Friday, June 30, 2006

വാഗണ്‍ ട്രാജഡി

കഴിഞ്ഞ ശനിയാഴ്ച സൂര്യന്‍ കട തുറക്കും മുന്‍പേ ഞങ്ങള്‍ മേട്ടുപ്പാളയം റെയില്‌വേ സ്റ്റേഷനില്‍ എത്തി... അവിടെ നിന്നു ഊട്ടിക്ക്‌ മീറ്റര്‍ ഗേജ്‌ ട്രെയിനില്‍ പോവുകയാണ്‌ ഞങ്ങളുടെ ലക്ഷ്യം...

7.15 ന്‌ പുറപ്പെടുന്ന ട്രെയിനിന്‌ 5.45 ന്‌ ടിക്കറ്റ്‌ കൊടുത്ത്‌ തുടങ്ങും. അതിന്‌ ഇനിയും ഒരു മണിക്കൂര്‍ ഉണ്ടെന്ന തിരിച്ചറിവ്‌ ഞങ്ങളെ ഒരു ചായ കപ്പും പിടിച്ച്‌ ബെഞ്ചുകളിലേക്കു ചായാന്‍ പ്രേരിപ്പിച്ചു... എന്നാല്‍ ആ ചായകടക്കാരന്‍ അവിടത്തെ ചിട്ടവട്ടങ്ങളെ കുറിച്ച്‌ പകര്‍ന്നു തന്ന ജ്ഞ്യാനോപദേശം ഞങ്ങളെ കര്‍ത്തവ്യ നിരതരാക്കി... അവിടെ ക്യൂ നിന്നാലെ ട്രെയിനില്‍ കയറാന്‍ പറ്റു എന്നതായിരുന്നു അതിലെ മഹത്ത്‌വചനം...

അതു വരെ അവിടെ ബെഞ്ചില്‍ ഇരുന്നിരുന്ന ഒരു 6 അംഗ തമിഴ്‌ കുടുംബം ഒരു ക്യൂ ആയി രൂപാന്തരം പ്രാപിക്കുന്നതു കണ്ടപ്പോള്‍ അതിന്റെ വാലറ്റം നോക്കി ഞങ്ങളും പിടിമുറുക്കി... 2 പേര്‌ ടിക്കറ്റ്‌ കൌണ്ടറിലും സായുധം അണി നിരന്നു...

5.45 ആയപ്പൊള്‍ കൌണ്ടറിലിരുന്ന കൊമ്പന്‌മീശക്കാരന്‍ ഞങ്ങളുടെ ചീട്ടു കീറി ;)... അങ്ങനെ ഞങ്ങള്‍ 10 പേരും ട്രെയിന്‍ കേറാനുള്ള ക്യൂവിന്റെ ഭാഗമായി. പക്ഷെ അതിനകം ഞങ്ങള്‍ വാലറ്റം വിട്ടു നടു കഷ്ണം ആയിരുന്നു... ഞങ്ങളുടെ സഹക്യൂവന്‍മാരായി 3 മദാമമാരും 2 സായിപ്പുമാരും എത്തിപെട്ടിരുന്നു.

ട്രെയിന്‍ യാത്രക്കിടയില്‍ കാണാന്‍ പോവുന്ന കാഴ്ചകളെ പറ്റിയും എടുക്കേണ്ട ഫോട്ടോകളെ പറ്റിയും ആയി ഞങ്ങളുടെ ചര്‍ച്ച... ഇതിനിടയില്‍ മിനിറ്റ്‌ സൂചി ഓരൊ അടി മുന്നോട്ടു വെക്കുമ്പോഴും ഞങ്ങളുടെ മുന്നിലെ തമിഴ്‌ കുടുംബത്തിന്റെ അംഗ സംഖ്യ കൂടിവരുന്നതു ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു... അതിന്റെ ഒരു ഗുട്ടന്‍സ്‌ അറിയാന്‍ ശ്രദ്ധിച്ചപ്പോള്‍ കണ്ടതു 'മച്ചാ' 'മാമ്മീ' വിളികളോടെ കുശലം പറയാന്‍ എത്തുന്ന തമിഴന്‍മാര്‍ ബാങ്ക്‌ളൂര്‌ കണ്ട സോഫ്റ്റ്‌വെയര്‍ എങ്ങിനീയേര്‍സിനെ പോലെ (ആ കൂട്ടത്തില്‍ പെട്ട എല്ലാവരും എന്നൊടു ക്ഷമിക്കൂ...) പിന്നീട്‌ അവിടെ സ്ഥിരതാമസമാക്കുന്നതാണ്‌...

