Friday, January 27, 2017

നിർദയമോഹം - ഒരു മുത്തശ്ശി കഥ

"ശ്രീകുട്ടാ... സമയെന്തായി? എന്റെ വിശറി കണ്ടുവോ നീയ്യ് ? കറണ്ട് പോവാറായി. ഫാനില്ലെങ്കിൽ അപ്പൊ തുടങ്ങും ചൂട്. കഴിഞ്ഞ രണ്ടൂസം 6.30ക്ക് ആയിരുന്നില്ലേ കറണ്ട് പോക്ക്? അപ്പൊ ഇന്ന് മുതൽ 7 മണിക്കാവും. നിനക്ക് കളിക്കാൻ ഇത്രേം സാധനങ്ങൾ ഉള്ളപ്പൊ എന്തിനാ എന്റെ വിശറി എടുത്തോണ്ട് പോണേ? "

"ഞാനൊന്നും എടുത്തിട്ടില്ല്യ മുത്തശ്ശി. ദേ മുത്തശ്ശിടെ കസേരേലന്നെണ്ട് . അതിന്റെ മോളിലാ മുത്തശ്ശി കേറി ഇരിക്കണെ. ഇപ്പൊ പവർകട്ടൊന്നും ഇല്ല്യ. ഇന്നലെ എന്തെങ്കിലും പണി ഉള്ളോണ്ട് പോയതാവും. മുത്തശ്ശിയൊന്ന് പരിഭ്രമിക്കാണ്ടിരിക്കൂ."

"എനിക്കൊരു പരിഭ്രമോം ഇല്ല്യ. ഈ കറണ്ടും ഫാനും ഒക്കെ ഉണ്ടാവണേന് മുമ്പേ ഞാനിവടെ വന്നുണ്ട് . ഇല്ല്യങ്കിൽ ഇല്ല്യന്നെ ള്ളൂ. എന്നാലും നമ്മടേല് ഉള്ള ഒരു സാധനം പോവുമ്പൊ ഉള്ളൊരു വെഷമല്യേ, അതു പറഞ്ഞൂന്നേ ഉള്ളൂ. ആ ചിക്കു കൂട്ടിലന്നെ ഇല്ല്യേന്ന് ഒന്നൂടെ നോക്കിക്കോളൂ."

"ഞാനാരോടാ ഈ പറയണേ. ആ ചെക്കനപ്പളക്കും ടി.വി ടെ മുമ്പിലെത്തി. ആ ഷാരടി വരുമ്പൊ പറയൂട്ടൊ ശ്രീ കുട്ടാ. നിന്റച്ഛൻ വന്നില്ലേ ഇതു വരെ ?"

"ഇന്നത്തെ പേപ്പറിലെ ചരമത്തിലും പരിചയള്ളോരെയൊന്നും കാണാനില്ല്യല്ലോ . ആരേം അധികം നരകിപ്പിക്കല്ലേ കൃഷ്ണാ."

"ഷാരടിയല്ല മുത്തശ്ശീ... പിഷാരടി... ബഡായി ബംഗ്ലാവ്... ആവുമ്പൊ പറയാം. മുത്തശ്ശീടെ ശ്വാസംമുട്ടിന്റെ ഇൻഹേലർ പുതിയത് അച്ഛൻ വരുമ്പൊ വാങ്ങാംന്ന് പറഞ്ഞ്ണ്ട്. "

ടി.വി പരിപാടികൾ വീട്ടിലെ എല്ലാവർക്കും വീതിച്ചപ്പോൾ മുത്തശ്ശിക്ക് കിട്ടിയ ഒരാഴ്ചത്തെ വിഹിതമാണ് ബഡായി ബംഗ്ലാവ്.

മുത്തശ്ശിയെ ആകെ ചിരിച്ച് കണ്ടിട്ടുള്ളത് ഈ പരിപാടി കാണുമ്പോഴാണ്. എന്നാൽ അധികം ചിരിച്ചാൽ അപ്പൊ തുടങ്ങും ശ്വാസം മുട്ട്. അതുകൊണ്ട് ടി.വി കാണുമ്പോൾ എപ്പോഴും ശ്വാസംമുട്ടിനുള്ള ഇൻഹേലർ മുത്തശ്ശിയുടെ കയ്യിലുണ്ടാവും. ഒരാഴ്ചത്തെ ശ്വാസംമുട്ട് ഒന്നു മാറി വരുമ്പോഴേക്കും അടുത്ത എപ്പിസോഡ് തുടങ്ങുന്നതിനാൽ ഇപ്പൊ വന്നു വന്ന് പിഷാരടിയുടെ മുഖം എവിടെ കണ്ടാലും മുത്തശ്ശി ഇൻഹേലർ തപ്പും.

