Tuesday, August 15, 2006

ചങ്ങലമാടന്‍

'ആ കുട്ടാ, നിനക്ക്‌ കിടക്കാറായിച്ചാല്‍ പോയി കിടന്നോ... പത്തായപ്പെരേലാണ്‌ നിനക്ക്‌ കെടക്ക വിരിച്ചേക്കണേ'.

ഫ്ലാറ്റുകളുടെ നാല്‌ ചുമരുകള്‍ക്കുള്ളില്‍ നിന്ന്‌ പതിനാറുകെട്ടിലെ വിശാലതയും, വീക്ക്‌ എന്റില്‍ സ്വിമ്മിംഗ്‌ പൂളില്‍ മലര്‍ന്നു കിടക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന നാലു ചുറ്റും കല്‍പ്പടവുകളുള്ള കുളവും കുറച്ചു നാളത്തേക്ക്‌ സ്വന്തമാക്കാന്‍ ഓപ്പോളുടെ അടുത്തേക്ക്‌ എത്തിയതാണ്‌ ഞാന്‍.

ഒത്തൊരു ഗര്‍വ്വോടെ മൂന്നു വശങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന സഹ്യനും, മുറ്റത്തേക്കാനയിക്കാന്‍ പച്ചപരവതാനി വിരിച്ച പുല്‍പ്പാടങ്ങള്‍ക്കിടയിലൂടുള്ള വഴിയും, എന്റെ ആധുനിക സാഹിത്യ മനസ്സില്‍ എണ്ട്രന്‍സില്‍ പച്ച കാര്‍പ്പറ്റ്‌ വിരിച്ചിട്ടിരിക്കുന്ന സ്റ്റേഡിയത്തെ ഓര്‍മ്മപ്പെടുത്തി.

തെങ്ങും കവുങ്ങും മാവും പ്ലാവും തേക്കും പിന്നെ സുഭദ്രാ മേനോന്റെ ട്രീസ്‌ ഓഫ്‌ ഇന്ത്യയില്‍ പോലും പേരു കാണാത്ത കുറേ മരങ്ങളും ഉള്ള ഒരു തൊടിയില്‍ രാജകീയ പ്രൌഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു പതിനാറു കെട്ട്‌.

ഇടുങ്ങിയ ഇടനാഴികളിലും ഇരുണ്ട അകത്തളങ്ങളിലും സ്മശാന മൂകത... ടിവിയില്‍ അടൂരിന്റെ സിനിമക്കിടയില്‍ വരുന്ന കൊക്കകോളയുടെ പരസ്യം പോലെ ഇടക്കിടക്ക്‌ നരിച്ചീരുകളുടെ കളകളാരവവും മരപ്പട്ടികളുടെ ധുംധുമിനാദവും കേള്‍ക്കാം.

സ്വിച്ചിട്ടാല്‍ വെളിച്ചം വിതറുന്ന ബള്‍ബെന്ന തന്ത്രവും വട്ടത്തില്‍ കറങ്ങി കാറ്റ്‌ ഉല്‍പ്പാദിപ്പിക്കുന്ന ഫാന്‍ എന്ന യന്ത്രവും എല്ലാം നാട്ടുകാര്‌ കണ്ടു തുടങ്ങിയതിന്റെ ഒന്നാം വാര്‍ഷികം ആവുന്നതേയുള്ളു.

പേടിയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഒരു സാധാരണ മനുഷ്യന്റെ ഉള്ളില്‍ നിന്നു പുറത്തു വരുന്ന 'അയ്യോ' എന്ന ഹയ്യ്‌ ഫ്രീക്ക്വെന്‍സി വേവിനു പോലും അതേ ഫ്രീഗ്വെന്‍സിയില്‍ ഡ്രോയിംഗ്‌ റൂമില്‍ നിന്ന്‌ അടുക്കളയില്‍ എത്താന്‍ കുറഞ്ഞത്‌ മൂന്ന്‌ ആമ്പ്ലിഫയര്‍ എങ്കിലും വേണ്ടി വരും... അത്ര വിശാലമായ മുറികളാണ്‌.