എതാനും നിമിഷങ്ങള്‍ക്കകം സന്തോഷ്‌ ട്രോഫിയുടെ ഉല്‍ഘാടനത്തിന്‌ കളിക്കാര്‍ അണി നിരക്കുന്നതു പോലെ മുന്‍പില്‍ തമിഴ്‌നാട്‌ ടീം തൊട്ടു പുറകിലായി കേരള ടീം എന്ന അവസ്ഥയായി...

കാര്യങ്ങള്‍ കൂടുതല്‍ വഷളാവുന്നതിന്‌ മുന്‍പ്‌ ഞങ്ങള്‍ ഇടപെട്ടു കുടിയേറ്റക്കാരുടെ ഒഴുക്കു നിയന്ത്രിച്ചു...

റിസര്‍വേഷനും കഴിഞ്ഞു ബാക്കി ഉള്ള സീറ്റുകളിലേക്ക്‌ ചായാനുള്ള ആള്‍കാരുടെ ക്യൂവിന്റെ വലുപ്പം ഞങ്ങളെ ചായകടക്കാരന്റെ ഉപദേശം നമ്പര്‍ 2 ഓര്‍മ്മപ്പെടുത്തി... അതനുസരിച്ച്‌ ഞങ്ങള്‍ അവിടെ ഉണ്ടായിരുന്ന ഗാര്‍ഡുമാരില്‍ ഒരാള്‍ക്കു നേരെ മയക്കുവെടി വെക്കാന്‍ തീരുമാനിച്ചു... അവിടെ കണ്ട 2 ഗാര്‍ഡുമാരില്‍ മനുഷ്യകോലം ഉള്ള ഒരാള്‍ടെ നേരെ 20 കേരള മണീസ്‌ നീട്ടികൊണ്ട്‌ അയാളെ കൂട്ടില്‍ കേറ്റി... സ്വന്തമായി ഒരു ബോഗി തന്നെ ഞങ്ങളുടെ പേരില്‍ എഴുതി തരാം എന്ന ആ ഗാര്‍ഡിന്റെ ഭാഷണത്തില്‍ മനം കുളിര്‍ത്ത്‌ ഞങ്ങള്‍ വീണ്ടും ക്യൂവാന്‍ നിന്നു...

അവിടെ ഉണ്ടായിരുന്ന ആ രണ്ടാമന്‍ ഗാര്‍ഡിന്റെ കണ്ണുകളില്‍ കണ്ടതു 20 വെള്ളിനാണയം അയാള്‍ക്കു കിട്ടാത്തതിന്റെ ദീന ഭാവമോ... അതൊ ക്രോധത്തിന്റെ തീക്കനല്ലോ???

ആ... എന്തായാലും അതൊക്കെ ചിന്തിച്ചെടുക്കാന്‍ നമുക്കെവടെ സമയം...

ഒരു ചെറിയ കാത്തിരുപ്പിനു ശേഷം 7 മണി ആയപ്പൊള്‍ എഞ്ചിനില്‍ നിന്നു പ്രതീക്ഷയുടെ വെള്ള പുക ഉയര്‍ന്നു. ഉടനെ തന്നെ എഞ്ചിന്‍ വാം അപ്പ്‌ തുടങ്ങി.. 2-3 തവണ മുന്നോട്ടും പിന്നോട്ടും ഓടി തന്റെ കഴിവില്‍ വിശ്വാസം വന്ന എഞ്ചിന്‍, ബോഗി സുഹൃത്തുകളേം കൂട്ടി പടയോട്ടത്തിനു തയ്യാറായി ഞങ്ങളുടെ മുന്നിലെത്തി...

