Sunday, February 25, 2007

കാരിക്കുഴി കോരന്‍ എം.എല്‍.എ

സ്വര്‍ഗ്ഗവും നരകവും എല്ലാം ഈ ഭൂമിയില്‍ തന്നെ ആണെന്ന തത്ത്വത്തെ എതിര്‍ക്കുന്നവര്‍ക്ക്‌ മുന്‍പില്‍ തന്റെ ജീവിതം തന്നെ മാതൃകയായി കാണിച്ചു ന്യായീകരിക്കാന്‍ തന്റേടമുള്ളവന്‍ ആയിരുന്നു വല്ലോന്‍കുടിയില്‍ ചാത്തന്‍ മകന്‍ വി.സി.കോരന്‍

നാലഞ്ച്‌ പതിറ്റാണ്ട്‌ മുന്‍പ്‌ അപ്പന്‍ ചെത്തിയിരുന്ന കാരിക്കുഴിയിലെ ഒട്ടുമിക്ക തെങ്ങുകളും ഇന്നു കോരന്റെ സ്വന്തമാണ്‌. അന്ന്‌ ചാത്തന്‍ നിത്യേന കുടം കമഴ്‌ത്തിയിരുന്ന തരുണീ തെങ്ങ്‌ മണികള്‍ മുതല്‍ അന്ന്‌ പാല്‍ പല്ല്‌ മുളയ്ക്കാത്ത തെങ്ങ്‌ ക്ടാങ്ങള്‍ വരെ ഇന്നു കോരനു വേണ്ടി കള്ളു ചുരത്തുന്നു.

ചെത്തുകാരന്‍ ചാത്തന്റെ മകന്‍ വി.സി.കോരനില്‍ നിന്നും ഷാപ്പുടമ കോരന്‍ മുതലാളി ആയതും പിന്നീട്‌ കാരിക്കുഴിയുടെ സ്വന്തം എം.എല്‍.എ കാരിക്കുഴി കോരന്‍ ആയതും എല്ലാം കെ.എസ്‌.ആര്‍.ടി.സി ബസ്സ്‌, സ്റ്റോപ്പില്‍ നിര്‍ത്തുന്നതു പോലെ തികച്ചും യാദൃശ്ചികം മാത്രം.

മറ്റു കുട്ടികളെ പോലെ പള്ളികൂടവും പഠനവും ആയി നടന്ന്‌ പാഴാക്കാനുള്ളതല്ല തന്റെ ജീവിതമെന്നും ദാഹിക്കുന്ന കാരിക്കുഴിയിലെ ജനങ്ങള്‍ക്ക്‌ ഒരിറ്റ്‌ കള്ള്‌ കൊടുക്കാനായാല്‍ അതാണ്‌ പുണ്യമെന്നും തന്റെ എട്ടാമത്തെ വയസ്സില്‍ തന്നെ തിരിച്ചറിഞ്ഞ്‌, കോരന്‍ സ്വന്തം പിതാവിനെ ഗുരുവായും കാരിക്കുഴിയിലെ തെങ്ങിന്‍ തോപ്പുകളെ തന്റെ വിദ്യാലയമായും സ്വയം തിരഞ്ഞെടുക്കുകയായിരുന്നു.

അങ്ങനെ പകല്‍ സമയങ്ങളില്‍ ഗുരുവിന്റെയൊപ്പം വിദ്യാലയങ്ങളില്‍ ചെത്തി നടന്ന്‌, ജീവിതത്തില്‍ താന്‍ പ്രതീക്ഷിക്കാത്ത പല ഉയരങ്ങളിലും എത്തിയ കോരന്‍, പതുക്കെ പതുക്കെ സ്പെഷ്യല്‍ ക്ലാസ്സ്‌ എന്ന പേരില്‍ രാത്രി കാലങ്ങളിലും ആ വിദ്യാലയത്തില്‍ കയറി തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ ഇടപെട്ട്‌ അവന്റെ അവിടുത്തെ പഠിപ്പും നിര്‍ത്തിച്ചു.

