Sunday, July 23, 2006

കരിങ്കര്‍ക്കിടകം

എപ്പഴോ പെയ്തൊഴിഞ്ഞ മഴ ഈറനണിയിച്ച ആ കര്‍ക്കിടക സന്ധ്യയില്‍ രാമനാമ ജപവും നിറമാലയും കഴിഞ്ഞാളൊഴിഞ്ഞ അമ്പലപറമ്പിലെ കല്‍വിളക്കില്‍ ഒരു തിരി മാത്രം കെടാതെ നില്‍ക്കുന്നു... ആലിലകളില്‍ നാദം ചൊരിഞ്ഞൊഴുകിയെത്തിയ ഇളം കാറ്റത്ത്‌ ഒന്ന്‌ മങ്ങി തെളിഞ്ഞ ആ തിരിനാളങ്ങളേക്കാള്‍ തിളക്കമുണ്ടായിരുന്നു അവളുടെ നക്ഷത്ര കണ്ണുകള്‍ക്ക്‌...

നിലാവിന്റെ അഴകും നിത്യം ദേവപാദങ്ങളെ പുണരാന്‍ മാത്രമായി വിരിയുന്ന അമ്പലപറമ്പിലെ നന്ത്യാര്‍വട്ട പൂക്കളുടെ പുണ്യവും ഉള്ളവള്‍....

ഹൊ!!! ആ കുട്ട്യേ സമ്മതിക്കണം... ഒരൊറ്റ നോട്ടതില്‍ എന്നെ കൊണ്ട്‌ ഇത്രയൊക്കെ എഴുതിച്ചില്യേ... അല്ലെങ്കിലും ഈ പെണ്ണുങ്ങള്‍ടെ കാര്യൊക്കെ ഇങ്ങന്യാ... ഒരു നോട്ടം... ഒരു ചിരി... അവരുടെ ഉത്തരവാദിത്തം കഴിഞ്ഞു... പിന്നെ നമുക്കാണു ടെന്‍ഷന്‍ മുഴുവന്‍... ഈ കുട്ടി ഏതാ... എവിടത്ത്യാ... എന്നൊക്കെ അന്വേഷിച്ചു കണ്ട്‌ പിടിക്കണം... ആ എന്തു ചെയ്യാം ഞാന്‍ ഉത്തരവാദിത്തത്തില്‍ നിന്ന്‌ മാറി നില്‍ക്കാന്‍ താല്‍പ്പര്യമില്യാത്ത ഒരാളായി പോയി... ഇനി നാളെ തന്നെ അന്വേഷിച്ചിറങ്ങണം...

കുട്ടാ... നീ ഈ രാത്രി ആല്‍ത്തറേല്‌ എന്ത്‌ ചെയ്യാ... വന്ന്‌ ഊണ്‌ കഴിക്ക്‌...

ആ ദേ അമ്മ വിളിക്കണു... എന്റെ അടുത്ത ഉത്തരവാദിത്തത്തിനുള്ള സമയായി... ഇനി ഊണ്‌ കഴിഞ്ഞട്ടാവാം ബാക്കി സ്വപ്നം കാണല്‍... അതുവരെ എന്റെ സ്വപ്നങ്ങള്‍ക്ക്‌ പശ്ചാത്തല സംഗീതം ഒരുക്കിത്തന്ന കൊതുകുകളോട്‌ യാത്ര പറഞ്ഞ്‌ ഞാന്‍ വീട്ടിലേക്ക്‌ കേറി...

അങ്ങനെ ഊണും കഴിഞ്ഞു കട്ടിലിലേക്ക്‌ ചരിഞ്ഞ ഞാന്‍ പതിവ്‌ സ്വപ്നങ്ങളുടെ കൂടെ ഒന്നു രണ്ട്‌ എക്സ്ട്രാ ഗ്രൂപ്പ്‌ ഡാന്‍സ്‌ തള്ളി കേറ്റി അന്നത്തെ രാത്രി തള്ളി നീക്കി...

പിറ്റേ ദിവസം പതിവില്‍നിന്നും വ്യത്യസ്തമായി 6 മണി ആയപ്പോഴേക്കും എന്റെ ഉത്തരവാദിത്തങ്ങളുടെ പ്രഭാതം കണ്‍ച്ചിമ്മിയുണര്‍ന്നു...പിന്നെ അധികം സമയം കളയാതെ കുളിച്ചൊരുങ്ങി ഞാന്‍ അമ്പലതിലേക്കോടി...

