Tuesday, August 15, 2006

ചങ്ങലമാടന്‍

'ആ കുട്ടാ, നിനക്ക്‌ കിടക്കാറായിച്ചാല്‍ പോയി കിടന്നോ... പത്തായപ്പെരേലാണ്‌ നിനക്ക്‌ കെടക്ക വിരിച്ചേക്കണേ'.

ഫ്ലാറ്റുകളുടെ നാല്‌ ചുമരുകള്‍ക്കുള്ളില്‍ നിന്ന്‌ പതിനാറുകെട്ടിലെ വിശാലതയും, വീക്ക്‌ എന്റില്‍ സ്വിമ്മിംഗ്‌ പൂളില്‍ മലര്‍ന്നു കിടക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന നാലു ചുറ്റും കല്‍പ്പടവുകളുള്ള കുളവും കുറച്ചു നാളത്തേക്ക്‌ സ്വന്തമാക്കാന്‍ ഓപ്പോളുടെ അടുത്തേക്ക്‌ എത്തിയതാണ്‌ ഞാന്‍.

ഒത്തൊരു ഗര്‍വ്വോടെ മൂന്നു വശങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന സഹ്യനും, മുറ്റത്തേക്കാനയിക്കാന്‍ പച്ചപരവതാനി വിരിച്ച പുല്‍പ്പാടങ്ങള്‍ക്കിടയിലൂടുള്ള വഴിയും, എന്റെ ആധുനിക സാഹിത്യ മനസ്സില്‍ എണ്ട്രന്‍സില്‍ പച്ച കാര്‍പ്പറ്റ്‌ വിരിച്ചിട്ടിരിക്കുന്ന സ്റ്റേഡിയത്തെ ഓര്‍മ്മപ്പെടുത്തി.

തെങ്ങും കവുങ്ങും മാവും പ്ലാവും തേക്കും പിന്നെ സുഭദ്രാ മേനോന്റെ ട്രീസ്‌ ഓഫ്‌ ഇന്ത്യയില്‍ പോലും പേരു കാണാത്ത കുറേ മരങ്ങളും ഉള്ള ഒരു തൊടിയില്‍ രാജകീയ പ്രൌഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു പതിനാറു കെട്ട്‌.

ഇടുങ്ങിയ ഇടനാഴികളിലും ഇരുണ്ട അകത്തളങ്ങളിലും സ്മശാന മൂകത... ടിവിയില്‍ അടൂരിന്റെ സിനിമക്കിടയില്‍ വരുന്ന കൊക്കകോളയുടെ പരസ്യം പോലെ ഇടക്കിടക്ക്‌ നരിച്ചീരുകളുടെ കളകളാരവവും മരപ്പട്ടികളുടെ ധുംധുമിനാദവും കേള്‍ക്കാം.

സ്വിച്ചിട്ടാല്‍ വെളിച്ചം വിതറുന്ന ബള്‍ബെന്ന തന്ത്രവും വട്ടത്തില്‍ കറങ്ങി കാറ്റ്‌ ഉല്‍പ്പാദിപ്പിക്കുന്ന ഫാന്‍ എന്ന യന്ത്രവും എല്ലാം നാട്ടുകാര്‌ കണ്ടു തുടങ്ങിയതിന്റെ ഒന്നാം വാര്‍ഷികം ആവുന്നതേയുള്ളു.

പേടിയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഒരു സാധാരണ മനുഷ്യന്റെ ഉള്ളില്‍ നിന്നു പുറത്തു വരുന്ന 'അയ്യോ' എന്ന ഹയ്യ്‌ ഫ്രീക്ക്വെന്‍സി വേവിനു പോലും അതേ ഫ്രീഗ്വെന്‍സിയില്‍ ഡ്രോയിംഗ്‌ റൂമില്‍ നിന്ന്‌ അടുക്കളയില്‍ എത്താന്‍ കുറഞ്ഞത്‌ മൂന്ന്‌ ആമ്പ്ലിഫയര്‍ എങ്കിലും വേണ്ടി വരും... അത്ര വിശാലമായ മുറികളാണ്‌.

എനിക്ക്‌ പകല്‍ മുഴുവന്‍ തൊടിയില്‍ കറങ്ങാനുള്ള കൂട്ട്‌ ചിമ്പു എന്ന നായ ആയിരുന്നു. ഞാന്‍ പോവുന്നിടത്തെല്ലാം എന്റെ കൂടെ അവനും വന്നിരുന്നു. രാത്രി ആയപ്പോള്‍ ആ ഭയാനകതയില്‍ ഒന്നും തളരാതെ ഒപ്പോളുടെ സാരിത്തുമ്പില്‍ നിന്നു പിടി വിടാതെ ഇവിടം വരെ ഒക്കെ എത്തിച്ച എന്നോട്‌, സായിപ്പന്‍മാര്‍ ഔട്ട്‌ ഹൌസ്‌ എന്ന പേരു വിളിക്കുന്ന പത്തായപ്പുരയില്‍ പോയി കിടന്നോളാന്‍ ആണ്‌ പറഞ്ഞിരിക്കുന്നത്‌.

മൂന്നു നിലകളുള്ള ഒരു ഭാര്‍ഗ്ഗവീനിലയ സമാനമായ പത്തായപ്പുര. താഴത്തെ നിലയില്‍ പത്തായവും മുകളിലത്തെ രണ്ട്‌ നിലകളിലായി മുറികളും ആണ്‌.രണ്ടാം നിലയിലെ അറ്റത്തെ മുറിയാണ്‌ എനിക്കായി ഒരുക്കിയിരിക്കുന്നത്‌. അതിഥികളിലെ ബാച്ചിലേര്‍സിനായി മാറ്റി വെച്ചിരിക്കുന്ന മുറിയാണ്‌ അത്‌.

രാത്രി പുറത്തു നിന്ന്‌ നോക്കിയാല്‍ തന്നെ പേടി തോന്നുന്ന ആ കെട്ടിടത്തില്‍ ഒരു രാത്രി ചെലവിടുന്ന കാര്യം ആലോചിച്ചപ്പോള്‍ തന്നെ അറിയാതെ എന്റെ ഉള്ളില്‍ നിന്ന്‌ ഭയം അവ്യക്ത സ്വരങ്ങളായി പുറത്തു വന്നു.

അതുവരെ ഒന്നും മിണ്ടാതെ ചെല്ലത്തില്‍ നിന്ന്‌ വെറ്റിലയും അടക്കയും ചുണ്ണാമ്പും പൊകലയും ഒക്കെ അയി മല്‍പ്പിടുത്തം നടത്തികൊണ്ടിരുന്ന ഉണ്ണ്യമ്മാമന്‍ മൂക്കിന്‍ തുമ്പത്തിരിക്കുന്ന കണ്ണട ഒന്നും കൂടി വലിച്ചു താഴ്ത്തിയിട്ട്‌ അതിന്റെ മുകളിലൂടെ എന്നെ നോക്കികൊണ്ട്‌ പറഞ്ഞു.

'നീ എന്തിനാടാ പേടിക്കണേ... നിന്റെ തൊട്ടടുത്ത മുറിയില്‍ ഞാന്‍ ഉണ്ട്‌. നിനക്ക്‌ ഉറക്കം വരണ വരെ നമ്മുക്ക്‌ ഓരോ കഥകളൊക്കെ പറഞ്ഞിരിക്കാടാ'

പണ്ടെന്നോ മനസ്സില്‍ കയറിക്കൂടിയ സ്ത്രീ വിദ്വേഷം മൂലം ഈ അമ്പത്തഞ്ചാം വയസ്സിലും ക്രോണിക്ക്‌ ബാച്ചിലര്‍ എന്ന പദവി തന്റെ പേരിനൊപ്പം കൊണ്ട്‌ നടക്കുന്ന ക്രോ.ബാ. ഉണ്ണിയമ്മാമന്റെ ഈ വാക്കുകളില്‍ നിന്ന്‌ ധൈര്യം സംഭരിച്ച്‌ പുതപ്പും ചുക്കുവെള്ള ജഗ്ഗും എടുത്ത്‌ ഞാന്‍ ഉണ്ണിയമ്മാമന്റെ ഒപ്പം ആ രണഭൂമിയിലേക്ക്‌ നടന്നു.

കുത്തനെ ഉള്ള മര ഗോവണി ചവിട്ടിക്കയറി ഇരുണ്ട ഇടനാഴിയിലൂടെ നടന്ന്‌ ആ മുറിയിലെത്തി.

കയ്യൊന്നു ഉയര്‍ത്തിയാല്‍ ഉത്തരത്തില്‍ തൊടാവുന്ന തട്ടുയരമുള്ള മുറി,ബുള്‍ബായി ജനിച്ചു പോയില്ലേ... കത്താതെ പറ്റില്ലല്ലോ എന്ന ഒറ്റ കാരണം കൊണ്ട്‌ മാത്രം കത്തുന്ന ഒരു ബള്‍ബിന്റെ ഇരുണ്ട വെളിച്ചം, നിലത്തോട്‌ ചേര്‍ന്നു കിടക്കുന്ന ഒരു ജനല്‍. വലതു ഭാഗത്ത്‌ തുരുമ്പിച്ച്‌ തുടങ്ങിയ കൊളുത്തുകളോടു കൂടിയ ഒരു ആട്ടുകട്ടില്‍.

സാക്ഷാല്‍ ബ്രാം സ്റ്റോക്കറിനെ അവിടെ കൊണ്ടിരുത്തിയാല്‍ ഒറ്റയിരുപ്പിനു അഞ്ച്‌ ഡ്രാക്കുള കഥകളെഴുതി പോവുന്ന അന്തരീക്ഷം.

മുറിയില്‍ കയറിയ ഉടനെ ഉണ്ണ്യമ്മാമന്‍ ആട്ടുകട്ടിലില്‍ ഇരിപ്പ്പ്പുറപ്പിച്ചു.

'കുട്ടാ... നിനക്കറിയ്യോ, പണ്ട്‌ ഞാന്‍ എത്ര കുട്ടികഥകള്‍ പറഞ്ഞു കൊടുത്തിരുന്നതായിരുന്നു. എല്ലാ കുട്യോളും എപ്പഴും എന്റെ ചുറ്റും ആയിരുന്നു. ഉണ്ണ്യമ്മാമാ ഒരു കഥ പറഞ്ഞു തരൂ...ഒരു കഥ പറഞ്ഞു തരൂ ന്ന്‌ പറഞ്ഞ്‌.

'ഇന്നിപ്പേ്പ്പാ ആര്‍ക്കും കഥേം കേക്കണ്ട പാട്ടും കേക്കണ്ട... എല്ലാവര്‍ക്കും ടിവീം കാര്‍ട്ടൂണും മതി'.

അറക്കാന്‍ കൊണ്ടുവന്ന പശുവിന്‌ അറവുശാലക്ക്‌ മുന്‍പില്‍ 'ഇന്ന്‌ കട മുടക്കം' എന്ന ബോര്‍ഡ്‌ കണ്ടപ്പോള്‍ തോന്നുന്ന ഒരു തല്‍കാലാശ്വാസമാണ്‌ ആ സമയത്ത്‌ കഥ എന്നു കേട്ടപ്പോള്‍ എനിക്കും തോന്നിയത്‌. ഒരു കഥയും കേട്ട്‌ അതിന്റെ ഓര്‍മ്മകളേയും കെട്ടിപ്പിടിച്ച്‌ കിടന്നുറങ്ങാമല്ലോ എന്ന ആശ്വാസം.

'എന്നാ ഉണ്ണ്യമ്മാമാ ഒരു കഥ എനിക്കും പറഞ്ഞു തരൂ...'

അത്‌ കേള്‍ക്കേണ്ട താമസം എല്‍.ഐ.സീ ഏജന്റുമാര്‍ പുതിയ ഇരയെ മുന്‍പില്‍ കണ്ടാല്‍ ചെയ്യുന്നതു പോലെ, ഒന്നു ചുമച്ച്‌, രണ്ട്‌ വരലുകള്‍ കൊണ്ട്‌ കഴുത്തിലൊന്നു പിടിച്ച്‌ ഒച്ച ശരിയാക്കി, വലം കൈ കൊണ്ട്‌ മുടിയൊന്ന്‌ മേല്‍പ്പോട്ടാാ‍ക്കി ഉണ്ണ്യമ്മാമന്‍ കഥ പറയാന്‍ തുടങ്ങി.

