Sunday, December 10, 2017

ജലപിശാച്

"ജലപിശാചന്നെ അല്ലാതെന്താ. എത്ര കുളിച്ചാലും കഴുകിയാലും തൃപ്തിയാവില്ല എന്ന് വെച്ചാൽ എന്ത് ചെയ്യാനാ?"

ജയന്റെ പെട്ടെന്നുള്ള ശബ്ദം കേട്ട് സിബി ഞെട്ടി തലയുയർത്തി. വായിച്ചു കൊണ്ടിരുന്ന പേപ്പർ മടക്കി ടീപ്പോയിൽ വെച്ച് മനസ്സിലാവാത്ത ഭാവത്തിൽ ജയനെ നോക്കി.

"അല്ലെടോ... അമ്മേടെ കാര്യം പറഞ്ഞതാ. ദിവസം ചെല്ലുംതോറും വൃത്തി കൂടി കൂടി വരികയാണ്. എവിടെ തൊട്ടാലും പോയി കൈ കഴുകും. ഒരു വട്ടം കൈ കഴുകി ടാപ്പ് അടച്ചു കഴിഞ്ഞാൽ ടാപ്പ്  തൊട്ടെന്ന് പറഞ്ഞ് പിന്നെയും കൈ കഴുകണം. ദിവസവും അഞ്ചു പ്രാവശ്യമെങ്കിലും കുളിക്കും. വന്ന്  വന്ന്  ഞാനൊന്ന് പുറത്തു പോയി വന്നാൽ അമ്മയാണ് പോയി കുളിക്കുന്നത്."

ഇത് കേട്ട് ഒന്ന് ചിരിച്ചുകൊണ്ട് സിബി പറഞ്ഞു.

"സാരമില്ലെടോ ... അമ്മക്കിപ്പോ ഇത്രേം പ്രായം ഒക്കെ ആയില്ലേ. ഇനി തിരുത്താനും ദേഷ്യപ്പെടാനും ഒന്നും പോവണ്ട. എന്തായാലും കൈ കഴുകുന്നത് കൊണ്ടോ കുളിക്കുന്നത് കൊണ്ടോ വേറെ ദോഷം ഒന്നും ഇല്ലല്ലോ."

"അതല്ല സിബി... നാട്ടിലാണെങ്കിൽ കുഴപ്പമില്ലായിരുന്നു. ഇവിടെ നമ്മളീ വെള്ളമൊക്കെ കാശ് കൊടുത്തു വാങ്ങുന്നതല്ലേ. അതിങ്ങനെ വെറുതെ കളഞ്ഞാൽ എങ്ങനെയാ. ഓരോ ഭ്രാന്ത്."

"ഇത് പിന്നെ ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല കേട്ടോ. പണ്ട്  ഞങ്ങൾക്ക് നാട്ടിൽ തറവാട്ടിൽ രണ്ട് കുളങ്ങൾ ഉണ്ടായിരുന്നു. ഭാഗം വെച്ചു കഴിഞ്ഞപ്പോൾ കുളങ്ങളിൽ ഒന്ന് ഞങ്ങളുടെ പറമ്പിലും മറ്റേത് അച്ഛന്റെ ചേട്ടന്റെ പറമ്പിലും ആയി. അന്നൊക്കെ 'അമ്മ പുറത്തു പോയി വന്നാൽ നേരെ വല്യച്ഛന്റെ പറമ്പിലെ കുളത്തിൽ പോയി കുളിക്കും. എന്നിട്ട് വന്ന്  ഞങ്ങളുടെ കുളത്തിൽ ഒന്ന് കൂടി കുളിക്കും. നേരെ ഇവിടെ വന്ന് കുളിച്ചാൽ ഞങ്ങളുടെ കുളം വൃത്തികേടാകും എന്ന തോന്നലാണ് കാരണം. ഭ്രാന്തെന്നല്ലാതെ എന്തു പറയാൻ."

"ആഹാ... അപ്പൊ എന്തായാലും നല്ല ബുദ്ധിയുള്ള ജലപിശാചാണ് കൂടിയിരിക്കുന്നത്. അക്കാര്യത്തിൽ പേടി വേണ്ട." സന്ദർഭമൊന്ന് മയപ്പെടുത്താൻ സിബി ഇടക്ക് കയറി പറഞ്ഞു.

സംഭാഷണമെവിടെ മുറിഞ്ഞപ്പോൾ എന്തോ ഓർത്തിട്ടെന്ന പോലെ ജയൻ പറഞ്ഞു.

