Monday, June 12, 2006

മൂന്നാറു പന്ത്രണ്ട്‌ (1'2')

തലേ ദിവസത്തെ പരിഭവം മാറാത്തതു കൊണ്ടാണോ എന്നറിയില്ല്യ, മടിച്ചു മടിച്ചു സൂര്യന്‍ ഞങ്ങളുടെ അടുത്തെതിയപ്പൊള്‍ 9.30 ആയി. പിന്നെയെല്ലാം യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു. 10.15 ആയപ്പഴേക്കും എല്ലാവരും കുളിച്ചൊരുങ്ങി കല്യാണത്തിനു പോവാന്‍ തയ്യാറായി.

കൃത്യസമയത്തു തന്നെ അടിമാലി പള്ളിമുറ്റത്ത്‌ ഞങ്ങളുടെ വണ്ടികള്‍ ബ്രേയ്ക്കിട്ടു. പള്ളിക്കകത്ത്‌ കേറി, തലേ ദിവസത്തെ 'ആര്‍മാദന ചരിതം' ഞൂഞ്ഞിയെ പറഞ്ഞു കേള്‍പ്പിക്കാനുള്ള ഉണ്ണന്റെ ആവേശത്തെ ഒറ്റ നോട്ടം കൊണ്ടു അച്ചന്‍ കെടുത്തി. 'മിമിക്സ്‌ പരേഡ്‌' എന്ന സിനിമേല്‌ ഇന്നസെന്റിന്റെ അച്ചന്‍ കഥാപാത്രം കാണിക്കണ പോലെള്ള രണ്ട്‌ തലയാട്ടലിലൂടെ അച്ചന്‍ ഞങ്ങളെ പള്ളിയില്‍ നിന്നും പള്ളിമുറ്റത്തെത്തിച്ചു.

കൂട്ടുകാരന്റെ അനിയത്തിടെ കല്യാണം മുറ്റത്തു നിന്നു കാണേണ്ട ഗതി വരുത്തിയ അച്ചന്റെ ക്രൂരമായ പ്രവൃത്തിയോടു തോന്നിയ നീരസം ഭക്ഷണ സമയം ആയപ്പൊള്‍ ഞങ്ങള്‍ സൌകര്യ പൂര്‍വം മറന്നു. ആങ്ങനെ അത്യന്തം അധ്വാനത്തോടും ആത്മാര്‍ത്ഥതയോടും കൂടി ആ ജോലിയും തീര്‍ത്തിട്ടു ഞങ്ങള്‍ മടക്കയാത്രക്കൊരുങ്ങി...

കാറിന്റെ വളയം പരവന്‍ ഏറ്റെടുത്തു. ഏതൊരു ടൂറിന്റെയും മടക്കയാത്ര പോലെ എല്ലാവരും ഓര്‍മകള്‍ അയവെറക്കി കാഴ്ചയും കണ്ടിരിപ്പായി.

വളവും തിരിവും കൊക്കകളും താണ്ടി സാമാന്യം നേര്‍വഴി ഒരു ഇറക്കം ആയപ്പൊള്‍ പെട്ടന്നു വണ്ടി ഒന്നു പാളി. സംഗതി വണ്ടിടെ കണ്‍ട്രോള്‍ പരവന്റെ കൈവിട്ടതായി ഞങ്ങള്‍ക്കു മനസ്സിലായി. ഇടഞ്ഞ ആനപുറത്തിരുന്ന്‌ പാപ്പാന്‍ ഇടത്താനേ വലത്താനേ അവടെനിക്കാനേ എന്നൊക്കെ പറയണ പോലെ പരവനും എന്തൊക്കയോ പിറുപിറുക്കുന്നുണ്ടായിരുന്നു. അതൊന്നും കേട്ട ഭാവം നടിക്കാതെ കാര്‍ പാമ്പിഴയുന്ന പോലെ വളഞ്ഞും പുളഞ്ഞും മുന്നോട്ടു പോവുന്നു.

ആ ഇറക്കം കഴിഞ്ഞു മുന്നോട്ടു പോയപ്പൊ, പെട്ടന്നു മുന്നിലേക്കു ചാടിവീണ ഒരു ലോറിയെ കണ്ടു ഞങ്ങളുടെ കാര്‍ ഒന്നു ഞെട്ടി... ഒപ്പം ഞങ്ങളും. എന്നാല്‍ പരവന്‍ ഒരു വിദഗ്ധമായ കൈ വെട്ടിക്കലിലൂദെ ഞങ്ങളുടേയും കാറിന്റെയും ജീവന്‍ രക്ഷിച്ചു.

