കെവിടുന്നാണ് കിട്ടിയത്?

അച്ഛൻ...

അതെ, തന്റെ തീരുമാനങ്ങളോടുള്ള എതിർപ്പ് പ്രകടിപ്പിക്കുമെങ്കിലും അവസാനം തന്റെ ആഗ്രഹങ്ങൾക്ക് അച്ഛൻ വഴങ്ങും എന്നുള്ള ഉറപ്പായിരുന്നു തീരുമാനങ്ങളെടുക്കാനുള്ള തന്റെ ആദ്യത്തെ ഊർജ്ജം.

പിന്നീട് അച്ഛനെ എതിർത്ത് തീരുമാനങ്ങളെടുക്കുന്നതിലെ ആവേശമായി ആ ഊർജ്ജം.

എന്നും താൻ പ്രായോഗികമെന്ന് പറഞ്ഞ് അവതരിപ്പിച്ചിരുന്ന തീരുമാനങ്ങൾ, അച്ഛന്റെ വൈകാരിക തീരുമാനങ്ങളെ തോൽപ്പിച്ചു കൊണ്ടേ ഇരുന്നു.

സുരക്ഷിതത്വത്തിന്റെ ഗവർൺമെന്റ് ജോലിയെന്ന അച്ഛന്റെ വൈകാരികതയെ, സാമ്പത്തിക ലാഭത്തിന്റെ IT ജോബ് എന്ന തന്റെ പ്രായോഗിക തീരുമാനം കൊണ്ട് താൻ തോല്പിച്ചിട്ടുണ്ട്.

ജോലികളനവധി മാറേണ്ടി വന്നപ്പോഴും, അതുവഴിയുള്ള ആകുലതകൾ ജീവിതത്തെ അലട്ടിയപ്പോഴും, തന്റെ തീരുമാനങ്ങൾ തെറ്റായിരുന്നെന്ന് അച്ഛന്റെ മുമ്പിൽ താൻ സമ്മതിച്ച് കൊടുത്തിട്ടില്ല.

റിട്ടയേർഡ് ജീവിതം ജന്മനാട്ടിലെ തറവാട്ടു വീട്ടിലും, അന്നന്നത്തെയന്നം പറമ്പിലെ കൊച്ചു പച്ചക്കറിത്തോട്ടത്തിൽ നിന്നും എന്നുള്ള അച്ഛന്റെ വൈകാരികതയെ, എല്ലാ സൗകര്യങ്ങളും നിറഞ്ഞ ടൗണിലെ ഒരു ഫ്ലാറ്റ് എന്ന തന്റെ പ്രായോഗിക തീരുമാനത്തിനു വേണ്ടി വിൽപ്പിച്ചിട്ടുണ്ട്.

ടൗണിലെ പൊലൂഷൻ തന്റെ മകൾക്കു നല്കിയ ആസ്ത്മ രോഗം കാരണം, ഫ്ലാറ്റ് വിറ്റ്, ഇത്തിരി വിട്ട് എവിടേയെങ്കിലും കുറച്ചു ഭൂമി വാങ്ങിയാലോ എന്നുള്ള ആലോചനയെ പറ്റി അച്ഛനോട് ഇതുവരെ സംസാരിച്ചിട്ടില്ല.

കാലം തെറ്റെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ടെങ്കിലും, ചെറുതും വലുതുമായ തന്റെ പല തീരുമാനങ്ങളും അച്ഛന്റെ മുമ്പിൽ താൻ നേടിയ വിജയങ്ങളായിരുന്നു.

പക്ഷെ ഒന്നാലോചിച്ചാൽ, അച്ഛൻ ഒപ്പം ഉണ്ടെന്ന വിശ്വാസമായിരുന്നില്ലേ തന്റെ ഓരോ തീരുമാനങ്ങളുടേയും ശക്തി?

"താങ്കൾ കേൾക്കുന്നുണ്ടല്ലോ അല്ലേ?"

ഡോക്ടറുടെ ശബ്ദം അയാളെ ചിന്തകളിൽ നിന്ന് ഉണർത്തി...