'നീ ചങ്ങലമാടന്‍ എന്നു കേട്ടിട്ടുണ്ടോ?'

'ഇല്ല്യല്ലോ...' എന്നു പറഞ്ഞ്‌ ഞാന്‍ കിടക്കയില്‍ ചരിഞ്ഞു കിടന്ന്‌ ഇടം കൈ കൊണ്ട്‌ തലയൊന്ന്‌ താങ്ങി കഥ കേള്‍ക്കാന്‍ തയ്യാറായി.

'ആ അങ്ങനെ ഒരു വിദ്വാനുണ്ട്‌ ഇവടെ... പകലൊക്കെ പത്തായത്തിന്റെ ഉള്ളില്‌ എവട്യോ ഒളിച്ചിരിക്കും. പാതിരാത്രി ആവുമ്പഴാണ്‌ പുറത്തിറങ്ങാറ്‌.

കണ്ടാല്‍ പേടി തോന്നുന്ന ഒരു ഭീകര സത്വം.

മേലു മുഴുവന്‍ ചങ്ങല ചുറ്റി, നാവ്‌ കൊണ്ട്‌ കോണകമുടുത്ത്‌, പല്ല്‌ കൊണ്ട്‌ വടി കുത്തി പാതിരാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞാല്‍ പത്തായത്തില്‍ നിന്നിറങ്ങി വരും.

രാത്രിയുടെ നിശബ്ദതയില്‍ ആ ചങ്ങലയും കിലുക്കി ഓരോ മുറിയിലും വന്ന്‌ തല മാത്രം അകത്തിട്ട്‌ നോക്കും. രാവേറെയായിട്ടും ഉറങ്ങാതെ കിടക്കുന്നവരുടേയും ഉറക്കം നടിച്ചു കിടക്കുന്നവരുടേയും കാതില്‍ പതുക്കെ ചോദിക്കും...'

'ഞാന്‍ ഒന്നു നക്കിക്കോട്ടേ...'

' ആ ചോദ്യം കേട്ടാല്‍ നമ്മള്‍ അറിയാതെ സമ്മതം മൂളി പോവും. ഉടനെ ചങ്ങലമാടന്‍ ആ നീണ്ട നാവുകൊണ്ട്‌ നമ്മളെ ചുരുട്ടിയെടുത്ത്‌ തന്റെ പത്തായം പോലുള്ള വയറ്റിലാക്കും.'

'ആ മതി മതി ഇനി നീ കെടന്നൊറങ്ങ്‌. എനിക്ക്‌ ഉറക്കം വന്നട്ട്‌ വയ്യ'എന്ന്‌ പറഞ്ഞ്‌ ഉണ്ണ്യമ്മാമന്‍ പെട്ടന്ന്‌ എന്റെ മുറിയിലെ ലൈറ്റും കെടുത്തി അടുത്ത മുറിയിലേക്ക്‌ പോയി.

മുറിയില്‍ ഇരുട്ട്‌ പരക്കുന്നതിന്‌ മുന്‍പ്‌ ഞാന്‍ കണ്ണടച്ചു. ആ സെക്കന്റില്‍ തന്നെ ചങ്ങലമാടന്‍ കഥയുടെ വിഷ്വത്സ്‌ മുഴുവന്‍ ഒന്ന്‌ റിവൈന്റ്‌ ചെയ്ത്‌ എന്റെ മനസ്സ്‌ എനിക്ക്‌ കാണിച്ചുതന്നു.

ഒരു കൊതുകിന്റെ മൂളല്‍ പോലുമില്ലാത്ത നിശബ്ദ രാത്രിയില്‍ തുറന്നിട്ട ജനലിലൂടെ വരുന്ന തണുത്ത കാറ്റത്ത്‌ ഞാന്‍ ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞു...

എനിക്ക്‌ ഉറക്കം വരുന്നില്ല...

മരഗോവണിയില്‍ നേര്‍ത്ത കാലൊച്ച ഞാന്‍ കേട്ടു.ഓരോ കാല്‌വെയ്പ്പിലും കൂടെ കിലുങ്ങുന്ന ചങ്ങലയുടെ സ്വരം.

അത്‌ അടുത്തേക്കടുത്തേക്ക്‌ വരുമ്പോള്‍ ചങ്ങലമാടന്‍ വന്നാല്‍ എന്തു ചെയ്യണം എന്ന്‌ ചിന്തിക്കുകയായിരുന്നു ഞാന്‍.

പണ്ട്‌ മാതേവന്‍ കരടിയെ പറ്റിക്കാന്‍ മരിച്ചതായി നടിച്ച്‌ കിടന്നത്‌ പോലെ ഉറങ്ങിയതായി അഭിനയിച്ചാലോ? ചെറിയ മുറി ആയതിനാല്‍ ഇത്തരത്തിലുള്ള ഒരു ഭീകരസത്വം എങ്ങനെ ഉള്ളില്‍ കടക്കും? എന്നിങ്ങനെ ഓരോരോ ലോ പൊയന്റ്സ്‌ നിരത്തി നോക്കിയപ്പോഴാണ്‌ എനിക്കു മനസ്സിലായത്‌...

യാതൊരു വിധ ലൂപ്‌ ഹോള്‍സും ഇടാതെയാണ്‌ ആ ദുഷ്ടന്‍ ക്രോ.ബാ. ഉണ്ണ്യമ്മാമന്‍ ഉറങ്ങാന്‍ പോയിരിക്കുന്നത്‌.

ആ ചങ്ങലകിലുക്കം കോണികള്‍ കയറി ഇടനാഴിയിലൂടെ അടുത്തടുത്ത്‌ വരുന്നത്‌ ഞാന്‍ അറിഞ്ഞു. ഇതെന്താ... ചങ്ങലയും കിലുക്കി പതുക്കെ പതുക്കെ വരും എന്നു പറഞ്ഞ ചങ്ങലമാടന്‍ ഭയങ്കര വേഗത്തില്‍ ആണല്ലൊ വരവ്‌.

ഇടക്കിടക്ക്‌ ഒച്ച കേള്‍ക്കാതെ ആവുന്നുണ്ട്‌. ഓരോ മുറിയിലും തല അകത്തിട്ട്‌ നോക്കാന്‍ നില്‍ക്കുന്നതായിരിക്കും.

അതാ നാലാമതും ഒച്ച കേള്‍ക്കാതെ ആയിരിക്കുന്നു. നാലാമത്തെ മുറിയിലാണ്‌ ഉണ്ണ്യമ്മാമന്‍ കിടക്കുന്നത്‌.

ബാക്കി മൂന്ന്‌ സ്റ്റോപ്പില്‍ ഉണ്ടായതിനേക്കാള്‍ കൂടുതല്‍ സമയം ആ മുറിയുടെ മുന്‍പില്‍ നിന്നല്ലോ... ഈശ്വരാ... ഉണ്ണ്യമ്മാമന്‍ ഉറങ്ങിയില്ലേ? അപ്പൊ ചങ്ങലമാടന്‍ ഉണ്ണ്യമ്മാമനെ...

ഇല്ല... ദേ ചങ്ങലയുടെ ഒച്ച വീണ്ടും അടുത്തടുത്ത്‌ വരുന്നു.

അടുത്തത്‌ എന്റെ മുറി. ഞാന്‍ അവസാന പരീക്ഷണത്തിനായി കണ്ണുകള്‍ മുറുക്കി അടച്ചു. മാടന്റെ ചോദ്യത്തിന്‌ അറിയാതെ മൂളി പോവാതിരിക്കാന്‍ പുതപ്പിന്റെ ഒരറ്റം വായില്‍ കുത്തിത്തിരുകി.

പ്രതീക്ഷിച്ചതു പോലെ തന്നെ ചങ്ങലയുടെ ഒച്ച എന്റെ മുറിയുടെ മുന്‍പില്‍ എത്തിയപ്പോല്‍ നിന്നു.

മുറിയുടെ ഉള്ളിലേക്ക്‌ നീണ്ട്‌ വരുന്ന തലയും, 'ഞാന്‍ ഒന്ന്‌ നക്കിക്കോട്ടേ...' എന്നുള്ള ചോദ്യവും പ്രതീക്ഷിച്ച്‌ ഞാന്‍ കണ്ണടച്ച്‌ കിടന്നു.

പക്ഷേ ആ ചങ്ങലയുടെ ശബ്ദം അതാ മുറിയുടെ വാതിലും കടന്ന്‌ ഉള്ളിലേക്ക്‌ വരുന്നു.

'അതു പറ്റില്ല... അതു പറ്റില്ല... ഫൌള്‍... ഫൌള്‍... എന്ന്‌ ഉറക്കെ വിളിച്ച്‌ പറയണം എന്ന്‌ എനിക്കുണ്ടായിരുന്നു'

പക്ഷെ അതിന്റെ ഇടയിലെങ്ങാനും മാടന്‍ ക്വസ്റ്റ്യന്‍ ചോദിച്ചാല്‍ ഇത്‌ ഒരു മൂളലായി കണക്കാക്കി എന്നെ നക്കിയാലോ എന്ന്‌ വിചാരിച്ച്‌ ഞാന്‍ മിണ്ടിയില്ല.

ചങ്ങലമാടന്‍ പതിവില്‍ നിന്നും വിപരീതമായി വേഗത്തില്‍ നടന്നതിന്റെ കിതപ്പ്‌ എനിക്ക്‌ കേള്‍ക്കാം...

അതു ഉറക്കെയാവുന്നു... എന്റെ മുഖത്ത്‌ ഒരു തണുത്ത കാറ്റ്‌ വന്നടിച്ചു...ഈര്‍പ്പമുള്ള എന്തോ എന്റെ കവിളില്‍തട്ടിയിരിക്കുന്നു.

ഇതാ ഒരു ചോദ്യം ചോദിക്കാനുള്ള മര്യാദ പോലും കാണിക്കാതെ ചങ്ങലമാടന്‍ എന്നെ നക്കാന്‍ പോവുന്നു. എനിക്ക്‌ ഉള്ളില്‍ ആയിരം ഇദിമിന്നലുകല്‍ ഒന്നിച്ച്‌ വെട്ടുന്ന പോലെ തോന്നി. ടിവിയുടെ പിക്ച്ചര്‍ ട്യൂബ്‌ അടിച്ച്‌ പോവുന്നത്‌ പോലെ എല്ലാ ഓര്‍മ്മകളും ഒരു കേന്ദ്ര ബിന്ദുവിലേക്ക്‌ അലിഞ്ഞുചേര്‍ന്ന്‌ എന്റെ മനസ്സ്‌ ശൂന്യമായി.

കുട്ടാ എണീക്ക്‌ ഞാന്‍ താഴത്തേക്ക്‌ പോണു, നീ വരുണ്ടോ? എന്ന ഉണ്ണ്യമ്മാമന്റെ ചോദ്യം കേട്ടാണ്‌ ഞാന്‍ കണ്ണു തുറന്നത്‌.

ചങ്ങലമാടന്റെ വയറ്റിനുള്ളിലെ മുകളിലത്തെ നിലയിലാണോ ഞാനിപ്പൊ? അപ്പൊ ഉണ്ണ്യമ്മാമനേം ഇന്നലെ ചങ്ങലമാടന്‍ വിഴുങ്ങിയോ? എന്നിങ്ങനെ ആലോച്ചിച്ച്‌ ഉണ്ണ്യമ്മാമന്റെ മുഖത്തേക്കു നോക്കുമ്പോള്‍ ഞാന്‍ കേട്ടു...

'ഈ ചിമ്പു എപ്പഴാ നിന്റെ അടുത്ത്‌ വന്ന്‌ കിടന്നേ... ഇന്നലെ പകല്‌ മുഴുവന്‍ ഒപ്പം ഉണ്ടായിരുന്നതല്ലെ, അതിന്റെ സ്നേഹം കാണിക്കണതാ...'

