Saturday, April 25, 2009

മറവി

പ്രാണനാഥാ മറന്നുവോ നീ
പാരിജാതം പൂക്കും യാമം
കണ്ടതന്നു നാം ആദ്യമായി
ഗൌരീ വല്ലഭ തിരുനടയില്‍ ?
ഓര്‍ക്കുവതില്ലനുരാഗിണീ നാം
കണ്ടതേതു നാളിലെന്നാല്‍
കൊണ്ടതെന്നിട നെഞ്ചകത്തില്‍
പൂവമ്പൊന്നു നിന്‍ കണ്‍മുനയാല്‍...
മറന്നതെങ്ങിനെ എന്‍ പ്രിയാ നീ
നാളിതിന്നെന്‍ ജന്‍മ നാള്‌
തരുവതെന്താണെനിക്കിന്നു നീ
പവിഴമാലയോ പാലയ്ക്കയോ ?
പ്രണസഖി, നിന്‍ചിരിമൊട്ടുകള്‍
മരതകമണിയായ്‌ എന്നുള്ളില്‍ കിലുങ്ങുമ്പോള്‍
പവിഴമെന്തിന്‌ പാലയ്ക്കയെന്തിന്‌
പ്രാണനെന്നുടെ നിനക്കുള്ളതല്ലേ...
മറന്നുവെന്നോ മമ കാമുകാ നീ,
മയ്യഴിപ്പുഴ തീരത്തന്ന്‌
ഇഷ്ടമാണെന്നാദ്യമായ്‌ നീ
ചൊന്നതന്നെന്‍ മിഴികളെ നോക്കി ?
മറന്നുവേതിടത്തു വെച്ചതെന്നും
പറഞ്ഞതന്നേതു മധുവാക്യമെന്നും
ഒരുക്കിയന്നൊരിടമതെന്നാല്‍
‍നിനക്കു മാത്രം പാര്‍ക്കുവാനുള്ളില്‍...
പറഞ്ഞു നേരം പൊയ്പോയല്ലോ
മറന്നു ഞാനിന്നു വന്ന കാര്യം
മറക്കരുതടുത്ത മേടം പത്തിന്‌
വരിക്കയാണെന്നെ മറ്റൊരു കോമളന്‍
വരിക വേണം തോഴാ നീയും
മറക്കാം നമുക്കിനി പഴയതെല്ലാം...
മറവിയനുഗ്രഹം നിനക്കു നാരീ
വരുവതതുക്ഷണം വേണ്ടപ്പോഴെല്ലാം...
പാരിജാതവുമപ്രേമകാവ്യങ്ങളും
മറക്കുവാനായേക്കുമെനിക്കുമെല്ലാം...
മനസ്സേ ഇവിടെ ജീവിതം ഇത്ര വ്യര്‍ത്ഥം
മറക്കുവതരുതു നീ മരിക്കുവോളം...