" അപ്പോൾ ഞാൻ പറഞ്ഞത് എന്താണെന്നു വെച്ചാൽ, ഇനി തീരുമാനം എടുക്കേണ്ടത് നിങ്ങളാണ്...

അച്ഛനെ ഇനിയും ഈ വെന്റിലേറ്ററിൽ ഇങ്ങനെ കിടത്തി വേദന തീറ്റിച്ചിട്ട് ഇനി ഒന്നും ചെയ്യാനില്ല. പ്രായോഗികമായി ചിന്തിച്ചാൽ വെന്റിലേറ്ററിൽ നിന്ന് മാറ്റി ഇനിയുള്ള യാത്ര സുഖമമാക്കുകയാണ് വേണ്ടത്.

നിങ്ങളുടെ വൈകാരികത ഞങ്ങൾക്ക് മനസ്സിലാവുകയും ഞങ്ങൾ അതു മാനിക്കുകയും ചെയ്യുന്നു. അതു കൊണ്ട് നിങ്ങൾ നന്നായി ആലോചിച്ച് ഒരു തീരുമാനം എടുക്കൂ..."

Wednesday, August 03, 2016

ഒമ്പതാം വാർഡ്

ഓഫീസിൽ എന്നത്തെയും പോലെ രണ്ടു മണിക്കൂർ ഇടവിട്ടുള്ള മെഷീൻ ചായകുടിയും കഴിഞ്ഞ്, ഈ വൃത്തികെട്ട മെഷീൻ ചായ വരെ ചിലർക്ക് അഡിക്ഷനാണ്‌ എന്ന കേട്ടറിവ് കൂടെയുള്ളവർക്ക് പകർന്ന് നൽകി, നടന്നു വരുമ്പോഴാണ്‌ തുറന്ന് വെച്ച ലാപ്ടോപ്പിന്‌ മുമ്പിൽ എന്തോ ചിന്തയിൽ മുഴുകി, ചാരി ഇരിക്കുന്ന രമേഷിനെ ശ്രദ്ധിച്ചത്‌.

ഞാൻ: “ എന്താടാ ഒരു ആലോചന? നീ എന്താ ചായ കുടിക്കാൻ വരാഞ്ഞത്? ഒരു ചായ കുടിച്ചാൽ പണിയെടുക്കാൻ ഒരുന്മേഷം ഒക്കെ കിട്ടും.”

രമേഷ്: “ ഉന്മേഷകുറവൊന്നും അല്ലെടാ... വീട്ടിലെ കാര്യം ആലൊചിച്ച്‌ ഇരുന്നതാ. ആകെ പ്രശ്നങ്ങളാ...”

ഞാൻ: “നിനക്കൊക്കെ എന്തു പ്രശ്നം? നിനക്കും ഭാര്യക്കും കൂടി ലക്ഷങ്ങളല്ലെ ശമ്പളം.”

രമേഷ്: “ ഇന്നത്തെ കാലത്ത്‌ അല്ലെങ്കിലും കാശൊക്കെ ആർക്കാടാ പ്രശ്നം? ഇതു അതല്ല. രാത്രി നമ്മൾ ക്ഷീണിച്ച്‌ എങ്ങനെയെങ്കിലും ഒന്നു കിടന്നാൽ മതി എന്നു പറഞ്ഞ് വീട്ടിൽ ചെല്ലുമ്പോൾ, അവളെ അടുക്കളയിൽ സഹായിക്കുന്നില്ലാ എന്നും പറഞ്ഞ് എന്നും വഴക്കാ. അവള്‌ 5:30ക്ക്‌ വീട്ടിൽ എത്തുന്നതല്ലേ, ഒറ്റക്ക് രണ്ടു പേർക്കുള്ള ഭക്ഷണം ഉണ്ടാക്കാൻ എന്താ കുഴപ്പം?”

ഞാൻ: “അത്രേയുള്ളോ? ആ സിറ്റ്വേഷൻ മുൻകൂട്ടി കണ്ടിട്ടാണ്‌ ഞാൻ ഒരു വേലക്കാരിയെ വെച്ചത്.”