Sunday, July 23, 2006

കരിങ്കര്‍ക്കിടകം

എപ്പഴോ പെയ്തൊഴിഞ്ഞ മഴ ഈറനണിയിച്ച ആ കര്‍ക്കിടക സന്ധ്യയില്‍ രാമനാമ ജപവും നിറമാലയും കഴിഞ്ഞാളൊഴിഞ്ഞ അമ്പലപറമ്പിലെ കല്‍വിളക്കില്‍ ഒരു തിരി മാത്രം കെടാതെ നില്‍ക്കുന്നു... ആലിലകളില്‍ നാദം ചൊരിഞ്ഞൊഴുകിയെത്തിയ ഇളം കാറ്റത്ത്‌ ഒന്ന്‌ മങ്ങി തെളിഞ്ഞ ആ തിരിനാളങ്ങളേക്കാള്‍ തിളക്കമുണ്ടായിരുന്നു അവളുടെ നക്ഷത്ര കണ്ണുകള്‍ക്ക്‌...

നിലാവിന്റെ അഴകും നിത്യം ദേവപാദങ്ങളെ പുണരാന്‍ മാത്രമായി വിരിയുന്ന അമ്പലപറമ്പിലെ നന്ത്യാര്‍വട്ട പൂക്കളുടെ പുണ്യവും ഉള്ളവള്‍....

ഹൊ!!! ആ കുട്ട്യേ സമ്മതിക്കണം... ഒരൊറ്റ നോട്ടതില്‍ എന്നെ കൊണ്ട്‌ ഇത്രയൊക്കെ എഴുതിച്ചില്യേ... അല്ലെങ്കിലും ഈ പെണ്ണുങ്ങള്‍ടെ കാര്യൊക്കെ ഇങ്ങന്യാ... ഒരു നോട്ടം... ഒരു ചിരി... അവരുടെ ഉത്തരവാദിത്തം കഴിഞ്ഞു... പിന്നെ നമുക്കാണു ടെന്‍ഷന്‍ മുഴുവന്‍... ഈ കുട്ടി ഏതാ... എവിടത്ത്യാ... എന്നൊക്കെ അന്വേഷിച്ചു കണ്ട്‌ പിടിക്കണം... ആ എന്തു ചെയ്യാം ഞാന്‍ ഉത്തരവാദിത്തത്തില്‍ നിന്ന്‌ മാറി നില്‍ക്കാന്‍ താല്‍പ്പര്യമില്യാത്ത ഒരാളായി പോയി... ഇനി നാളെ തന്നെ അന്വേഷിച്ചിറങ്ങണം...

കുട്ടാ... നീ ഈ രാത്രി ആല്‍ത്തറേല്‌ എന്ത്‌ ചെയ്യാ... വന്ന്‌ ഊണ്‌ കഴിക്ക്‌...

ആ ദേ അമ്മ വിളിക്കണു... എന്റെ അടുത്ത ഉത്തരവാദിത്തത്തിനുള്ള സമയായി... ഇനി ഊണ്‌ കഴിഞ്ഞട്ടാവാം ബാക്കി സ്വപ്നം കാണല്‍... അതുവരെ എന്റെ സ്വപ്നങ്ങള്‍ക്ക്‌ പശ്ചാത്തല സംഗീതം ഒരുക്കിത്തന്ന കൊതുകുകളോട്‌ യാത്ര പറഞ്ഞ്‌ ഞാന്‍ വീട്ടിലേക്ക്‌ കേറി...

അങ്ങനെ ഊണും കഴിഞ്ഞു കട്ടിലിലേക്ക്‌ ചരിഞ്ഞ ഞാന്‍ പതിവ്‌ സ്വപ്നങ്ങളുടെ കൂടെ ഒന്നു രണ്ട്‌ എക്സ്ട്രാ ഗ്രൂപ്പ്‌ ഡാന്‍സ്‌ തള്ളി കേറ്റി അന്നത്തെ രാത്രി തള്ളി നീക്കി...

പിറ്റേ ദിവസം പതിവില്‍നിന്നും വ്യത്യസ്തമായി 6 മണി ആയപ്പോഴേക്കും എന്റെ ഉത്തരവാദിത്തങ്ങളുടെ പ്രഭാതം കണ്‍ച്ചിമ്മിയുണര്‍ന്നു...പിന്നെ അധികം സമയം കളയാതെ കുളിച്ചൊരുങ്ങി ഞാന്‍ അമ്പലതിലേക്കോടി...

ആ സമയത്ത്‌ എന്നെ അവിടെ കണ്ട്‌ അത്ഭുതപരതന്ത്രനായി, എന്റെ മുഖത്തേക്കും പേര്‌ പുറത്ത്‌ പറയാന്‍ താല്‍പര്യമില്ലാത ഏതോ ഭക്തന്‍ സംഭാവന നല്‍കി അമ്പല പറാമ്പില്‍ തൂക്കിയിട്ടിരിക്കുന്ന ക്ലോക്കിലേക്കും മാറിമാറി നോക്കി ശംഖുചക്രഗദാഹസ്തനായി നില്‍ക്കുന്ന സാക്ഷാല്‍ മഹാവിഷ്ണുവിന്റെ മുന്‍പില്‍ സ്ഥിരം പരാതികളുടേയും അപേക്ഷകളുടേയും കൂട്ടത്തില്‍ സ്വല്‍പം നാണത്തോടെ ഞാന്‍ ആ ആവശ്യം കൂടി ഉന്നയിച്ചു... ആ അജ്ഞ്യാത സുന്ദരിയെ ഒന്നു പരിചയപ്പെറ്റാന്‍ അവസരം ഉണ്ടാക്കിതരണേ ഭഗവാനേ...

രാമായണമാസത്തോടനുബന്ധിച്ച്‌ നിത്യവും നിറമാലയും വിളക്ക്‌ വെയ്പ്പും ഉണ്ട്‌ അമ്പലത്തില്‍. അതിനോടൊപ്പം ഭക്തര്‍ക്ക്‌ ദേവസന്നിധിയില്‍ പറ നിറക്കാനുള്ള സൗകര്യവും ഉണ്ട്‌... പഞ്ഞ മാസം എന്നറിയപ്പെടുന്ന കര്‍ക്കിടക മാസത്തില്‍ ഒട്ടും ചേരാത്തതാണെങ്കില്‍ കൂടി, എങ്ങനെയോ അതു അവിടത്തെ ഒരു വിശിഷ്ട ചടങ്ങായി തീര്‍ന്നിരുന്നു...അതിനുവേണ്ടി അനേകം ഭക്തജനങ്ങള്‍ വരികയും പതിവാണ്‌...

അതിനായി തുറന്നിരിക്കുന്ന സ്പെഷ്യല്‍ വഴിപാട്‌ കൗണ്ടറില്‍ ഇരുന്നാല്‍ അമ്പലത്തില്‍ വരുന്ന ആരെയും മിസ്സ്‌ ആവാതെ കാനാം എന്നുള്ളതിനാലും കഴിഞ്ഞ 2 ദിവസവും അവള്‍ അവിടെ വന്നു പറ നിറച്ചു എന്നതു കൊണ്ടും ആ കൗണ്ടറില്‍ ഇരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഞാന്‍ നേരത്തെ അമ്പലത്തില്‍ എത്തിയത്‌.

അമ്പല കമ്മറ്റി മെംബര്‍ എന്ന സ്ഥാനപേരിന്‌ ഉടമയാണെങ്കില്‍കൂടി കഴിഞ്ഞ 1 വര്‍ഷമായി അമ്പലത്തിലെ ഒരു പരിപാടിക്കും ഞാനെന്റെ മഹനീയ സേവനം നല്‍കിയിട്ടില്ല എന്ന കാരണം കൊണ്ട്‌ എന്റെ പെട്ടന്നുള്ള കൗണ്ടറിരുത്ത മോഹം എല്ലാവരിലും ഒരു സംശയം ജനിപ്പിക്കുമോ എന്ന സംശയമാണ്‌ എന്നെ രാവിലെ മുതലേ അമ്പലത്തില്‍ ചുറ്റിപ്പറ്റി നില്‍ക്കാന്‍ പ്രേരിപ്പിച്ചത്‌.

പതിവുപോലെ അന്നും സന്ധ്യക്കു മുമ്പേ വൈകുന്നേരമെത്തി... ഒരു കമ്മറ്റി മെംബര്‍ എന്ന നിലക്കുള്ള എന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ ഞാന്‍ ആ വഴിപാട്‌ കൗണ്ടറില്‍ ഉപവിഷ്ടനായി...

ഒരു പുഷ്പാഞ്ജലി... പേര്‌ രാമന്‍ നാള്‌ ഭരണി... ഒരു നെല്‍പ്പറ... പേര്‌ കല്യാണികുട്ടി നാള്‌ മൂലം... ഒരു അരിപ്പറ... ഒരു മലര്‌... ഒരെണ്ണ... വഴിപാടുകളും നാളും പേരും എഴുതിയെഴുതി ഞാന്‍ ചീട്ട്‌ കീറികൊണ്ടേയിരുന്നു. ആ ശബ്ദം കേള്‍ക്കാനായി... പേരറിയാനായി... കാതോര്‍ത്ത്‌...

ഒരു ഐമ്പറ...(അഞ്ചു പറ)

ആ ശബ്ദം കേട്ട്‌ മുഖമുയര്‍ത്തി നോക്കിയ ഞാന്‍ കണ്ടത്‌ എന്നെ തന്നെ നോക്കുന്ന ആ നക്ഷത്ര കണ്ണുകളും എനിക്കായി പുഞ്ചിരി തൂകുന്ന ആ ചെഞ്ചുണ്ടുകളുമാണ്‌...

പരിസരബോധം മറന്ന്‌ ഞാനുറക്കെ ചോദിച്ചു...

പേര്‌...

പേര്‌ അശ്വതി... നാളും അശ്വതി...

ആ വഴിപാട്‌ രസീറ്റില്‍ മേല്‍വിലാസം എഴുതാനുള്ള ഒരു കോളം ഇടാത്ത കമ്മറ്റി സെക്രട്ടറിയെ ഞാന്‍ ഒരു നിമിഷം ശപിച്ചു...

ഞാന്‍ ആ രസീറ്റ്‌ അവള്‍ക്കു നേരെ നീട്ടി... ഒരു ചെറുപുഞ്ചിരിയോടെ അതു ഏറ്റു വാങ്ങിയിട്ട്‌വള്‍ കാശു നീട്ടികൊണ്ട്‌ ചോദിച്ചു...

155 രൂപയല്ലെ?... എന്റേലിപ്പോ 150 രൂപെ ഉള്ളുലോ... 5 രൂപ നാളെ തന്ന മത്യോ?...

അയ്യൊ മതി..മതി... നാള്യോ മറ്റന്നാളോ എപ്പഴാ കുട്ടിക്ക്‌ സൗകര്യംച്ചാല്‍ അപ്പൊ തന്ന മതി... ദേ കണക്ക്‌ തെകക്കാന്‍ വേണ്ടി തല്‍കാലം എന്റെ കയ്യില്‍നിന്ന്‌ 5 രൂപ ഇടാം... എന്ന്‌ പറഞ്ഞ്‌ ഞാന്‍ അമ്മ പച്ചക്കറി വാങ്ങാന്‍ തന്ന കാശില്‍ നിന്ന്‌ അടിച്ചു മാറ്റിയ ആകെയുള്ള ആ 5 രൂപ കൗണ്ടറിലെ പണപ്പെട്ടിയില്‍ ഇട്ടു...

അതു കണ്ട്‌ നന്ദിയോടെയുള്ള ആ നോട്ടത്തിനും, ചിരിച്ചുകൊണ്ടു പറഞ്ഞ നന്ദി വാക്കിനും ഞാന്‍ വേറെ അര്‍ത്ഥം കണ്ട്വോ?

എന്തായാലും ആദ്യത്തെ ദിവസം തന്നെ പേരും നാളും കണ്ടു പിടിച്ചൂലോ എന്നോര്‍ത്തപ്പേ്പ്പാള്‍ എനിക്കു എന്നെ പറ്റി ഒരു അഭിമാനമൊക്കെ തോന്നി... ബാക്കി ഡീറ്റേയ്ല്‌സ്‌ വഴിയേ കണ്ടു പിടിക്കാം.

അങ്ങനെ അതൊരു പതിവായി. ഒരു പുതിയ ജോലി കിട്ടിയ മട്ടിലായിരുന്നു ഞാന്‍. ദിവസവും കൃത്യ സമയത്ത്‌ കൗണ്ടറില്‍ ഞാന്‍ ഇരിപ്പുറപ്പിക്കും.