ചിരിയും കരച്ചിലും ഒന്നും അടക്കിപ്പിടിക്കാൻ മുത്തശ്ശിക്കറിയില്ല. അതു കൊണ്ടാണ് ടി.വി കാണുന്ന കാര്യത്തിൽ മുത്തശിക്ക് ഈ നിയന്ത്രിത  വിഹിതം മാത്രം കൊടുത്തിരിക്കുന്നത് .

ദിവസവും ചുരുങ്ങിയത് മൂന്നു നാല് തവണ പേപ്പറിലെ ചരമകോളം വായിച്ച് അതിൽ പരിചയക്കാരെ തിരയലാണ് മുത്തശ്ശിയുടെ ദിനചര്യകളിലെ ഒരു ഐറ്റം. പരിചയക്കാരെ ആരെയെങ്കിലും അതിൽ കണ്ടാൽ അന്നു മുഴുവൻ അവരെ പറ്റിയുള്ള ഓർമ്മകൾ എന്നെ പറഞ്ഞു കേൾപ്പിക്കും. കേൾക്കാൻ ആരുമില്ലെങ്കിലും അതു മുഴുവൻ പറയുക എന്നുള്ളത് മുത്തശ്ശി ഒരു കടമയെന്നോണം പാലിച്ചു പോന്നു. പണ്ട് മുത്തശ്ശിയുടെ മകൾ തന്നിഷ്ടത്തിന് ഇറങ്ങി പോയപ്പോൾ മുതൽ തുടങ്ങിയ ഒരു ശീലമാണിത് എന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്.

അനങ്ങിയതിനും പിടിച്ചതിനും എന്നെ ചീത്ത പറയലാണ് മുത്തശ്ശിയുടെ മറ്റൊരു ദിനചര്യ. അതിൽ മുത്തശ്ശിയെ സഹായിക്കാൻ അച്ഛനും അമ്മയും മത്സരിക്കാറുണ്ട്. ചിരിക്കുമ്പോൾ ഉണ്ടാവുന്ന ശ്വാസംമുട്ട്, ചീത്ത പറയുമ്പോഴും ഉണ്ടായിരുന്നെങ്കിൽ അച്ഛൻ അതിനുമൊരു നിയന്ത്രണം ഏർപ്പെടുത്തുമായിരുന്നു എന്നത് എന്റെ ഒരു നിർദയ മോഹമായിരുന്നു.

എന്നാൽ കുറച്ചു നാളായി ദിനചര്യകളിൽ മുത്തശ്ശി ഏറ്റവും സുപ്രധാനമായി കണക്കാക്കുന്നത് ചിക്കു എന്നു പേരുള്ള കോഴിയെ വളർത്തലാണ്. മുത്തശ്ശനിൽ നിന്ന് കണ്ടു പഠിച്ച പട്ടാള ചിട്ടയിലാണ് അതിനെ വളർത്തുന്നത് എന്നാണ് മുത്തശ്ശിയുടെ ഭാഷ്യം.

ദിവസവും രാവിലെ കൃത്യം 6 മണിക്ക് കൂട്ടിൽ നിന്ന് ഇറങ്ങി പ്രഭാത സവാരിക്ക് പോവണം. പോവുന്നതിന് മുമ്പ്, അന്നിട്ട മുട്ടകളുടെ കണക്ക് മുത്തശ്ശിയെ ഏൽപ്പിക്കണം. മുത്തശ്ശി പറഞ്ഞേൽപ്പിച്ചിരിക്കുന്ന അതിർവരമ്പുകൾ വിട്ട് പുറത്ത് പോകുവാൻ പാടില്ല. അന്നന്നത്തെ അന്നം സ്വയം തേടിപ്പിടിക്കണം. വഴിയിൽ കണ്ട കോഴികളോട് സംസാരിച്ചു നിൽക്കാതെ 4 മണിക്ക് മുമ്പ് കൂട്ടിൽ തിരിച്ചെത്തണം. ഇവയെല്ലാം അക്ഷരം പ്രതി അനുസരിക്കുന്ന ഒരു കോഴിയാണ് മുത്തശ്ശിക്ക് ചിക്കു.

ചിക്കുവിന്റെ അത്ര അനുസരണ പോലും ഇല്ലാത്തവൻ എന്ന പഴി ഞാനും, കുട്ടികളെ എങ്ങനെ അനുസരണ ശീലത്തോടെ വളർത്തണം എന്ന് വേണമെങ്കിൽ മുത്തശ്ശി ചിക്കുവിനെ വളർത്തുന്നത് കണ്ട് പഠിച്ചോ എന്ന ഉപദേശം അച്ഛനും നിരന്തരം കേട്ടുകൊണ്ടേ ഇരിക്കുന്ന കാലം.

