Sunday, July 23, 2006

കരിങ്കര്‍ക്കിടകം

എപ്പഴോ പെയ്തൊഴിഞ്ഞ മഴ ഈറനണിയിച്ച ആ കര്‍ക്കിടക സന്ധ്യയില്‍ രാമനാമ ജപവും നിറമാലയും കഴിഞ്ഞാളൊഴിഞ്ഞ അമ്പലപറമ്പിലെ കല്‍വിളക്കില്‍ ഒരു തിരി മാത്രം കെടാതെ നില്‍ക്കുന്നു... ആലിലകളില്‍ നാദം ചൊരിഞ്ഞൊഴുകിയെത്തിയ ഇളം കാറ്റത്ത്‌ ഒന്ന്‌ മങ്ങി തെളിഞ്ഞ ആ തിരിനാളങ്ങളേക്കാള്‍ തിളക്കമുണ്ടായിരുന്നു അവളുടെ നക്ഷത്ര കണ്ണുകള്‍ക്ക്‌...

നിലാവിന്റെ അഴകും നിത്യം ദേവപാദങ്ങളെ പുണരാന്‍ മാത്രമായി വിരിയുന്ന അമ്പലപറമ്പിലെ നന്ത്യാര്‍വട്ട പൂക്കളുടെ പുണ്യവും ഉള്ളവള്‍....

ഹൊ!!! ആ കുട്ട്യേ സമ്മതിക്കണം... ഒരൊറ്റ നോട്ടതില്‍ എന്നെ കൊണ്ട്‌ ഇത്രയൊക്കെ എഴുതിച്ചില്യേ... അല്ലെങ്കിലും ഈ പെണ്ണുങ്ങള്‍ടെ കാര്യൊക്കെ ഇങ്ങന്യാ... ഒരു നോട്ടം... ഒരു ചിരി... അവരുടെ ഉത്തരവാദിത്തം കഴിഞ്ഞു... പിന്നെ നമുക്കാണു ടെന്‍ഷന്‍ മുഴുവന്‍... ഈ കുട്ടി ഏതാ... എവിടത്ത്യാ... എന്നൊക്കെ അന്വേഷിച്ചു കണ്ട്‌ പിടിക്കണം... ആ എന്തു ചെയ്യാം ഞാന്‍ ഉത്തരവാദിത്തത്തില്‍ നിന്ന്‌ മാറി നില്‍ക്കാന്‍ താല്‍പ്പര്യമില്യാത്ത ഒരാളായി പോയി... ഇനി നാളെ തന്നെ അന്വേഷിച്ചിറങ്ങണം...

കുട്ടാ... നീ ഈ രാത്രി ആല്‍ത്തറേല്‌ എന്ത്‌ ചെയ്യാ... വന്ന്‌ ഊണ്‌ കഴിക്ക്‌...

ആ ദേ അമ്മ വിളിക്കണു... എന്റെ അടുത്ത ഉത്തരവാദിത്തത്തിനുള്ള സമയായി... ഇനി ഊണ്‌ കഴിഞ്ഞട്ടാവാം ബാക്കി സ്വപ്നം കാണല്‍... അതുവരെ എന്റെ സ്വപ്നങ്ങള്‍ക്ക്‌ പശ്ചാത്തല സംഗീതം ഒരുക്കിത്തന്ന കൊതുകുകളോട്‌ യാത്ര പറഞ്ഞ്‌ ഞാന്‍ വീട്ടിലേക്ക്‌ കേറി...

അങ്ങനെ ഊണും കഴിഞ്ഞു കട്ടിലിലേക്ക്‌ ചരിഞ്ഞ ഞാന്‍ പതിവ്‌ സ്വപ്നങ്ങളുടെ കൂടെ ഒന്നു രണ്ട്‌ എക്സ്ട്രാ ഗ്രൂപ്പ്‌ ഡാന്‍സ്‌ തള്ളി കേറ്റി അന്നത്തെ രാത്രി തള്ളി നീക്കി...