ഈ സംഭാഷണം കേട്ടു കൊണ്ടിരുന്ന മനു പതുക്കെ കസേര നിരക്കി ഞങ്ങളുടെ അടുത്തേക്ക് വന്നു.

മനു: “നിനക്കൊക്കെ എല്ലാം ഉണ്ടായതിന്റെ കുഴപ്പാ. നീ എന്റെ കാര്യം ഒന്നാലോചിച്ച്‌ നോക്കിക്കേ. വയസ്സ് 32 ആയി. ഇതുവരെ കല്യാണം പോലും ആയിട്ടില്ല. ഈ മുടിഞ്ഞ കഷണ്ടിയാണ്‌ പ്രശ്നം. ഒരുത്തിക്കും ബോധിക്കുന്നില്ല. വിഗ്ഗ് വെച്ച് പോയാലും ഇവളുമാര്‌ കണ്ടുപിടിക്കും.”

ഞാൻ:“കഷണ്ടി ഒന്നും അല്ലടാ. നിന്റെ ഈ കൊടവയറാണ്‌ മെയിൻ പ്രശ്നം. നിനക്ക് വല്ല ജിമ്മിലും പൊക്കൂടെ? നീ വരുന്നുണ്ടെങ്കിൽ വാ, ഞങ്ങൾ അടുത്ത ഒന്നാം തിയതി ജിമ്മിൽ ചേരാൻ പോവ്വാ.”

അതുവരെ എന്തൊക്കെയോ ടയിപ്പ് ചെയ്യുന്നതിന്റെ ഇടയിലും ഞങ്ങളെ ഒളികണ്ണിട്ടു നോക്കിയിരുന്ന ബിന്നി ചാടി എഴുന്നേറ്റു.

ബിന്നി: “നീയൊക്കെ ഈ ജിമ്മിൽ കൊണ്ടു പോയി കളയുന്ന കാശ് വല്ല പാവപെട്ടവർക്കും കൊടുത്തൂടെ? ഇപ്പൊ വന്ന ആ മെയിൽ ഒന്നു വായിച്ച് നോക്ക് എല്ലാവരും. സി.എസ്.ആർ. ആക്റ്റിവിറ്റി. പാവപെട്ട കുട്ടികൾക്ക് യൂണിഫോം വാങ്ങി കൊടുക്കാൻ താല്പര്യം ഉള്ളവർ കാശ് എച്ച്.ആറിനെ ഏല്പിക്കാൻ.”

രമേഷ്: “യെസ്... അതൊരു നല്ല കാര്യമാണ്‌.”

ഞാൻ: “അങ്ങനെ നമ്മൾ അഞ്ചോ പത്തോ എച്ച്.ആറിനെ ഏല്പിച്ച് ഏതെങ്കിലും കുട്ടികൾക്ക് യൂണിഫോം വാങ്ങി കൊടുക്കുന്നതിൽ കാര്യമില്ല. നമ്മൾ എല്ലാവരും ദിവസവും കുറേശ്ശെ കാശ് സേവ് ചെയ്ത് ഒരു സംഖ്യ ആവുമ്പോൾ ഏതെങ്കിലും അനാഥാലയത്തിൽ നേരിട്ട് കൊണ്ടു കൊടുക്കണം. അപ്പൊ അവരുടെ സന്തോഷം നേരിട്ട് കാണാമല്ലോ.”

മനു: “ഓക്കെ... എന്നാൽ ഒരു കാര്യം ചെയ്യാം. നമുക്ക് നാളെ മുതൽ ഒരു കുടുക്ക ഉണ്ടാക്കി, നമ്മുടെ ഉച്ച ഭക്ഷണം ഒഴിവാക്കി, ആ കാശ് കുടുക്കയിലിടാം. ഒരു മാസം കഴിയുമ്പോൾ നമുക്ക് കൊണ്ട് കൊടുക്കാം. ഉച്ച ഭക്ഷണം ഒഴിവാക്കിയാൽ ഈ വയറും ഒന്നു കുറയുമായിരിക്കും.”