പതിവുപോലെ ഞാൻ സ്കൂൾ കഴിഞ്ഞ് വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് തിരിഞ്ഞപ്പോൾ അയലത്തെ പറമ്പിൽ നിന്നും ചിരപരിചിതമായ ഒരു സ്വരത്തിൽ ബബ്ബബ്ബബ്ബ എന്ന സ്ഫടികത്തിലെ തിലകന്റെ ഡയലോഗ് കേട്ട് ഒന്നു നിന്നു കാതോർത്തു.

വേലിക്കരുകിൽ മുത്തശ്ശിയുടെ തലവട്ടം കണ്ട് ഓടിച്ചെന്ന് അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, സ്ഥിരം വരുന്നതിൽ നിന്ന് അര മണിക്കൂർ കഴിഞ്ഞിട്ടും ചിക്കുവാനെ കാണാതായപ്പോൾ മുത്തശ്ശി അന്വേഷിച്ച് ഇറങ്ങിയതാണ്.

ഉള്ളിലൊരു പരിഹാസം നാമ്പിട്ടെങ്കിലും പുറത്തു കാണിക്കാതെ അന്വേഷിക്കാൻ ഞാനും മുത്തശ്ശിയുടെ ഒപ്പം കൂടി. നേരം സന്ധ്യയോടടുത്തപ്പോൾ ഞങ്ങൾ അന്വേഷണം നിർത്തി വീട്ടിലേക്ക് മടങ്ങി.

ഞാൻ സ്കൂളിലേക്ക് പോകുമ്പോൾ, മുത്തശ്ശിയുടെ അതിർ വരമ്പുകൾക്കപ്പുറം ചിക്കുവാനെ സംശയാസ്പതമായ സാഹചര്യത്തിൽ പലവട്ടം കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ അതു മുത്തശ്ശിയോട് ഞാൻ പറഞ്ഞു കൊടുത്തിട്ടില്ല.

ഇനിയും ഒളിച്ചു വെയ്ക്കുന്നതിൽ അർത്ഥമില്ല എന്നതിനാൽ ഞാൻ ഇതുവരെ കണ്ടതെല്ലാം മുത്തശ്ശിയോട് പറഞ്ഞു കൊടുത്തു.

''ഏയ്... ഇത് അതൊന്ന്വല്ല. കഴിഞ്ഞ രണ്ടൂസം പിഷാരടി വന്നു പോയ ശ്വാസംമുട്ട് കാരണം എനിക്ക് വൈകുന്നേരം കൂട്ടിൽ അവൾക്കുള്ള അരി ഇടാൻ പറ്റിയില്ല. ഇന്ന് രാവിലെ മുട്ടയൊന്നും കാണാത്തപ്പോൾ ഞാനതു ചോദിക്യേം ചെയ്തു. അതിന്റെ പിണക്കം കാരണം എവടേങ്കിലും മാറി നിൽക്കാവും. അവള് വേറെ എവടെ പോവാനാ... നാളെ രാവിലെ വരും. ഞാനങ്ങന്യാ അവളെ വളർത്യേക്കണേ... "

ദിവസം 2 കഴിഞ്ഞിട്ടും ചിക്കു തിരിച്ചു വരാതായപ്പോൾ മുത്തശ്ശിക്ക് ആധി കൂടി.

" എല്ലാം കൊടുത്ത് വളർത്തിയതിന്റെ കുഴപ്പാ... പറഞ്ഞതു കേൾക്കാതെ ദൂരെ എവടേങ്കിലും പോയീണ്ടാവും. നായ്ക്കളും കുറുക്കനും ഒന്നും പിടിക്കാതെ ഇരുന്നാ മതിയാർന്നു കൃഷ്ണാ... "

എന്നാൽ മൂന്നാം നാൾ വൈകുന്നേരം ഞാൻ സ്കൂളുവിട്ട് വരുമ്പോൾ ഞങ്ങളുടെ വീടിന്റെ പടിക്കടുത്ത്, കയറാൻ മടിച്ച് ചുറ്റിക്കറങ്ങി നടക്കുന്ന ചിക്കവിനെയാണ് കണ്ടത്.

ഓടിച്ചെന്ന് മുത്തശ്ശിയോട് വിവരം പറഞ്ഞു. മുത്തശ്ശി വന്ന് ചിക്കൂ... മോളേ... വാ... എന്ന് പലവട്ടം വിളിച്ചിട്ടും പിണക്കം മാറാത്ത മുഖം ഒന്നു ഉയർത്തി നോക്കുക പോലും ചെയ്യാതെ എന്തൊക്കയോ ചിക്കി കൊത്തി ചിക്കു അവിടെ കറങ്ങി നടന്നു.