പിറ്റേ ദിവസം പതിവില്‍നിന്നും വ്യത്യസ്തമായി 6 മണി ആയപ്പോഴേക്കും എന്റെ ഉത്തരവാദിത്തങ്ങളുടെ പ്രഭാതം കണ്‍ച്ചിമ്മിയുണര്‍ന്നു...പിന്നെ അധികം സമയം കളയാതെ കുളിച്ചൊരുങ്ങി ഞാന്‍ അമ്പലതിലേക്കോടി...

ആ സമയത്ത്‌ എന്നെ അവിടെ കണ്ട്‌ അത്ഭുതപരതന്ത്രനായി, എന്റെ മുഖത്തേക്കും പേര്‌ പുറത്ത്‌ പറയാന്‍ താല്‍പര്യമില്ലാത ഏതോ ഭക്തന്‍ സംഭാവന നല്‍കി അമ്പല പറാമ്പില്‍ തൂക്കിയിട്ടിരിക്കുന്ന ക്ലോക്കിലേക്കും മാറിമാറി നോക്കി ശംഖുചക്രഗദാഹസ്തനായി നില്‍ക്കുന്ന സാക്ഷാല്‍ മഹാവിഷ്ണുവിന്റെ മുന്‍പില്‍ സ്ഥിരം പരാതികളുടേയും അപേക്ഷകളുടേയും കൂട്ടത്തില്‍ സ്വല്‍പം നാണത്തോടെ ഞാന്‍ ആ ആവശ്യം കൂടി ഉന്നയിച്ചു... ആ അജ്ഞ്യാത സുന്ദരിയെ ഒന്നു പരിചയപ്പെറ്റാന്‍ അവസരം ഉണ്ടാക്കിതരണേ ഭഗവാനേ...

രാമായണമാസത്തോടനുബന്ധിച്ച്‌ നിത്യവും നിറമാലയും വിളക്ക്‌ വെയ്പ്പും ഉണ്ട്‌ അമ്പലത്തില്‍. അതിനോടൊപ്പം ഭക്തര്‍ക്ക്‌ ദേവസന്നിധിയില്‍ പറ നിറക്കാനുള്ള സൗകര്യവും ഉണ്ട്‌... പഞ്ഞ മാസം എന്നറിയപ്പെടുന്ന കര്‍ക്കിടക മാസത്തില്‍ ഒട്ടും ചേരാത്തതാണെങ്കില്‍ കൂടി, എങ്ങനെയോ അതു അവിടത്തെ ഒരു വിശിഷ്ട ചടങ്ങായി തീര്‍ന്നിരുന്നു...അതിനുവേണ്ടി അനേകം ഭക്തജനങ്ങള്‍ വരികയും പതിവാണ്‌...

അതിനായി തുറന്നിരിക്കുന്ന സ്പെഷ്യല്‍ വഴിപാട്‌ കൗണ്ടറില്‍ ഇരുന്നാല്‍ അമ്പലത്തില്‍ വരുന്ന ആരെയും മിസ്സ്‌ ആവാതെ കാനാം എന്നുള്ളതിനാലും കഴിഞ്ഞ 2 ദിവസവും അവള്‍ അവിടെ വന്നു പറ നിറച്ചു എന്നതു കൊണ്ടും ആ കൗണ്ടറില്‍ ഇരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഞാന്‍ നേരത്തെ അമ്പലത്തില്‍ എത്തിയത്‌.

അമ്പല കമ്മറ്റി മെംബര്‍ എന്ന സ്ഥാനപേരിന്‌ ഉടമയാണെങ്കില്‍കൂടി കഴിഞ്ഞ 1 വര്‍ഷമായി അമ്പലത്തിലെ ഒരു പരിപാടിക്കും ഞാനെന്റെ മഹനീയ സേവനം നല്‍കിയിട്ടില്ല എന്ന കാരണം കൊണ്ട്‌ എന്റെ പെട്ടന്നുള്ള കൗണ്ടറിരുത്ത മോഹം എല്ലാവരിലും ഒരു സംശയം ജനിപ്പിക്കുമോ എന്ന സംശയമാണ്‌ എന്നെ രാവിലെ മുതലേ അമ്പലത്തില്‍ ചുറ്റിപ്പറ്റി നില്‍ക്കാന്‍ പ്രേരിപ്പിച്ചത്‌.