ആ സമയത്ത്‌ എന്നെ അവിടെ കണ്ട്‌ അത്ഭുതപരതന്ത്രനായി, എന്റെ മുഖത്തേക്കും പേര്‌ പുറത്ത്‌ പറയാന്‍ താല്‍പര്യമില്ലാത ഏതോ ഭക്തന്‍ സംഭാവന നല്‍കി അമ്പല പറാമ്പില്‍ തൂക്കിയിട്ടിരിക്കുന്ന ക്ലോക്കിലേക്കും മാറിമാറി നോക്കി ശംഖുചക്രഗദാഹസ്തനായി നില്‍ക്കുന്ന സാക്ഷാല്‍ മഹാവിഷ്ണുവിന്റെ മുന്‍പില്‍ സ്ഥിരം പരാതികളുടേയും അപേക്ഷകളുടേയും കൂട്ടത്തില്‍ സ്വല്‍പം നാണത്തോടെ ഞാന്‍ ആ ആവശ്യം കൂടി ഉന്നയിച്ചു... ആ അജ്ഞ്യാത സുന്ദരിയെ ഒന്നു പരിചയപ്പെറ്റാന്‍ അവസരം ഉണ്ടാക്കിതരണേ ഭഗവാനേ...

രാമായണമാസത്തോടനുബന്ധിച്ച്‌ നിത്യവും നിറമാലയും വിളക്ക്‌ വെയ്പ്പും ഉണ്ട്‌ അമ്പലത്തില്‍. അതിനോടൊപ്പം ഭക്തര്‍ക്ക്‌ ദേവസന്നിധിയില്‍ പറ നിറക്കാനുള്ള സൗകര്യവും ഉണ്ട്‌... പഞ്ഞ മാസം എന്നറിയപ്പെടുന്ന കര്‍ക്കിടക മാസത്തില്‍ ഒട്ടും ചേരാത്തതാണെങ്കില്‍ കൂടി, എങ്ങനെയോ അതു അവിടത്തെ ഒരു വിശിഷ്ട ചടങ്ങായി തീര്‍ന്നിരുന്നു...അതിനുവേണ്ടി അനേകം ഭക്തജനങ്ങള്‍ വരികയും പതിവാണ്‌...

അതിനായി തുറന്നിരിക്കുന്ന സ്പെഷ്യല്‍ വഴിപാട്‌ കൗണ്ടറില്‍ ഇരുന്നാല്‍ അമ്പലത്തില്‍ വരുന്ന ആരെയും മിസ്സ്‌ ആവാതെ കാനാം എന്നുള്ളതിനാലും കഴിഞ്ഞ 2 ദിവസവും അവള്‍ അവിടെ വന്നു പറ നിറച്ചു എന്നതു കൊണ്ടും ആ കൗണ്ടറില്‍ ഇരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഞാന്‍ നേരത്തെ അമ്പലത്തില്‍ എത്തിയത്‌.

അമ്പല കമ്മറ്റി മെംബര്‍ എന്ന സ്ഥാനപേരിന്‌ ഉടമയാണെങ്കില്‍കൂടി കഴിഞ്ഞ 1 വര്‍ഷമായി അമ്പലത്തിലെ ഒരു പരിപാടിക്കും ഞാനെന്റെ മഹനീയ സേവനം നല്‍കിയിട്ടില്ല എന്ന കാരണം കൊണ്ട്‌ എന്റെ പെട്ടന്നുള്ള കൗണ്ടറിരുത്ത മോഹം എല്ലാവരിലും ഒരു സംശയം ജനിപ്പിക്കുമോ എന്ന സംശയമാണ്‌ എന്നെ രാവിലെ മുതലേ അമ്പലത്തില്‍ ചുറ്റിപ്പറ്റി നില്‍ക്കാന്‍ പ്രേരിപ്പിച്ചത്‌.

പതിവുപോലെ അന്നും സന്ധ്യക്കു മുമ്പേ വൈകുന്നേരമെത്തി... ഒരു കമ്മറ്റി മെംബര്‍ എന്ന നിലക്കുള്ള എന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ ഞാന്‍ ആ വഴിപാട്‌ കൗണ്ടറില്‍ ഉപവിഷ്ടനായി...

ഒരു പുഷ്പാഞ്ജലി... പേര്‌ രാമന്‍ നാള്‌ ഭരണി... ഒരു നെല്‍പ്പറ... പേര്‌ കല്യാണികുട്ടി നാള്‌ മൂലം... ഒരു അരിപ്പറ... ഒരു മലര്‌... ഒരെണ്ണ... വഴിപാടുകളും നാളും പേരും എഴുതിയെഴുതി ഞാന്‍ ചീട്ട്‌ കീറികൊണ്ടേയിരുന്നു. ആ ശബ്ദം കേള്‍ക്കാനായി... പേരറിയാനായി... കാതോര്‍ത്ത്‌...

