Wednesday, July 05, 2006

മാങ്കായി മാത്തന്‍...

മാങ്കായി കവലയുടെ 2 കി.മി ചുറ്റളവിലുള്ള എല്ലാ വൃദ്ധജനങ്ങളും മരിക്കുന്നതു മാത്തനുണ്ടല്ലോ എന്ന ധൈര്യത്തിലാണ്‌. കാരണം മാങ്കായിലൊരു മരണം നടന്നാല്‍ ജാതി ഭാഷ വര്‍ണ്ണ ഭേതമന്യേ കുഴിയാണെങ്കിലും മാവാണെങ്കിലും വെട്ടി, പരേതന്റെ ആത്മാവിനെ ഇഹ: ലോകത്തു നിന്നും വണ്ടി കേറ്റി വിടുന്ന വരെയുള്ള സര്‍വ്വ സഹായങ്ങളും മാത്തന്‍ ചെയ്യും... നമ്മല്‍ ചുമ്മാ അങ്ങു മരിച്ചു കൊടുത്താ മതി ബാക്കി മുഴുവന്‍ മാത്തന്‍ ഏറ്റു എന്ന അവസ്ഥ... എന്തിനേറെ പറയുന്നു സാക്ഷാല്‍ യമദേവന്‍ തന്റെ കമ്പനിയിലെ സത്ജന വിഭാഗത്തിലേക്ക്‌ ആളെ റിക്രൂട്ട്‌ ചെയ്യുന്നതു മാത്തനു ഒഴിവുള്ള ഡേയിറ്റ്‌ നോക്കിയാണ്‌.

ചെയ്യുന്ന ഉപകാരങ്ങള്‍ക്കു മാത്തന്റെ കൂലി എന്നു പറഞ്ഞാല്‍ വയറു നിറച്ച്‌ ഭക്ഷണമാണ്‌. ഒഴിവു
സമയങ്ങളില്‍ പറമ്പിലെ പണികള്‍, കിണറു തേവല്‍, ദൈവസഹയം കുമാരന്റെ 'ദൈവസഹായം' റ്റീ സ്റ്റള്ളിലേക്കും, സ്വാമിയുടെ 'ലക്ഷ്മീസ്‌' ഹോട്ടലിലേക്കും ഉള്ള വിറകുകീറല്‍, പകല്‍ സമയങ്ങളില്‍ ഉടമസ്ഥനു വേണ്ടിയും രാത്രി സമയത്ത്‌ ദൈവസഹായം കുമാരനു വേണ്ടിയും ഉള്ള തെങ്ങുകേറ്റം (ഇതില്‍ രണ്ടാമതു പറഞ്ഞ തെങ്ങുകേറ്റം ഇതു വരെ തെളിയിക്കപ്പെടാത്ത കേസ്‌ ആണ്‌) എന്നീ എക്സ്റ്റ്രാ കരിക്കുലര്‍ ആക്റ്റിവിറ്റീസ്‌ ഉള്ളതിനാല്‍ മാത്തന്റെ 'വയറിനു' ഒരിക്കലും തൊഴില്‍ രഹിതനായി ഇരിക്കേണ്ടി വന്നിട്ടില്ല...

കൂലി ഭക്ഷണമായതുകൊണ്ട്‌, 'പണം' എന്നു പറയുന്ന ഒരു വസ്തു ഈ ഭൂലോകത്തില്‍ എല്ലാവരുടേയും കാണപ്പെട്ട ദൈവമായി വിരാജിച്ചിരുന്ന കാര്യം മാത്തന്‍ അറിഞ്ഞിരുന്നില്ല.

അത്യാവശ്യ ഘട്ടങ്ങളില്‍ മാത്തനെ അന്വേഷിച്ച്‌ അയല്‍ ദേശങ്ങളില്‍ നിന്നു ആള്‍ക്കാര്‍ വന്നു തുടങ്ങിയപ്പോള്‍ മാങ്കായിക്കാര്‍ 'മാങ്കായി മാത്തന്‍' എന്ന പേരില്‍ ഒരു പേറ്റന്റ്‌ എടുക്കുകയും അന്നു മുതല്‍ മാത്തന്‍ 'മാങ്കായി മാത്തന്‍' എന്നറിയപ്പെടാനും തുടങ്ങി...