മുത്തശ്ശി പറഞ്ഞതനുസരിച്ച് ഞാൻ കുറച്ച് അരി എടുത്ത് കൊണ്ടു വന്ന് പടിക്കലും മുറ്റത്തും ചിക്കു വിന്റെ കൂട്ടിലും ഒക്കെയായി വഴി നീളെ അഞ്ചാറു മണി വീതം അരി വിതറി.

കുറച്ചു കഴിഞ്ഞപ്പോൾ ഒരു കള്ള നോട്ടത്തോടെ ചിക്കു വന്ന് ആ അരിയെല്ലാം കൊത്തി തിന്നു തുടങ്ങി.

പിഷാരടിയെ കാണാതെ മുത്തശ്ശി ചിരിക്കുന്നത് ഞാൻ അന്നാദ്യമായി കണ്ടു.

" ഞാൻ പറഞ്ഞില്ല്യേ അവള് എന്നെ വിട്ട് എവടേം പോവാല്യാന്ന്. ശ്രീകുട്ടാ ചിക്കു കൂട്ടിൽ കേറ്യാ വാതില് അടച്ചോളൂ ട്ടോ. ഞാനൊന്ന് ശ്വാസം മുട്ടിന്റെ കുന്ത്രാണ്ടം വലിച്ചിട്ട് വരാം."

ചിക്കു കൊത്തി കൊത്തി കൂടിനടു ത്തുള്ള അരി മണികൾ മുഴുവൻ തിന്നിട്ട്, കൂട്ടിൽ കയറാതെ എങ്ങോട്ടോ പോയി. പിന്നെ ആ വഴി കണ്ടിട്ടില്ല.

"മുത്തശ്ശി ... വൈകുന്നേരം എന്നും ഭക്ഷണം കൂട്ടിൽ കിട്ടുന്നത് കൊണ്ട് മാത്രമാണ് ചിക്കു കൃത്യ സമയത്ത് കൂട്ടിൽ കേറണേ. അല്ലാണ്ടെ മുത്തശ്ശിടെ പട്ടാള ചിട്ടയോ ണ്ടോ സ്നേഹം കൊണ്ടോ ഒന്നും അല്ല. അതിനെ ചിക്കൂന്നാ വിളിക്കണെ എന്നു പോലും അതിനറിയില്ല്യാന്നാ എനിക്ക് തോന്നണേ."എന്ന് മുത്തശ്ശിയോട് പറഞ്ഞപ്പോൾ, മ്മ്‌... എന്ന് മൂളി ഇൻഹേലർ എടുത്തു വലിച്ചതല്ലാതെ മുത്തശ്ശിയൊന്നും മിണ്ടിയില്ല.

മുത്തശ്ശി ചരമ കോളം വായന നിർത്തി ദിവസവും ഉമ്മറത്ത് പടിക്കലേക്ക് നോക്കിയിരിക്കൽ ദിനചര്യയുടെ ഭാഗമാക്കി. എന്റെ നിർദയ മോഹം പോലെ ദേഷ്യം വരുമ്പോഴും മുത്തശ്ശിക്ക് ശ്വാസംമുട്ട് വന്നു തുടങ്ങി.

മാസം ഒന്ന് തികയുന്നതിന് മുമ്പ് ശ്വാസംമുട്ട് കൂടി ആശുപത്രിയിൽ കൊണ്ടുപോയ മുത്തശ്ശി, മറ്റാർക്കോ വായിച്ച് കഥ പറയാൻ ചരമ കോളത്തിലെ ഭാഗമായി.

പിറ്റേന്ന് സ്കൂളിൽ പോവാൻ ഇറങ്ങിയപ്പോൾ മുത്തശ്ശിയുടെ കത്തി തീർന്ന് ചൂടാറിയ ചിതയുടെ ചുറ്റും ചിക്കിയും മാന്തിയും എന്തോ തിരഞ്ഞ് നടക്കുന്ന ചിക്കുവും കുട്ടികളും ഉണ്ടായിരുന്നു.

5 comments:

DOT CREATIONS said...

Enjoyed the story...

Sandhya Rajan said...

വളരെ നന്നായിട്ടുണ്ട്...

Asha CM said...

അസ്സലായിട്ടുണ്ട് 

സുധി അറയ്ക്കൽ said...

നല്ല കഥ.പാവം ആ മുത്തശ്ശി!!!

sreepuliyath said...

മനോഹരമായ ശൈലി... ഗംഭീരം!