എനിക്ക്‌ പകല്‍ മുഴുവന്‍ തൊടിയില്‍ കറങ്ങാനുള്ള കൂട്ട്‌ ചിമ്പു എന്ന നായ ആയിരുന്നു. ഞാന്‍ പോവുന്നിടത്തെല്ലാം എന്റെ കൂടെ അവനും വന്നിരുന്നു. രാത്രി ആയപ്പോള്‍ ആ ഭയാനകതയില്‍ ഒന്നും തളരാതെ ഒപ്പോളുടെ സാരിത്തുമ്പില്‍ നിന്നു പിടി വിടാതെ ഇവിടം വരെ ഒക്കെ എത്തിച്ച എന്നോട്‌, സായിപ്പന്‍മാര്‍ ഔട്ട്‌ ഹൌസ്‌ എന്ന പേരു വിളിക്കുന്ന പത്തായപ്പുരയില്‍ പോയി കിടന്നോളാന്‍ ആണ്‌ പറഞ്ഞിരിക്കുന്നത്‌.

മൂന്നു നിലകളുള്ള ഒരു ഭാര്‍ഗ്ഗവീനിലയ സമാനമായ പത്തായപ്പുര. താഴത്തെ നിലയില്‍ പത്തായവും മുകളിലത്തെ രണ്ട്‌ നിലകളിലായി മുറികളും ആണ്‌.രണ്ടാം നിലയിലെ അറ്റത്തെ മുറിയാണ്‌ എനിക്കായി ഒരുക്കിയിരിക്കുന്നത്‌. അതിഥികളിലെ ബാച്ചിലേര്‍സിനായി മാറ്റി വെച്ചിരിക്കുന്ന മുറിയാണ്‌ അത്‌.

രാത്രി പുറത്തു നിന്ന്‌ നോക്കിയാല്‍ തന്നെ പേടി തോന്നുന്ന ആ കെട്ടിടത്തില്‍ ഒരു രാത്രി ചെലവിടുന്ന കാര്യം ആലോചിച്ചപ്പോള്‍ തന്നെ അറിയാതെ എന്റെ ഉള്ളില്‍ നിന്ന്‌ ഭയം അവ്യക്ത സ്വരങ്ങളായി പുറത്തു വന്നു.

അതുവരെ ഒന്നും മിണ്ടാതെ ചെല്ലത്തില്‍ നിന്ന്‌ വെറ്റിലയും അടക്കയും ചുണ്ണാമ്പും പൊകലയും ഒക്കെ അയി മല്‍പ്പിടുത്തം നടത്തികൊണ്ടിരുന്ന ഉണ്ണ്യമ്മാമന്‍ മൂക്കിന്‍ തുമ്പത്തിരിക്കുന്ന കണ്ണട ഒന്നും കൂടി വലിച്ചു താഴ്ത്തിയിട്ട്‌ അതിന്റെ മുകളിലൂടെ എന്നെ നോക്കികൊണ്ട്‌ പറഞ്ഞു.

'നീ എന്തിനാടാ പേടിക്കണേ... നിന്റെ തൊട്ടടുത്ത മുറിയില്‍ ഞാന്‍ ഉണ്ട്‌. നിനക്ക്‌ ഉറക്കം വരണ വരെ നമ്മുക്ക്‌ ഓരോ കഥകളൊക്കെ പറഞ്ഞിരിക്കാടാ'

പണ്ടെന്നോ മനസ്സില്‍ കയറിക്കൂടിയ സ്ത്രീ വിദ്വേഷം മൂലം ഈ അമ്പത്തഞ്ചാം വയസ്സിലും ക്രോണിക്ക്‌ ബാച്ചിലര്‍ എന്ന പദവി തന്റെ പേരിനൊപ്പം കൊണ്ട്‌ നടക്കുന്ന ക്രോ.ബാ. ഉണ്ണിയമ്മാമന്റെ ഈ വാക്കുകളില്‍ നിന്ന്‌ ധൈര്യം സംഭരിച്ച്‌ പുതപ്പും ചുക്കുവെള്ള ജഗ്ഗും എടുത്ത്‌ ഞാന്‍ ഉണ്ണിയമ്മാമന്റെ ഒപ്പം ആ രണഭൂമിയിലേക്ക്‌ നടന്നു.