എന്നാല്‍ ആ കാലയളവില്‍ ബാല്യത്തില്‍ നിന്നും യൗവ്വനാവസ്ഥയിലേക്ക്‌ കാലെടുത്ത്‌ വെച്ചിരുന്ന കോരന്‍, നാട്ടുകാരോടുള്ള തന്റെ കടമയും തെങ്ങിനോടും കള്ളിനോടുമുള്ള തന്റെ വൈകാരിക ബന്ധവും കണക്കിലെടുത്ത്‌ ദേവസ്യ മുതലാളിയുടെ കള്ളുഷാപ്പില്‍ ജോലിക്കു പോവാന്‍ തയ്യാറായി.

ഷാപ്പിലെ സായാഹ്ന ചര്‍ച്ചകള്‍ക്കിടയില്‍ തെറിച്ചു വീഴുന്ന ചില വാക്കുകളും ചിന്തകളും പെറുക്കി കൂട്ടി കോരന്‍ തന്റെ അറിവിന്റെ ഭാണ്ഡം നിറച്ചു തുടങ്ങിയത്‌ ആ കാലത്താണ്‌. അങ്ങനെയാണ്‌ കോരന്റെ മനസ്സില്‍ തൊഴിലാളികളുടെ അവകാശബോധം ജനിക്കുന്നതും, തലക്കുമീതെ ചെങ്കൊടി പാറുന്നതും.

തന്റെ ജോലിക്കിടയിലും ജാഥകളിലും അവകാശസമരങ്ങളിലും പങ്കെടുത്ത്‌ കോരന്‍ ഒരു സജീവ പാര്‍ട്ടി പ്രവര്‍ത്തകനായി. അങ്ങനെ കട്ടന്‍ചായയും ബീഡിയു കോരന്റെ ജീവിതത്തിന്റേയും ഒരു ഭാഗമായി.

തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ ഫലം അനുഭവിക്കാന്‍ മുതലാളിയ്ക്കവകാശമുണ്ടെങ്കില്‍, മുതലാളിയുടെ അദ്ധ്വാനതിന്റെ ഫലം അനുഭവിക്കാന്‍ തൊഴിലാളിയ്ക്കും അവകാശമുണ്ടെന്ന ചിന്താഗതി കോരന്റെ മനസ്സില്‍ ഉള്‍ത്തിരിഞ്ഞു വരുകയും കോരന്‍ ആ ആശയം ഉടനെ തന്നെ ദേവസ്യ മുതലാളിയുടെ മകള്‍ അന്നമ്മയോട്‌ പറയുകയും ചെയ്തു.

എട്ടാം ക്ലാസ്സില്‍ ഓരോ വിഷയത്തിനും ഓരോ കൊല്ലം എടുത്തു പഠിച്ചിട്ടും മതിയാവാതെ വന്നപ്പോള്‍ ഇനി നീ ഒരു ചേയ്ഞ്ചിനു വേണ്ടി തുന്നല്‍ പഠിച്ചോ എന്ന അച്ഛന്റെ ക്രൂരമായ വാക്കുകളില്‍ മനം നൊന്ത്‌ കഴിഞ്ഞിരുന്ന അന്നമ്മക്കു ഈ ആശയം കേട്ടപാടേ സ്വീകാര്യമാവുകയും ചെയ്തതോടെ അവര്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു.

ചെറിയ വലിയ ഭൂകമ്പങ്ങള്‍ക്കും അന്നമ്മയുടെ വ്യാജ ആത്മഹത്യ ഭീഷണിക്കും ഒടുവില്‍, ദേവസ്യ ഉറക്കത്തില്‍ കൂര്‍ക്കം വലിക്കിടയില്‍ ഉണ്ടായ ഒരു മൂളല്‍ സമ്മതമായി എടുത്ത്‌ അന്നമ്മയും കോരനും വിവാഹിതരായി.

സ്വന്തം സ്ഥാപനത്തില്‍ ജോലിക്കാരനായിരിക്കുന്നതിനേക്കാള്‍ ഭേദം വല്ല രാഷ്ട്രീയത്തിലും ഇറങ്ങുന്നതാണെന്ന ആരുടേയോ ഉപദേശപ്രകാരം കോരന്‍ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം സജീവമാക്കി.