അവള്‍ എന്നെ കാണാനും എന്നോട്‌ സംസാരിക്കാനും വേണ്ടി ദിവസവും ഐമ്പറ വെച്ചു...

ഒരു ഐമ്പറ...155 രൂപ... ഈ രണ്ടു വാക്കുകള്‍ മാത്രം പറഞ്ഞ്‌ ഞങ്ങള്‍ ദിവസവും ഞങ്ങളുടെ മനസ്സും ഹൃദയവും കൈമാറി പോന്നു...

അങ്ങനെ നീളം കൂടിയ പകലുകളും അവളുടെ സാനിദ്ധ്യമുള്ള നൈമിഷികസന്ധ്യകളും കൈകോര്‍ത്തിണങ്ങി 8 ദിവസങ്ങള്‍ കഴിഞ്ഞു...

എന്നാല്‍ പിറ്റേ ദിവസം എന്റെ എല്ലാ സ്വപ്നദീപങ്ങളും ഊതിക്കെടുത്തികൊണ്ട്‌, ഞാന്‍ അവള്‍ക്കായി എഴുതിവെച്ച രസീറ്റ്‌ ഏറ്റു വാങ്ങാന്‍ അവള്‍ വന്നില്ല... അതു കഴിഞ്ഞുള്ള 2 ദിവസങ്ങളിലെ സന്ധ്യകള്‍ക്കും പകലുകള്‍ പോലെ നീള കൂടുതല്‍ അനുഭവപെട്ടു...

മൂന്നാം ദിവസം പതിവുപോലെ ദേവസന്നിധിയില്‍ അന്നത്തെ ലിസ്റ്റ്‌ അവതരിപ്പിച്ച്‌ കൗണ്ടറില്‍ ഇരിപ്പുറപ്പിചപ്പോള്‍ അമ്പലകമ്മറ്റി പ്രസിഡന്റ്‌ മേനോന്‍ ചേട്ടനും അമ്പലത്തിലെ വാര്യരും തമ്മിലുള്ള സംഭാഷണത്തിലെ ഓരോ വാക്കും കൂരമ്പുകളായി എന്റെ നെഞ്ചില്‍ തറച്ചു...

മേന്‍നേ... അറിഞ്ഞില്യേ... മ്മടെ മോഹനന്‍ ഡോക്റ്റര്‍ടെ മോളില്യേ... അശ്വതി... ആ കുട്ടിടെ കല്യാണം ശരിയായിത്രേ.. പയ്യന്‌ അമേരിക്കേല്‌ ഏതോ വല്യേ കമ്പനീലാ ജോലീന്ന്‌...

ഞാനന്നേ പറഞ്ഞില്യേ വര്‌രേ... ഭഗവാന്റെ നടക്കില്‌ 10 ദിവസം മൊടങ്ങാതെ പറ വെച്ചാ എന്താഗ്രഹിച്ചാലും നടക്കുമ്ന്ന്‌...

ഈശ്വരാ... അപ്പൊ ഇത്രേം ദിവസം എന്നെ നോക്കി ചിരിക്കുമ്പഴും ആ കുട്ടി മനസ്സില്‍ ആഗ്രഹിച്ചിരുന്നത്‌ ഇതാണോ? അപ്പൊ ആ കുട്ടി എന്ന്‌ ചതിക്യായിരുന്നോ? എന്നൊക്കെ ആലോചിച്ചിരുന്ന എന്റെ കണ്ണുകളില്‍ നിന്ന്‌ വീണ ഒരു തുള്ളി കണ്ണീര്‍ അവള്‍ക്കായി അന്നും എഴുതിവെച്ചിരുന്ന ആ രസീറ്റിലെ അവളുടെ പേരിനു മുകളില്‍ വീണ്‌ പരന്നു...

ഒരു ഐമ്പറ...

ദുഖഭാരത്താല്‍ കുനിഞ്ഞ എന്റെ മുഖം ആ ശബ്ദം കേട്ടപ്പോള്‍ ഉയര്‍ന്നു...

ഇടറിയ കണ്‌ഠതില്‍ നിന്ന്‌ പുതുപ്രതീക്ഷയുടെ സ്വരം പുറത്തു വന്നു...

പേര്‌...

പേര്‌ രേവതി... നാളും രേവതി...

രസീറ്റെഴുതി അവള്‍ക്കു നേരെ നീട്ടിയപ്പോള്‍ ഞാന്‍ കണ്ടത്‌ എന്നെ തന്നെ നോക്കുന്ന ആ നക്ഷത്ര കണ്ണുകളും എനിക്കായി പുഞ്ച്ചിരി തൂകുന്ന ആ ചെഞ്ചുണ്ടുകളുമാണ്‌...

...ശുഭം...

സസ്നേഹം
പണിക്കന്‍

Wednesday, July 05, 2006

മാങ്കായി മാത്തന്‍...

മാങ്കായി കവലയുടെ 2 കി.മി ചുറ്റളവിലുള്ള എല്ലാ വൃദ്ധജനങ്ങളും മരിക്കുന്നതു മാത്തനുണ്ടല്ലോ എന്ന ധൈര്യത്തിലാണ്‌. കാരണം മാങ്കായിലൊരു മരണം നടന്നാല്‍ ജാതി ഭാഷ വര്‍ണ്ണ ഭേതമന്യേ കുഴിയാണെങ്കിലും മാവാണെങ്കിലും വെട്ടി, പരേതന്റെ ആത്മാവിനെ ഇഹ: ലോകത്തു നിന്നും വണ്ടി കേറ്റി വിടുന്ന വരെയുള്ള സര്‍വ്വ സഹായങ്ങളും മാത്തന്‍ ചെയ്യും... നമ്മല്‍ ചുമ്മാ അങ്ങു മരിച്ചു കൊടുത്താ മതി ബാക്കി മുഴുവന്‍ മാത്തന്‍ ഏറ്റു എന്ന അവസ്ഥ... എന്തിനേറെ പറയുന്നു സാക്ഷാല്‍ യമദേവന്‍ തന്റെ കമ്പനിയിലെ സത്ജന വിഭാഗത്തിലേക്ക്‌ ആളെ റിക്രൂട്ട്‌ ചെയ്യുന്നതു മാത്തനു ഒഴിവുള്ള ഡേയിറ്റ്‌ നോക്കിയാണ്‌.

ചെയ്യുന്ന ഉപകാരങ്ങള്‍ക്കു മാത്തന്റെ കൂലി എന്നു പറഞ്ഞാല്‍ വയറു നിറച്ച്‌ ഭക്ഷണമാണ്‌. ഒഴിവു
സമയങ്ങളില്‍ പറമ്പിലെ പണികള്‍, കിണറു തേവല്‍, ദൈവസഹയം കുമാരന്റെ 'ദൈവസഹായം' റ്റീ സ്റ്റള്ളിലേക്കും, സ്വാമിയുടെ 'ലക്ഷ്മീസ്‌' ഹോട്ടലിലേക്കും ഉള്ള വിറകുകീറല്‍, പകല്‍ സമയങ്ങളില്‍ ഉടമസ്ഥനു വേണ്ടിയും രാത്രി സമയത്ത്‌ ദൈവസഹായം കുമാരനു വേണ്ടിയും ഉള്ള തെങ്ങുകേറ്റം (ഇതില്‍ രണ്ടാമതു പറഞ്ഞ തെങ്ങുകേറ്റം ഇതു വരെ തെളിയിക്കപ്പെടാത്ത കേസ്‌ ആണ്‌) എന്നീ എക്സ്റ്റ്രാ കരിക്കുലര്‍ ആക്റ്റിവിറ്റീസ്‌ ഉള്ളതിനാല്‍ മാത്തന്റെ 'വയറിനു' ഒരിക്കലും തൊഴില്‍ രഹിതനായി ഇരിക്കേണ്ടി വന്നിട്ടില്ല...

കൂലി ഭക്ഷണമായതുകൊണ്ട്‌, 'പണം' എന്നു പറയുന്ന ഒരു വസ്തു ഈ ഭൂലോകത്തില്‍ എല്ലാവരുടേയും കാണപ്പെട്ട ദൈവമായി വിരാജിച്ചിരുന്ന കാര്യം മാത്തന്‍ അറിഞ്ഞിരുന്നില്ല.

അത്യാവശ്യ ഘട്ടങ്ങളില്‍ മാത്തനെ അന്വേഷിച്ച്‌ അയല്‍ ദേശങ്ങളില്‍ നിന്നു ആള്‍ക്കാര്‍ വന്നു തുടങ്ങിയപ്പോള്‍ മാങ്കായിക്കാര്‍ 'മാങ്കായി മാത്തന്‍' എന്ന പേരില്‍ ഒരു പേറ്റന്റ്‌ എടുക്കുകയും അന്നു മുതല്‍ മാത്തന്‍ 'മാങ്കായി മാത്തന്‍' എന്നറിയപ്പെടാനും തുടങ്ങി...

അങ്ങനെ മാത്തന്‍ മാങ്കായിയുടെ ഒരു അവിഭാജ്യ ഘടകമായി കഴിഞ്ഞിരുന്ന കാലത്താണ്‌ ആ ദേശത്തെ പ്രശസ്ത കുടുംബങ്ങളിലൊന്നായ മാണിക്കവീട്ടിലെ പഞ്ചപാണ്ടവരില്‍ യുധിഷ്ഠിരനും, ആ ദേശത്തെ ഏക ഗള്‍ഫനുമായ ദാമോദരേട്ടന്‍ ഗള്‍ഫ്‌ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്കു തിരിച്ചു വരുന്ന വിവരം മാങ്കായി കവലയിലെ നോട്ടീസ്‌ ബോര്‍ഡിലെ പ്രധാന വാര്‍ത്തയാവുന്നത്‌.

അതിന്റെ മുന്നോടിയായി ദാമോദരേട്ടന്‍, മാങ്കായിക്കവലയുടെ ഹൃദയ ഭാഗത്ത്‌ സ്വത്ത്‌ ഭാഗം വയ്പ്പിന്റെ പരിണിത ഫലമായി തനിക്കു പതിച്ചു കിട്ടിയ ഭൂമിയില്‍ ഒരു വീടു പണിയാന്‍ തീരുമാനിക്കുകയും, അതിന്റെ ചുമതല മാണിക്കവീട്ടിലെ അര്‍ജ്ജുനനായ രവ്യേട്ടനെ എല്‍പിക്കുകയും ചെയ്തു.എല്ലാം യുദ്ധ കാലാടിസ്ഥാനത്തില്‍ ചെയ്തു തീര്‍ക്കണ്ടതു കൊണ്ട്‌ മാങ്കായിയിലെ ആസ്ഥാന മേസ്തിരിയായ 'രായപ്പേട്ടന്‍സ്‌ ബില്‍ഡിങ്ങ്‌ കമ്പനിയെ' ഒഴിവാക്കി, ടൌണിലുള്ള ഒരു കോണ്‍ട്രാക്റ്ററെ ഏല്‍പിച്ചു.

വീട്‌ നന്നായി പണിയുകയും, കാശ്‌ കൊടുക്കുന്നവനിട്ട്‌ പണിയാതിരിക്കുകയും ചെയ്യുന്നതില്‍ മലയാളികളേക്കാള്‍ ഭേദം തമിഴന്‍മാരാണ്‌ എന്ന്‌ തോന്നിയതു കൊണ്ടാവാം, ആ കോണ്ട്രാക്റ്റര്‍ ആ വീട്‌ പണിക്കായി ഒരു ലോഡ്‌ തമിഴന്‍മാരെ ഇറക്കി. താമസം ആ പറമ്പിലൊരു മുക്കിലും, ഭക്ഷണം ദൈവസഹായം റ്റീ സ്റ്റാളിലും.

ഇവര്‍ക്ക്‌ ഒരു സഹായത്തിനായി ഒരു നാട്ടുകാരന്‍ എന്ന നിലക്ക്‌ നമ്മുടെ മാത്തനേയും ഏര്‍പ്പാടാക്കി.

തമിഴന്‍മാരായുള്ള സമ്പര്‍ഗത്തില്‍ നിന്നും മാത്തന്‍ പല ലോക തത്ത്വങ്ങളും മനസ്സിലാക്കി.