അങ്ങനെ മാത്തന്‍ മാങ്കായിയുടെ ഒരു അവിഭാജ്യ ഘടകമായി കഴിഞ്ഞിരുന്ന കാലത്താണ്‌ ആ ദേശത്തെ പ്രശസ്ത കുടുംബങ്ങളിലൊന്നായ മാണിക്കവീട്ടിലെ പഞ്ചപാണ്ടവരില്‍ യുധിഷ്ഠിരനും, ആ ദേശത്തെ ഏക ഗള്‍ഫനുമായ ദാമോദരേട്ടന്‍ ഗള്‍ഫ്‌ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്കു തിരിച്ചു വരുന്ന വിവരം മാങ്കായി കവലയിലെ നോട്ടീസ്‌ ബോര്‍ഡിലെ പ്രധാന വാര്‍ത്തയാവുന്നത്‌.

അതിന്റെ മുന്നോടിയായി ദാമോദരേട്ടന്‍, മാങ്കായിക്കവലയുടെ ഹൃദയ ഭാഗത്ത്‌ സ്വത്ത്‌ ഭാഗം വയ്പ്പിന്റെ പരിണിത ഫലമായി തനിക്കു പതിച്ചു കിട്ടിയ ഭൂമിയില്‍ ഒരു വീടു പണിയാന്‍ തീരുമാനിക്കുകയും, അതിന്റെ ചുമതല മാണിക്കവീട്ടിലെ അര്‍ജ്ജുനനായ രവ്യേട്ടനെ എല്‍പിക്കുകയും ചെയ്തു.എല്ലാം യുദ്ധ കാലാടിസ്ഥാനത്തില്‍ ചെയ്തു തീര്‍ക്കണ്ടതു കൊണ്ട്‌ മാങ്കായിയിലെ ആസ്ഥാന മേസ്തിരിയായ 'രായപ്പേട്ടന്‍സ്‌ ബില്‍ഡിങ്ങ്‌ കമ്പനിയെ' ഒഴിവാക്കി, ടൌണിലുള്ള ഒരു കോണ്‍ട്രാക്റ്ററെ ഏല്‍പിച്ചു.

വീട്‌ നന്നായി പണിയുകയും, കാശ്‌ കൊടുക്കുന്നവനിട്ട്‌ പണിയാതിരിക്കുകയും ചെയ്യുന്നതില്‍ മലയാളികളേക്കാള്‍ ഭേദം തമിഴന്‍മാരാണ്‌ എന്ന്‌ തോന്നിയതു കൊണ്ടാവാം, ആ കോണ്ട്രാക്റ്റര്‍ ആ വീട്‌ പണിക്കായി ഒരു ലോഡ്‌ തമിഴന്‍മാരെ ഇറക്കി. താമസം ആ പറമ്പിലൊരു മുക്കിലും, ഭക്ഷണം ദൈവസഹായം റ്റീ സ്റ്റാളിലും.

ഇവര്‍ക്ക്‌ ഒരു സഹായത്തിനായി ഒരു നാട്ടുകാരന്‍ എന്ന നിലക്ക്‌ നമ്മുടെ മാത്തനേയും ഏര്‍പ്പാടാക്കി.

തമിഴന്‍മാരായുള്ള സമ്പര്‍ഗത്തില്‍ നിന്നും മാത്തന്‍ പല ലോക തത്ത്വങ്ങളും മനസ്സിലാക്കി.

കള്ളില്‍ ചേര്‍ക്കാനായി ദേവസ്യയുടെ കള്ളുഷാാ‍പ്പില്‍ 20 കുടം വെള്ളം എത്തിച്ച്‌ കൊടുത്താല്‍ കിട്ടുന്ന വെള്ളം ചേര്‍ക്കാത്ത 2 കുപ്പി കള്ളടിക്കുമ്പോള്‍ കാണുന്നതാണ്‌ യഥാര്‍ത്ഥ സ്വര്‍ഗം എന്നു തെറ്റി ധരിച്ചിരുന്ന മാത്തന്‍, പാണ്ടികള്‍ കയ്യിലിട്ടു പൊടിച്ചു ബീഡിക്കകത്താക്കി തരുന്ന ആ ഇലകള്‍ കത്തിച്ചു വലിച്ചതിനു ശേഷം, താന്‍ ഇത്രയും കാലം കണ്ടിരുന്നത്‌ ലോക്കല്‍ സ്വര്‍ഗ്ഗമാണെന്നും, ഇതു വലിച്ചപ്പോള്‍ കണ്ടതാണ്‌ യഥാര്‍ത്ഥ 5 സ്റ്റാര്‍ സ്വര്‍ഗ്ഗമെന്നും തിരിച്ചറിഞ്ഞു.