ജീവിത സാഹചര്യങ്ങള്‍ മാറി മറിയുമ്പോഴും കോരന്റെ ജീവിതത്തില്‍ മാറാത്ത ചിലതുണ്ടായിരുന്നു.

പുലരിയില്‍ കിളികലുടെ സംഗീതത്തിനു കാതോര്‍ത്ത്‌ തെങ്ങുകളോടും കൌങ്ങുകളോടും കുശലം പറഞ്ഞ്‌, അയലത്തെ തൊടിയിലെ പച്ചപ്പട്ടു വിരിച്ച കറുകപ്പുല്ലുകള്‍ക്കിടയില്‍ ഇരുന്നുള്ള പ്രഭാത കര്‍മ്മ നിര്‍വഹണവും... തൊട്ട്‌ അയലത്തൂടെ ഒഴുകുന്ന തോട്ടില്‍ ഒരു കുളിയും... കുമ്പിളില്‍ കഞ്ഞിയും...

അതു പിന്നെ ഓണം വന്നാലും ശരി, ഉണ്ണി പിറന്നാലും ശരി, പാര്‍ട്ടി സ്റ്റേറ്റ്‌ കമ്മറ്റി വേണ്ടന്ന്‌ പറഞ്ഞാലും ശരി... ഇതിന്‌ മാറ്റമൊന്നുമില്ല.

അങ്ങനെ ഇരിക്കുമ്പോഴാണ്‌ ദേവസ്യ മുതലാളിക്ക്‌ കര്‍ത്താവിന്റെ അവിടുന്ന്‌ വിളി വന്ന്‌ അവിടേക്ക്‌ പോവുന്നതും, ദേവസ്യയുടെ സകല സ്താവകജംഗമവസ്ഥുകളുടെ എക അവകാശിയായ അന്നമ്മയുടെ എക ഭര്‍ത്താവ്‌ എന്ന നിലക്ക്‌ ഷാപ്പു നടത്തിപ്പാവകാശം കോരന്‌ കിട്ടുന്നതും. അങ്ങനെ സഖാവ്‌ കോരന്‍ തദ്ദേശ കുടിയന്‍മാരുടെ കോരന്‍ മുതലാളിയായി.

തെങ്ങുകളില്‍ കുടം കമഴ്ത്തി മദ്യസേവയും, പ്രശ്നഘട്ടങ്ങളില്‍ പരിഹാരവുമായി കമഴ്ന്നടിച്ച്‌ വീണ്‌ ജനസേവനവും നടത്തി കോരന്‍ കാരിക്കുഴിയിലെ ആണ്‍ ഹൃദയങ്ങളേയും പെണ്‍ ഹൃദയങ്ങളേയും ഒരുപോലെ കീഴ്പ്പെടുത്തി.ഒപ്പം കാരിക്കുഴി ഒരു സമ്പൂര്‍ണ മദ്യ മണ്ഡലമായി മാറുകയും ചെയ്തു.

അങ്ങനെയിരിക്കെയാണ്‌ നിയമസഭ തിരഞ്ഞെടുപ്പ്‌ വരുന്നത്‌. 20 കൊല്ലമായി അടുപ്പിച്ച്‌ എം.എല്‍.എ കസേരയില്‍ താന്‍ ഇരിക്കയാല്‍ അതിനു തനിക്ക്‌ കുടിയിരിപ്പവകാശം വേണം എന്നു പറയുന്ന കുഞ്ഞിക്കണ്ടന്‍ മാഷിനെതിരായി ഒരു ശക്തനായ എതിരാളിയെ നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചു.

നിയമ ഗ്രന്ഥങ്ങളില്‍ ശത്രു എന്നടയാളപ്പെടുത്തിയിരിക്കുന്ന 'മുതലാളി' എന്ന വാല്‍, പേരില്‍ നിന്ന്‌ എടുത്തു മാറ്റുകയാണെങ്കില്‍ കോരനെ സ്ഥാനാര്‍ത്ഥി ആക്കാം എന്ന പാര്‍ട്ടി തീരുമാനത്തൊട്‌ യോജിച്ച്‌, കാരിക്കുഴി കോരന്‍ എന്ന പേര്‌ കോരന്‍ സ്വയം തിരഞ്ഞെടുത്തു.