പതിവുപോലെ അന്നും സന്ധ്യക്കു മുമ്പേ വൈകുന്നേരമെത്തി... ഒരു കമ്മറ്റി മെംബര്‍ എന്ന നിലക്കുള്ള എന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ ഞാന്‍ ആ വഴിപാട്‌ കൗണ്ടറില്‍ ഉപവിഷ്ടനായി...

ഒരു പുഷ്പാഞ്ജലി... പേര്‌ രാമന്‍ നാള്‌ ഭരണി... ഒരു നെല്‍പ്പറ... പേര്‌ കല്യാണികുട്ടി നാള്‌ മൂലം... ഒരു അരിപ്പറ... ഒരു മലര്‌... ഒരെണ്ണ... വഴിപാടുകളും നാളും പേരും എഴുതിയെഴുതി ഞാന്‍ ചീട്ട്‌ കീറികൊണ്ടേയിരുന്നു. ആ ശബ്ദം കേള്‍ക്കാനായി... പേരറിയാനായി... കാതോര്‍ത്ത്‌...

ഒരു ഐമ്പറ...(അഞ്ചു പറ)

ആ ശബ്ദം കേട്ട്‌ മുഖമുയര്‍ത്തി നോക്കിയ ഞാന്‍ കണ്ടത്‌ എന്നെ തന്നെ നോക്കുന്ന ആ നക്ഷത്ര കണ്ണുകളും എനിക്കായി പുഞ്ചിരി തൂകുന്ന ആ ചെഞ്ചുണ്ടുകളുമാണ്‌...

പരിസരബോധം മറന്ന്‌ ഞാനുറക്കെ ചോദിച്ചു...

പേര്‌...

പേര്‌ അശ്വതി... നാളും അശ്വതി...

ആ വഴിപാട്‌ രസീറ്റില്‍ മേല്‍വിലാസം എഴുതാനുള്ള ഒരു കോളം ഇടാത്ത കമ്മറ്റി സെക്രട്ടറിയെ ഞാന്‍ ഒരു നിമിഷം ശപിച്ചു...

ഞാന്‍ ആ രസീറ്റ്‌ അവള്‍ക്കു നേരെ നീട്ടി... ഒരു ചെറുപുഞ്ചിരിയോടെ അതു ഏറ്റു വാങ്ങിയിട്ട്‌വള്‍ കാശു നീട്ടികൊണ്ട്‌ ചോദിച്ചു...

155 രൂപയല്ലെ?... എന്റേലിപ്പോ 150 രൂപെ ഉള്ളുലോ... 5 രൂപ നാളെ തന്ന മത്യോ?...

അയ്യൊ മതി..മതി... നാള്യോ മറ്റന്നാളോ എപ്പഴാ കുട്ടിക്ക്‌ സൗകര്യംച്ചാല്‍ അപ്പൊ തന്ന മതി... ദേ കണക്ക്‌ തെകക്കാന്‍ വേണ്ടി തല്‍കാലം എന്റെ കയ്യില്‍നിന്ന്‌ 5 രൂപ ഇടാം... എന്ന്‌ പറഞ്ഞ്‌ ഞാന്‍ അമ്മ പച്ചക്കറി വാങ്ങാന്‍ തന്ന കാശില്‍ നിന്ന്‌ അടിച്ചു മാറ്റിയ ആകെയുള്ള ആ 5 രൂപ കൗണ്ടറിലെ പണപ്പെട്ടിയില്‍ ഇട്ടു...

അതു കണ്ട്‌ നന്ദിയോടെയുള്ള ആ നോട്ടത്തിനും, ചിരിച്ചുകൊണ്ടു പറഞ്ഞ നന്ദി വാക്കിനും ഞാന്‍ വേറെ അര്‍ത്ഥം കണ്ട്വോ?