കള്ളില്‍ ചേര്‍ക്കാനായി ദേവസ്യയുടെ കള്ളുഷാാ‍പ്പില്‍ 20 കുടം വെള്ളം എത്തിച്ച്‌ കൊടുത്താല്‍ കിട്ടുന്ന വെള്ളം ചേര്‍ക്കാത്ത 2 കുപ്പി കള്ളടിക്കുമ്പോള്‍ കാണുന്നതാണ്‌ യഥാര്‍ത്ഥ സ്വര്‍ഗം എന്നു തെറ്റി ധരിച്ചിരുന്ന മാത്തന്‍, പാണ്ടികള്‍ കയ്യിലിട്ടു പൊടിച്ചു ബീഡിക്കകത്താക്കി തരുന്ന ആ ഇലകള്‍ കത്തിച്ചു വലിച്ചതിനു ശേഷം, താന്‍ ഇത്രയും കാലം കണ്ടിരുന്നത്‌ ലോക്കല്‍ സ്വര്‍ഗ്ഗമാണെന്നും, ഇതു വലിച്ചപ്പോള്‍ കണ്ടതാണ്‌ യഥാര്‍ത്ഥ 5 സ്റ്റാര്‍ സ്വര്‍ഗ്ഗമെന്നും തിരിച്ചറിഞ്ഞു.

അന്നു മുതല്‍ ദിവസവും സന്ധ്യക്കു പുതുതായി കണ്ടു പിടിച്ച ആ സ്വര്‍ഗ്ഗത്തിലേക്ക്‌ ഒരു യാത്ര മാത്തന്‍ പതിവാക്കി.

കാര്യങ്ങളുടെ പോക്ക്‌ ഈ വിധമായപ്പോള്‍ ഒരു ദിവസം ഒരു തമിഴന്‍ മാത്തനോട്‌ ആക്രോശിച്ചു...' ഇനി ഉനക്ക്‌ സ്വര്‍ഗ്ഗ ബീഡി വേണംന്നാ ദുട്ട്‌ കൊടുക്കണം...'

മാത്തന്‍ അപ്പൊ തന്നെ തന്റെ ഡിക്ഷ്ണറിയില്‍ 'ദുട്ട്‌' സെര്‍ച്ചിനിട്ടു. അപ്പോള്‍ അതില്‍ തെളിഞ്ഞു വന്ന "ഡിഡ്‌ യു മീന്‍ 'പുട്ട്‌' " എന്ന ചോദ്യം മലയാളതിലാക്കി മാത്തന്‍ തമിഴനു നേരെ എറിഞ്ഞു... 'നീ പുട്ട്‌ എന്നാണോണ്ട്രാ ഉദേശിച്ചേ ?...''

അല്ലൈ... ദുട്ടു ന്ന പണം...' 'പണത്തുക്കു മീതെ പരുന്തും പറക്കാത്‌' 'പണമില്ലയെണ്ട്രാലവന്‍ പിണം' എന്നീ വരികളുടെ സഹായത്തോടെ താന്‍ ഉദ്ദേശിച്ച കാര്യം മാത്തനു കൂടുതല്‍ വ്യക്തമാക്കി കൊടുക്കാന്‍ ആ തമിഴന്‍ ശ്രമിച്ചു.

ആദ്യമായി 'മെഡുല്ല ഒബ്ലോങ്ങേറ്റ' എന്നു കേക്കുമ്പോള്‍ ആര്‍ക്കും ഉണ്ടാവാവുന്ന ഒരു അവസ്ഥയായിരുന്നു 'പണം' എന്നു കേട്ടപ്പോള്‍ മാത്തനും ഉണ്ടായത്‌... ഒന്നും മനസ്സിലാവാത്ത ഒരവസ്ഥ...

തമിഴന്‍ ഒരു ചെറിയ സ്റ്റഡി ക്ലാസ്സിലൂടെ പണതെ പറ്റി മാത്തനെ ബോധവാനാക്കി. പണതിന്റെ രൂപ ഭാവ ഗുണങ്ങള്‍ മനസ്സിലാക്കിയ മാത്തന്റെ മനസ്സില്‍ ആദ്യം തെളിഞ്ഞു വന്ന ചിത്രം പള്ളിയിലെ നേര്‍ച്ചപെട്ടിയും, അതിലിടാന്‍ ഷാപ്പു ദേവസ്യ തന്റെ കയ്യില്‍ നിത്യം തന്നു വിടാറുള്ള 'ഗ്യാസ്‌ മിഠായിയുടെ ഷേയ്പ്പും ലക്ഷ്മീസ്‌ ഹോട്ടലിലെ കാപ്പി ഗ്ലാസിന്റെ നിറവുമുള്ള ആ സാധനമാണ്‌'.

അങ്ങനെ തന്റെ സ്വര്‍ഗ്ഗ യാത്രക്കുള്ള കാശ്‌ കര്‍ത്താവിന്റെ കയ്യില്‍ നിന്നു തന്നെ അടിച്ചു മാറ്റാന്‍ മാത്തന്‍ തീരുമാനിച്ചു.

ഇതു കേട്ട സന്തോഷത്തില്‍ ആ നല്ലവനായ തമിഴന്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള രണ്ട്‌ ബീഡി ടിക്കറ്റ്‌ മാത്തന്‌ ഫ്രീ ആയി കൊടുക്കുകയും, ഒരു കയ്യ്‌ സഹായത്തിന്‌ താനും പള്ളിയിലേക്ക്‌ വരാം എന്നേല്‍ക്കുകയും ചെയ്തു...

അന്നു രാത്രി മാങ്കായി ഉറങ്ങിയതിനു ശേഷം 2 പേരും ഒരു ധൈര്യത്തിന്‌ തങ്ങളുടെ കയ്യിലുള്ള 2 സ്വര്‍ഗ്ഗബീഡി വീതം വലിച്ചൂതിയിട്ട്‌, അതേകിയ ഊര്‍ജ്ജത്തില്‍ പള്ളിയങ്കണത്തിലെത്തി.

ബെക്കാം ഫ്രീ കിക്ക്‌ എടുക്കുന്ന ലാഘവത്തോടെ ആ വഞ്ചിയുടെ രൂപത്തിലുള്ള നേര്‍ച്ചപ്പെട്ടി തുറന്ന തമിഴന്‍ കയ്യില്‍ കരുതിയിരുന്ന ഒരു ചുവന്ന തോര്‍ത്തു മുണ്ടിലേക്ക്‌ കാശ്‌ വാരിയിട്ടുകൊണ്ടിരുന്നു. തനിക്കു പുതുതായി കിട്ടിയ സുഹൃത്ത്‌ തനിക്കു വേണ്ടി കഷ്ട്ടപ്പെടുന്നതും നോക്കി, രണ്ടു കണ്ണിന്നും ഓരോ സന്തോഷാശ്രു വീതം പൊഴിച്ച്‌ മാത്തന്‍ തൊട്ടപുറത്തിരുന്നു.

നേര്‍ച്ചപ്പെട്ടിയിലുള്ള കാശു മുഴുവന്‍ തോര്‍ത്തു മുണ്ടിലാക്കി എഴുന്നേറ്റ്‌ 2 അടി വെച്ചപ്പോഴേക്കും നേരത്തെ പുകച്ച സ്വര്‍ഗ്ഗബീഡി അവരെ സ്വര്‍ഗ്ഗതിലെത്തിച്ചിരുന്നു.

അവരുടെ ഭാഗ്യം കൊണ്ടോ നിര്‍ഭാഗ്യം കൊണ്ടോ അവര്‍ സ്വര്‍ഗ്ഗത്തിലെത്തി ആദ്യം മീറ്റ്‌ ചെയ്തത്‌ 'നിദ്രാ ദേവിയെ' ആയിരുന്നു. ദേവി ഒരു അമാന്തവും കാണിക്കാതെ 2 കയ്യും പൊക്കി അവരെ അനുഗ്രഹിച്ചു.

ആ അനുഗ്രഹം ഏറ്റുവാങ്ങിയ ഉടനെ അവര്‍ 2 പേരും ഭൂമി ദേവിയെ ചുംബിച്ചു കൊണ്ട്‌ ആ പള്ളിമുറ്റത്ത്‌ സാഷ്ടാങ്കം നമസ്കരിച്ചു.

പിറ്റേ ദിവസം പുലര്‍ച്ചെ പള്ളിയിലെത്തിയ കപ്യാര്‌ കാണുന്നത്‌, തുറന്നു കിടക്കുന്ന കാണിക്ക വഞ്ചിയും , പണമടങ്ങുന്ന തോര്‍ത്തുമായി അവിടെ കിടക്കുന്ന തമിഴനേയും, തമിഴന്റെ മുകളിലായി കിടക്കുന്ന മാത്തനേയുമാണ്‌.

പണത്തെ പറ്റി മാത്തനുള്ള അജ്ഞ്യത അറിയാവുന്ന കപ്യാരുടെ ഉള്ളിലെ തിരകഥാകൃത്തുണര്‍ന്നു... നിമിഷ നേരം കൊണ്ടു എഴുതി തീര്‍ത്ത ആന്റി ക്ലൈമാക്സുമായി കപ്പയ‍ര്‍ നാട്ടുകാരെ വിളിച്ചുണര്‍ത്തി..."

നേര്‍ച്ച പെട്ടിയിലെ പണം കവരാന്‍ നോക്കിയ തമിഴനെ, മാത്തന്‍ ഒരു മല്‍പിടിത്തത്തിലൂടെ കീഴടക്കി..., അതിനിടെ താഴെ വീണ 2 പേരുടേയും തല ഒരു കല്ലിലിടിച്ച്‌ ബോധം നഷ്ടപെട്ട്‌ പള്ളിമുറ്റത്ത്‌ കിടക്കുന്നു..."

നാട്ടുകാരുടെ ബഹളവും ഈ കഥയും കേട്ടുണര്‍ന്ന തമിഴനും മാത്തനും നേര്‍ച്ചപ്പെട്ടിയും ഒരേ ശബ്ദത്തില്‍ ഞെട്ടി...

ഒരു രാത്രി ഇരുട്ടി വെളുത്തപ്പഴേക്കും അങ്ങനെ ഉത്തമസുഹൃത്തുക്കള്‍ ആയിരുന്ന ആ തമിഴന്‍ വില്ലന്‍ പരിവേഷത്തോടെ പോലീസ്‌ സ്റ്റേഷനിലും, മാത്തന്‍ ഒരു വീരപുരുഷനായി മാങ്കായിയിലെ ജന സഹസ്രങ്ങളുടെ ഹൃദയത്തിലും പ്രതിഷ്ഠിക്കപെട്ടു...

...ശുഭം...

സസ്നേഹം
പണിക്കന്‍

Friday, June 30, 2006

വാഗണ്‍ ട്രാജഡി

കഴിഞ്ഞ ശനിയാഴ്ച സൂര്യന്‍ കട തുറക്കും മുന്‍പേ ഞങ്ങള്‍ മേട്ടുപ്പാളയം റെയില്‌വേ സ്റ്റേഷനില്‍ എത്തി... അവിടെ നിന്നു ഊട്ടിക്ക്‌ മീറ്റര്‍ ഗേജ്‌ ട്രെയിനില്‍ പോവുകയാണ്‌ ഞങ്ങളുടെ ലക്ഷ്യം...

7.15 ന്‌ പുറപ്പെടുന്ന ട്രെയിനിന്‌ 5.45 ന്‌ ടിക്കറ്റ്‌ കൊടുത്ത്‌ തുടങ്ങും. അതിന്‌ ഇനിയും ഒരു മണിക്കൂര്‍ ഉണ്ടെന്ന തിരിച്ചറിവ്‌ ഞങ്ങളെ ഒരു ചായ കപ്പും പിടിച്ച്‌ ബെഞ്ചുകളിലേക്കു ചായാന്‍ പ്രേരിപ്പിച്ചു... എന്നാല്‍ ആ ചായകടക്കാരന്‍ അവിടത്തെ ചിട്ടവട്ടങ്ങളെ കുറിച്ച്‌ പകര്‍ന്നു തന്ന ജ്ഞ്യാനോപദേശം ഞങ്ങളെ കര്‍ത്തവ്യ നിരതരാക്കി... അവിടെ ക്യൂ നിന്നാലെ ട്രെയിനില്‍ കയറാന്‍ പറ്റു എന്നതായിരുന്നു അതിലെ മഹത്ത്‌വചനം...