അങ്ങനെ തിരഞ്ഞെടുപ്പിന്റെ അന്ന്‌ വലതു കയ്യില്‍ കള്ളുകുപ്പി ആകയാല്‍ എല്ലാവരും ഇടതു കയ്യ്‌ പൊക്കുകയും അങ്ങനെ കോരന്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

കുടിച്ച കള്ളിനോട്‌ മലയാള മക്കള്‍ കാണിച്ച നന്ദി കോരന്‍ മുതലാളിയെ കാരിക്കുഴി കോരന്‍ എം.എല്‍.എ ആക്കി.

എം.എല്‍.എ ആയിക്കഴിഞ്ഞാല്‍ പിന്നെ സ്വന്തം നിയോജക മണ്ഡലത്തില്‍ കാല്‌ കുത്തരുതെന്ന നിയമത്തോട്‌ യോജിക്കാന്‍ കോരനു കഴിഞ്ഞിരുന്നില്ല. എവിടെയെല്ലാം പോവേണ്ടി വന്നാലും രാത്രി കാരിക്കുഴിയില്‍ തിരിച്ചെത്തി തന്റെ ഓരോ പ്രഭാതവും അവിടെ നിന്നു തുടങ്ങണമെന്ന്‌ കോരനു നിര്‍ബന്ധമായിരുന്നു.

അങ്ങനെ ഇരിക്കെ ഒരു ദിവസം തലസ്ഥാനത്ത്‌ നിന്നു രാത്രി ഏറെ വൈകിയതിനാല്‍ തിരിച്ചു വരാന്‍ പറ്റാതെ വരുകയും അവിടെ എം.എല്‍.എ ക്വാര്‍ട്ടേര്‍സില്‍ കൂടണ്ടതായും വന്നു.

കാരിക്കുഴിയില്‍ തിരിച്ചെത്താന്‍ കഴിയാതെ വന്നതു കൊണ്ടുള്ള വിഷമത്തില്‍ ഊണ്‌ പോലും ഉപേക്ഷിച്ച്‌ കട്ടിലിലേക്ക്‌ ചാഞ്ഞ കോരനെ കണ്ടിട്ട്‌, സ്വന്തം നിയോജക മണ്ഡലത്തിനോടുള്ള കോരന്റെ സ്നേഹം കണ്ടിട്ട്‌, കോരന്റെ സന്തത സഹചാരികളായ അണികള്‍ക്കു തങ്ങളുടെ അനിഷേധ്യ നേതാവിനെ കുറിച്ചോര്‍ത്ത്‌ അഭിമാനം തോന്നി.

പുലര്‍ച്ചെ 5 മണിക്ക്‌ കോരന്റെ മുറിയില്‍ വെളിച്ചം കണ്ട്‌ അവിടെ ചെന്നു നോക്കിയ അണികള്‍ കാണുന്നത്‌, ഇന്റര്‍വ്യൂ ക്യാബിനു പുറത്ത്‌ കാത്തു നില്‍കുന്ന ഒരു ഉദ്യോഗാര്‍ത്ഥിയെ പോലെ ഇപ്പൊ വിളി വരും എന്ന പ്രതീക്ഷയോടു കൂടി ബാത്ത്‌റൂമിന്റെ വാതില്‍ക്കല്‍ നോക്കി നില്‍ക്കുകയും പിന്നെ അശ്വസ്ത്തചിത്തനായി തെക്കും വടക്കും നടക്കുകയും ചെയ്യുന്ന കോരനെയാണ്‌.

അറബികടല്‍ ഇളക്കി വരുന്നു എന്ന്‌ കേട്ടാല്‍ കൂടി അതു നമുക്ക്‌ ഒരു ചാല്‍ കീറി ബേ ഓഫ്‌ ബംഗാളിലേക്ക്‌ തിരിച്ചു വിടാം എന്ന നിസ്സാര പരിഹാര മാര്‍ഗങ്ങല്‍ നിര്‍ദ്ദേശിക്കുന്ന തങ്ങളുടെ നേതാവിങ്ങനെ ടെന്‍ഷന്‍ അടിക്കുന്നതു കണ്ട്‌ അത്ഭുതപെട്ട അണികല്‍ കാര്യം എന്തെന്ന്‌ അന്വേഷിച്ചു.