ബിന്നി: “എന്നാ പിന്നെ ഇന്നു തന്നെ തുടങ്ങിക്കൂടേ?”

മനു: “അയ്യോ ഇന്നു പറ്റില്ലാ... ഇന്നു ഉച്ചക്ക് ബിരിയാണി കഴിക്കണം എന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പൊഴേ തീരുമാനിച്ചതാ.”

ഞാൻ: “നാളെയെങ്കിൽ നാളെ. നമുക്ക് എന്തായാലും ഇത് ചെയ്തേക്കാം. ഇടയ്ക്ക് ഇങ്ങനെ എന്തെങ്കിലും ചെയ്താലെ ജീവിതത്തിന്‌ ഒരു അർത്ഥമൊക്കെ ഉണ്ടാവൂ.”

അങ്ങനെ ചർച്ച നീണ്ടു. പിറ്റേന്ന് മുതൽ പറഞ്ഞുറപ്പിച്ചതു പോലെ കുടുക്കയിൽ ഉച്ച ഭക്ഷണത്തിന്റെ കാശ് എല്ലാവരും നിക്ഷേപിച്ചു. രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോൾ വ്യവസ്ഥയിൽ നിന്ന് ഉച്ചഭക്ഷണം ഒഴിവാക്കൽ എന്ന ഭാഗം എടുത്തു കളഞ്ഞു. എന്നാലും സ്ഥിരമായി എല്ലാവരും പൈസ നിക്ഷേപിച്ചു.

മാസം ഒന്നു കഴിഞ്ഞ് കുടുക്ക പൊട്ടിച്ചപ്പോൾ എതാണ്ട് എഴായിരം രൂപയോളം ഉണ്ടായിരുന്നു.

പിന്നീടുള്ള ഒരാഴ്ചത്തെ ഇടവേള ചർച്ചകൾ ഇത് ആർക്ക് കൊടുക്കണം എന്നായി. പല അനാഥാലയങ്ങളും വയോജന മന്ദിരങ്ങളും ചർച്ചയിൽ വന്നു പോയി. അങ്ങനെ ഇരിക്കുമ്പോഴാണ്‌, തെരുവോരങ്ങളിലെ കുട്ടികളെ സംരക്ഷിച്ച് ഒരു നല്ല ജീവിതം നയിക്കാൻ പ്രാപ്തരാക്കുന്ന ഒരു വ്യക്തിയെ പറ്റി സണ്ടേ സപ്ളിമെന്റിൽ കണ്ട വിവരം ബിന്നി പറയുന്നത്.

ഓൺ ലൈനിൽ പരതി, അവരുടെ നമ്പർ കണ്ടു പിടിച്ച്‌ വിളിച്ച് കാര്യം അവതരിപ്പിച്ചു. രണ്ടു ദിവസം കൊണ്ട്` നിർത്തിയെങ്കിലും, അതു പറയാതെ, ഞങ്ങൾ ഒരു മാസം ഉച്ചയൂണ്‌ ഉപേക്ഷിച്ചു സംഹരിച്ച കാശാണെന്ന്‌ എടുത്തു പറഞ്ഞു. എല്ലാം കേട്ടതിനു ശേഷം അദ്ദേഹം മറുപടി പറഞ്ഞു.

“നിങ്ങളെ പോലുള്ള ആൾക്കാർ ഇങ്ങനെയുള്ള സഹായം ചെയ്യാൻ തയ്യാറാവുന്നത് തന്നെ വലിയ കാര്യമാണ്‌. ഞങ്ങളെ പറ്റി പത്രത്തിൽ വന്നതിനു ശേഷം ഒരുപാട് സുമനസ്സുകൾ സഹായവുമായി എത്തുന്നുണ്ട്.

എന്നാൽ ഞങ്ങളെ പോലെ, ഈ പ്രവൃത്തി പുണ്യമായി കണ്ട് ചെയ്യുന്ന, ഒരുപാട് ആളുകൾ വെറെയുമുണ്ട്. അധികം അറിയപ്പെടാത്തതിനാൽ അവർക്ക് കിട്ടുന്ന സഹായങ്ങളും കുറവാണ്‌.