അതു വരെ അവിടെ ബെഞ്ചില്‍ ഇരുന്നിരുന്ന ഒരു 6 അംഗ തമിഴ്‌ കുടുംബം ഒരു ക്യൂ ആയി രൂപാന്തരം പ്രാപിക്കുന്നതു കണ്ടപ്പോള്‍ അതിന്റെ വാലറ്റം നോക്കി ഞങ്ങളും പിടിമുറുക്കി... 2 പേര്‌ ടിക്കറ്റ്‌ കൌണ്ടറിലും സായുധം അണി നിരന്നു...

5.45 ആയപ്പൊള്‍ കൌണ്ടറിലിരുന്ന കൊമ്പന്‌മീശക്കാരന്‍ ഞങ്ങളുടെ ചീട്ടു കീറി ;)... അങ്ങനെ ഞങ്ങള്‍ 10 പേരും ട്രെയിന്‍ കേറാനുള്ള ക്യൂവിന്റെ ഭാഗമായി. പക്ഷെ അതിനകം ഞങ്ങള്‍ വാലറ്റം വിട്ടു നടു കഷ്ണം ആയിരുന്നു... ഞങ്ങളുടെ സഹക്യൂവന്‍മാരായി 3 മദാമമാരും 2 സായിപ്പുമാരും എത്തിപെട്ടിരുന്നു.

ട്രെയിന്‍ യാത്രക്കിടയില്‍ കാണാന്‍ പോവുന്ന കാഴ്ചകളെ പറ്റിയും എടുക്കേണ്ട ഫോട്ടോകളെ പറ്റിയും ആയി ഞങ്ങളുടെ ചര്‍ച്ച... ഇതിനിടയില്‍ മിനിറ്റ്‌ സൂചി ഓരൊ അടി മുന്നോട്ടു വെക്കുമ്പോഴും ഞങ്ങളുടെ മുന്നിലെ തമിഴ്‌ കുടുംബത്തിന്റെ അംഗ സംഖ്യ കൂടിവരുന്നതു ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു... അതിന്റെ ഒരു ഗുട്ടന്‍സ്‌ അറിയാന്‍ ശ്രദ്ധിച്ചപ്പോള്‍ കണ്ടതു 'മച്ചാ' 'മാമ്മീ' വിളികളോടെ കുശലം പറയാന്‍ എത്തുന്ന തമിഴന്‍മാര്‍ ബാങ്ക്‌ളൂര്‌ കണ്ട സോഫ്റ്റ്‌വെയര്‍ എങ്ങിനീയേര്‍സിനെ പോലെ (ആ കൂട്ടത്തില്‍ പെട്ട എല്ലാവരും എന്നൊടു ക്ഷമിക്കൂ...) പിന്നീട്‌ അവിടെ സ്ഥിരതാമസമാക്കുന്നതാണ്‌...

എതാനും നിമിഷങ്ങള്‍ക്കകം സന്തോഷ്‌ ട്രോഫിയുടെ ഉല്‍ഘാടനത്തിന്‌ കളിക്കാര്‍ അണി നിരക്കുന്നതു പോലെ മുന്‍പില്‍ തമിഴ്‌നാട്‌ ടീം തൊട്ടു പുറകിലായി കേരള ടീം എന്ന അവസ്ഥയായി...

കാര്യങ്ങള്‍ കൂടുതല്‍ വഷളാവുന്നതിന്‌ മുന്‍പ്‌ ഞങ്ങള്‍ ഇടപെട്ടു കുടിയേറ്റക്കാരുടെ ഒഴുക്കു നിയന്ത്രിച്ചു...

റിസര്‍വേഷനും കഴിഞ്ഞു ബാക്കി ഉള്ള സീറ്റുകളിലേക്ക്‌ ചായാനുള്ള ആള്‍കാരുടെ ക്യൂവിന്റെ വലുപ്പം ഞങ്ങളെ ചായകടക്കാരന്റെ ഉപദേശം നമ്പര്‍ 2 ഓര്‍മ്മപ്പെടുത്തി... അതനുസരിച്ച്‌ ഞങ്ങള്‍ അവിടെ ഉണ്ടായിരുന്ന ഗാര്‍ഡുമാരില്‍ ഒരാള്‍ക്കു നേരെ മയക്കുവെടി വെക്കാന്‍ തീരുമാനിച്ചു... അവിടെ കണ്ട 2 ഗാര്‍ഡുമാരില്‍ മനുഷ്യകോലം ഉള്ള ഒരാള്‍ടെ നേരെ 20 കേരള മണീസ്‌ നീട്ടികൊണ്ട്‌ അയാളെ കൂട്ടില്‍ കേറ്റി... സ്വന്തമായി ഒരു ബോഗി തന്നെ ഞങ്ങളുടെ പേരില്‍ എഴുതി തരാം എന്ന ആ ഗാര്‍ഡിന്റെ ഭാഷണത്തില്‍ മനം കുളിര്‍ത്ത്‌ ഞങ്ങള്‍ വീണ്ടും ക്യൂവാന്‍ നിന്നു...

അവിടെ ഉണ്ടായിരുന്ന ആ രണ്ടാമന്‍ ഗാര്‍ഡിന്റെ കണ്ണുകളില്‍ കണ്ടതു 20 വെള്ളിനാണയം അയാള്‍ക്കു കിട്ടാത്തതിന്റെ ദീന ഭാവമോ... അതൊ ക്രോധത്തിന്റെ തീക്കനല്ലോ???

ആ... എന്തായാലും അതൊക്കെ ചിന്തിച്ചെടുക്കാന്‍ നമുക്കെവടെ സമയം...

ഒരു ചെറിയ കാത്തിരുപ്പിനു ശേഷം 7 മണി ആയപ്പൊള്‍ എഞ്ചിനില്‍ നിന്നു പ്രതീക്ഷയുടെ വെള്ള പുക ഉയര്‍ന്നു. ഉടനെ തന്നെ എഞ്ചിന്‍ വാം അപ്പ്‌ തുടങ്ങി.. 2-3 തവണ മുന്നോട്ടും പിന്നോട്ടും ഓടി തന്റെ കഴിവില്‍ വിശ്വാസം വന്ന എഞ്ചിന്‍, ബോഗി സുഹൃത്തുകളേം കൂട്ടി പടയോട്ടത്തിനു തയ്യാറായി ഞങ്ങളുടെ മുന്നിലെത്തി...

അയ്യോ... ഇതല്ലേ കിലുക്കത്തില്‍ രേവതി വന്നിറങ്ങിയ ആ ട്രെയിന്‍... ഇതല്ലേ ദില്‌സേയില്‍ ഷാരുഖ്ഖാന്‍ ചയ്യ ചയ്യ പാടിയ ആ ട്രെയിന്‍... അതെ അതു തന്നെ... അതില്‍ കേറി നീലഗിരിയുടെ സിരകളിലൂടെ ഒരു യാത്ര എന്ന സ്വപ്നം ഇതാ സാക്ഷാത്ക്കരിക്കാന്‍ പോവുന്നു...

മുന്‍പിലെ ക്യൂവന്‍മാര്‍ ഓരോരുത്തരായി ട്രേയിനിനുള്ളിലേക്ക്‌ ആവുമ്പോഴും ഞങ്ങളുടെ കണ്ണുകള്‍ ഞങ്ങള്‍ തളച്ച ആ ഗാര്‍ഡിനെ തിരയുകയായിരുന്നു...

മുന്നിലുള്ളവരെല്ലാം തീര്‍ന്നു ഞങ്ങളുടെ ചാന്‍സ്‌ എത്തിയപ്പോള്‍ അതുവരെ ഭയപ്പെട്ടിരുന്ന ആ വാചകം ഒരു ഗാര്‍ഡിന്റെ വായില്‍ നിന്നും വീണു... "2 പേര്‍ ഇങ്ങ വാങ്കൊ..." ഈശ്വരാ... കൂട്ടത്തിലെ 2 പേര്‍ അയല്‍ ബോഗിയില്‍ ആവാന്‍ പോവുന്നു... പക്ഷെ കൃത്ത്യ സമയത്ത്‌ ആ 20മണീസ്‌ ഗാര്‍ഡ്‌ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടു...

ഇവന്‍മാരു മ്മടെ സ്വന്തം ഗഡീസ്‌ ആണ്‌. ഇവന്‍മാരെ ഒറ്റ ബോഗിയിലേക്കു താങ്ങിക്കോ എന്ന ആ ഗാര്‍ഡിന്റെ തമിഴിലുള്ള ഡയലോഗ്‌ തള്ളികളയാന്‍ ആ രണ്ടാമന്‍ ഗാര്‍ഡിനായില്ല...അങ്ങനെ ഞങ്ങള്‍ 10 പേരും 8 സീറ്റുള്ള ഒരു കൊച്ചു ബോഗിയില്‍ ഒന്നിച്ചായി... ആനന്ദ ലബ്ധിക്കിനിയെന്തു വേണം... ഒരു മനോഹരമായ യാത്രയിതാ ഞങ്ങളുദെ മുന്‍പില്‍ ഡബിള്‍ ബെല്ല്‌ കാത്തു കിടക്കുന്നു...

പക്ഷെ....

സ്വപ്നങ്ങളുടേയും ആര്‍മാദനങ്ങളുടേയും ഒച്ച ഉച്ചസ്ഥാനിയിലായിരുന്ന ആ ബോഗി പെട്ടന്നു സൌണ്ട്‌ കാര്‍ഡ്‌ അടിച്ചുപോയ സിസ്റ്റം പോലെ നിശബ്ദമായി... അതാ ആ ബോഗിയുടെ സ്വപ്ന കവാടം തുറന്ന്‌ 9 ഫുള്ള്‌ ടിക്കറ്റ്‌സും 2 ഹാഫ്‌ ടിക്കറ്റ്‌സും ഉള്ളിലേക്കു വരുന്നു... അവര്‍ക്കു പുറകില്‍ ഞങ്ങളെ നോക്കി നില്‍ക്കുന്ന 32 പല്ലുകള്‍... അതിന്റെ ഉടമസ്ഥനെ കാണാന്‍ സൂം ഔട്ട്‌ ചെയ്തപ്പോള്‍ കാണുന്നത്‌ ആ രണ്ടാമന്‍ ഗാര്‍ഡിന്റെ മനുഷ്യകോലമില്ലാത്ത വദനമാണ്‌... തനിക്കു തരാതെ തന്റെ സഹവര്‍ക്കനു 20 മണീസ്‌ കൊടുത്തതിന്റെ പ്രതികാരത്തിന്റെ പ്രദര്‍ശനമായിരുന്നു ആ 32 പല്ലുകള്‍..

ഇവങ്കളും ടിക്കറ്റ്‌ എടുത്തവര്‍ താന്‍..ഇവങ്കളേയും ഇങ്കെ അഡ്ജസ്റ്റ്‌ സെയ്തു താന്‍ ആകണം... എന്ന ഗാര്‍ഡിന്റെ തമിഴ്‌മൊഴി കൂടി കേട്ടപ്പോള്‍ ഞങ്ങള്‍ സംതൃപ്ത്തരായി...

യാത്രയുദെ രസം പോയെങ്കിലും സൈഡ്‌ സീറ്റ്‌ കിട്ടിയതു കൊണ്ട്‌ എനിക്കെന്തായാലും കാഴ്ചകള്‍ കണ്ടിരിക്കാം എന്നു ആശ്വസിക്കുമ്പൊള്‍ ദേ വരുന്നു ഒരു ഹിന്ദി പാര...

'അരേ... ചോട്ടു...ചിങ്കീ... തും ലോഗ്‌ ഉസ്‌ അങ്കിള്‍ കെ സാത്‌ ബൈട്നാ... ഉധര്‍സെ സബ്‌ കുച്ച്‌ ദേഖ്‌ സക്താ ഹെ...'

ഇതു പറഞ്ഞു തീരും മുന്‍പു എന്റെയോ എന്റെ മടിയുടേയോ അനുവാദം കൂടാതെ 2 ഹാഫ്‌ ടിക്കറ്റ്‌സും എന്റെ മടിയില്‍ സ്ഥാനം പിടിച്ച്‌ കഴിഞ്ഞിരുന്നു...