ആദ്യം ഒന്നുമില്ല എന്നു പറഞ്ഞു ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട്‌ നിര്‍ബന്ധത്തിനു വഴങ്ങി കോരന്‍ തന്റെ അണികളോട്‌ തന്റെ ധര്‍മ്മ സങ്കടം ഉണര്‍ത്തിച്ചു.

അതു കേട്ട അണികള്‍ തങ്ങളുടെ തങ്ങളുടെ ശീലങ്ങളും അനുഭവങ്ങളും വെച്ച്‌ നിര്‍ദ്ദേശിച്ച, ചൂടു ചായ, ബീഡി എന്നു വേണ്ട ദേശാഭിമാനി പേപ്പര്‍ വരെ പരീക്ഷിച്ചിട്ടും കോരന്റെ 'ഒഴിയാത്ത' പ്രശ്നങ്ങള്‍ക്ക്‌ ഒരു പരിഹാരമായില്ല.

ഇനിയെന്ത്‌ എന്ന്‌ ചിന്താധീനരായി ഇരിക്കുന്ന അണികളോട്‌ കോരന്‍ തന്നെ ഒരു പരിഹാരം നിര്‍ദ്ദേശിച്ചു.

ഒരു കെട്ട്‌ കറുകപ്പുല്ല്‌...

അതിന്റെ സ്പര്‍ശനത്തിനെ ഇനി തന്നെ ഈ ധര്‍മ്മ സങ്കടത്തില്‍ നിന്ന്‌ കരകയറ്റാന്‍ കഴിയു.

ചൊട്ടയിലെ ശീലം ചുടലവരെ എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കി കൊണ്ടുള്ള ആ വാക്കുകള്‍ അണികളെ ചിന്താകുലരാക്കി.ഈ പര പരാ വെളുക്കുന്ന നേരത്ത്‌ തിരുവനന്തപുരം പോലുള്ള ഒരു പട്ടണതില്‍ ഇനി കറുകപുല്ല്‌ എവിടെ ചെന്ന്‌ അന്വേഷിക്കും?

പെട്ടെന്നന്വേഷിക്കാന്‍ പറ്റിയ വഴിയിലൂടെ ഒക്കെ അന്വേഷിച്ചിട്ടും പുല്ലു വര്‍ഗത്തില്‍ പെട്ട ഒന്നും കിട്ടാതെ വന്നപ്പൊഴാണ്‌ അവിടെ ഒരു അരികിലായി ചാരി വെച്ചിരിക്കുന്ന പരിഹാര മാര്‍ഗ്ഗം അവരുടെ ശ്രദ്ധയില്‍ പെട്ടത്‌.

ഒരു കുറ്റി ചൂല്‍...

തല്‍ക്കാലം ആ കറുകപുല്ലുകള്‍ ചെയ്യേണ്ട ജോലി ഈ കുറ്റിച്ചൂലിനെ കൊണ്ട്‌ ചെയ്യിച്ച്‌ കോരന്റെ ബുദ്ധി'മുട്ട്‌' ഒഴിവാക്കി.

തന്റെ ഓരോ പുലരിയും തുടങ്ങുന്നത്‌ കാരിക്കുഴിയിലെ തന്റെ വീടില്‍ നിന്നാവണമെന്ന കോരന്റെ നിര്‍ബന്ധം, തന്നെ വളര്‍ത്തി വലുതാക്കി എം.എല്‍.എ വരെ ആക്കിയ കാരികുഴിയോടുള്ള സ്നേഹം കാരണമാണെന്ന്‌ തെറ്റി ധരിച്ചിരുന്ന അണികള്‍, പിന്നീടുള്ള ഓരോ യാത്രയിലും ഒരു കെട്ട്‌ കറുകപുല്ല്‌ കയ്യില്‍ കരുതാന്‍ തുടങ്ങി.