കുത്തനെ ഉള്ള മര ഗോവണി ചവിട്ടിക്കയറി ഇരുണ്ട ഇടനാഴിയിലൂടെ നടന്ന്‌ ആ മുറിയിലെത്തി.

കയ്യൊന്നു ഉയര്‍ത്തിയാല്‍ ഉത്തരത്തില്‍ തൊടാവുന്ന തട്ടുയരമുള്ള മുറി,ബുള്‍ബായി ജനിച്ചു പോയില്ലേ... കത്താതെ പറ്റില്ലല്ലോ എന്ന ഒറ്റ കാരണം കൊണ്ട്‌ മാത്രം കത്തുന്ന ഒരു ബള്‍ബിന്റെ ഇരുണ്ട വെളിച്ചം, നിലത്തോട്‌ ചേര്‍ന്നു കിടക്കുന്ന ഒരു ജനല്‍. വലതു ഭാഗത്ത്‌ തുരുമ്പിച്ച്‌ തുടങ്ങിയ കൊളുത്തുകളോടു കൂടിയ ഒരു ആട്ടുകട്ടില്‍.

സാക്ഷാല്‍ ബ്രാം സ്റ്റോക്കറിനെ അവിടെ കൊണ്ടിരുത്തിയാല്‍ ഒറ്റയിരുപ്പിനു അഞ്ച്‌ ഡ്രാക്കുള കഥകളെഴുതി പോവുന്ന അന്തരീക്ഷം.

മുറിയില്‍ കയറിയ ഉടനെ ഉണ്ണ്യമ്മാമന്‍ ആട്ടുകട്ടിലില്‍ ഇരിപ്പ്പ്പുറപ്പിച്ചു.

'കുട്ടാ... നിനക്കറിയ്യോ, പണ്ട്‌ ഞാന്‍ എത്ര കുട്ടികഥകള്‍ പറഞ്ഞു കൊടുത്തിരുന്നതായിരുന്നു. എല്ലാ കുട്യോളും എപ്പഴും എന്റെ ചുറ്റും ആയിരുന്നു. ഉണ്ണ്യമ്മാമാ ഒരു കഥ പറഞ്ഞു തരൂ...ഒരു കഥ പറഞ്ഞു തരൂ ന്ന്‌ പറഞ്ഞ്‌.

'ഇന്നിപ്പേ്പ്പാ ആര്‍ക്കും കഥേം കേക്കണ്ട പാട്ടും കേക്കണ്ട... എല്ലാവര്‍ക്കും ടിവീം കാര്‍ട്ടൂണും മതി'.

അറക്കാന്‍ കൊണ്ടുവന്ന പശുവിന്‌ അറവുശാലക്ക്‌ മുന്‍പില്‍ 'ഇന്ന്‌ കട മുടക്കം' എന്ന ബോര്‍ഡ്‌ കണ്ടപ്പോള്‍ തോന്നുന്ന ഒരു തല്‍കാലാശ്വാസമാണ്‌ ആ സമയത്ത്‌ കഥ എന്നു കേട്ടപ്പോള്‍ എനിക്കും തോന്നിയത്‌. ഒരു കഥയും കേട്ട്‌ അതിന്റെ ഓര്‍മ്മകളേയും കെട്ടിപ്പിടിച്ച്‌ കിടന്നുറങ്ങാമല്ലോ എന്ന ആശ്വാസം.

'എന്നാ ഉണ്ണ്യമ്മാമാ ഒരു കഥ എനിക്കും പറഞ്ഞു തരൂ...'

അത്‌ കേള്‍ക്കേണ്ട താമസം എല്‍.ഐ.സീ ഏജന്റുമാര്‍ പുതിയ ഇരയെ മുന്‍പില്‍ കണ്ടാല്‍ ചെയ്യുന്നതു പോലെ, ഒന്നു ചുമച്ച്‌, രണ്ട്‌ വരലുകള്‍ കൊണ്ട്‌ കഴുത്തിലൊന്നു പിടിച്ച്‌ ഒച്ച ശരിയാക്കി, വലം കൈ കൊണ്ട്‌ മുടിയൊന്ന്‌ മേല്‍പ്പോട്ടാാ‍ക്കി ഉണ്ണ്യമ്മാമന്‍ കഥ പറയാന്‍ തുടങ്ങി.