ഒരു ഐമ്പറ...(അഞ്ചു പറ)

ആ ശബ്ദം കേട്ട്‌ മുഖമുയര്‍ത്തി നോക്കിയ ഞാന്‍ കണ്ടത്‌ എന്നെ തന്നെ നോക്കുന്ന ആ നക്ഷത്ര കണ്ണുകളും എനിക്കായി പുഞ്ചിരി തൂകുന്ന ആ ചെഞ്ചുണ്ടുകളുമാണ്‌...

പരിസരബോധം മറന്ന്‌ ഞാനുറക്കെ ചോദിച്ചു...

പേര്‌...

പേര്‌ അശ്വതി... നാളും അശ്വതി...

ആ വഴിപാട്‌ രസീറ്റില്‍ മേല്‍വിലാസം എഴുതാനുള്ള ഒരു കോളം ഇടാത്ത കമ്മറ്റി സെക്രട്ടറിയെ ഞാന്‍ ഒരു നിമിഷം ശപിച്ചു...

ഞാന്‍ ആ രസീറ്റ്‌ അവള്‍ക്കു നേരെ നീട്ടി... ഒരു ചെറുപുഞ്ചിരിയോടെ അതു ഏറ്റു വാങ്ങിയിട്ട്‌വള്‍ കാശു നീട്ടികൊണ്ട്‌ ചോദിച്ചു...

155 രൂപയല്ലെ?... എന്റേലിപ്പോ 150 രൂപെ ഉള്ളുലോ... 5 രൂപ നാളെ തന്ന മത്യോ?...

അയ്യൊ മതി..മതി... നാള്യോ മറ്റന്നാളോ എപ്പഴാ കുട്ടിക്ക്‌ സൗകര്യംച്ചാല്‍ അപ്പൊ തന്ന മതി... ദേ കണക്ക്‌ തെകക്കാന്‍ വേണ്ടി തല്‍കാലം എന്റെ കയ്യില്‍നിന്ന്‌ 5 രൂപ ഇടാം... എന്ന്‌ പറഞ്ഞ്‌ ഞാന്‍ അമ്മ പച്ചക്കറി വാങ്ങാന്‍ തന്ന കാശില്‍ നിന്ന്‌ അടിച്ചു മാറ്റിയ ആകെയുള്ള ആ 5 രൂപ കൗണ്ടറിലെ പണപ്പെട്ടിയില്‍ ഇട്ടു...

അതു കണ്ട്‌ നന്ദിയോടെയുള്ള ആ നോട്ടത്തിനും, ചിരിച്ചുകൊണ്ടു പറഞ്ഞ നന്ദി വാക്കിനും ഞാന്‍ വേറെ അര്‍ത്ഥം കണ്ട്വോ?

എന്തായാലും ആദ്യത്തെ ദിവസം തന്നെ പേരും നാളും കണ്ടു പിടിച്ചൂലോ എന്നോര്‍ത്തപ്പേ്പ്പാള്‍ എനിക്കു എന്നെ പറ്റി ഒരു അഭിമാനമൊക്കെ തോന്നി... ബാക്കി ഡീറ്റേയ്ല്‌സ്‌ വഴിയേ കണ്ടു പിടിക്കാം.

അങ്ങനെ അതൊരു പതിവായി. ഒരു പുതിയ ജോലി കിട്ടിയ മട്ടിലായിരുന്നു ഞാന്‍. ദിവസവും കൃത്യ സമയത്ത്‌ കൗണ്ടറില്‍ ഞാന്‍ ഇരിപ്പുറപ്പിക്കും.

അവള്‍ എന്നെ കാണാനും എന്നോട്‌ സംസാരിക്കാനും വേണ്ടി ദിവസവും ഐമ്പറ വെച്ചു...

ഒരു ഐമ്പറ...155 രൂപ... ഈ രണ്ടു വാക്കുകള്‍ മാത്രം പറഞ്ഞ്‌ ഞങ്ങള്‍ ദിവസവും ഞങ്ങളുടെ മനസ്സും ഹൃദയവും കൈമാറി പോന്നു...

അങ്ങനെ നീളം കൂടിയ പകലുകളും അവളുടെ സാനിദ്ധ്യമുള്ള നൈമിഷികസന്ധ്യകളും കൈകോര്‍ത്തിണങ്ങി 8 ദിവസങ്ങള്‍ കഴിഞ്ഞു...