നിങ്ങൽ തയ്യാറാണെങ്കിൽ അതുപോലൊരു വ്യക്തിയുടെ അഡ്രസ്സ് ഞാൻ തരാം. പറ്റുമെങ്കിൽ അവിടെ വരെ ഒന്നു ചെന്ന് ഈ കാശ് അവരെ ഏല്പിക്കണം.“

അദ്ദേഹത്തിന്റെ അഡ്രസ്സും കുറിച്ചെെടുത്ത് ഫോൺ വെച്ചു.

”എന്തായാലും ഇത്രയൊക്കെ ആയില്ലെ, നമുക്ക് അവിടെ വരെയൊന്ന് പോയി നോക്കിയാലൊ?“ ബിന്നി ചോദിച്ചു

എല്ലാവർക്കും സമ്മതമായതിനാൽ അടുത്ത ശനിയാഴ്ച്ച തന്നെ അവിടെ പൊകുവാൻ തീരുമാനിച്ചു.

ഒഴിവു ദിവസത്തിന്റെ ആലസ്യത്തിൽ ശനിയാഴ്ച്ച ഉച്ചയോടു കൂടി ഞങ്ങൾ രമേശന്റെ ഇന്നോവയിൽ യാത്ര പുറപ്പെട്ടു.

രമേശൻ: ”എന്നാലും മനു ഈ കുടവയറും വെച്ച് അവിടെ ചെന്നാൽ നമ്മൾ ഉച്ചയൂണ്‌ ഉപേക്ഷിച്ച കഥ അവര്‌ വിശ്വസിക്യോ?“

മനു: ”അതെന്തെങ്കിലും ആവട്ടെ. നമ്മൾ അവിടെ ചെല്ലുന്നു, ആൾക്ക് കാശ് കൊടുക്കുന്നു, അതിന്റെ ഒന്നു രണ്ട് ഫോട്ടോ എടുക്കുന്നു, തിരിച്ച് പോരുന്നു. ഫോട്ടോസ്സ് ഫേയിസ്ബുക്കിൽ ഇട്ടേക്കാം, എല്ലാവരും ഒന്നു അറിയട്ടെ നമ്മൾ ഇതൊക്കെ ചെയ്ത കാര്യം.

ആ പിന്നെ തിരിച്ച്‌ വരുമ്പോൾ നമുക്ക് എവിടെയെങ്കിലും ഇറങ്ങി ഒരു ബിരിയാണി കഴിക്കണം.“

അങ്ങനെ തമാശയും ചിരിയുമായി ഞങ്ങൽ പറഞ്ഞ സ്ഥലത്തെത്തി. വഴിയിൽ കണ്ട ഒരാളോട് അഡ്രസ്സ് കാണിച്ച്‌ കൃത്യം സ്ഥലം ചോദിച്ചു.

”ഇത് ജൊർജ്ജേട്ടന്റെ അഡ്രസ്സാ... ആ വളവു തിരിഞ്ഞാൽ കാണുന്നതാ വീട്.“

ചുറ്റും വേലി കെട്ടിയ ഒരു ഓടിട്ട വീടിനു മുമ്പിൽ വണ്ടി നിർത്തി ഇറങ്ങി.

മുറ്റത്ത് ഇടതു ഭാഗത്തായി കുറച്ചു സ്ഥലം ഷീറ്റ് ഇട്ടിട്ടുണ്ട്. അവിടെ ഇട്ടിരിക്കുന്ന മൂന്നു നാലു കട്ടിലുകളിലായി ആരൊക്കെയോ കിടക്കുന്നു. മറ്റൊരറ്റത്ത്‌ നാലഞ്ച് കുട്ടികൾ ഇരുന്ന് എന്തൊക്കെയോ പറഞ്ഞ് കളിക്കുന്നു.

ഉമ്മറത്ത് ഇട്ടിരിക്കുന്ന തുരുമ്പ് പിടിച്ച് നിറം മങ്ങി തുടങ്ങിയ കസേരയിൽ എഴുപതിനോടടുത്ത് പ്രായം തോന്നിക്കുന്ന ഒരാൾ കണ്ണുമടച്ച് ഇരിക്കുന്നുണ്ട്.