'നീ ചങ്ങലമാടന്‍ എന്നു കേട്ടിട്ടുണ്ടോ?'

'ഇല്ല്യല്ലോ...' എന്നു പറഞ്ഞ്‌ ഞാന്‍ കിടക്കയില്‍ ചരിഞ്ഞു കിടന്ന്‌ ഇടം കൈ കൊണ്ട്‌ തലയൊന്ന്‌ താങ്ങി കഥ കേള്‍ക്കാന്‍ തയ്യാറായി.

'ആ അങ്ങനെ ഒരു വിദ്വാനുണ്ട്‌ ഇവടെ... പകലൊക്കെ പത്തായത്തിന്റെ ഉള്ളില്‌ എവട്യോ ഒളിച്ചിരിക്കും. പാതിരാത്രി ആവുമ്പഴാണ്‌ പുറത്തിറങ്ങാറ്‌.

കണ്ടാല്‍ പേടി തോന്നുന്ന ഒരു ഭീകര സത്വം.

മേലു മുഴുവന്‍ ചങ്ങല ചുറ്റി, നാവ്‌ കൊണ്ട്‌ കോണകമുടുത്ത്‌, പല്ല്‌ കൊണ്ട്‌ വടി കുത്തി പാതിരാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞാല്‍ പത്തായത്തില്‍ നിന്നിറങ്ങി വരും.

രാത്രിയുടെ നിശബ്ദതയില്‍ ആ ചങ്ങലയും കിലുക്കി ഓരോ മുറിയിലും വന്ന്‌ തല മാത്രം അകത്തിട്ട്‌ നോക്കും. രാവേറെയായിട്ടും ഉറങ്ങാതെ കിടക്കുന്നവരുടേയും ഉറക്കം നടിച്ചു കിടക്കുന്നവരുടേയും കാതില്‍ പതുക്കെ ചോദിക്കും...'

'ഞാന്‍ ഒന്നു നക്കിക്കോട്ടേ...'

' ആ ചോദ്യം കേട്ടാല്‍ നമ്മള്‍ അറിയാതെ സമ്മതം മൂളി പോവും. ഉടനെ ചങ്ങലമാടന്‍ ആ നീണ്ട നാവുകൊണ്ട്‌ നമ്മളെ ചുരുട്ടിയെടുത്ത്‌ തന്റെ പത്തായം പോലുള്ള വയറ്റിലാക്കും.'

'ആ മതി മതി ഇനി നീ കെടന്നൊറങ്ങ്‌. എനിക്ക്‌ ഉറക്കം വന്നട്ട്‌ വയ്യ'എന്ന്‌ പറഞ്ഞ്‌ ഉണ്ണ്യമ്മാമന്‍ പെട്ടന്ന്‌ എന്റെ മുറിയിലെ ലൈറ്റും കെടുത്തി അടുത്ത മുറിയിലേക്ക്‌ പോയി.

മുറിയില്‍ ഇരുട്ട്‌ പരക്കുന്നതിന്‌ മുന്‍പ്‌ ഞാന്‍ കണ്ണടച്ചു. ആ സെക്കന്റില്‍ തന്നെ ചങ്ങലമാടന്‍ കഥയുടെ വിഷ്വത്സ്‌ മുഴുവന്‍ ഒന്ന്‌ റിവൈന്റ്‌ ചെയ്ത്‌ എന്റെ മനസ്സ്‌ എനിക്ക്‌ കാണിച്ചുതന്നു.

ഒരു കൊതുകിന്റെ മൂളല്‍ പോലുമില്ലാത്ത നിശബ്ദ രാത്രിയില്‍ തുറന്നിട്ട ജനലിലൂടെ വരുന്ന തണുത്ത കാറ്റത്ത്‌ ഞാന്‍ ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞു...

എനിക്ക്‌ ഉറക്കം വരുന്നില്ല...