എന്നാല്‍ പിറ്റേ ദിവസം എന്റെ എല്ലാ സ്വപ്നദീപങ്ങളും ഊതിക്കെടുത്തികൊണ്ട്‌, ഞാന്‍ അവള്‍ക്കായി എഴുതിവെച്ച രസീറ്റ്‌ ഏറ്റു വാങ്ങാന്‍ അവള്‍ വന്നില്ല... അതു കഴിഞ്ഞുള്ള 2 ദിവസങ്ങളിലെ സന്ധ്യകള്‍ക്കും പകലുകള്‍ പോലെ നീള കൂടുതല്‍ അനുഭവപെട്ടു...

മൂന്നാം ദിവസം പതിവുപോലെ ദേവസന്നിധിയില്‍ അന്നത്തെ ലിസ്റ്റ്‌ അവതരിപ്പിച്ച്‌ കൗണ്ടറില്‍ ഇരിപ്പുറപ്പിചപ്പോള്‍ അമ്പലകമ്മറ്റി പ്രസിഡന്റ്‌ മേനോന്‍ ചേട്ടനും അമ്പലത്തിലെ വാര്യരും തമ്മിലുള്ള സംഭാഷണത്തിലെ ഓരോ വാക്കും കൂരമ്പുകളായി എന്റെ നെഞ്ചില്‍ തറച്ചു...

മേന്‍നേ... അറിഞ്ഞില്യേ... മ്മടെ മോഹനന്‍ ഡോക്റ്റര്‍ടെ മോളില്യേ... അശ്വതി... ആ കുട്ടിടെ കല്യാണം ശരിയായിത്രേ.. പയ്യന്‌ അമേരിക്കേല്‌ ഏതോ വല്യേ കമ്പനീലാ ജോലീന്ന്‌...

ഞാനന്നേ പറഞ്ഞില്യേ വര്‌രേ... ഭഗവാന്റെ നടക്കില്‌ 10 ദിവസം മൊടങ്ങാതെ പറ വെച്ചാ എന്താഗ്രഹിച്ചാലും നടക്കുമ്ന്ന്‌...

ഈശ്വരാ... അപ്പൊ ഇത്രേം ദിവസം എന്നെ നോക്കി ചിരിക്കുമ്പഴും ആ കുട്ടി മനസ്സില്‍ ആഗ്രഹിച്ചിരുന്നത്‌ ഇതാണോ? അപ്പൊ ആ കുട്ടി എന്ന്‌ ചതിക്യായിരുന്നോ? എന്നൊക്കെ ആലോചിച്ചിരുന്ന എന്റെ കണ്ണുകളില്‍ നിന്ന്‌ വീണ ഒരു തുള്ളി കണ്ണീര്‍ അവള്‍ക്കായി അന്നും എഴുതിവെച്ചിരുന്ന ആ രസീറ്റിലെ അവളുടെ പേരിനു മുകളില്‍ വീണ്‌ പരന്നു...

ഒരു ഐമ്പറ...

ദുഖഭാരത്താല്‍ കുനിഞ്ഞ എന്റെ മുഖം ആ ശബ്ദം കേട്ടപ്പോള്‍ ഉയര്‍ന്നു...

ഇടറിയ കണ്‌ഠതില്‍ നിന്ന്‌ പുതുപ്രതീക്ഷയുടെ സ്വരം പുറത്തു വന്നു...

പേര്‌...

പേര്‌ രേവതി... നാളും രേവതി...

രസീറ്റെഴുതി അവള്‍ക്കു നേരെ നീട്ടിയപ്പോള്‍ ഞാന്‍ കണ്ടത്‌ എന്നെ തന്നെ നോക്കുന്ന ആ നക്ഷത്ര കണ്ണുകളും എനിക്കായി പുഞ്ച്ചിരി തൂകുന്ന ആ ചെഞ്ചുണ്ടുകളുമാണ്‌...

...ശുഭം...

സസ്നേഹം
പണിക്കന്‍

Wednesday, July 05, 2006

മാങ്കായി മാത്തന്‍...