"താൻ ആദ്യമായിട്ടല്ലേ ഇവിടെ? വാ നമുക്ക് പുറത്തിറങ്ങി ഒന്ന് നടന്നിട്ട് വരാം ."

സിബിയുടെ മറുപടിക്ക് കാക്കാതെ കസേരയിൽ നിന്നെഴുന്നേറ്റ് ജയൻ  അടുത്ത മുറിയിൽ ഇരിക്കുന്ന മകനോടായി ഉറക്കെ പറഞ്ഞു.

"അപ്പൂ ... ഞങ്ങളൊന്ന് പുറത്തു പോയി വരാം. നീ ഇരുന്നു പഠിച്ചോ."

ഇതുകേട്ട്  സിബി പറഞ്ഞു.

"കുറച്ചു നേരം പഠിച്ചില്ല എന്ന് വെച്ച് ഒന്നും സംഭവിക്കില്ല. അവനും വരട്ടെ."

"ഉം എന്നാൽ ഹോംവർക്ക് തീർത്ത് വേഗം റെഡിയാവ് " എന്ന് പറഞ്ഞ് വീണ്ടും കസേരയിൽ ഇരുന്ന് ജയൻ തുടർന്നു. 

"എനിക്കിത് ആലോചിച്ച് എന്നും ടെൻഷനാണ്. അച്ഛൻ മരിച്ച് അധികം വൈകാതെ അമ്മ മുട്ടുവേദന കാരണം പുറത്തക്കൊന്നും ഇറങ്ങാതെയായി. ഞങ്ങൾക്ക് അവിടെ ചെന്ന് നില്ക്കാൻ പറ്റാത്തത് കൊണ്ട്, സഹായത്തിന് ഒരാളെ നിർത്തിയിരുന്നു."

"കുളത്തിലേക്ക് ഒന്നും ഇറങ്ങാൻ പറ്റാത്തത് കൊണ്ട് ആ ഭ്രാന്ത് അങ്ങനെ തീരും എന്നാ വിചാരിച്ചത്. പക്ഷെ അത് പിന്നെ വേറെ രീതിയിലായി. സഹായത്തിന് നിർത്തിയിരുന്ന സ്ത്രീയെ കൊണ്ട് അവർ തൊടുന്ന പാത്രങ്ങളും ഡ്രെസ്സും എല്ലാം കുളത്തിൽ പോയി മുക്കി കൊണ്ടുവരിയിച്ചു തുടങ്ങി. ഒരു തവണ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡൈനിങ്ങ് ടേബിൾ കുളത്തിൽ കൊണ്ട് പോയി മുക്കി കൊണ്ട് വരാൻ പറഞ്ഞപ്പോൾ അവരും അവിടുന്ന് മതിയാക്കി പോയി. അങ്ങനെ അമ്മെ പിന്നെ ഇങ്ങോട്ട് കൊണ്ട് വന്നു. ഭ്രാന്തെന്നല്ലാതെ എന്ത് പറയാൻ."

ജയൻ വിവരണം നിർത്തിയപ്പോൾ സിബി പറഞ്ഞു.

"ജയാ... ഇതിനു ഞങ്ങളുടെ ഭാഷയിൽ OCD എന്ന് പറയും. 'ഒബ്സെസിവ് കമ്പൽസിവ് ഡിസോർഡർ' എന്ന അവസ്ഥയുടെ ഒരു രൂപമാണിത്. പലർക്കും പല രീതിയിലാവും. മരുന്നും മെഡിറ്റേഷനും എല്ലാം ട്രൈ ചെയ്‌യാമെങ്കിലും ഈ തോന്നലുകൾ മുഴുവനായി വിട്ടു പോവില്ല. എന്തായാലും ഇത്ര പ്രായം ഒക്കെ ആയില്ലേ. ഇനി അമ്മെ അമ്മേടെ വഴിക്ക് വിട്ടാൽ മതി. ഭ്രാന്താണെന്ന് പറഞ്ഞ് ടെൻഷൻ അടിക്കേണ്ട കാര്യം ഒന്നും ഇല്ല."

"അങ്കിളേ ഞാൻ റെഡി. നമുക്ക് പോവാം?"

അപ്പുവിന്റെ ശബ്ദം കേട്ട് രണ്ടുപേരും ചർച്ച നിർത്തി എഴുന്നേറ്റു.

"ഹലോ  ജയൻ"

മൂന്നുപേരും പുറത്തിറങ്ങി വാതിൽ പൂട്ടുന്നതിനിടയിൽ പുറകിൽ നിന്ന് ശബ്ദം കേട്ട് ജയൻ തിരിഞ്ഞു നോക്കി.

