Saturday, September 30, 2017

കാലനെ അറിയാത്ത കാലൻകോഴി

അന്ധവിശ്വാസങ്ങളുടെ ഒരു പടു കൂമ്പാരമാണ് ഈ മനുഷ്യരുടെ മനസ്സ്.അവർക്കേൽക്കുന്ന ഓരോ തോൽവിക്കും അവർ കണ്ടെത്തുന്ന ന്യായീകരണങ്ങളാണ് യഥാർത്ഥത്തിൽ ഈ അന്ധവിശ്വാസങ്ങൾ. അത് പിന്നെ അവർ അതീന്ദ്രിയ കഥകളാക്കി മറ്റുള്ളവരുടെ മനസ്സിൽ കുത്തിനിറക്കുന്നു. എന്നാൽ അവരുടെ ഈ ചെയ്തിയാൽ വെറുക്കപ്പെട്ടവരായി മാറുന്ന കുറേ പാവങ്ങളെ കുറിച്ച് അവർ ചിന്തിക്കുന്നില്ല. അത്തരത്തിൽ, ഞങ്ങളുടേതും കൂടിയായ ഈ ഭൂമിയിൽ, സ്വന്തം വർഗ്ഗത്തിന്റെ പേരിൽ അറിയപ്പെടാൻ പോലും കഴിയാതെ പോയ ഒരു വിഭാഗമാണ് എന്റേത്. മനുഷ്യരെന്ന ജന്തു വർഗ്ഗം മെനഞ്ഞ കഥയിലെ ഒരു കഥാപാത്രത്തിന്റെ പേരിൽ ഞാനിന്ന് അറിയപ്പെടുന്നത് കാലൻകോഴി എന്നാണ്.

കാലൻകോഴി അകലെ കരഞ്ഞാൽ അടുത്തു മരണം എന്നാണവർ പറയുന്നത്. മരണത്തിലേക്ക് അവരെ ആനയിക്കാൻ കാലൻ എന്നൊരാൾ വരുമെന്നും, അത് ഞാനവരെ പൂവ്വ... പൂവ്വ... എന്ന ശബ്ദമുണ്ടാക്കി വിളിച്ചറിയിക്കുന്നു എന്നുമാണ് അവരുടെ വിശ്വാസം. അവരുടേത് മാത്രമെന്നു കരുതി മനുഷ്യർ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ പ്രകൃതിയിൽ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി നെട്ടോട്ടമോടുന്നതിന്റെ ഇടയിൽ, ഇനി ഒരു പരിചയവുമില്ലാത്ത കാലന്റെ സന്ദേശം കൊണ്ടു നടക്കാൻ എനിക്കെവിടെ സമയം.

പ്രകൃതി മുഴുവൻ ഒരേ ഭാഷയിൽ സംസാരിക്കുമ്പോൾ ഈ മനുഷ്യർ മാത്രം അവരുടേതു മാത്രമായ ഭാഷയിൽ സംസാരിക്കുന്നു. ഞങ്ങൾ കരയുകയും ചിരിക്കുകയും പ്രണയിക്കുകയും ചെയ്യുന്നതിനെ അവർ അവരുടെ ഭാഷയിലേക്ക് മാറ്റി കഥകൾ ഉണ്ടാക്കുന്നു. എന്നിട്ടവർ തന്നെ ഭയക്കുന്നു.

പ്രണയത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഓർത്തത്, ഒരു ഇണയെ കണ്ടു പിടിക്കേണ്ട പ്രായം എനിക്കെന്നേ കഴിഞ്ഞു. എന്നിട്ടും ഇതുവരെ അതിനു സാധിച്ചിട്ടില്ല. അതിനും കാരണം ഈ മനുഷ്യർ തന്നെ. അവരുടെ അനാവശ്യ ഇടപെടലുകൾ മൂലം ഞങ്ങളുടെ ആവാസ വ്യവസ്ഥയിൽ ഉണ്ടായ മാറ്റങ്ങളും അതു മൂലം ഉണ്ടാവുന്ന വംശനാശ ഭീഷണയും.

അതാ ദൂരെ നിന്ന് ഒരു കരച്ചിൽ കേൾക്കുന്നില്ലേ? അത് എന്നെ പോലെ ഇണയെ തേടുന്ന ഒരുവളുടെ ഒച്ചയാണ്. ഇതെങ്കിലും ശരിയാവുമോ എന്നു നോക്കട്ടെ. എന്തായാലും ഒന്നുറപ്പാണ്. ഈ കരച്ചിൽ കേട്ട്, താഴെ കുറേ മനുഷ്യർ, കാലന്റെ വരവും കാത്ത് പേടിച്ച് കിടക്കുന്നുണ്ടാവും. അന്ധവിശ്വാസികൾ ഭയക്കട്ടെ... എനിക്കെന്താ...

ആരോ താഴെ നിന്ന് ഈ മരത്തിലേക്ക് കയറി വരുന്നുണ്ടല്ലോ. ഒരു മനുഷ്യനല്ലേ അത്. അയാളുടെ കൈയ്യിൽ എന്തിനാണാവോ ഒരു കയർ. സാധാരണ മനുഷ്യരെ പോലെ അല്ലല്ലോ, ഇയാളുടെ തലയിൽ എന്താ രണ്ടു കൊമ്പ്? എന്തെങ്കിലുമാവട്ടെ... ഞാനെന്റെ ഇണയെ തേടി പോവുന്നു...

രാവിലെ ഉറുമ്പുകൾക്ക് പ്രാതലായി ഒരു കാലൻകോഴിയുടെ ജഡം ആ മരത്തിനു താഴെ കിടക്കുന്നത് മനുഷ്യരാരും ശ്രദ്ധിച്ചില്ല.

1 comment:

മഹേഷ് മേനോൻ said...

കാലൻകോഴിയെ കാലൻ കൊണ്ടുപോയോ? ഈ കഥയും ഇഷ്ടപ്പെട്ടു.. ബ്ലോഗിനെ ഫോളോ ചെയ്യുന്നു.

ബാക്കി കഥകൾ കൂടി വായിക്കട്ടെ..