മാങ്കായി കവലയുടെ 2 കി.മി ചുറ്റളവിലുള്ള എല്ലാ വൃദ്ധജനങ്ങളും മരിക്കുന്നതു മാത്തനുണ്ടല്ലോ എന്ന ധൈര്യത്തിലാണ്‌. കാരണം മാങ്കായിലൊരു മരണം നടന്നാല്‍ ജാതി ഭാഷ വര്‍ണ്ണ ഭേതമന്യേ കുഴിയാണെങ്കിലും മാവാണെങ്കിലും വെട്ടി, പരേതന്റെ ആത്മാവിനെ ഇഹ: ലോകത്തു നിന്നും വണ്ടി കേറ്റി വിടുന്ന വരെയുള്ള സര്‍വ്വ സഹായങ്ങളും മാത്തന്‍ ചെയ്യും... നമ്മല്‍ ചുമ്മാ അങ്ങു മരിച്ചു കൊടുത്താ മതി ബാക്കി മുഴുവന്‍ മാത്തന്‍ ഏറ്റു എന്ന അവസ്ഥ... എന്തിനേറെ പറയുന്നു സാക്ഷാല്‍ യമദേവന്‍ തന്റെ കമ്പനിയിലെ സത്ജന വിഭാഗത്തിലേക്ക്‌ ആളെ റിക്രൂട്ട്‌ ചെയ്യുന്നതു മാത്തനു ഒഴിവുള്ള ഡേയിറ്റ്‌ നോക്കിയാണ്‌.

ചെയ്യുന്ന ഉപകാരങ്ങള്‍ക്കു മാത്തന്റെ കൂലി എന്നു പറഞ്ഞാല്‍ വയറു നിറച്ച്‌ ഭക്ഷണമാണ്‌. ഒഴിവു
സമയങ്ങളില്‍ പറമ്പിലെ പണികള്‍, കിണറു തേവല്‍, ദൈവസഹയം കുമാരന്റെ 'ദൈവസഹായം' റ്റീ സ്റ്റള്ളിലേക്കും, സ്വാമിയുടെ 'ലക്ഷ്മീസ്‌' ഹോട്ടലിലേക്കും ഉള്ള വിറകുകീറല്‍, പകല്‍ സമയങ്ങളില്‍ ഉടമസ്ഥനു വേണ്ടിയും രാത്രി സമയത്ത്‌ ദൈവസഹായം കുമാരനു വേണ്ടിയും ഉള്ള തെങ്ങുകേറ്റം (ഇതില്‍ രണ്ടാമതു പറഞ്ഞ തെങ്ങുകേറ്റം ഇതു വരെ തെളിയിക്കപ്പെടാത്ത കേസ്‌ ആണ്‌) എന്നീ എക്സ്റ്റ്രാ കരിക്കുലര്‍ ആക്റ്റിവിറ്റീസ്‌ ഉള്ളതിനാല്‍ മാത്തന്റെ 'വയറിനു' ഒരിക്കലും തൊഴില്‍ രഹിതനായി ഇരിക്കേണ്ടി വന്നിട്ടില്ല...

കൂലി ഭക്ഷണമായതുകൊണ്ട്‌, 'പണം' എന്നു പറയുന്ന ഒരു വസ്തു ഈ ഭൂലോകത്തില്‍ എല്ലാവരുടേയും കാണപ്പെട്ട ദൈവമായി വിരാജിച്ചിരുന്ന കാര്യം മാത്തന്‍ അറിഞ്ഞിരുന്നില്ല.

അത്യാവശ്യ ഘട്ടങ്ങളില്‍ മാത്തനെ അന്വേഷിച്ച്‌ അയല്‍ ദേശങ്ങളില്‍ നിന്നു ആള്‍ക്കാര്‍ വന്നു തുടങ്ങിയപ്പോള്‍ മാങ്കായിക്കാര്‍ 'മാങ്കായി മാത്തന്‍' എന്ന പേരില്‍ ഒരു പേറ്റന്റ്‌ എടുക്കുകയും അന്നു മുതല്‍ മാത്തന്‍ 'മാങ്കായി മാത്തന്‍' എന്നറിയപ്പെടാനും തുടങ്ങി...

അങ്ങനെ മാത്തന്‍ മാങ്കായിയുടെ ഒരു അവിഭാജ്യ ഘടകമായി കഴിഞ്ഞിരുന്ന കാലത്താണ്‌ ആ ദേശത്തെ പ്രശസ്ത കുടുംബങ്ങളിലൊന്നായ മാണിക്കവീട്ടിലെ പഞ്ചപാണ്ടവരില്‍ യുധിഷ്ഠിരനും, ആ ദേശത്തെ ഏക ഗള്‍ഫനുമായ ദാമോദരേട്ടന്‍ ഗള്‍ഫ്‌ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്കു തിരിച്ചു വരുന്ന വിവരം മാങ്കായി കവലയിലെ നോട്ടീസ്‌ ബോര്‍ഡിലെ പ്രധാന വാര്‍ത്തയാവുന്നത്‌.