”ചേട്ടാ... ഈ ജോർജ്ജേട്ടൻ?“

പ്രതികരണമൊന്നും ഇല്ലാത്തതിനാൽ ഞാൻ ഒന്നുകൂടി ഉച്ചത്തിൽ ചോദിച്ചു.

”അങ്കിൾ... ഈ ജോർജ്ജേട്ടന്റെ വീട് ഇതല്ലെ?“

അതു കേട്ട് കണ്ണു തുറന്ന് ഞങ്ങളെ നോക്കി വീണ്ടും കണ്ണടച്ചതല്ലതെ അയാൾ ഒന്നും മിണ്ടിയില്ല.

ശബ്ദം കേട്ടിട്ടാവണം അകത്തു നിന്ന് ഒരു മധ്യവയസ്കൻ ഇറങ്ങി വന്നു.

”ആരാ?“

ബിന്നി: ”അല്ല ചേട്ടാ ഞങ്ങൾ ജോർജ്ജേട്ടനെ ഒന്നു കാണാൻ വന്നതാ..“

”അതെ ഞാൻ തന്നെയാണ്‌ ജോർജ്ജ്. എന്താ സാറെ കാര്യം?“

ഞങ്ങൾ ആഗമനോദ്ദേശം വ്യക്തമാക്കി. അദ്ദേഹം ചൂണ്ടി കാണിച്ചു തന്ന ആദ്യത്തെ കസേരയിൽ ഇരുന്ന് മനു ചോദിച്ചു.

”ആക്ച്ച്വലി ഇവിടെ എന്താ ചേട്ടാ പരുപാടി?“

ചോദ്യം കേട്ട് ഒന്നു ചിരിച്ച് ജോർജ്ജേട്ടൻ മറുപടി പറഞ്ഞു

”ഇവിടെ ഞാനും കുടുംബവും പിന്നെ ആർക്കും വേണ്ടാടാത്ത ഈ പാവങ്ങളും സുഖമായി കഴിയുന്നു. വേറെ പരുപാടി ഒന്നും ഇല്ല“

മനുവിന്റെ ചോദ്യം ശരിയായില്ല എന്ന തോന്നലിൽ ബിന്നി കൂട്ടിച്ചേർത്തു

”അല്ല ചേട്ടാ... ഇവരൊക്കെ ആരാണെന്നും, ചേട്ടൻ ചെയ്യുന്ന സൽപ്രവർത്തികളെ പറ്റിയും കൂടുതൽ അറിയാൻ ഞങ്ങൾക്ക് താല്പര്യം ഉണ്ട്.“

ഒന്ന് ആലോചിച്ച് ഒരു നെടുവീർപ്പോടു കൂടി ജോർജ്ജേട്ടൻ പറഞ്ഞ് തുടങ്ങി.

“നിങ്ങൾ സർക്കാർ ആശുപത്രിയിൽ പോയിട്ടുണ്ടോ?”

ഞങ്ങൽ എല്ലാവരും പരസ്പരം നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.

“അവിടെ ഒമ്പതാം വാർഡ് എന്നറിയപ്പെടുന്ന ഒരു വാർഡുണ്ട്. പല അസുഖങ്ങളുമായി വന്ന് ചികിത്സിച്ച് അവസാനം ഡോക്ടറുമാർ പോലും കയ്യൊഴിഞ്ഞ രോഗികൾ കിടക്കുന്ന വാർഡ്.

നിർധനരും നിരാലംബരുമായതിനാൽ ശിഷ്ടകാലം അവിടെ കിടക്കുക മാത്രമാണവരുടെ വിധി. ചുരുക്കി പറഞ്ഞാൽ മരണത്തെ കാത്ത് കിടക്കുന്നവർ. എത്ര കാലം ഇങ്ങനെ കിടക്കണം എന്നു പോലും ആർക്കും അറിയില്ല.