"ആ മേനോൻ ചേട്ടാ..."

"എന്താ ജയൻ ഭാര്യ ഒരാഴ്ച വീട്ടിലില്ലാത്തതിന്റെ ആഘോഷമാണോ? വീടും പൂട്ടി എങ്ങോട്ടാ ഈ നേരത്ത്? അമ്മ അകത്തില്ലേ?" മേനോൻ ചോദ്യങ്ങളെല്ലാം ഒന്നിച്ച് തീർത്തു.

"യെസ്, അമ്മ അകത്തുണ്ട്. ഒറ്റക്ക് മുറിയിൽ ഇരിക്കുമ്പോൾ ആരെങ്കിലും വന്ന് വാതിൽ തുറന്നാൽ പോലും അമ്മ അറിയില്ല. അതുകൊണ്ട് വാതിൽ പൂട്ടി പോവുന്നതാ സേഫ്. എന്തായാലും അമ്മക്ക് പുറത്തിറങ്ങേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ."

" ബൈ ദി  വേ... ഇത് എന്റെ ഫ്രണ്ട് സിബി. ഡോക്ടറാണ്. നാളെ ഇവരുടെ എന്തോ കോൺഫറൻസ് ഉണ്ട്. അതിനു വന്നതാണ്. ഞങ്ങൾ വെറുതെ ഒന്ന് നടന്ന്  വരാം  എന്നു വെച്ച് പുറത്തിറങ്ങിയതാ"

"ഹാലോ ഡോക്ടർ... എന്നാ നടക്കട്ടെ, വീണ്ടും കാണാം."

മേനോൻ ചേട്ടനോട് യാത്ര പറഞ്ഞ് ലിഫ്റ്റിന്റെ അടുത്തെത്തിയപ്പോഴാണ് ജയൻ ഓർത്തത്.

"അയ്യോ... അയാളോട് വർത്തമാനം പറഞ്ഞ് വാതിൽ പൂട്ടാൻ മറന്നെന്നു തോന്നുന്നു. ഒരു മിനിറ്റ് ഞാനൊന്ന് നോക്കിയിട്ട് വരാം."

സിബി അപ്പുവിനോട് സ്കൂൾ വിശേഷങ്ങൾ ചോദിച്ച് തുടങ്ങിയപ്പോഴേക്കും ജയൻ എത്തി.

"വാ പോവാം..."

ലിഫ്റ്റിൽ വെച്ച്  അപ്പു സിബിയോട് സ്കൂൾ വിശേഷങ്ങൾ പറഞ്ഞു കൊണ്ടേ ഇരുന്നു.

താഴെ ലിഫ്റ്റിറങ്ങി ഫ്ലാറ്റിന്റെ ഗേറ്റിലെത്തിയപ്പോൾ ജയൻ അപ്പുവിനോട് പറഞ്ഞു.

"അപ്പൂ... നീ അങ്കിളിനെയും കൂട്ടി പതുക്കെ നടന്നോ. ഞാനിപ്പോ വരാം. ഒരു സാധനം എടുക്കാൻ മറന്നു."

തലയാട്ടികൊണ്ട് അപ്പു സിബിയുടെ ഒപ്പം പുറത്തേക്കിറങ്ങി.

"അങ്കിളേ... അച്ഛനിപ്പോ തിരിച്ചു പോയത് ഒന്നും എടുക്കാൻ മറന്നിട്ടൊന്നും അല്ല. വാതിൽ പൂട്ടിയില്ലേ എന്ന് ഒന്ന് കൂടി നോക്കാൻ വേണ്ടിയാ. കുറച്ചു കാലമായി എപ്പോ പുറത്തേക്കിറങ്ങിയാലും ഇങ്ങനെയാണ്. മൂന്നുനാലു തവണ പോയി നോക്കി ഉറപ്പു വരുത്തിയാലേ അച്ഛനു സമാധാനമാവുള്ളു."

സിബി ചിരിച്ചുകൊണ്ട് അപ്പുവിന്റെ തോളിൽ കൈവെച്ച് 'മോനേ... ഇതിനു ഞങ്ങളുടെ ഭാഷയിൽ OCD...' എന്ന് പറയാൻ തുടങ്ങിയപ്പോഴേക്കും അപ്പു ഇടക്ക് കയറി പറഞ്ഞു.

"ഭ്രാന്തെന്നല്ലാതെ എന്ത് പറയാൻ..."

1 comment:

മഹേഷ് മേനോൻ said...

കഥ ഇഷ്ടപ്പെട്ടു..പ്രത്യേകിച്ചും ക്ലൈമാക്സ് :-)