എന്തായാലും ആദ്യത്തെ ദിവസം തന്നെ പേരും നാളും കണ്ടു പിടിച്ചൂലോ എന്നോര്‍ത്തപ്പേ്പ്പാള്‍ എനിക്കു എന്നെ പറ്റി ഒരു അഭിമാനമൊക്കെ തോന്നി... ബാക്കി ഡീറ്റേയ്ല്‌സ്‌ വഴിയേ കണ്ടു പിടിക്കാം.

അങ്ങനെ അതൊരു പതിവായി. ഒരു പുതിയ ജോലി കിട്ടിയ മട്ടിലായിരുന്നു ഞാന്‍. ദിവസവും കൃത്യ സമയത്ത്‌ കൗണ്ടറില്‍ ഞാന്‍ ഇരിപ്പുറപ്പിക്കും.

അവള്‍ എന്നെ കാണാനും എന്നോട്‌ സംസാരിക്കാനും വേണ്ടി ദിവസവും ഐമ്പറ വെച്ചു...

ഒരു ഐമ്പറ...155 രൂപ... ഈ രണ്ടു വാക്കുകള്‍ മാത്രം പറഞ്ഞ്‌ ഞങ്ങള്‍ ദിവസവും ഞങ്ങളുടെ മനസ്സും ഹൃദയവും കൈമാറി പോന്നു...

അങ്ങനെ നീളം കൂടിയ പകലുകളും അവളുടെ സാനിദ്ധ്യമുള്ള നൈമിഷികസന്ധ്യകളും കൈകോര്‍ത്തിണങ്ങി 8 ദിവസങ്ങള്‍ കഴിഞ്ഞു...

എന്നാല്‍ പിറ്റേ ദിവസം എന്റെ എല്ലാ സ്വപ്നദീപങ്ങളും ഊതിക്കെടുത്തികൊണ്ട്‌, ഞാന്‍ അവള്‍ക്കായി എഴുതിവെച്ച രസീറ്റ്‌ ഏറ്റു വാങ്ങാന്‍ അവള്‍ വന്നില്ല... അതു കഴിഞ്ഞുള്ള 2 ദിവസങ്ങളിലെ സന്ധ്യകള്‍ക്കും പകലുകള്‍ പോലെ നീള കൂടുതല്‍ അനുഭവപെട്ടു...

മൂന്നാം ദിവസം പതിവുപോലെ ദേവസന്നിധിയില്‍ അന്നത്തെ ലിസ്റ്റ്‌ അവതരിപ്പിച്ച്‌ കൗണ്ടറില്‍ ഇരിപ്പുറപ്പിചപ്പോള്‍ അമ്പലകമ്മറ്റി പ്രസിഡന്റ്‌ മേനോന്‍ ചേട്ടനും അമ്പലത്തിലെ വാര്യരും തമ്മിലുള്ള സംഭാഷണത്തിലെ ഓരോ വാക്കും കൂരമ്പുകളായി എന്റെ നെഞ്ചില്‍ തറച്ചു...

മേന്‍നേ... അറിഞ്ഞില്യേ... മ്മടെ മോഹനന്‍ ഡോക്റ്റര്‍ടെ മോളില്യേ... അശ്വതി... ആ കുട്ടിടെ കല്യാണം ശരിയായിത്രേ.. പയ്യന്‌ അമേരിക്കേല്‌ ഏതോ വല്യേ കമ്പനീലാ ജോലീന്ന്‌...

ഞാനന്നേ പറഞ്ഞില്യേ വര്‌രേ... ഭഗവാന്റെ നടക്കില്‌ 10 ദിവസം മൊടങ്ങാതെ പറ വെച്ചാ എന്താഗ്രഹിച്ചാലും നടക്കുമ്ന്ന്‌...