അയ്യോ... ഇതല്ലേ കിലുക്കത്തില്‍ രേവതി വന്നിറങ്ങിയ ആ ട്രെയിന്‍... ഇതല്ലേ ദില്‌സേയില്‍ ഷാരുഖ്ഖാന്‍ ചയ്യ ചയ്യ പാടിയ ആ ട്രെയിന്‍... അതെ അതു തന്നെ... അതില്‍ കേറി നീലഗിരിയുടെ സിരകളിലൂടെ ഒരു യാത്ര എന്ന സ്വപ്നം ഇതാ സാക്ഷാത്ക്കരിക്കാന്‍ പോവുന്നു...

മുന്‍പിലെ ക്യൂവന്‍മാര്‍ ഓരോരുത്തരായി ട്രേയിനിനുള്ളിലേക്ക്‌ ആവുമ്പോഴും ഞങ്ങളുടെ കണ്ണുകള്‍ ഞങ്ങള്‍ തളച്ച ആ ഗാര്‍ഡിനെ തിരയുകയായിരുന്നു...

മുന്നിലുള്ളവരെല്ലാം തീര്‍ന്നു ഞങ്ങളുടെ ചാന്‍സ്‌ എത്തിയപ്പോള്‍ അതുവരെ ഭയപ്പെട്ടിരുന്ന ആ വാചകം ഒരു ഗാര്‍ഡിന്റെ വായില്‍ നിന്നും വീണു... "2 പേര്‍ ഇങ്ങ വാങ്കൊ..." ഈശ്വരാ... കൂട്ടത്തിലെ 2 പേര്‍ അയല്‍ ബോഗിയില്‍ ആവാന്‍ പോവുന്നു... പക്ഷെ കൃത്ത്യ സമയത്ത്‌ ആ 20മണീസ്‌ ഗാര്‍ഡ്‌ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടു...

ഇവന്‍മാരു മ്മടെ സ്വന്തം ഗഡീസ്‌ ആണ്‌. ഇവന്‍മാരെ ഒറ്റ ബോഗിയിലേക്കു താങ്ങിക്കോ എന്ന ആ ഗാര്‍ഡിന്റെ തമിഴിലുള്ള ഡയലോഗ്‌ തള്ളികളയാന്‍ ആ രണ്ടാമന്‍ ഗാര്‍ഡിനായില്ല...അങ്ങനെ ഞങ്ങള്‍ 10 പേരും 8 സീറ്റുള്ള ഒരു കൊച്ചു ബോഗിയില്‍ ഒന്നിച്ചായി... ആനന്ദ ലബ്ധിക്കിനിയെന്തു വേണം... ഒരു മനോഹരമായ യാത്രയിതാ ഞങ്ങളുദെ മുന്‍പില്‍ ഡബിള്‍ ബെല്ല്‌ കാത്തു കിടക്കുന്നു...

പക്ഷെ....

സ്വപ്നങ്ങളുടേയും ആര്‍മാദനങ്ങളുടേയും ഒച്ച ഉച്ചസ്ഥാനിയിലായിരുന്ന ആ ബോഗി പെട്ടന്നു സൌണ്ട്‌ കാര്‍ഡ്‌ അടിച്ചുപോയ സിസ്റ്റം പോലെ നിശബ്ദമായി... അതാ ആ ബോഗിയുടെ സ്വപ്ന കവാടം തുറന്ന്‌ 9 ഫുള്ള്‌ ടിക്കറ്റ്‌സും 2 ഹാഫ്‌ ടിക്കറ്റ്‌സും ഉള്ളിലേക്കു വരുന്നു... അവര്‍ക്കു പുറകില്‍ ഞങ്ങളെ നോക്കി നില്‍ക്കുന്ന 32 പല്ലുകള്‍... അതിന്റെ ഉടമസ്ഥനെ കാണാന്‍ സൂം ഔട്ട്‌ ചെയ്തപ്പോള്‍ കാണുന്നത്‌ ആ രണ്ടാമന്‍ ഗാര്‍ഡിന്റെ മനുഷ്യകോലമില്ലാത്ത വദനമാണ്‌... തനിക്കു തരാതെ തന്റെ സഹവര്‍ക്കനു 20 മണീസ്‌ കൊടുത്തതിന്റെ പ്രതികാരത്തിന്റെ പ്രദര്‍ശനമായിരുന്നു ആ 32 പല്ലുകള്‍..