ആ ഞെട്ടലില്‍ നിന്നു ഏറ്റവും ആദ്യം സ്ഥലകാല ബോധം തിരിച്ച്‌ കിട്ടിയ വ്യക്തി എന്ന നിലക്കു പരവന്റെ വായില്‍ നിന്നാണ്‌ ആദ്യ വാക്കു പുറത്തു ചാടിയത്‌. "മാഷെ ബ്രേക്ക്‌ ചവിട്ടിട്ടു കിട്ടണില്ല്യ..ടയറിനും എന്തോ ഒരു എളക്കം..."

അതു പറഞ്ഞു തീരും മുന്‍പ്‌ കാര്‍ മോഹന്‍ലാല്‍ സ്റ്റൈലില്‍ വലത്തൊട്ടൊന്നു ചരിഞ്ഞു. ഏന്താ സംഭവിച്ചതെന്നറിയാന്‍ പുറതേക്കു നോക്കിയ ഞങ്ങള്‍ കണ്ടത്‌ ഞങ്ങളുടെ കാറിനെ ഓവര്‍ടേക്ക്‌ ചെയ്യാന്‍ ശ്രമിക്കുന്ന ഒരു ടയറിനെ ആണ്‌.

കണ്ടപ്പൊള്‍ നല്ല മുഖ പരിചയം തോന്നിയ ആ ടയറിനെ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയിട്ടു ഞങ്ങളുടെ കാര്‍ ഉറക്കെ കരഞ്ഞു..."അയ്യൊ...എന്റെ ഫ്രന്റ്‌ വീല്‍..."

ക്ഷമിക്കൂ...ഇനീം തുടര്‍ന്നേ പറ്റു... അടുത്ത ഭാഗത്തോടെ തീര്‍ത്തോളാം

സസ്നേഹം
പണിക്കന്‍

9 comments:

സു | Su said...

അയ്യോ.. ബ്രേക്കില്ലാത്ത വണ്ടിയില്‍ ഇരുത്തി പിന്നെ തുടരാം എന്നു പറയുന്നത് വല്യ കഷ്ടം ആണ് കേട്ടോ.

പണിക്കനു സ്വാഗതം.

കലേഷ്‌ കുമാര്‍ said...

കൊള്ളാം പണിക്കാ‍...
സസ്പന്‍സിന്റെ മുള്‍മുനയില്‍ നിര്‍ത്താനുള്ള പ്രചോദനം സ്റ്റീരിയലുകളില്‍ നിന്നാണോ കിട്ടിയത്?

വിശാല മനസ്കന്‍ said...

‘കൃത്യസമയത്തു തന്നെ അടിമാലി പള്ളിമുറ്റത്ത്‌ ഞങ്ങളുടെ വണ്ടികള്‍ ബ്രേയ്ക്കിട്ടു‘

ജാതി അലക്കാണല്ലോ ഗഡീ. രസായിട്ടുണ്ട്.

കുറുമാന്‍ said...

ബ്രേക്കില്ലാത്ത വണ്ടിയില്‍ ഇരുത്തിയാല്‍ പിന്നേം കൊള്ളാം, ഇതിപ്പോ വീലില്ലാത്ത വണ്ടിയില്‍ ഇരുത്തിയിട്ട്!!!

കൊള്ളാം.

പണിക്കന്‍ said...

'സു', കുറുമാന്‍ജി ഇനി പേടിക്കണ്ട ആ വണ്ടീടെ കാര്യം ഇന്നൊരു തീരുമാനം ആക്കിട്ടുണ്ട്‌... സ്വാഗതത്തിനും പ്രോത്സാഹനതിനും നന്ദി.

കലേഷ്മാഷ്‌... സ്റ്റീരിയല്‍ പ്രചോദനം ഒന്നും അല്ല... തൊടക്കം ആയോണ്ട്‌ എല്ലാം വരമൊഴീകരിച്ചു വരുമ്പൊ ടൈം എടുക്കുണു... അതോണ്ട്‌ കഴിഞ്ഞ അത്രേം ഒരു എപ്പിഡോസ്‌ ആക്കി അങ്ങട്‌ ചാമ്പീതാണ്‌...

വിശാലേട്ടോ.... നന്ദി... നന്ദി...

Kuttyedathi said...

പണിക്കാ, ഇന്നലെയും വായിച്ചിരുന്നു. കമന്റിടാന്‍ മറന്നു. തുടക്കം തന്നെ കസറിയല്ലോ. പേരും ഇഷ്ടപ്പെട്ടു. ഉഗ്രനാവുന്നുണ്ട്‌ പണിക്കാ. ഇനിയും പോരട്ടെ കൂടുതല്‍ വിശേഷങ്ങള്‍. പക്ഷേ കുറച്ചിങ്ങെഴുതി വരുമ്പോള്‍, പണിക്കനു മടി വരുന്നുണ്ടല്ലേ ? അതല്ലേ ഈ തുടരന്റെ രഹസ്യം. സാരല്ല, വരമൊഴിയൊക്കെ പഠിച്ചു വരുന്നതല്ലേയുള്ളൂ. ?