അതിന്റെ മുന്നോടിയായി ദാമോദരേട്ടന്‍, മാങ്കായിക്കവലയുടെ ഹൃദയ ഭാഗത്ത്‌ സ്വത്ത്‌ ഭാഗം വയ്പ്പിന്റെ പരിണിത ഫലമായി തനിക്കു പതിച്ചു കിട്ടിയ ഭൂമിയില്‍ ഒരു വീടു പണിയാന്‍ തീരുമാനിക്കുകയും, അതിന്റെ ചുമതല മാണിക്കവീട്ടിലെ അര്‍ജ്ജുനനായ രവ്യേട്ടനെ എല്‍പിക്കുകയും ചെയ്തു.എല്ലാം യുദ്ധ കാലാടിസ്ഥാനത്തില്‍ ചെയ്തു തീര്‍ക്കണ്ടതു കൊണ്ട്‌ മാങ്കായിയിലെ ആസ്ഥാന മേസ്തിരിയായ 'രായപ്പേട്ടന്‍സ്‌ ബില്‍ഡിങ്ങ്‌ കമ്പനിയെ' ഒഴിവാക്കി, ടൌണിലുള്ള ഒരു കോണ്‍ട്രാക്റ്ററെ ഏല്‍പിച്ചു.

വീട്‌ നന്നായി പണിയുകയും, കാശ്‌ കൊടുക്കുന്നവനിട്ട്‌ പണിയാതിരിക്കുകയും ചെയ്യുന്നതില്‍ മലയാളികളേക്കാള്‍ ഭേദം തമിഴന്‍മാരാണ്‌ എന്ന്‌ തോന്നിയതു കൊണ്ടാവാം, ആ കോണ്ട്രാക്റ്റര്‍ ആ വീട്‌ പണിക്കായി ഒരു ലോഡ്‌ തമിഴന്‍മാരെ ഇറക്കി. താമസം ആ പറമ്പിലൊരു മുക്കിലും, ഭക്ഷണം ദൈവസഹായം റ്റീ സ്റ്റാളിലും.

ഇവര്‍ക്ക്‌ ഒരു സഹായത്തിനായി ഒരു നാട്ടുകാരന്‍ എന്ന നിലക്ക്‌ നമ്മുടെ മാത്തനേയും ഏര്‍പ്പാടാക്കി.

തമിഴന്‍മാരായുള്ള സമ്പര്‍ഗത്തില്‍ നിന്നും മാത്തന്‍ പല ലോക തത്ത്വങ്ങളും മനസ്സിലാക്കി.

കള്ളില്‍ ചേര്‍ക്കാനായി ദേവസ്യയുടെ കള്ളുഷാാ‍പ്പില്‍ 20 കുടം വെള്ളം എത്തിച്ച്‌ കൊടുത്താല്‍ കിട്ടുന്ന വെള്ളം ചേര്‍ക്കാത്ത 2 കുപ്പി കള്ളടിക്കുമ്പോള്‍ കാണുന്നതാണ്‌ യഥാര്‍ത്ഥ സ്വര്‍ഗം എന്നു തെറ്റി ധരിച്ചിരുന്ന മാത്തന്‍, പാണ്ടികള്‍ കയ്യിലിട്ടു പൊടിച്ചു ബീഡിക്കകത്താക്കി തരുന്ന ആ ഇലകള്‍ കത്തിച്ചു വലിച്ചതിനു ശേഷം, താന്‍ ഇത്രയും കാലം കണ്ടിരുന്നത്‌ ലോക്കല്‍ സ്വര്‍ഗ്ഗമാണെന്നും, ഇതു വലിച്ചപ്പോള്‍ കണ്ടതാണ്‌ യഥാര്‍ത്ഥ 5 സ്റ്റാര്‍ സ്വര്‍ഗ്ഗമെന്നും തിരിച്ചറിഞ്ഞു.

അന്നു മുതല്‍ ദിവസവും സന്ധ്യക്കു പുതുതായി കണ്ടു പിടിച്ച ആ സ്വര്‍ഗ്ഗത്തിലേക്ക്‌ ഒരു യാത്ര മാത്തന്‍ പതിവാക്കി.

കാര്യങ്ങളുടെ പോക്ക്‌ ഈ വിധമായപ്പോള്‍ ഒരു ദിവസം ഒരു തമിഴന്‍ മാത്തനോട്‌ ആക്രോശിച്ചു...' ഇനി ഉനക്ക്‌ സ്വര്‍ഗ്ഗ ബീഡി വേണംന്നാ ദുട്ട്‌ കൊടുക്കണം...'