ഇവങ്കളും ടിക്കറ്റ്‌ എടുത്തവര്‍ താന്‍..ഇവങ്കളേയും ഇങ്കെ അഡ്ജസ്റ്റ്‌ സെയ്തു താന്‍ ആകണം... എന്ന ഗാര്‍ഡിന്റെ തമിഴ്‌മൊഴി കൂടി കേട്ടപ്പോള്‍ ഞങ്ങള്‍ സംതൃപ്ത്തരായി...

യാത്രയുദെ രസം പോയെങ്കിലും സൈഡ്‌ സീറ്റ്‌ കിട്ടിയതു കൊണ്ട്‌ എനിക്കെന്തായാലും കാഴ്ചകള്‍ കണ്ടിരിക്കാം എന്നു ആശ്വസിക്കുമ്പൊള്‍ ദേ വരുന്നു ഒരു ഹിന്ദി പാര...

'അരേ... ചോട്ടു...ചിങ്കീ... തും ലോഗ്‌ ഉസ്‌ അങ്കിള്‍ കെ സാത്‌ ബൈട്നാ... ഉധര്‍സെ സബ്‌ കുച്ച്‌ ദേഖ്‌ സക്താ ഹെ...'

ഇതു പറഞ്ഞു തീരും മുന്‍പു എന്റെയോ എന്റെ മടിയുടേയോ അനുവാദം കൂടാതെ 2 ഹാഫ്‌ ടിക്കറ്റ്‌സും എന്റെ മടിയില്‍ സ്ഥാനം പിടിച്ച്‌ കഴിഞ്ഞിരുന്നു...

കിലുക്കത്തില്‍ രേവതിക്കു വട്ടായി പോയതിന്റേയും... ദില്‌സേയില്‍ ഷാരുഖ്ഖാന്‍ ട്രെയിനിന്റെ മുകളില്‍ കേറിയതിന്റേയും ഉള്‍പൊരുള്‍ എനിക്കു അപ്പഴാണ്‌ മനസ്സിലായത്‌...

നീലഗിരിയുടെ സൌന്ദര്യം ആസ്വദിക്കാന്‍ ട്രെയിനില്‍ കേറിയ ഞങ്ങള്‍ തമിഴന്‍മാരും ഹിന്ദിക്കാരും ഉള്‍പ്പെടെ പതിനൊന്നു പേര്‍ അടങ്ങുന്ന ഇന്ത്യന്‍ ജനതയുടെ ഷര്‍ട്ടിലെ ബട്ടന്‍സെണ്ണി ആ നീണ്ട 5 മണിക്കൂര്‍ യാത്ര ആനന്ദകരമാക്കി... ഇടയ്ക്കു കൈ ഒന്നു അനക്കാന്‍ അവസരം കിട്ടുമ്പോള്‍, കയ്യിലുള്ള ക്യാമറ ഒന്നു പുറത്തേക്കു നീട്ടി...ഒന്നു ക്ലിക്കി... പുറം ലോകം കാണുകയായിരുന്നു ഏക ആശ്വാസം...

രാവിലെ കുടിച്ച ഒരു ചായയും ചായക്കടക്കാരന്‍ വയറു നിറച്ച്‌ തന്ന ഉപദേശങ്ങളും ദഹിച്ചു കഴിഞ്ഞപ്പോഴും, വിശപ്പിന്റെ വിളി മനപ്പൂര്‍വ്വം കേട്ടില്ലെന്നു നടിക്കേണ്ടി വന്ന ഞങ്ങള്‍, അതുവരെ 'അങ്കിള്‍ യെ ക്യാ ഹെ... വൊ ക്യൂ എയ്സി ഹെ' എന്നൊക്കെ ചോദിച്ച്‌ സാമാന്യം ഭേതപ്പെട്ട രീതിയില്‍ എന്നെ ശല്യപ്പെടുത്തികൊണ്ടിരിക്കുകയും, പിന്നീട്‌ അഛന്റെ കയ്യില്‍ നിന്നു റോബസ്റ്റയും ബിസ്കറ്റും കിട്ടിയപ്പോള്‍ 'അങ്കിള്‍...യെ ഹം കേയ്സെ ഖാവോഗെ...' എന്നു ചോദിക്കപോലും ചെയ്യാതെ അതു മുഴുവന്‍ തിന്നു തീര്‍ക്കുകയും ചെയ്ത ആ ചോട്ടുവിനും ചിങ്കിക്കും ഞങ്ങളുടെ പ്രാക്കിന്റെ ഒരു അംശം കിട്ടരുതേ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട്‌ യാത്ര തുടര്‍ന്നു......