ഈശ്വരാ... അപ്പൊ ഇത്രേം ദിവസം എന്നെ നോക്കി ചിരിക്കുമ്പഴും ആ കുട്ടി മനസ്സില്‍ ആഗ്രഹിച്ചിരുന്നത്‌ ഇതാണോ? അപ്പൊ ആ കുട്ടി എന്ന്‌ ചതിക്യായിരുന്നോ? എന്നൊക്കെ ആലോചിച്ചിരുന്ന എന്റെ കണ്ണുകളില്‍ നിന്ന്‌ വീണ ഒരു തുള്ളി കണ്ണീര്‍ അവള്‍ക്കായി അന്നും എഴുതിവെച്ചിരുന്ന ആ രസീറ്റിലെ അവളുടെ പേരിനു മുകളില്‍ വീണ്‌ പരന്നു...

ഒരു ഐമ്പറ...

ദുഖഭാരത്താല്‍ കുനിഞ്ഞ എന്റെ മുഖം ആ ശബ്ദം കേട്ടപ്പോള്‍ ഉയര്‍ന്നു...

ഇടറിയ കണ്‌ഠതില്‍ നിന്ന്‌ പുതുപ്രതീക്ഷയുടെ സ്വരം പുറത്തു വന്നു...

പേര്‌...

പേര്‌ രേവതി... നാളും രേവതി...

രസീറ്റെഴുതി അവള്‍ക്കു നേരെ നീട്ടിയപ്പോള്‍ ഞാന്‍ കണ്ടത്‌ എന്നെ തന്നെ നോക്കുന്ന ആ നക്ഷത്ര കണ്ണുകളും എനിക്കായി പുഞ്ച്ചിരി തൂകുന്ന ആ ചെഞ്ചുണ്ടുകളുമാണ്‌...

...ശുഭം...

സസ്നേഹം
പണിക്കന്‍

24 comments:

പണിക്കന്‍ said...

ജീവിതപുസ്തകത്തിലെ മഞ്ഞക്കിളികള്‍ എന്ന അദ്ധ്യായത്തില്‍ നിന്നും ഒരേട്‌...

വായിക്കൂ... വിവരമറിയൂ...

ഇടിവാള്‍ said...

പണിക്കോ.. ടച്ചിങ്ങ്‌ !

അടുത്തത്‌ വരുന്നത്‌ പേരും നാളും ഭരണി ആവും അല്ലേ ;) !

evuraan said...

പണിക്കാ,

ഒരു ചിന്ന സജഷന്‍: കുത്തുകള്‍ (...,.....,..) ഒരുപാടിടുന്നത് ഒഴിവാക്കിക്കൂടേ?

ബിന്ദു said...

അപ്പോഴിപ്പോള്‍ രേവതിയിലാണോ ഓട്ടം? ;) അമ്മയുടെ ഈമെയില്‍ ഐഡി ഒന്നു തരൂ.. :)

പെരിങ്ങോടന്‍ said...

എനിക്കിതു ഭയങ്കരായിട്ട് ഇഷ്ടായി :)

Adithyan said...

നിലാവിന്റെ അഴകും നിത്യം ദേവപാദങ്ങളെ പുണരാന്‍ മാത്രമായി വിരിയുന്ന അമ്പലപറമ്പിലെ നന്ത്യാര്‍വട്ട പൂക്കളുടെ പുണ്യവും ഉള്ളവള്‍....


എന്നൊക്കെയുള്ള തുടക്കം കണ്ടപ്പോ ഞാന്‍ കരുതി അസ്ഥിയേ പിടിച്ചെന്ന്... അവസാനം വരെ വായിച്ചെത്തിയപ്പൊഴല്ലെ ഇതു സീസണ്‍ ടിക്കറ്റ് കേസ് ആണെന്നു മനസിലായത്. :)

ദിവ (diva) said...

എനിക്കും പെരുത്തിഷ്ടപ്പെട്ടു.

വളരെ ലളിതമായും വ്യക്തമായും സംഭവം പറഞ്ഞവസാനിപ്പിച്ചിരിക്കുന്നു. നന്നായി.