അന്നു മുതല്‍ ദിവസവും സന്ധ്യക്കു പുതുതായി കണ്ടു പിടിച്ച ആ സ്വര്‍ഗ്ഗത്തിലേക്ക്‌ ഒരു യാത്ര മാത്തന്‍ പതിവാക്കി.

കാര്യങ്ങളുടെ പോക്ക്‌ ഈ വിധമായപ്പോള്‍ ഒരു ദിവസം ഒരു തമിഴന്‍ മാത്തനോട്‌ ആക്രോശിച്ചു...' ഇനി ഉനക്ക്‌ സ്വര്‍ഗ്ഗ ബീഡി വേണംന്നാ ദുട്ട്‌ കൊടുക്കണം...'

മാത്തന്‍ അപ്പൊ തന്നെ തന്റെ ഡിക്ഷ്ണറിയില്‍ 'ദുട്ട്‌' സെര്‍ച്ചിനിട്ടു. അപ്പോള്‍ അതില്‍ തെളിഞ്ഞു വന്ന "ഡിഡ്‌ യു മീന്‍ 'പുട്ട്‌' " എന്ന ചോദ്യം മലയാളതിലാക്കി മാത്തന്‍ തമിഴനു നേരെ എറിഞ്ഞു... 'നീ പുട്ട്‌ എന്നാണോണ്ട്രാ ഉദേശിച്ചേ ?...''

അല്ലൈ... ദുട്ടു ന്ന പണം...' 'പണത്തുക്കു മീതെ പരുന്തും പറക്കാത്‌' 'പണമില്ലയെണ്ട്രാലവന്‍ പിണം' എന്നീ വരികളുടെ സഹായത്തോടെ താന്‍ ഉദ്ദേശിച്ച കാര്യം മാത്തനു കൂടുതല്‍ വ്യക്തമാക്കി കൊടുക്കാന്‍ ആ തമിഴന്‍ ശ്രമിച്ചു.

ആദ്യമായി 'മെഡുല്ല ഒബ്ലോങ്ങേറ്റ' എന്നു കേക്കുമ്പോള്‍ ആര്‍ക്കും ഉണ്ടാവാവുന്ന ഒരു അവസ്ഥയായിരുന്നു 'പണം' എന്നു കേട്ടപ്പോള്‍ മാത്തനും ഉണ്ടായത്‌... ഒന്നും മനസ്സിലാവാത്ത ഒരവസ്ഥ...

തമിഴന്‍ ഒരു ചെറിയ സ്റ്റഡി ക്ലാസ്സിലൂടെ പണതെ പറ്റി മാത്തനെ ബോധവാനാക്കി. പണതിന്റെ രൂപ ഭാവ ഗുണങ്ങള്‍ മനസ്സിലാക്കിയ മാത്തന്റെ മനസ്സില്‍ ആദ്യം തെളിഞ്ഞു വന്ന ചിത്രം പള്ളിയിലെ നേര്‍ച്ചപെട്ടിയും, അതിലിടാന്‍ ഷാപ്പു ദേവസ്യ തന്റെ കയ്യില്‍ നിത്യം തന്നു വിടാറുള്ള 'ഗ്യാസ്‌ മിഠായിയുടെ ഷേയ്പ്പും ലക്ഷ്മീസ്‌ ഹോട്ടലിലെ കാപ്പി ഗ്ലാസിന്റെ നിറവുമുള്ള ആ സാധനമാണ്‌'.

അങ്ങനെ തന്റെ സ്വര്‍ഗ്ഗ യാത്രക്കുള്ള കാശ്‌ കര്‍ത്താവിന്റെ കയ്യില്‍ നിന്നു തന്നെ അടിച്ചു മാറ്റാന്‍ മാത്തന്‍ തീരുമാനിച്ചു.