ഈ വരികള്‍ക്കൊക്കെ ഒരു പുലി മണം :)

---------
ഏന്താ സംഭവിച്ചതെന്നറിയാന്‍ പുറതേക്കു നോക്കിയ ഞങ്ങള്‍ കണ്ടത്‌ ഞങ്ങളുടെ കാറിനെ ഓവര്‍ടേക്ക്‌ ചെയ്യാന്‍ ശ്രമിക്കുന്ന ഒരു ടയറിനെ ആണ്‌.

കണ്ടപ്പൊള്‍ നല്ല മുഖ പരിചയം തോന്നിയ ആ ടയറിനെ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയിട്ടു ഞങ്ങളുടെ കാര്‍ ഉറക്കെ കരഞ്ഞു..."അയ്യൊ...എന്റെ ഫ്രന്റ്‌ വീല്‍..."

യാത്രികന്‍ said...

കുട്ട്യേടത്യേ
മടിയാണോ ഇതെന്ന് പറയാന്‍ അറിയില്ല. എല്ലാം കൂടി ഒരുമിച്ചെഴുതിയാല്‍ ഒരു നീണ്ട കഥ ആവില്ല്യെ ന്നു എനിക്ക്‌ തോന്നണ പോലെ ഉള്ള ഒരു സംശയം ആണ്‌ ന്നാണ്‌ എനിക്ക്‌ തൊന്നണെ.ആണോ പണിക്കാ?

വായിക്കണോര്‌ ചിലപ്പൊ പകുതി വായിച്ച്‌ പോയി ന്നിരിക്കും. ഇതിപ്പോ നമ്മടെ തുടരും ന്നു പറഞ്ഞു നിര്‍ത്ത്യാ പിന്നേം വന്നു വായിച്ചോളും. അങ്ങിനെ ആണോ?

എന്താ പണിക്കാ തന്റെ മനസ്സില്‍? എല്ലാം ഇങ്ങ്ട്‌ പോരട്ടെ ന്ന്..

യാത്രികന്‍

വക്കാരിമഷ്‌ടാ said...

പണിക്കാ, കൊള്ളാം. കുട്ട്യേടത്തി പറഞ്ഞ മണം എനിക്കും കിട്ടുന്നു-പക്ഷേ മൃഗം മാത്രം മാറി. എനിക്കൊരു സിംഹത്തിന്റെ മണമാണ് കിട്ടുന്നത്.

പണിക്കന്‍ യാത്രയെപ്പറ്റിയെഴുതുന്നു. അതെന്താ അങ്ങിനെയെഴുതുന്നതെന്ന് യാത്രികന്‍ ചോദിക്കുന്നു. വഴിപോക്കന്‍ ഇതുവരെ ഒന്നും യാത്രയേപ്പറ്റിയെഴുതിയിട്ടില്ല. യാത്രാമൊഴിയാണെങ്കില്‍ പടങ്ങളും കവിതകളുമിടുന്നു. ശനിയന്‍ യാത്രാമൊഴിയെന്നും പറഞ്ഞ് പാടുന്നു. മൊത്തം കണ്‍‌ഫ്യൂഷന്‍

വഴിപോക്കന്‍ said...

വക്കാരി സുഹൃത്ത്‌ ആളൊരു ഉത്സാഹ കമ്മിറ്റി ആണല്ലൊ.. എല്ലാവരേയും പ്രോത്സാഹിപ്പിയ്ക്കാന്‍ കാണിയ്കുന്ന ഈ ഡെഡിക്കേഷന്‌ 10 മാര്‍ക്ക്‌

ഒരുപാട്‌ യാത്രക്കാര്‍ ഇവിടെ ഉള്ള വിവരം വഴിപോക്കന്‍ എന്നൊരു എവിടെയും തൊടാത്ത പേര്‌ "കണ്ട്‌പിടിച്ചപ്പോള്‍" അറിഞ്ഞിരുന്നില്ല.. :) മാറ്റണൊ വേണ്ടയൊ, പേര്‌ മാറ്റണൊ വേണ്ടയൊ എന്നൊരു കണ്‍ഫിൂഷന്‍

പണിക്കന്റെ തുടരന്‍ ഇന്നാണ്‌ കാണുന്നത്‌.. പല നമ്പറുകളും കലക്കീ... ഇതിനു മുന്‍പത്തേതില്‍ "പകല്‍ ആകാശത്തു നക്ഷത്രങ്ങളെ കാണാത്തത്‌ എന്തുകൊണ്ട്‌ ?' എന്നു ചിന്തിച്ചു നടു റോട്ടില്‍ കിടക്കുന്ന" ഒക്കെ പ്രത്യേകിച്ചും..
പണിക്കന്റെ യാത്രകളില്‍ നല്ല പോലെ പണികിട്ടി എന്ന് കഥാസാരം.