മാത്തന്‍ അപ്പൊ തന്നെ തന്റെ ഡിക്ഷ്ണറിയില്‍ 'ദുട്ട്‌' സെര്‍ച്ചിനിട്ടു. അപ്പോള്‍ അതില്‍ തെളിഞ്ഞു വന്ന "ഡിഡ്‌ യു മീന്‍ 'പുട്ട്‌' " എന്ന ചോദ്യം മലയാളതിലാക്കി മാത്തന്‍ തമിഴനു നേരെ എറിഞ്ഞു... 'നീ പുട്ട്‌ എന്നാണോണ്ട്രാ ഉദേശിച്ചേ ?...''

അല്ലൈ... ദുട്ടു ന്ന പണം...' 'പണത്തുക്കു മീതെ പരുന്തും പറക്കാത്‌' 'പണമില്ലയെണ്ട്രാലവന്‍ പിണം' എന്നീ വരികളുടെ സഹായത്തോടെ താന്‍ ഉദ്ദേശിച്ച കാര്യം മാത്തനു കൂടുതല്‍ വ്യക്തമാക്കി കൊടുക്കാന്‍ ആ തമിഴന്‍ ശ്രമിച്ചു.

ആദ്യമായി 'മെഡുല്ല ഒബ്ലോങ്ങേറ്റ' എന്നു കേക്കുമ്പോള്‍ ആര്‍ക്കും ഉണ്ടാവാവുന്ന ഒരു അവസ്ഥയായിരുന്നു 'പണം' എന്നു കേട്ടപ്പോള്‍ മാത്തനും ഉണ്ടായത്‌... ഒന്നും മനസ്സിലാവാത്ത ഒരവസ്ഥ...

തമിഴന്‍ ഒരു ചെറിയ സ്റ്റഡി ക്ലാസ്സിലൂടെ പണതെ പറ്റി മാത്തനെ ബോധവാനാക്കി. പണതിന്റെ രൂപ ഭാവ ഗുണങ്ങള്‍ മനസ്സിലാക്കിയ മാത്തന്റെ മനസ്സില്‍ ആദ്യം തെളിഞ്ഞു വന്ന ചിത്രം പള്ളിയിലെ നേര്‍ച്ചപെട്ടിയും, അതിലിടാന്‍ ഷാപ്പു ദേവസ്യ തന്റെ കയ്യില്‍ നിത്യം തന്നു വിടാറുള്ള 'ഗ്യാസ്‌ മിഠായിയുടെ ഷേയ്പ്പും ലക്ഷ്മീസ്‌ ഹോട്ടലിലെ കാപ്പി ഗ്ലാസിന്റെ നിറവുമുള്ള ആ സാധനമാണ്‌'.

അങ്ങനെ തന്റെ സ്വര്‍ഗ്ഗ യാത്രക്കുള്ള കാശ്‌ കര്‍ത്താവിന്റെ കയ്യില്‍ നിന്നു തന്നെ അടിച്ചു മാറ്റാന്‍ മാത്തന്‍ തീരുമാനിച്ചു.

ഇതു കേട്ട സന്തോഷത്തില്‍ ആ നല്ലവനായ തമിഴന്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള രണ്ട്‌ ബീഡി ടിക്കറ്റ്‌ മാത്തന്‌ ഫ്രീ ആയി കൊടുക്കുകയും, ഒരു കയ്യ്‌ സഹായത്തിന്‌ താനും പള്ളിയിലേക്ക്‌ വരാം എന്നേല്‍ക്കുകയും ചെയ്തു...

അന്നു രാത്രി മാങ്കായി ഉറങ്ങിയതിനു ശേഷം 2 പേരും ഒരു ധൈര്യത്തിന്‌ തങ്ങളുടെ കയ്യിലുള്ള 2 സ്വര്‍ഗ്ഗബീഡി വീതം വലിച്ചൂതിയിട്ട്‌, അതേകിയ ഊര്‍ജ്ജത്തില്‍ പള്ളിയങ്കണത്തിലെത്തി.