കിലുക്കത്തില്‍ രേവതിക്കു വട്ടായി പോയതിന്റേയും... ദില്‌സേയില്‍ ഷാരുഖ്ഖാന്‍ ട്രെയിനിന്റെ മുകളില്‍ കേറിയതിന്റേയും ഉള്‍പൊരുള്‍ എനിക്കു അപ്പഴാണ്‌ മനസ്സിലായത്‌...

നീലഗിരിയുടെ സൌന്ദര്യം ആസ്വദിക്കാന്‍ ട്രെയിനില്‍ കേറിയ ഞങ്ങള്‍ തമിഴന്‍മാരും ഹിന്ദിക്കാരും ഉള്‍പ്പെടെ പതിനൊന്നു പേര്‍ അടങ്ങുന്ന ഇന്ത്യന്‍ ജനതയുടെ ഷര്‍ട്ടിലെ ബട്ടന്‍സെണ്ണി ആ നീണ്ട 5 മണിക്കൂര്‍ യാത്ര ആനന്ദകരമാക്കി... ഇടയ്ക്കു കൈ ഒന്നു അനക്കാന്‍ അവസരം കിട്ടുമ്പോള്‍, കയ്യിലുള്ള ക്യാമറ ഒന്നു പുറത്തേക്കു നീട്ടി...ഒന്നു ക്ലിക്കി... പുറം ലോകം കാണുകയായിരുന്നു ഏക ആശ്വാസം...

രാവിലെ കുടിച്ച ഒരു ചായയും ചായക്കടക്കാരന്‍ വയറു നിറച്ച്‌ തന്ന ഉപദേശങ്ങളും ദഹിച്ചു കഴിഞ്ഞപ്പോഴും, വിശപ്പിന്റെ വിളി മനപ്പൂര്‍വ്വം കേട്ടില്ലെന്നു നടിക്കേണ്ടി വന്ന ഞങ്ങള്‍, അതുവരെ 'അങ്കിള്‍ യെ ക്യാ ഹെ... വൊ ക്യൂ എയ്സി ഹെ' എന്നൊക്കെ ചോദിച്ച്‌ സാമാന്യം ഭേതപ്പെട്ട രീതിയില്‍ എന്നെ ശല്യപ്പെടുത്തികൊണ്ടിരിക്കുകയും, പിന്നീട്‌ അഛന്റെ കയ്യില്‍ നിന്നു റോബസ്റ്റയും ബിസ്കറ്റും കിട്ടിയപ്പോള്‍ 'അങ്കിള്‍...യെ ഹം കേയ്സെ ഖാവോഗെ...' എന്നു ചോദിക്കപോലും ചെയ്യാതെ അതു മുഴുവന്‍ തിന്നു തീര്‍ക്കുകയും ചെയ്ത ആ ചോട്ടുവിനും ചിങ്കിക്കും ഞങ്ങളുടെ പ്രാക്കിന്റെ ഒരു അംശം കിട്ടരുതേ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട്‌ യാത്ര തുടര്‍ന്നു......

ശുഭം...

സസ്നേഹം
പണിക്കന്‍

Tuesday, June 13, 2006

മൂന്നാറു പന്ത്രണ്ട്‌ ('12') ഒടുക്കം

പിന്നെ ഉദ്വേഗജനകമായ നിമിഷങ്ങളായിരുന്നു. വലതുകൈ നഷ്ടപ്പെട്ട ആ കാര്‍ ഒരു ഭ്രാന്തനെ പോലെ റോഡില്‍ തീപ്പൊരി പാറിച്ചു കൊണ്ട്‌ മുന്നോട്ടു പോയി.

ഒരു ഡിസ്കഷനു ശേഷം വണ്ടി അടുത്ത പോസ്റ്റില്‍ ഇടിച്ചു നിര്‍ത്താനുള്ള കൊണ്‍ക്ലൂഷനില്‍ എത്തിയ ഞങ്ങള്‍ കണ്ടത്‌ ആ പഞ്ചായത്തില്‍ ആകെ ഉള്ള ഒരു പോസ്റ്റില്‍ ചാരി ബസ്സും കാത്തു നിക്കണ രണ്ട്‌ ചുള്ളന്‍മാരേം, എന്റെ അച്ഛന്റെ റോട്ടില്‍ ഞാന്‍ ആര്‍ക്കും വഴിമാറി കൊടുക്കില്ല എന്ന മുഖഭാവത്തോടെ ഞങ്ങള്‍ക്കു നേരെ പാഞ്ഞടുക്കുന്ന ഒരു കെ.എസ്‌.ആര്‍.ടി.സി ബസ്സിനേം ആണ്‌.

അതോടെ അവസാനമായി ഒരു വിഭവസമൃദ്ധമായ സദ്യ കഴിക്കാന്‍ അവസരം ഒരുക്കിത്തന്ന 'ഞൂഞ്ഞി'യുടെ കുടുംബതിനോടും പള്ളി ഭാരവാഹികളോടും ഞങ്ങളുടെ പ്രത്യേക നന്ദി പ്രകാശിപ്പിച്ചുകൊണ്ട്‌, ഇഹ:ലോകതെ കച്ചോടം പൂട്ടാന്‍ ഞങ്ങള്‍ തയ്യാറായി.

പൊതുവെ മരണം കാണാന്‍ ഇഷ്ടമല്ലാത്ത വ്യക്തി എന്ന നിലക്ക്‌ ഞാനെന്റെ കണ്ണുകള്‍ അപ്പൊതന്നെ ഷട്ടറിട്ടു.പിന്നെ ആകെ കേട്ടറിഞ്ഞത്‌ ഒരു ഇടിമൊഴക്കവും അനുഭവിച്ചറിഞ്ഞത്‌ ഒരു ഭൂമികുലുക്കവും മാത്രമാണ്‌.

സ്വര്‍ഗ്ഗം കാണാനുള്ള കൊതിയോടെ കണ്ണു തുറന്നപ്പൊ കണ്ടത്‌, എവറസ്റ്റ്‌ കീഴടക്കിയ ടെന്‍സിങ്ങിനെ പോലെ ഒരു മണ്‍കൂനയില്‍ കയറികൂടി അതിന്‍മേലുള്ള ഒരു മരത്തിനോട്‌ കിന്നാരോം പറഞ്ഞിരിക്കണ കാറിനെയാണ്‌. നിസ്സാരമായ പൊട്ടലും ചീറ്റലുമല്ലാതെ ആര്‍ക്കും കാര്യമായ പരിക്കുകള്‍ ഒന്നും പറ്റീട്ടില്ല്യാന്ന്‌ എല്ലാവരുടെയും മുഖത്ത്‌ കണ്ട ആശ്വാസത്തില്‍ നിന്നു മനസ്സിലായി.

അങ്ങനെ എല്ലാം സമംഗളം പര്യവസാനിച്ചു എന്ന്‌ കരുതി പുറത്തേക്കിറങ്ങിയപ്പൊ കാണുന്നതു അടുത്ത ഒരു പറമ്പിലൂടെ താഴേക്കോടുന്ന രാജപ്പനേം അന്തോണ്യേം ആണ്‌.പുറകില്‍ ബൈക്കില്‍ വന്ന ഇവന്‍മാരിതെങ്ങോട്ട ഓടണേ എന്നു വിചാരിച്ച്‌ സൂക്ഷിചു നൊക്കിയപ്പോള്‍ കാണുന്നത്‌, ഈ സകല പ്രശ്നങ്ങള്‍ക്കും കാരണകാരനായ ആ വലത്തെ ടയര്‍ പ്രാണരക്ഷാര്‍ത്ഥം അവരുടെ മുന്നില്‍ ഓടുന്നതാണ്‌.

എന്നല്‍ ആ ടയര്‍ ഉരുണ്ട്‌ ചെന്നത്‌ ആ വീട്ടുമുറ്റത്ത്‌ കളിച്ചുകൊണ്ട്‌ നിന്ന ഒന്നര വയസ്സുകാരന്റെ നേര്‍ക്കാണെന്നും, മ്മടെ ഗഡീസ്‌ ഒരു അവസരോചിത ഫ്രണ്ട്‌ ഡൈവിങ്ങിലൂടെ ആ ടയറിനെ ആക്രമണത്തിനു മുന്‍പ്‌ കീഴടക്കി എന്നും, ഓടികൂടിയ ഒരു നാട്ടുകാരനില്‍ നിന്നു ഞങ്ങല്‍ കേട്ടറിഞ്ഞു.

വണ്ട്യെ ഒടിഞ്ഞ കയ്യും കാലും പ്ലാസ്റ്ററിടാന്‍ അടുത്തുള്ള ഒരു വര്‍ക്ക്ഷോപ്പില്‍ അഡ്മിറ്റ്‌ ചെയ്ത്‌, ഡിസ്റ്റാജ്‌ ചെയ്യുമ്പൊ കൂട്ടികൊണ്ടുവരാന്‍ ഞൂഞ്ഞിയെ എല്‍പ്പിച്ചു... ഞങ്ങള്‍ അടുത്ത ബസ്സില്‍ കേറി വീടണഞ്ഞു.

അങ്ങനെ മൂന്നാര്‍ യുദ്ധത്തില്‍ പങ്കെടുത്ത പന്ത്രണ്ട്‌ പോരാളികളും പിറ്റേ ദിവസം അടുത ടൂര്‍ പ്ലാന്നിങ്ങുമായി ആ ട്യൂഷന്‍ ക്ലാസ്സില്‍ വീണ്ടും ഒത്തുകൂടി...

സസ്നേഹം
പണിക്കന്‍

Monday, June 12, 2006

മൂന്നാറു പന്ത്രണ്ട്‌ (1'2')

തലേ ദിവസത്തെ പരിഭവം മാറാത്തതു കൊണ്ടാണോ എന്നറിയില്ല്യ, മടിച്ചു മടിച്ചു സൂര്യന്‍ ഞങ്ങളുടെ അടുത്തെതിയപ്പൊള്‍ 9.30 ആയി. പിന്നെയെല്ലാം യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു. 10.15 ആയപ്പഴേക്കും എല്ലാവരും കുളിച്ചൊരുങ്ങി കല്യാണത്തിനു പോവാന്‍ തയ്യാറായി.

കൃത്യസമയത്തു തന്നെ അടിമാലി പള്ളിമുറ്റത്ത്‌ ഞങ്ങളുടെ വണ്ടികള്‍ ബ്രേയ്ക്കിട്ടു. പള്ളിക്കകത്ത്‌ കേറി, തലേ ദിവസത്തെ 'ആര്‍മാദന ചരിതം' ഞൂഞ്ഞിയെ പറഞ്ഞു കേള്‍പ്പിക്കാനുള്ള ഉണ്ണന്റെ ആവേശത്തെ ഒറ്റ നോട്ടം കൊണ്ടു അച്ചന്‍ കെടുത്തി. 'മിമിക്സ്‌ പരേഡ്‌' എന്ന സിനിമേല്‌ ഇന്നസെന്റിന്റെ അച്ചന്‍ കഥാപാത്രം കാണിക്കണ പോലെള്ള രണ്ട്‌ തലയാട്ടലിലൂടെ അച്ചന്‍ ഞങ്ങളെ പള്ളിയില്‍ നിന്നും പള്ളിമുറ്റത്തെത്തിച്ചു.

കൂട്ടുകാരന്റെ അനിയത്തിടെ കല്യാണം മുറ്റത്തു നിന്നു കാണേണ്ട ഗതി വരുത്തിയ അച്ചന്റെ ക്രൂരമായ പ്രവൃത്തിയോടു തോന്നിയ നീരസം ഭക്ഷണ സമയം ആയപ്പൊള്‍ ഞങ്ങള്‍ സൌകര്യ പൂര്‍വം മറന്നു. ആങ്ങനെ അത്യന്തം അധ്വാനത്തോടും ആത്മാര്‍ത്ഥതയോടും കൂടി ആ ജോലിയും തീര്‍ത്തിട്ടു ഞങ്ങള്‍ മടക്കയാത്രക്കൊരുങ്ങി...

കാറിന്റെ വളയം പരവന്‍ ഏറ്റെടുത്തു. ഏതൊരു ടൂറിന്റെയും മടക്കയാത്ര പോലെ എല്ലാവരും ഓര്‍മകള്‍ അയവെറക്കി കാഴ്ചയും കണ്ടിരിപ്പായി.