ഇതു കേട്ട സന്തോഷത്തില്‍ ആ നല്ലവനായ തമിഴന്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള രണ്ട്‌ ബീഡി ടിക്കറ്റ്‌ മാത്തന്‌ ഫ്രീ ആയി കൊടുക്കുകയും, ഒരു കയ്യ്‌ സഹായത്തിന്‌ താനും പള്ളിയിലേക്ക്‌ വരാം എന്നേല്‍ക്കുകയും ചെയ്തു...

അന്നു രാത്രി മാങ്കായി ഉറങ്ങിയതിനു ശേഷം 2 പേരും ഒരു ധൈര്യത്തിന്‌ തങ്ങളുടെ കയ്യിലുള്ള 2 സ്വര്‍ഗ്ഗബീഡി വീതം വലിച്ചൂതിയിട്ട്‌, അതേകിയ ഊര്‍ജ്ജത്തില്‍ പള്ളിയങ്കണത്തിലെത്തി.

ബെക്കാം ഫ്രീ കിക്ക്‌ എടുക്കുന്ന ലാഘവത്തോടെ ആ വഞ്ചിയുടെ രൂപത്തിലുള്ള നേര്‍ച്ചപ്പെട്ടി തുറന്ന തമിഴന്‍ കയ്യില്‍ കരുതിയിരുന്ന ഒരു ചുവന്ന തോര്‍ത്തു മുണ്ടിലേക്ക്‌ കാശ്‌ വാരിയിട്ടുകൊണ്ടിരുന്നു. തനിക്കു പുതുതായി കിട്ടിയ സുഹൃത്ത്‌ തനിക്കു വേണ്ടി കഷ്ട്ടപ്പെടുന്നതും നോക്കി, രണ്ടു കണ്ണിന്നും ഓരോ സന്തോഷാശ്രു വീതം പൊഴിച്ച്‌ മാത്തന്‍ തൊട്ടപുറത്തിരുന്നു.

നേര്‍ച്ചപ്പെട്ടിയിലുള്ള കാശു മുഴുവന്‍ തോര്‍ത്തു മുണ്ടിലാക്കി എഴുന്നേറ്റ്‌ 2 അടി വെച്ചപ്പോഴേക്കും നേരത്തെ പുകച്ച സ്വര്‍ഗ്ഗബീഡി അവരെ സ്വര്‍ഗ്ഗതിലെത്തിച്ചിരുന്നു.

അവരുടെ ഭാഗ്യം കൊണ്ടോ നിര്‍ഭാഗ്യം കൊണ്ടോ അവര്‍ സ്വര്‍ഗ്ഗത്തിലെത്തി ആദ്യം മീറ്റ്‌ ചെയ്തത്‌ 'നിദ്രാ ദേവിയെ' ആയിരുന്നു. ദേവി ഒരു അമാന്തവും കാണിക്കാതെ 2 കയ്യും പൊക്കി അവരെ അനുഗ്രഹിച്ചു.

ആ അനുഗ്രഹം ഏറ്റുവാങ്ങിയ ഉടനെ അവര്‍ 2 പേരും ഭൂമി ദേവിയെ ചുംബിച്ചു കൊണ്ട്‌ ആ പള്ളിമുറ്റത്ത്‌ സാഷ്ടാങ്കം നമസ്കരിച്ചു.

പിറ്റേ ദിവസം പുലര്‍ച്ചെ പള്ളിയിലെത്തിയ കപ്യാര്‌ കാണുന്നത്‌, തുറന്നു കിടക്കുന്ന കാണിക്ക വഞ്ചിയും , പണമടങ്ങുന്ന തോര്‍ത്തുമായി അവിടെ കിടക്കുന്ന തമിഴനേയും, തമിഴന്റെ മുകളിലായി കിടക്കുന്ന മാത്തനേയുമാണ്‌.

പണത്തെ പറ്റി മാത്തനുള്ള അജ്ഞ്യത അറിയാവുന്ന കപ്യാരുടെ ഉള്ളിലെ തിരകഥാകൃത്തുണര്‍ന്നു... നിമിഷ നേരം കൊണ്ടു എഴുതി തീര്‍ത്ത ആന്റി ക്ലൈമാക്സുമായി കപ്പയ‍ര്‍ നാട്ടുകാരെ വിളിച്ചുണര്‍ത്തി..."