അങ്ങനെയുള്ളവരെ ഞാൻ ഇവിടെ കൂട്ടി കൊണ്ടുവന്ന് എന്നെ കൊണ്ട് കഴിയാവുന്ന രീതിയിൽ അവരെ നോക്കുന്നു, അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്നു.

ഒറ്റപെടലിന്റെ ദു:ഖവും, മരണത്തിനായുള്ള കാത്തിരുപ്പിന്റെ വേദനയും അവരുടെ മനസ്സിൽ നിന്നകറ്റി, മരണം വരെ സന്തോഷം നൽകാൻ ശ്രമിക്കുന്നു.

സഹായത്തിന്‌ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. അവിടെ ഇരുന്നു കളിക്കുന്ന രണ്ടു പേർ എന്റെ കുട്ടികളാണ്‌”

ഒരു നിമിഷത്തെ മൗനം ഭേദിച്ചു കൊണ്ട് രമേഷ് ചോദിച്ചു

“അപ്പൊ ഇതിന്റെ ചിലവൊക്കെ?”

പ്രതീക്ഷിച്ച ചോദ്യം എന്ന പോലെ ജോർജ്ജേട്ടൻ മറുപടി പറഞ്ഞു.

“ഞാൻ പട്ടാളത്തിൽ നിന്ന് റിട്ടയർ ചെയ്തതാണ്‌. പെൻഷൻ കിട്ടുന്നുണ്ട്. അതും പിന്നെ ചിലരുടെ സഹായവും ഒക്കെ ആയി നടക്കുന്നു.

വരൂ നമുക്ക് എല്ലാവരേയും ഒന്നു കാണാം”

ജോർജ്ജേട്ടന്റെ പുറകെ ഞങ്ങൾ നടന്നു.

കട്ടിലുകളിലും നിലത്ത് പായയിലുമായി കിടക്കുന്നവരിൽ അധികവും വൃദ്ധരാണ്‌. എല്ലാവരും കൂടി അഞ്ചാറ്‌ പേരുണ്ട്. ഒന്നു രണ്ടു പേർ മുറ്റത്തെ കസേരയിൽ ഇരിക്കുന്നു.

ജോർജ്ജേട്ടൻ തുടർന്നു

“ഇവരൊക്കെ പരസഹായം ഇല്ലാതെ അനങ്ങാൻ കഴിയാത്തവരാണ്‌. എല്ലാവരും അകത്താണ്‌ കിടക്കാറ്‌. വൈകുന്നേരം വെയിലൊന്നാറുമ്പോൾ എല്ലാവരേയും പുറത്തു കൊണ്ടു വന്ന് കിടത്തും.

കാറ്റും വെളിച്ചവും ശബ്ദങ്ങളും ആസ്വദിച്ച് കുറച്ചു നേരം ഇവരിങ്ങനെ കിടക്കും.”

എല്ലാവരുടെ മുഖത്തും പ്രതീക്ഷയസ്തമിക്കാത്ത സന്തോഷത്തിന്റെ ഒരു ചെറു വെളിച്ചം കാണാം.

അപ്പോഴാണ്‌ നടുവിലത്തെ കട്ടിലിൽ കിടക്കുന്ന ഒരു ബാലനെ ഞാൻ ശ്രദ്ധിച്ചത്‌. ചുരുണ്ട് കൂടിയാണ്‌ കിടക്കുന്നത്. കൈയ്യിനും കാലിനും തളർച്ച ഭാദിച്ചതു പോലെയുണ്ട്. നാക്ക് പുറത്തേക്ക്‌ നീട്ടിയിരിക്കുന്നു. എന്നാൽ ചലനം നിലക്കാത്ത കണ്ണുകൾ ഇപ്പോഴും തിളങ്ങുന്നുണ്ട്.

ഞാൻ നോക്കുന്നത് കണ്ടിട്ടാവണം ജോർജ്ജേട്ടൻ പറഞ്ഞു.

“ആ... ഇവനാണ്‌ അനീഷ്. ഇവിടെ എത്തിയിട്ട് ഒരു കൊല്ലമാവുന്നു. പത്താം വയസ്സിൽ തലച്ചോറിനെ ബാധിച്ച ഒരു രോഗമാണ്‌. അവയവങ്ങൾ ഒരോന്നോരോന്നായി തളരുന്ന ഒരു രോഗം.