ശുഭം...

സസ്നേഹം
പണിക്കന്‍

25 comments:

പണിക്കന്‍ said...

'വാഗണ്‍ ട്രാജഡി'

കഴിഞ്ഞ തവണത്തെ പോലെ തുടരന്‍ അല്ലാതെ നീട്ടിവലിച്ച്‌ ഒരെണ്ണം ഞാന്‍ പൊസ്റ്റിട്ടുണ്ട്‌

ഈ കദന കഥ ഒന്നു വായിച്ചു നോക്കു...

പണിക്കന്‍ said...

'വാഗണ്‍ ട്രാജഡി'

കഴിഞ്ഞ തവണത്തെ പോലെ തുടരന്‍ അല്ലാതെ നീട്ടിവലിച്ച്‌ ഒരെണ്ണം ഞാന്‍ പൊസ്റ്റിട്ടുണ്ട്‌

ഈ കദന കഥ ഒന്നു വായിച്ചു നോക്കു...

അരവിന്ദ് :: aravind said...

"കിലുക്കത്തില്‍ രേവതിക്കു വട്ടായി പോയതിന്റേയും... ദില്‌സേയില്‍ ഷാരുഖ്ഖാന്‍ ട്രെയിനിന്റെ മുകളില്‍ കേറിയതിന്റേയും ഉള്‍പൊരുള്‍ എനിക്കു അപ്പഴാണ്‌ മനസ്സിലായത്‌..."

ഭേഷായി പണിക്കനേ..രസിച്ച് വായിച്ചു :-)

ശ്രീജിത്ത്‌ കെ said...

...യെ ഹം കേയ്സെ ഖാവോഗെ... എന്ന് ചോദിച്ചിരുന്നേല്‍ പിള്ളാരെ പറ്റിക്കാമായിരുന്നു അല്ലേ. പണിക്കനാള് ചില്ലറക്കാരനല്ലല്ലോ. നന്നായിട്ടുണ്ട് ട്രാജഡി. ഈ സൈസ് വേറെയും ഉണ്ടെങ്കില്‍ പോരട്ടേ പോരട്ടേ

വക്കാരിമഷ്‌ടാ said...

പണിക്കാ കൊള്ളാം. ക്വോട്ടാന്‍ വെച്ചതൊക്കെ അര്‍വിന്ദന്‍ കൊണ്ടുപോയി. ലാസ്റ്റ് പാര ഉഗ്രന്‍. ക്യോ, ക്യാ, ക്യീ എന്നൊക്കെ ചോദിച്ച പിള്ളാര് തീറ്റക്കാര്യം വന്നപ്പോള്‍ ആലുവാ മണല്‍പ്പുറക്കാര്യം പോലും ഓര്‍ത്തില്ലെന്നത് പണിക്കന്‍ പറഞ്ഞ രീതി വളരെ ഇഷ്ടപ്പെട്ടു.

ബിന്ദു said...

കൊള്ളാം പണിക്കാ :)

ബിരിയാണിക്കുട്ടി said...

ബാംഗ്ഗ്ലൂര്‍ കണ്ട സോഫ്‌റ്റ്‌വെയര്‍ എഞ്ചിനിയെര്‍സിനെ പോലെ..ഹീ ഹീ..

നന്നായിട്ടുണ്ട്‌ പണിക്കന്‍സ്.

ഡാലി said...

ദ്‌ പ്പൊ .. നീലഗിരി വണ്ടിന്നു പറഞ്ഞാ മ്മടെ K.K നേക്കാളും കഷ്ട്ടാ??