ഇതൊക്കെയാണീ ഒറിജിനാലിറ്റി, ഒറിജിനാലിറ്റി എന്നൊക്കെ പറയുന്ന സാധനം. നല്ല കാര്യം !

<:| രാജമാണിക്യം|:> said...

പോയതു പൊട്ടെ പണിക്കാ.. അടുത്ത അശ്വതിക്കായി കാത്തിരിക്കൂ.. എന്നാലും ഒന്നു മുട്ടിനോക്കാമായിരുന്നു. സംഭവാമി യുഗെ യുഗെ..

വളരെ നന്നായിട്ടുണ്ട്‌...

:: niKk | നിക്ക് :: said...

ഇനിയെത്രയെത്ര മഞ്ഞക്കിളികളെക്കുറിച്ച് പറയാന്‍ കിടക്കുന്നുവല്ലേ പണിക്കാ !!!

അടുത്ത ഊഴം ആരുടേതാണോ ആവോ...

കാര്‍ത്തികയെ വിട്ടേക്ക് ട്ടാ ;) ബുക്കിംങ്ങ്സാണ് ഗഡ്യേ... :P

കണ്ണൂസ്‌ said...

= ലക്ഷാര്‍ച്ചന കണ്ട്‌ മടങ്ങുമ്പോള്‍
== കര്‍പ്പൂരദീപത്തിന്‍ കാന്തിയില്‍
== ദേവീ ക്ഷേത്ര നടയില്‍, ദീപാരാധനാ വേളയില്‍
== ആറാട്ടിനാനകള്‍ എഴുന്നെള്ളി
== കൂത്തമ്പലത്തില്‍ വെച്ചോ, കുറുമൊഴിക്കുന്നില്‍ വെച്ചോ
== വലംപിരി ശംഖില്‍ തുളസീ തീര്‍ത്ഥം
== ശങ്കരധ്യാന പ്രകാരം ജപിച്ചു ഞാന്‍
== സിന്ധുവില്‍ നീരാടി, ഈറനായി.....

മലയാളത്തില്‍ തന്നെ എത്ര പ്രേമഗാനങ്ങളാണല്ലേ അമ്പലങ്ങളെ ചുറ്റിപ്പറ്റി? ഞാന്‍ ഒന്നോര്‍ത്തു നോക്കി, ഹിന്ദിയിലോ തമിഴിലോ ഒരു ഗാനം പോലും ഓര്‍മ്മ വരുന്നില്ല. കേരളീയ അമ്പലങ്ങള്‍ക്കും പള്ളികള്‍ക്കും പ്രണയം ഉണര്‍ത്തുന്ന എന്തെങ്കിലും പ്രത്യേകതകള്‍ ഉണ്ടോ?

സു | Su said...

ഭേഷായി. ഇനി ഇത് പണിക്കന്റെ വീട്ടിലെ ബ്ലോഗില്‍ പബ്ലിഷ് ചെയ്തിട്ട് തന്നെ കാര്യം. മോന്റെ ഭക്തി അവരും ഒന്നറിയട്ടെ. ;) മേല്‍‌വിലാസം തരൂ ;)

പെരിങ്ങോടന്‍ said...

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്കു മാത്രമല്ല കണ്ണൂസേ, സി.വി.ശ്രീരാമന്റെ മോക്ഷാര്‍ത്ഥം വായിച്ചപ്പോള്‍ മലയാളികളുടെ മനസ്സു തന്നെ അങ്ങിനെയാണെന്നു മനസ്സിലായി. എം.ടിയുടെ തന്നെ രണ്ടുകഥകള്‍, വാരണാസിയും, വാനപ്രസ്തവും ഇതേ ഫീലിങ് കുറയൊക്കെ പകര്‍ന്നു തരുന്നുണ്ടല്ലോ. ക്ഷേത്രങ്ങള്‍ ഭക്തി രസീറ്റെഴുതിക്കൊടുക്കുന്ന വിഹാരങ്ങളല്ലെന്നു കേരളീയനു നന്നായി അറിയാമെന്നു തോന്നുന്നു. ക്ഷേത്രകലകളും ഒരു പരിധിവരെ ഇത്തരമൊരു അന്തരീക്ഷം നിലനിര്‍ത്തുന്നതിനു സഹായിച്ചിട്ടുണ്ടാകണം.