നേര്‍ച്ച പെട്ടിയിലെ പണം കവരാന്‍ നോക്കിയ തമിഴനെ, മാത്തന്‍ ഒരു മല്‍പിടിത്തത്തിലൂടെ കീഴടക്കി..., അതിനിടെ താഴെ വീണ 2 പേരുടേയും തല ഒരു കല്ലിലിടിച്ച്‌ ബോധം നഷ്ടപെട്ട്‌ പള്ളിമുറ്റത്ത്‌ കിടക്കുന്നു..."

നാട്ടുകാരുടെ ബഹളവും ഈ കഥയും കേട്ടുണര്‍ന്ന തമിഴനും മാത്തനും നേര്‍ച്ചപ്പെട്ടിയും ഒരേ ശബ്ദത്തില്‍ ഞെട്ടി...

ഒരു രാത്രി ഇരുട്ടി വെളുത്തപ്പഴേക്കും അങ്ങനെ ഉത്തമസുഹൃത്തുക്കള്‍ ആയിരുന്ന ആ തമിഴന്‍ വില്ലന്‍ പരിവേഷത്തോടെ പോലീസ്‌ സ്റ്റേഷനിലും, മാത്തന്‍ ഒരു വീരപുരുഷനായി മാങ്കായിയിലെ ജന സഹസ്രങ്ങളുടെ ഹൃദയത്തിലും പ്രതിഷ്ഠിക്കപെട്ടു...

...ശുഭം...

സസ്നേഹം
പണിക്കന്‍

18 comments:

പണിക്കന്‍ said...

മലയാളമണ്ണിന്റെ മറ്റൊരു പൊന്നോമന പുത്രന്‍... 'മാങ്കായി മാത്തന്‍'... പണിക്കന്റെ മറ്റൊരു നീളന്‍... 'മാങ്കായി മാത്തന്‍'...

വായിക്കൂ...

ദില്‍ബാസുരന്‍ said...

പണിക്കന്‍സ്..
കൊള്ളാം.. ബെക്കാം കിക്ക് കലക്കി. പക്ഷെ സത്യം പറയട്ടെ എനിക്ക് ‘വാഗണ്‍ ട്രാജഡി’യാണ് ശരിക്കങ്ങ് പിടിച്ചത്.

ഇത് മോശം എന്നല്ലാട്ട്വോ... പണിക്കന്‍സ് ഞാന്‍ ഉദ്ദേശിച്ച്ത്.

ദില്‍ബാസുരന്‍ said...

ഡാലീ,
താങ്കളുടെ ബ്ലൊഗിലേക്കുള്ള ലിങ്ക് ഒന്ന് പറഞ്ഞുതരൂ. എന്റെ ബുക്ക്മാര്‍ക്ക് കാ‍ക്ക കൊത്തിപ്പോയി.

panikkar said...

പണിക്കാ ഞാന്‍ പണിക്കര്‍. :)

:: niKk | നിക്ക് :: said...

മാത്തന്‍ അപ്പൊ തന്നെ തന്റെ ഡിക്ഷ്ണറിയില്‍ 'ദുട്ട്‌' സെര്‍ച്ചിനിട്ടു. അപ്പോള്‍ അതില്‍ തെളിഞ്ഞു വന്ന "ഡിഡ്‌ യു മീന്‍ 'പുട്ട്‌' " എന്ന ചോദ്യം മലയാളതിലാക്കി മാത്തന്‍ തമിഴനു നേരെ എറിഞ്ഞു... 'നീ പുട്ട്‌ എന്നാണോണ്ട്രാ ഉദേശിച്ചേ ?...''

ഹിഹിഹി... ഉം.. ഉം.. എന്താ കമന്റേണ്ടതെന്ന്‌ ഒരു എസ്കോട്ടെലുമില്ല പണിക്കാ... :പി

ഇടിവാള്‍ said...

കഥ നന്നായി പണിക്ക..
ശിക്കാരി ശംഭുവിനെ ഓര്‍മ്മ വന്നു !!! ;)

Anonymous said...
This comment has been removed by a blog administrator.
Subin said...

അളിയാ, നീ ഒരു വേറൊരു വിശാല‌ന്‍ ആയി മാറുവാണ‌ല്ലൊ...!

നന്നായിട്ടുണ്ട്! വ‌ള‌രെ! :)

പണിക്കന്‍ said...

ദില്‍ബാ... എല്ലാ പോസ്റ്റുകളും വായിക്കുന്നുണ്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം :)നന്ദി...