12 comments:

പണിക്കന്‍ said...

കാരിക്കുഴി കോരന്‍ എം.എല്‍.എ

കുറച്ചു നാളുകള്‍ക്കു ശേഷം ഒരു പരീക്ഷണം കൂടി

വായിച്ചു നോക്കൂ...

Manu said...

"പകല്‍ സമയങ്ങളില്‍ ഗുരുവിന്റെയൊപ്പം വിദ്യാലയങ്ങളില്‍ ചെത്തി നടന്ന്‌, ജീവിതത്തില്‍ താന്‍ പ്രതീക്ഷിക്കാത്ത പല ഉയരങ്ങളിലും എത്തിയ കോരന്‍, പതുക്കെ പതുക്കെ സ്പെഷ്യല്‍ ക്ലാസ്സ്‌ എന്ന പേരില്‍ രാത്രി കാലങ്ങളിലും ആ വിദ്യാലയത്തില്‍ കയറി തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ ഇടപെട്ട്‌ അവന്റെ അവിടുത്തെ പഠിപ്പും നിര്‍ത്തിച്ചു."

കലക്കീ മാഷെ.......

പോരട്ടെ അടുത്ത റൌണ്ട് വെടിക്കെട്ട്:)

Sul | സുല്‍ said...

"അറബികടല്‍ ഇളക്കി വരുന്നു എന്ന്‌ കേട്ടാല്‍ കൂടി അതു നമുക്ക്‌ ഒരു ചാല്‍ കീറി ബേ ഓഫ്‌ ബംഗാളിലേക്ക്‌ തിരിച്ചു വിടാം എന്ന നിസ്സാര പരിഹാര മാര്‍ഗങ്ങല്‍ നിര്‍ദ്ദേശിക്കുന്ന..."

ഹഹഹ. പണിക്കര്‍ സാറെ ഇതൊരൊന്നൊന്നരയാണല്ലോ. പഷ്ട്.

-സുല്‍

:: niKk | നിക്ക് :: said...

അങ്ങിനെ ദീര്‍ഘകാലത്തെ ഒളിവാസം കഴിഞ്ഞ് പണിക്കനിതാ രംഗത്ത്. :) ലവള്‍ അവസാനം സമ്മതിച്ചൂല്ലേഡാ? ;)

ഹിഹിഹി.... എതായാലും കാരിക്കുഴി കോരന്‍ എം.എല്‍.എ. എന്ന ഈ പോസ്റ്റ് കലക്കീട്ടണ്ട്രാ... :) അടുത്ത പോസ്റ്റിനായ് കാത്തിരിക്കുന്നു.

സു | Su said...

ഹിഹിഹി എന്നാലും ഇത്രയ്ക്ക് വേണ്ടായിരുന്നു.

പാവം കോരന്‍ മുതലാളി എം. എല്‍. എ. ;)

ബിന്ദു said...

കൊള്ളാം.:) പോസ്റ്റുകള്‍ തമ്മില്‍ ഇത്ര ദൈര്‍ഘ്യം വേണോ?( ഉപദേശിക്കാന്‍ പറ്റിയ ആളു തന്നെ).

കൃഷ്‌ | krish said...

കോരന് ‍‍‍‍‍‍------ കറുകപുല്ലില്‍തന്നെ.
കൊള്ളാല്ലൊ..

Bejoy said...

കോരന്‍ കലക്കീ കേട്ടാ.....കലക്കീ!!
പണിക്കന്‍ കതകള്‍ കൊള്ളാല്ലൊ..

slate || സ്ലേറ്റ്‌ said...

ഉഗ്രന്‍!!!!

ikkaas|ഇക്കാസ് said...

panikkan,
welcome back.

deepak said...

ഇതു കൊള്ളാം, നിനക്കു ഈ ബ്ലോഗില്‍ കൂടി തന്നെ കുറേ ആരാധകാരെയെന്നു തോന്നുന്നു

അടുത്തതതിനായി കാത്തിരിക്കുന്നു

Adikaprasangi അധികപ്രസംഗി said...

കൊള്ളാം പണിക്കാ. അടുത്തത്‌ പോരട്ടെ :)