മരഗോവണിയില്‍ നേര്‍ത്ത കാലൊച്ച ഞാന്‍ കേട്ടു.ഓരോ കാല്‌വെയ്പ്പിലും കൂടെ കിലുങ്ങുന്ന ചങ്ങലയുടെ സ്വരം.

അത്‌ അടുത്തേക്കടുത്തേക്ക്‌ വരുമ്പോള്‍ ചങ്ങലമാടന്‍ വന്നാല്‍ എന്തു ചെയ്യണം എന്ന്‌ ചിന്തിക്കുകയായിരുന്നു ഞാന്‍.

പണ്ട്‌ മാതേവന്‍ കരടിയെ പറ്റിക്കാന്‍ മരിച്ചതായി നടിച്ച്‌ കിടന്നത്‌ പോലെ ഉറങ്ങിയതായി അഭിനയിച്ചാലോ? ചെറിയ മുറി ആയതിനാല്‍ ഇത്തരത്തിലുള്ള ഒരു ഭീകരസത്വം എങ്ങനെ ഉള്ളില്‍ കടക്കും? എന്നിങ്ങനെ ഓരോരോ ലോ പൊയന്റ്സ്‌ നിരത്തി നോക്കിയപ്പോഴാണ്‌ എനിക്കു മനസ്സിലായത്‌...

യാതൊരു വിധ ലൂപ്‌ ഹോള്‍സും ഇടാതെയാണ്‌ ആ ദുഷ്ടന്‍ ക്രോ.ബാ. ഉണ്ണ്യമ്മാമന്‍ ഉറങ്ങാന്‍ പോയിരിക്കുന്നത്‌.

ആ ചങ്ങലകിലുക്കം കോണികള്‍ കയറി ഇടനാഴിയിലൂടെ അടുത്തടുത്ത്‌ വരുന്നത്‌ ഞാന്‍ അറിഞ്ഞു. ഇതെന്താ... ചങ്ങലയും കിലുക്കി പതുക്കെ പതുക്കെ വരും എന്നു പറഞ്ഞ ചങ്ങലമാടന്‍ ഭയങ്കര വേഗത്തില്‍ ആണല്ലൊ വരവ്‌.

ഇടക്കിടക്ക്‌ ഒച്ച കേള്‍ക്കാതെ ആവുന്നുണ്ട്‌. ഓരോ മുറിയിലും തല അകത്തിട്ട്‌ നോക്കാന്‍ നില്‍ക്കുന്നതായിരിക്കും.

അതാ നാലാമതും ഒച്ച കേള്‍ക്കാതെ ആയിരിക്കുന്നു. നാലാമത്തെ മുറിയിലാണ്‌ ഉണ്ണ്യമ്മാമന്‍ കിടക്കുന്നത്‌.

ബാക്കി മൂന്ന്‌ സ്റ്റോപ്പില്‍ ഉണ്ടായതിനേക്കാള്‍ കൂടുതല്‍ സമയം ആ മുറിയുടെ മുന്‍പില്‍ നിന്നല്ലോ... ഈശ്വരാ... ഉണ്ണ്യമ്മാമന്‍ ഉറങ്ങിയില്ലേ? അപ്പൊ ചങ്ങലമാടന്‍ ഉണ്ണ്യമ്മാമനെ...

ഇല്ല... ദേ ചങ്ങലയുടെ ഒച്ച വീണ്ടും അടുത്തടുത്ത്‌ വരുന്നു.

അടുത്തത്‌ എന്റെ മുറി. ഞാന്‍ അവസാന പരീക്ഷണത്തിനായി കണ്ണുകള്‍ മുറുക്കി അടച്ചു. മാടന്റെ ചോദ്യത്തിന്‌ അറിയാതെ മൂളി പോവാതിരിക്കാന്‍ പുതപ്പിന്റെ ഒരറ്റം വായില്‍ കുത്തിത്തിരുകി.

പ്രതീക്ഷിച്ചതു പോലെ തന്നെ ചങ്ങലയുടെ ഒച്ച എന്റെ മുറിയുടെ മുന്‍പില്‍ എത്തിയപ്പോല്‍ നിന്നു.