യാത്രികന്‍ said...

ഇതിപ്പോ പണിക്കന്‍ എന്റെ പണി കളയും ന്നാ തോന്നണെ? പണിക്കാ, എനിക്കിട്ട്‌ പണിയ്യാണോ?
മ്മ്ടെ ലാലേട്ടന്‍ അഹ്റ്റോ മമ്മൂക്കയോ?
ആ..ആരോ പറഞ്ഞ പോലെ "എനിക്കിട്ട്‌ പണിയല്ലെ, നിന്നെ ഞാന്‍ കളി പഡ്ടിപ്പിക്ക്വേ"

എന്തായാലും കലക്കി ട്ടോ...
കമന്‍റ്ററി കേട്ടപ്പോള്‍ ഇത്രെം രസം തോന്ന്യേര്‍ന്നില്ല ട്ടോ...ഇനി തന്റെ അടുത്ത യാത്ര എങ്ങോട്ടാ? എങ്ങോട്ടാണെങ്കിലും വേഗം പോയിട്ടു വരൂ,ന്നിട്ട്‌ ഇതു പോലെ നീട്ടി വലിച്ചെഴുതൂ.. ഞങ്ങള്‍ വായിച്ചു ക്രിതാര്‍ഥരാവട്ടെ...

യാത്രികന്‍

:: niKk | നിക്ക് :: said...

കിടിലോല്ക്കിടിലായിട്ടുണ്ട്!!!

"കിലുക്കത്തില്‍ രേവതിക്കു വട്ടായി പോയതിന്റേയും... ദില്‌സേയില്‍ ഷാരുഖ്ഖാന്‍ ട്രെയിനിന്റെ മുകളില്‍ കേറിയതിന്റേയും ഉള്‍പൊരുള്‍ എനിക്കു അപ്പഴാണ്‌ മനസ്സിലായത്‌..."

"ഇവന്‍മാരു മ്മടെ സ്വന്തം ഗഡീസ്‌ ആണ്‌. ഇവന്‍മാരെ ഒറ്റ ബോഗിയിലേക്കു താങ്ങിക്കോ" ഹിഹിഹി... ശൈലി ഒന്നിനൊന്ന് മെച്ചപ്പെടുന്നുണ്ട് പ‌ണിക്കാ...

അടുത്തത് കൈലാസ‌ യാത്ര ആയ്ക്കോട്ടെ പണിക്കാ... :)

:: niKk | നിക്ക് :: said...

പക്കേങ്കില്, മ്മടെ ഡാലി പ‌റയുന്ന ഈ "K.K" എന്താണാവോ !!!

daly said...
ദ്‌ പ്പൊ .. നീലഗിരി വണ്ടിന്നു പറഞ്ഞാ മ്മടെ K.K നേക്കാളും കഷ്ട്ടാ??

അജിത്‌ | Ajith said...

പണിക്കന്‍സ്‌..
നന്നായി വിവരിച്ചിട്ടുണ്ട്‌....

Anonymous said...

വിനോദ്ശിവന്‍:

ആടിപൊളിയായിട്ടുന്ടു പ‌ണിക്ക‌ന് ഛേട്ടാ! നിങ‌ളു പുലി ത‌ന്നെ കെട്ടാ!!!

സന്തോഷ് said...

രസിച്ചു, പണിക്കരേ.

Adithyan said...

കൊള്ളാം പണിക്കാ :)

അങ്ങനെ യാത്ര വളരെ സുഖകരമായി അവസാനിച്ചു എന്നറിഞ്ഞതില്‍ സന്തോഷം :)

പാപ്പാന്‍‌/mahout said...

പണിക്കന്റെ പണി കൊള്ളാം, പ്രയോഗങ്ങളും.

KK -> കേരളാ എക്സ്‌പ്രസ്സ് ആയിരിക്കണം. (പണ്ട് കേരളാ-കര്‍‌ണ്ണാടകാ എക്സ്‌പ്രസ്സ്.)

വിശാല മനസ്കന്‍ said...

നന്നായിട്ടുണ്ട്.

പണിക്കന്‍ said...