പണിക്കന്‍ said...

വാളന്‍ജീ നന്ദി... കാര്‍ത്തികേം രോഹിണീം ഒക്കെ കഴിഞ്ഞട്ടു പോരേ ഭരണി ഐറ്റംസ്‌ ;)

ഏവൂരാന്‍മാഷേ കുത്തിടല്‌ ഒരു ശീലമായി പോയി അറിയാതെ ഇട്ടു പോവുന്നതാ, തീര്‍ച്ചയായും ഇനി ശ്രദ്ധിച്ചോളാം, വളരെ നന്ദി

ബിന്ദുഓപ്പളേ, ആ ഇനി ഈമെയില്‍ ഐഡി തരണ്ട കുറവുംകൂട്യേ ഉള്ളു ;)

പെരിങ്ങ്സേ, വളരെ വളരെ വളരെ നന്ദി, പെരിങ്ങോടനെ പോലെ ഒരാള്‍ ഇഷ്ട്ടപ്പെട്ടു എന്നു പറഞ്ഞാല്‍, അതില്‍ കൂടുതല്‍ എനിക്കെന്താ വേണ്ടെ...

ആദ്യേ... നായ, വാല്‌, പന്തീരാണ്ട്‌, കുഴല്‌... നമ്മള്‌ നന്നാവോ... യേയ്‌

ദിവാ, നന്ദി നന്ദി നന്ദി

മാണിക്യാ, അതേ അതെ ;) നന്ദി

നിക്കേ, അതു ഞാന്‍ എന്നേ വിട്ടു... നന്ദി

കണ്ണൂസേ, കേരളീയന്‌ അമ്പലങ്ങളും പള്ളികളും ഒരു ആരാധനാലയം എന്നതിലുപരി ഒരുപാട്‌ വൈകാരിക ബന്ധങ്ങളുണ്ട്‌ എന്നു തോന്നുന്നു. അവന്റെ ജീവിതവുമായി ഇവ ഒരുപാട്‌ അടുത്തു കിടക്കുന്നു. അവിടത്തെ ഉത്സവങ്ങളും പെരുന്നാളുകളും എല്ലാം ജാതിമതഭേദമന്യേ ആ നാടിന്റെ ഉത്സവമായി അവര്‍ കണക്കാക്കുന്നു.അവന്റെ പ്രണയവും ജീവിതവും എല്ലാം അതിനെ ചുറ്റിപറ്റി കിടക്കുന്നു.

സു, എലിക്കു പ്രാണ വേദന, പൂച്ചക്ക്‌ വീണ വായന, മനസമാധാനമായി ഒരു കാര്യം പറയാന്‍ സമ്മതിക്കില്ലാ ലേ... നന്ദി :)

വക്കാരിമഷ്‌ടാ said...

പണിക്കേഴ്‌സ് ട്രാവത്സ്, നേരത്തേ തന്നെ വായിച്ചിരുന്നു. വളരെ ഇഷ്ടപ്പെട്ടു...

ഇടിവാളിന്റെ പേരും ഭരണി, നാളും ഭരണി തകര്‍ത്തു.

ദില്‍ബാസുരന്‍ said...

പണിക്കന്‍,
മനസ്സില്‍ തൊട്ടു,തലോടി,തൊട്ടാല്‍ വാടി എന്നൊക്കെ പറയില്ലെ. അത് പോലെയായി.

ഈ അമ്പലത്തില്‍ പോക്ക് പാരയായി കണക്കാക്കിയിരുന്ന ഞാന്‍ ഒരു ദിവസം ഇത് പോലെ ഒരു കിളിയെ അമ്പലത്തില്‍ വെച്ച് കണ്ട് നമ്പറിട്ടു. എന്നെങ്കിലും അമ്പലത്തില്‍ കയറുന്ന നമ്മള്‍ക്കുണ്ടോ അറിയുന്നു അത് അമ്മയുടെ സഹ അമ്പലവാസിയായ ഒരു കൂട്ടുകാരിയുടെ മകളാണെന്ന്. മാനം കപ്പല്‍ കയറി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

കാര്‍ത്തികക്കാരി കാര്‍ത്തിക. നടക്കട്ടെ..