മുറിയുടെ ഉള്ളിലേക്ക്‌ നീണ്ട്‌ വരുന്ന തലയും, 'ഞാന്‍ ഒന്ന്‌ നക്കിക്കോട്ടേ...' എന്നുള്ള ചോദ്യവും പ്രതീക്ഷിച്ച്‌ ഞാന്‍ കണ്ണടച്ച്‌ കിടന്നു.

പക്ഷേ ആ ചങ്ങലയുടെ ശബ്ദം അതാ മുറിയുടെ വാതിലും കടന്ന്‌ ഉള്ളിലേക്ക്‌ വരുന്നു.

'അതു പറ്റില്ല... അതു പറ്റില്ല... ഫൌള്‍... ഫൌള്‍... എന്ന്‌ ഉറക്കെ വിളിച്ച്‌ പറയണം എന്ന്‌ എനിക്കുണ്ടായിരുന്നു'

പക്ഷെ അതിന്റെ ഇടയിലെങ്ങാനും മാടന്‍ ക്വസ്റ്റ്യന്‍ ചോദിച്ചാല്‍ ഇത്‌ ഒരു മൂളലായി കണക്കാക്കി എന്നെ നക്കിയാലോ എന്ന്‌ വിചാരിച്ച്‌ ഞാന്‍ മിണ്ടിയില്ല.

ചങ്ങലമാടന്‍ പതിവില്‍ നിന്നും വിപരീതമായി വേഗത്തില്‍ നടന്നതിന്റെ കിതപ്പ്‌ എനിക്ക്‌ കേള്‍ക്കാം...

അതു ഉറക്കെയാവുന്നു... എന്റെ മുഖത്ത്‌ ഒരു തണുത്ത കാറ്റ്‌ വന്നടിച്ചു...ഈര്‍പ്പമുള്ള എന്തോ എന്റെ കവിളില്‍തട്ടിയിരിക്കുന്നു.

ഇതാ ഒരു ചോദ്യം ചോദിക്കാനുള്ള മര്യാദ പോലും കാണിക്കാതെ ചങ്ങലമാടന്‍ എന്നെ നക്കാന്‍ പോവുന്നു. എനിക്ക്‌ ഉള്ളില്‍ ആയിരം ഇദിമിന്നലുകല്‍ ഒന്നിച്ച്‌ വെട്ടുന്ന പോലെ തോന്നി. ടിവിയുടെ പിക്ച്ചര്‍ ട്യൂബ്‌ അടിച്ച്‌ പോവുന്നത്‌ പോലെ എല്ലാ ഓര്‍മ്മകളും ഒരു കേന്ദ്ര ബിന്ദുവിലേക്ക്‌ അലിഞ്ഞുചേര്‍ന്ന്‌ എന്റെ മനസ്സ്‌ ശൂന്യമായി.

കുട്ടാ എണീക്ക്‌ ഞാന്‍ താഴത്തേക്ക്‌ പോണു, നീ വരുണ്ടോ? എന്ന ഉണ്ണ്യമ്മാമന്റെ ചോദ്യം കേട്ടാണ്‌ ഞാന്‍ കണ്ണു തുറന്നത്‌.

ചങ്ങലമാടന്റെ വയറ്റിനുള്ളിലെ മുകളിലത്തെ നിലയിലാണോ ഞാനിപ്പൊ? അപ്പൊ ഉണ്ണ്യമ്മാമനേം ഇന്നലെ ചങ്ങലമാടന്‍ വിഴുങ്ങിയോ? എന്നിങ്ങനെ ആലോച്ചിച്ച്‌ ഉണ്ണ്യമ്മാമന്റെ മുഖത്തേക്കു നോക്കുമ്പോള്‍ ഞാന്‍ കേട്ടു...

'ഈ ചിമ്പു എപ്പഴാ നിന്റെ അടുത്ത്‌ വന്ന്‌ കിടന്നേ... ഇന്നലെ പകല്‌ മുഴുവന്‍ ഒപ്പം ഉണ്ടായിരുന്നതല്ലെ, അതിന്റെ സ്നേഹം കാണിക്കണതാ...'