അരവിന്ദേ,വക്കാരിമാഷേ,ബിന്ദു ഓപ്പോളേ,ബിരിയാണീസ്‌, യാത്രികാ, നിക്ക്‌, അജിത്തേ, സന്തോഷേ, ആദിത്യോ, പാപ്പാന്‍സ്‌, വിശാലേട്ടോ ... നന്ദി... :)

ജിത്തേ... ആ ഒരു അവസ്ഥയില്‍ വിശപ്പുംകൂടി ഉണ്ടെങ്കില്‍ ആരും അതു ചെയ്തു പോവും... നന്ദി... :)

ഡാലി... വണ്ടിക്ക്‌ യാതൊരു കഷ്ടതയും ഇല്ലായിരുന്നു... കഷ്ടപ്പാടു മുഴുവന്‍ ഞങ്ങള്‍ക്കായിരുന്നു :(

കുറുമാന്‍ said...

പണിക്കരേ കാണാതിരുന്നതിന്റെ കാര്യം ഇപ്പോളാ പിടികിട്ടിയത്. അങ്ങ് ഊട്ടിക്ക് പോയതായിരുന്നല്ലെ?

മീറ്റര്‍ ഗേജ് ട്രെയിന്‍ യാത്ര ഒരു രസം തന്നെ. പണ്ട്, കാല്‍ക്ക മുതല്‍ സിം ല വരെ മീറ്റര്‍ ഗേജില്‍ യാത്രചെയ്തതിന്റെ ഓര്‍മ്മ വന്നു.

കലേഷ്‌ കുമാര്‍ said...

പണിക്കന്‍ ചേട്ടാ, ദുബൈയില്‍ എവിടെയാ?
ബൂലോഗ സംഗമം അടുത്ത ആഴ്ച്ച ഷാര്‍ജ്ജയില്‍ വച്ച് നടത്തുന്ന വിവരം അറിഞ്ഞുകാണുമെന്ന് കരുതുന്നു.
ദയവായി എന്നെ ഒന്ന് വിളിക്കാമോ? 050-3095694

പണിക്കന്‍ said...

അയ്യോ... കലേഷുമാഷേ ഞാന്‍ ദുബായിലൊന്നും അല്ലേ... ഇവടെ കൊച്ചു കേരളത്തിലെ കൊച്ചി മഹാരാജ്യത്താണേ...

ഇനി ഇപ്പൊ ഐ. എസ്‌. ഡി കാശും കളഞ്ഞു ആ നംബറില്‍ വിളിക്കണോ? ;)

ദേവന്‍ said...

ഹഹഹാ

കലേഷിനാളുമാറി. ദുബായിപ്പണിക്കരല്ല ഇതു കൊച്ചീക്കളരി ഗുരു പണിക്കന്‍. (എനിക്കും ആദ്യം വര്‍ണ്ണ്യത്തില്‍ ആശങ്ക വന്നിരുന്നു) ഇയദ്ദേഹം കൊച്ചി മീറ്റിനു പോയിക്കോളും.

കരാമപ്പണിക്കര്‍

http://panikkar.blogspot.com/
കുറുമാന്റെ കൊോറ്റെ വരുമായിരിക്കും..

കലേഷ്‌ കുമാര്‍ said...

വര്‍ണ്ണ്യത്തിലാശങ്ക!

ദില്‍ബാസുരന്‍ said...

പണിക്കന്‍സ്,
താങ്കളുടെ അവസ്ഥ എനിക്ക് മനസ്സിലായി. ഈ ചിട്ങ്ങ് പിള്ളേര്‍ മേത്ത് കേറിയാല്‍ പിന്നെ എറക്കാന്‍ ചില്ലറയൊന്നുമല്ല എടങ്ങേറ്.
അതും ചിങ്കി പിങ്കി തരത്തില്‍ പെട്ടതാണെങ്കില്‍ ഹൈക്കമാന്റിന് നിയന്ത്രണമില്ലാത്ത തരങ്ങളാണ് അധികവും. :-(

കലക്കി. ഈ സൈസ് ഇനിയും പോരട്ടെ.

Sudheesh Arackal said...

വായിച്ചു രസിച്ചു ട്ടാ!!!!!""