പണിക്കരേ ഇതെവടെ ആയിരുന്നു ഇത്രേം കാലം... പണിക്കരാ എന്നു വിചാരിച്ചു കുറേ ആള്‍കാര്‍ എന്നെ തല്ലാന്‍ വന്നിരുന്നു;)

നിക്കേ നന്ദി :)

ഇടിയന്‍ മാഷെ... നന്ദി...

അയ്യയ്യോ സുബിനേ...

ഡാലി said...

പണതിന്റെ രൂപ ഭാവ ഗുണങ്ങള്‍ മനസ്സിലാക്കിയ മാത്തന്റെ മനസ്സില്‍ ആദ്യം തെളിഞ്ഞു വന്ന ചിത്രം പള്ളിയിലെ നേര്‍ച്ചപെട്ടിയും, അതിലിടാന്‍ ഷാപ്പു ദേവസ്യ തന്റെ കയ്യില്‍ നിത്യം തന്നു വിടാറുള്ള 'ഗ്യാസ്‌ മിഠായിയുടെ ഷേയ്പ്പും ലക്ഷ്മീസ്‌ ഹോട്ടലിലെ കാപ്പി ഗ്ലാസിന്റെ നിറവുമുള്ള ആ സാധനമാണ്‌'.
ചില്ലറയെ ഉപമിച്ചിരിക്കുനതു കൊള്ളാം കലക്കി.

ദിവ (diva) said...

വളരെ നന്നായിരിക്കുന്നു. രസകരമായി പറഞ്ഞിരിക്കുന്നു. ഇതിലൊരു പുലി ടച്ച് ഞാന്‍ കാണുന്നു...... ഞാന്‍ കാണുന്നതൊന്നും പിഴയ്ക്കാറില്ല..... (ചുമ്മാ ഒന്ന് ബാധ കേറീതാണ്)

ഇനിയും ഇനിയും കഥകള്‍ പോരട്ടെ

ബിന്ദു said...

കൊള്ളാല്ലൊ പണിക്കാ :)

ശ്രീജിത്ത്‌ കെ said...

സുബിന്‍ പറഞ്ഞപോലെ ഒരു വിശാലലൈന്‍. നന്നാവുന്നുണ്ടെന്ന് പറഞ്ഞാല്‍പ്പോര, കിടിലനാവുന്നുണ്ട്. കലക്കി.

ഇന്നുമുതല്‍ ഈ ബ്ലോഗും എന്റെ ബുക്ക്മാര്‍ക്കുകളിലേക്ക്.

പണിക്കന്‍ said...

ഡാലീ നന്ദി :)

ദിവാ... മുന്‍പെ ഇങ്ങനെ ബാധ കേറുമ്പോ പറഞ്ഞതൊക്കെ സത്യമായിട്ടുണ്ടോ... ആയാല്‍ മതിയായിരുന്നു... ;)...നന്ദി:)

ബിന്ദു ഓപ്പോളേ... നന്ദി:)

ജിത്തേ... ബുക്ക്‌മാര്‍ക്കിലിടം തന്നതിനു വളരേ നന്ദി...:)

വക്കാരിമഷ്‌ടാ said...

ഹ..ഹ... ശരിക്കും ആസ്വദിച്ചു. നന്നായി എഴുതിയിരിക്കുന്നു. ദുട്ട് പ്രോസസ്സ് ചെയ്ത് പുട്ടാക്കിയതും കഥയുടെ കളിമാക്സിയും കലക്കി. നല്ല നര്‍മ്മം.......... നല്ല വിവരണം. അഭിനന്ദനങ്ങള്‍.

കുറുമാന്‍ said...

പണിക്കാ, മാങ്കായി മാത്തന്‍ കലക്കി.......അടുത്തത് പോരട്ടെ

മനുസ്മൃതി said...

you are improving in every posts. one more "vishalan" in our community.

<:| രാജമാണിക്യം|:> said...

പണിക്കാ,
താങ്കളുടെ കഥകള്‍ അതി ഗംഭീരം തന്നെ. ശരിക്കും റിയലിസ്റ്റികും ലൈവും ആണു. വിവരണ ഭാഷയും സൂപ്പര്‍ കൂടാതെ technical ഭാഷ്യവും കിടിലന്‍. അടുത്ത കഥക്കായി കാത്തിരിക്കുന്നു. . വീണ്ടും കാണാം..