വളവും തിരിവും കൊക്കകളും താണ്ടി സാമാന്യം നേര്‍വഴി ഒരു ഇറക്കം ആയപ്പൊള്‍ പെട്ടന്നു വണ്ടി ഒന്നു പാളി. സംഗതി വണ്ടിടെ കണ്‍ട്രോള്‍ പരവന്റെ കൈവിട്ടതായി ഞങ്ങള്‍ക്കു മനസ്സിലായി. ഇടഞ്ഞ ആനപുറത്തിരുന്ന്‌ പാപ്പാന്‍ ഇടത്താനേ വലത്താനേ അവടെനിക്കാനേ എന്നൊക്കെ പറയണ പോലെ പരവനും എന്തൊക്കയോ പിറുപിറുക്കുന്നുണ്ടായിരുന്നു. അതൊന്നും കേട്ട ഭാവം നടിക്കാതെ കാര്‍ പാമ്പിഴയുന്ന പോലെ വളഞ്ഞും പുളഞ്ഞും മുന്നോട്ടു പോവുന്നു.

ആ ഇറക്കം കഴിഞ്ഞു മുന്നോട്ടു പോയപ്പൊ, പെട്ടന്നു മുന്നിലേക്കു ചാടിവീണ ഒരു ലോറിയെ കണ്ടു ഞങ്ങളുടെ കാര്‍ ഒന്നു ഞെട്ടി... ഒപ്പം ഞങ്ങളും. എന്നാല്‍ പരവന്‍ ഒരു വിദഗ്ധമായ കൈ വെട്ടിക്കലിലൂദെ ഞങ്ങളുടേയും കാറിന്റെയും ജീവന്‍ രക്ഷിച്ചു.

ആ ഞെട്ടലില്‍ നിന്നു ഏറ്റവും ആദ്യം സ്ഥലകാല ബോധം തിരിച്ച്‌ കിട്ടിയ വ്യക്തി എന്ന നിലക്കു പരവന്റെ വായില്‍ നിന്നാണ്‌ ആദ്യ വാക്കു പുറത്തു ചാടിയത്‌. "മാഷെ ബ്രേക്ക്‌ ചവിട്ടിട്ടു കിട്ടണില്ല്യ..ടയറിനും എന്തോ ഒരു എളക്കം..."

അതു പറഞ്ഞു തീരും മുന്‍പ്‌ കാര്‍ മോഹന്‍ലാല്‍ സ്റ്റൈലില്‍ വലത്തൊട്ടൊന്നു ചരിഞ്ഞു. ഏന്താ സംഭവിച്ചതെന്നറിയാന്‍ പുറതേക്കു നോക്കിയ ഞങ്ങള്‍ കണ്ടത്‌ ഞങ്ങളുടെ കാറിനെ ഓവര്‍ടേക്ക്‌ ചെയ്യാന്‍ ശ്രമിക്കുന്ന ഒരു ടയറിനെ ആണ്‌.

കണ്ടപ്പൊള്‍ നല്ല മുഖ പരിചയം തോന്നിയ ആ ടയറിനെ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയിട്ടു ഞങ്ങളുടെ കാര്‍ ഉറക്കെ കരഞ്ഞു..."അയ്യൊ...എന്റെ ഫ്രന്റ്‌ വീല്‍..."

ക്ഷമിക്കൂ...ഇനീം തുടര്‍ന്നേ പറ്റു... അടുത്ത ഭാഗത്തോടെ തീര്‍ത്തോളാം

സസ്നേഹം
പണിക്കന്‍

മൂന്നാറു പന്ത്രണ്ട്‌ ('1' 2)

ജീവിതത്തില്‍ ആദ്യമായാണ്‌ ഞാന്‍ എഴുതുന്നത്ത്‌. തെറ്റുകളും കുറ്റങ്ങളും ക്ഷമിക്കുക. ഒരു യാത്ര വിവരണത്തില്‍ നിന്നന്നെ ആവട്ടെ എന്റെയും തുടക്കം...

മുന്‌കൂട്ടി നിശ്ചയിച പ്രകാരം എല്ലാവരും കൃത്യം 6 മണിക്കു തന്നെ മാഷിന്റെ അടുത്തെത്തി. ഞങ്ങള്‍ക്ക്‌ ജീവിതത്തിനും അക്കൌണ്ടന്‍സിക്കും ട്യൂഷന്‍ തരുന്ന മാഷിന്റെ വീട്ടില്‍ നിന്നാണു എല്ലാ നല്ലകാര്യങ്ങളും ഞങ്ങള്‍ തുടങ്ങാറ്‌. നാളെ അടിമാലി വെച്ച്‌ 'ഞൂഞ്ഞി'ടെ അനിയത്തിടെ കല്യണാണ്‌... നാളത്തെ കല്യാണത്തിനു ഇന്നു രാവിലെ തന്നെ എന്തിനാ പോണെ എന്ന ന്യായമായ സംശയം ഉന്നയിച്ച വീട്ടുകാരുടെ മുന്നില്‍, തങ്ങളുടെ സ്വതസിത്‌ധമായ നുണപറച്ചില്‍ പാടവം തെളിയിച്ചിട്ടാണ്‌ ഓരോരുത്തരും എത്തിയിരിക്കുന്നത്‌.

അങ്ങനെ മൂന്നു ബൈക്കിലും ഒരു അംബാസിഡര്‍ കാറിലും ആയി 'പന്ത്രണ്ട്‌' പോരാളികള്‍' 'മൂന്നാര്‍' എന്ന ലക്ഷ്യസ്ഥാനത്തക്കു പുറപ്പെട്ടു. ഒരു കൂട്ടുകാരന്റെ അനിയത്തിടെ കല്യാണം നടക്കുന്നതില്‍ ഞങ്ങള്‍ക്കുള്ള സന്തോഷത്തെ മറികടക്കാന്‍, വെറും മൂന്നും നാലും പേപ്പര്‍ പോയതിന്‌, ഡിഗ്രി എന്ന താങ്ങുവടി തരില്ല എന്നു പറഞ്ഞ യൂണിവേര്‍സിറ്റിയുടെ ശാഠ്യത്തിനുമായില്ല.

പാട്ടും പാരകളും ഒക്കെയായി ആ പടയോട്ടം ലക്ഷ്യത്തിലേക്ക്‌ അടുത്തുകൊണ്ടിരുന്നു. ഉത്തരവാദിത്വത്തിന്റെ കെട്ടുപാടുകളില്‍ അകപ്പെട്ടു ഞങ്ങലൊടൊത്ത്‌ കൂടാന്‍ കഴിയാത്തതിലുള്ള അസൂയ കൊണ്ടാണോ അതൊ ഞങ്ങളുടെ സ്വഭാവത്തിലുള്ള വിശ്വാസവും, ഞങ്ങളോടുള്ള സ്നേഹാധിക്യവും കൊണ്ടാണോ എന്നറിയില്ല ഉപദേശങ്ങളുടേയും അപകട സൂചനകളുടേയും കടിഞ്ഞാന്‍ ഞങ്ങളിലോരോരുത്തരിലും ചാര്‍ത്താന്‍ 'ഞൂഞ്ഞി' ഫോണിലൂടെ ശ്രമിച്ചു കൊണ്ടിരുന്നു.

ഷെയിന്‌ വോര്‍ണിന്റെ പന്ത്‌ ടെന്റുല്‍ക്കര്‍ തട്ടിയകറ്റുന്ന ലാഘവത്തോടെ ഞങ്ങള്‍ ഓരൊരുത്തരായി ആ ഉപദേശങ്ങളെ ബൌണ്ടറി ലൈനിനു പുറത്തേക്ക്‌ പായിച്ചു കൊണ്ടിരുന്നു.

പിന്‍സീറ്റ്‌ യാത്രകളെ പ്രേമിച്ചിരുന്ന ഞാന്‍ സ്വാഭാവികമായും വഴിയില്‍ എവിടെയൊ വെച്ച്‌ ആ അംബാസിഡര്‍ കാറിന്റെ പിന്നിലെ വലത്തെ അറ്റത്ത്‌ എത്തിപെട്ടിരുന്നു.

പഠിച്ച വിഷയത്തില്‍ യൂണിവേഴ്സിറ്റി ഡിഗ്രി കൊടുത്തില്ലെങ്കിലും, ബൈക്ക്‌ അഭ്യാസത്തില്‍ അനുഭവം ഏകിയ ഡിഗ്രി സെര്‍ട്ടിഫികറ്റുള്ള 'പരവനും', 'രാജപ്പനും', 'തോട്ടിയും' ആയിരുന്നു ബൈകിന്റെ സാരഥികള്‍.

അടിമാലി കഴിഞ്ഞു മൂന്നാര്‍ കേറ്റം കേറാന്‍ തുടങ്ങിയപ്പോള്‍ മലവണ്ട്‌ പോലെ 3 ബൈക്കും ഞാന്‍ ആദ്യം എന്നു പറഞ്ഞു പോവുന്നതു കണ്ടു. ഞങ്ങള്‍ കാറിലെ സി.ഡി. പ്ലെയറിലെ പാട്ടുകാരന്‍ പാടിത്തരുന്ന പാട്ടും കേട്ട്‌... അങ്ങനെ... ഒരു വളവ്‌ തിരിഞ്ഞപ്പോള്‍ കാണുന്നത്‌... 'പകല്‍ ആകാശത്തു നക്ഷത്രങ്ങളെ കാണാത്തത്‌ എന്തുകൊണ്ട്‌ ?' എന്നു ചിന്തിച്ചു നടു റോട്ടില്‍ കിടക്കുന്ന 'തോട്ടി'യേം ജിപ്പനേം ആണ്‌... പിന്നെ അവന്റെ സംശയത്തിന്‌ ഒരു ഉത്തരം കിട്ടാന്‍ ഒരു ഇഞ്ജക്ഷനും 5 സ്റ്റിച്ചും ഒരു സോഡ സര്‍വത്തും വേണ്ടി വന്നു...

അങ്ങനെ അവര്‍ക്കു 2 പേര്‍ക്കും കാറിലെ പിന്‍ സീറ്റില്‍ എന്റെ അടുത്തേക്കു പ്രമോഷന്‍ കിട്ടി. ആ വീഴ്ചയുടെ രസം പങ്കുവെച്ചു കഴിഞ്ഞപ്പഴേക്കും മൂന്നാറെത്തി.മാട്ടുപ്പെട്ടിയിലെ ക്ടാങ്ങളേം, രാജമലയിലെ വരയാടുകളേം പോയി കണ്ടു ഞങ്ങള്‍ പരിചയം പുതുക്കി.

വന്നു വന്നു, ഈശ്വരന്‍ കോടാനുകോടി വര്‍ഷങ്ങളുടെ പ്രയത്ന ഫലം കൊണ്ട്‌ വരച്ചു തീര്‍ത്ത മുന്നാറിലെ ആ രമണീയ ക്യാന്‌വാസില്‍ വരെ ഞങ്ങളുടെ കൈ പതിയും എന്ന സ്ഥിതി വന്നപ്പോള്‍, പ്രകൃതിയുടെ സ്പെഷ്യല്‍ റിക്ക്വസ്റ്റ്‌ പ്രകാരം സൂര്യന്‍ അര മണിക്കൂര്‍ മുന്‍പെ സ്കൂട്ടാവാന്‍ തീരുമാനിച്ചു. നാട്ടുകാരുടെ സ്പെഷ്യല്‍ റിക്ക്വസ്റ്റ്‌ പ്രകാരം ഞങ്ങളും റ്റാറ്റാ ഗസ്റ്റ്‌ ഹൌസ്‌ ചില്ലകളില്‍ ഞങ്ങള്‍ക്കായി ഒരുക്കിയ കൂടുകളിലേക്ക്‌ ചേക്കേറാന്‍ തീരുമാനിച്ചു...

തുടരും...

സസ്നേഹം
പണിക്കന്‍

Sunday, June 11, 2006

അങ്കം തുടങ്ങുന്നു

പലരുടേയും ബ്ലോഗുകള്‍ വായിച്ചു കിട്ടിയ പ്രചോദനം സഹിക്കവയ്യാതെ ആയപ്പൊള്‍ അവസാനം ഞാനും ബ്ലോഗാന്‍ തീരുമാനിച്ചു.

ഏല്ലാവരുടേയും അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിച്ചു കൊണ്ട്‌ ഞാനിതാ അങ്കം തുടങ്ങുന്നു...

സസ്നേഹം
പണിക്കന്‍