ഇവൻ നന്നായി ഫുട്ബോൾ കളിച്ചിരുന്നതാണ്‌. ഒരിക്കൽ കളിക്കിടയിൽ തളർന്നു വീണു. പിന്നെ എഴുന്നേറ്റിട്ടില്ല. ആദ്യം തളർന്നത് കാലുകളായിരുന്നു. പിന്നെ ഒരോന്നോരോന്നായി. ഇപ്പോൾ കണ്ണുകൾ മാത്രമേ ചലിക്കൂ. ഏറിയാൽ രണ്ടു മാസം കൂടി എന്നാണ് ഡോക്ടറുമാർ പറഞ്ഞത്.

ഇവന്‌ അച്ഛനും അമ്മയും ഒരു അനിയനും ഉണ്ട്. ഒരല്പ്പം ദൂരെയാണ്‌ വീട്. പാവങ്ങളാണ്‌. കൂലിവേല ചെയ്ത്‌ കിട്ടുന്ന കാശിൽ ഒരംശം മാറ്റി വെച്ച്, എല്ലാ മാസവും ഇവിടെ വരും.

വന്നാലും അച്ഛൻ വേലിക്കു പുറത്തേ നില്ക്കൂ. ഇവന്റെ ഈ കിടപ്പ് കാണാൻ വയ്യാത്തതിനാൽ... അമ്മയും അനിയനും ഇവിടെ വന്ന് ഇവന്റെ അടുത്തിരിക്കും. അനിയൻ സ്കൂളിലെ കഥകൾ എല്ലാം ഇവനെ പറഞ്ഞു കേൾപ്പിക്കും. ആദ്യമൊക്കെ അതു കേട്ട് ഇവന്റെ കണ്ണീൽ കണ്ണുനീർ നിറയുമായിരുന്നു. പിന്നെ പിന്നെ അതും ഇല്ലാണ്ടായി.

കഴിഞ്ഞ മാസം അമ്മ ഒറ്റക്കാണ്‌ വന്നത്. ചോദിച്ചപ്പോൾ അവന്റെ അനിയനും ഈ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയതായി പറഞ്ഞു. ചേട്ടന്റെ രോഗലക്ഷണങ്ങൾ കണ്ടു മനസ്സിലാക്കിയതിനാൽ, അവനു ഭാവിയിൽ സംഭവിക്കാൻ പൊവുന്നതെന്താണെന്ന് അവനറിയാം. അതാണ്‌ കഷ്ടം.”

പിന്നീട് നീണ്ട മൗനമായിരുന്നു. ഒന്നു തലയുയർത്തി പരസ്പരം നോക്കാൻ പോലും മറന്ന് ഞങ്ങളെല്ലാവരും എന്തോ ചിന്തയിലാണ്ടു. പരസ്പരം കണ്ടില്ലെന്നു ഭാവിച്ച് കണ്ണുനീർ തുടച്ചു.

“ആ.. പറഞ്ഞ് നേരം സന്ധ്യയായി. നിങ്ങൾക്ക് രാത്രിയാവുമ്പോഴേക്കും വീട്ടിലെത്തണ്ടേ?”

ചിന്തയിൽ നിന്ന് ഉണർന്ന് കയ്യിൽ കരുതിയ തുക ജോർജ്ജേട്ടനെ ഏല്പിച്ചു. ഇനിയും വരാം എന്നു മാത്രം പറഞ്ഞ് താക്കോൽ കൊടുത്ത യന്ത്രങ്ങളെന്നോണം തിരിഞ്ഞു നടന്നു.

തിരികെ യാത്രയിൽ  ഫേയിസ്ബുക്കും ബിരിയാണിയും ഒന്നും ഉണ്ടായിരുന്നില്ല. ബോധമണ്ഡലങ്ങളെ ഉണർത്തിയ കാഴ്ച്ചകളുടെ നീണ്ട മൗനം മാത്രം...