ബെക്കാം ഫ്രീ കിക്ക്‌ എടുക്കുന്ന ലാഘവത്തോടെ ആ വഞ്ചിയുടെ രൂപത്തിലുള്ള നേര്‍ച്ചപ്പെട്ടി തുറന്ന തമിഴന്‍ കയ്യില്‍ കരുതിയിരുന്ന ഒരു ചുവന്ന തോര്‍ത്തു മുണ്ടിലേക്ക്‌ കാശ്‌ വാരിയിട്ടുകൊണ്ടിരുന്നു. തനിക്കു പുതുതായി കിട്ടിയ സുഹൃത്ത്‌ തനിക്കു വേണ്ടി കഷ്ട്ടപ്പെടുന്നതും നോക്കി, രണ്ടു കണ്ണിന്നും ഓരോ സന്തോഷാശ്രു വീതം പൊഴിച്ച്‌ മാത്തന്‍ തൊട്ടപുറത്തിരുന്നു.

നേര്‍ച്ചപ്പെട്ടിയിലുള്ള കാശു മുഴുവന്‍ തോര്‍ത്തു മുണ്ടിലാക്കി എഴുന്നേറ്റ്‌ 2 അടി വെച്ചപ്പോഴേക്കും നേരത്തെ പുകച്ച സ്വര്‍ഗ്ഗബീഡി അവരെ സ്വര്‍ഗ്ഗതിലെത്തിച്ചിരുന്നു.

അവരുടെ ഭാഗ്യം കൊണ്ടോ നിര്‍ഭാഗ്യം കൊണ്ടോ അവര്‍ സ്വര്‍ഗ്ഗത്തിലെത്തി ആദ്യം മീറ്റ്‌ ചെയ്തത്‌ 'നിദ്രാ ദേവിയെ' ആയിരുന്നു. ദേവി ഒരു അമാന്തവും കാണിക്കാതെ 2 കയ്യും പൊക്കി അവരെ അനുഗ്രഹിച്ചു.

ആ അനുഗ്രഹം ഏറ്റുവാങ്ങിയ ഉടനെ അവര്‍ 2 പേരും ഭൂമി ദേവിയെ ചുംബിച്ചു കൊണ്ട്‌ ആ പള്ളിമുറ്റത്ത്‌ സാഷ്ടാങ്കം നമസ്കരിച്ചു.

പിറ്റേ ദിവസം പുലര്‍ച്ചെ പള്ളിയിലെത്തിയ കപ്യാര്‌ കാണുന്നത്‌, തുറന്നു കിടക്കുന്ന കാണിക്ക വഞ്ചിയും , പണമടങ്ങുന്ന തോര്‍ത്തുമായി അവിടെ കിടക്കുന്ന തമിഴനേയും, തമിഴന്റെ മുകളിലായി കിടക്കുന്ന മാത്തനേയുമാണ്‌.

പണത്തെ പറ്റി മാത്തനുള്ള അജ്ഞ്യത അറിയാവുന്ന കപ്യാരുടെ ഉള്ളിലെ തിരകഥാകൃത്തുണര്‍ന്നു... നിമിഷ നേരം കൊണ്ടു എഴുതി തീര്‍ത്ത ആന്റി ക്ലൈമാക്സുമായി കപ്പയ‍ര്‍ നാട്ടുകാരെ വിളിച്ചുണര്‍ത്തി..."

നേര്‍ച്ച പെട്ടിയിലെ പണം കവരാന്‍ നോക്കിയ തമിഴനെ, മാത്തന്‍ ഒരു മല്‍പിടിത്തത്തിലൂടെ കീഴടക്കി..., അതിനിടെ താഴെ വീണ 2 പേരുടേയും തല ഒരു കല്ലിലിടിച്ച്‌ ബോധം നഷ്ടപെട്ട്‌ പള്ളിമുറ്റത്ത്‌ കിടക്കുന്നു..."

നാട്ടുകാരുടെ ബഹളവും ഈ കഥയും കേട്ടുണര്‍ന്ന തമിഴനും മാത്തനും നേര്‍ച്ചപ്പെട്ടിയും ഒരേ ശബ്ദത്തില്‍ ഞെട്ടി...

ഒരു രാത്രി ഇരുട്ടി വെളുത്തപ്പഴേക്കും അങ്ങനെ ഉത്തമസുഹൃത്തുക്കള്‍ ആയിരുന്ന ആ തമിഴന്‍ വില്ലന്‍ പരിവേഷത്തോടെ പോലീസ്‌ സ്റ്റേഷനിലും, മാത്തന്‍ ഒരു വീരപുരുഷനായി മാങ്കായിയിലെ ജന സഹസ്രങ്ങളുടെ ഹൃദയത്തിലും പ്രതിഷ്ഠിക്കപെട്ടു...

...ശുഭം...

സസ്നേഹം
പണിക്കന്‍