Anonymous said...

അപ്പോ ദൈവത്തെ തൊഴാന്‍ അല്ലാതെ ദൈവത്തെ തൊഴാന്‍ വരുന്നവരെ തൊഴാനും അമ്പലത്തില്‍ പോകാം അല്ലേ?

Anonymous said...

aake motham total aayi kalakki..

Anonymous said...

kure neram nokki....
malayaalathil blog id vachu comentyappo ee sthalam kaananillia nnulla marupadya kittane.so anony aayi kedakkatte nnu karuthy

മനുസ്മൃതി said...

നാട്ടിന്‍പുറത്തെ അംബലത്തിലെ ശാന്തമായ അന്തരീക്ഷം മനസ്സിനു തരുന്ന ആശ്വാസം മറ്റ്‌ എവിടെ നിന്നും കിട്ടില്ല......... അത്തരത്തിലൊരു കാന്‍ വാസില്‍, തനി ഗ്രാമീണ പ്രണയത്തിന്റെ നൈമര്‍ല്യം വാക്കുകളിലേക്കാവാഹിച്ചു വരച്ച ഈ മനോഹരചിത്രം തന്ന സുഖവും ചില്ലറയല്ല........... പണിക്കാ, എല്ലാം നന്നാവുന്നുണ്ട്‌. അഭിനന്ദനങ്ങള്‍.

:: niKk | നിക്ക് :: said...

വക്കാരി ദി ശിക്കാരി,
ഈ പണിക്കന്റെയാണോ 'പണിക്കേഴ്സ്‌ ട്രാവല്‍സ്‌'? ച്ഛെ! തലസ്ഥാനം കഴിഞ്ഞ തവണ സന്ദര്‍ശിച്ചപ്പോള്‍ അവരുടെ ഓഫര്‍ തട്ടിക്കളഞ്ഞല്ലോ, ആഗ്രയില്‍ പ്രേമകുടീരം കാണാനൊത്തില്ല :(

അടുത്ത തവണ പണിക്കനേം കൂടെ കൊണ്ടുപോവാം :P

sahayaathrikan said...

പണിക്കോ.. മാത്തനുശേഷം എന്താ കാണാത്തത് എന്ന് വിഷമിച്ചിരിക്കായിരുന്നു. നന്നായിട്ടുണ്ട്.

മുല്ലപ്പൂ || Mullappoo said...

"എന്റെ അടുത്ത ഉത്തരവാദിത്തത്തിനുള്ള സമയായി... ഇനി ഊണ്‌ കഴിഞ്ഞട്ടാവാം ബാക്കി സ്വപ്നം കാണല്‍... "

‘കള്ള’ക്കര്‍ക്കിടകം കൊള്ളാം...

Durga said...

നന്നായിട്ടുണ്ട്.:)

കുറുമാന്‍ said...

ഇന്നാ ഇത് വായിച്ചത്.......

അമ്പലവാസീടെ കൌണ്ടറിലിരുപ്പാലോചിച്ചിട്ട് ചിരി വന്നു......അങ്ങനെ തോര്‍ത്ത് മുണ്ട് പുതച്ച് (അതോ രണ്ടാം മുണ്ടോ?), ചെവിട്ടില്‍ തുളസിക്കതിര്‍ വെച്ച് (ഭാഗ്യം ചെമ്പര്‍ത്തിയല്ലല്ലോ), ചന്ദനം തൊട്ട്, ഇപ്പോ വരും, ഇപ്പോ വരും എന്നു കാത്തിരിക്ക്ലുന്ന പണിക്കന്റെ ആലോചിക്കാന്‍ എന്തു രസം.