Friday, February 16, 2018

വാടകക്കട്ടിൽ

ഞാൻ ആര് എന്ന് പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തേണ്ടത് എന്ന് അറിയില്ല. സത്യം പറഞ്ഞാൽ എന്റെ പേരു പോലും ഞാൻ മറന്നു പോയി. ഇവിടെ എല്ലാവരും എന്നെ "അമ്മേ" എന്നാണ് വിളിക്കുന്നത്, ഞാൻ തിരിച്ചും. ഞങ്ങൾ ഓരോരുത്തരും മക്കളിൽ നിന്നു കേൾക്കാൻ കൊതിക്കുന്നതാണ് ആ വിളി. എന്നാൽ അവർക്കത് ഒരു ബാദ്ധ്യത ആയി തോന്നുന്നത് കൊണ്ടായിരിക്കും ഞങ്ങളെയെല്ലാം ഇവിടെ കൊണ്ടാക്കിയിരിക്കുന്നത്. ഈ വൃദ്ധസദനത്തിൽ.

പ്രായം, ഓർമ്മകൾ പകുതിയും മായ്ച്ചിട്ടും ഇന്നും മായാതെ കിടക്കുന്നതാണ് ആദ്യമായി കേട്ട "അമ്മേ" എന്ന വിളി. അന്ന് അതിന് സ്നേഹമെന്നും കരുതലെന്നും ജീവനെന്നും അർത്ഥമുണ്ടായിരുന്നു. മകന്, നടന്നു നീങ്ങാൻ കാലുറച്ചപ്പോൾ ആ വിളിക്ക് അർത്ഥം വിശപ്പെന്നും കാശെന്നും ആയി. നിവർന്നു നിൽക്കാൻ നട്ടെല്ലുറച്ചപ്പോൾ ആ വിളിയിൽ ആജ്ഞയും അധികാരവും ചേർന്നു.
അവർക്ക് സ്വന്തമായി ഒരു കുടുംബവും ജീവിതത്തിരക്കും ആയപ്പോൾ "അമ്മേ" എന്ന വിളിക്കർത്ഥം ആവശ്യം എന്നായി. ആവശ്യം കഴിഞ്ഞപ്പോൾ ഭാരവും.

അങ്ങനെയുള്ള ഒരുപാട് ഭാരങ്ങൾ കൊണ്ടിറക്കിയ ഒരു സ്ഥലമാണ് ഇവിടം. ഇപ്പോൾ ഇവിടെ ഞങ്ങളെല്ലാവരും ഭാരമില്ലാത്തവരായി ജീവിക്കുന്നു. കൊല്ലത്തിലൊരിക്കൽ ഇവിടുത്തെ വാടക കൊടുക്കാൻ വരുമ്പോഴാണ് ഞാൻ എന്റെ മകനെ കണ്ടിരുന്നത്. ആദ്യം കൊച്ചു മക്കളേയും കൊണ്ടു വരുമായിരുന്നു. പിന്നെ അത് ഇല്ലാതായി. ഇപ്പോൾ കാശ് അടക്കൽ കമ്പ്യൂട്ടർ വഴി ആയപ്പോൾ ആരും വരാതെയായി.

ആവശ്യക്കാർ ഏറുന്നതിനനുസരിച്ച് വൃദ്ധസദനവും പുതിയ പദ്ധതി തുടങ്ങി. എല്ലാ കൊല്ലവും വാടക കൊടുക്കുന്നതിനു പകരം, കുറച്ചധികം കാശു കൊടുത്താൽ സ്ഥിരമായി ഒരു കട്ടിൽ നമുക്കു കിട്ടും. നമ്മുടെ കാലശേഷം ബന്ധുക്കൾ ഒരാൾക്ക് ഇവിടെ വന്നു താമസിക്കാം. ബന്ധങ്ങളുടെ വിലയറിയുന്നവരാരും മറ്റൊരാൾ ഇവിടെ എത്തിച്ചേരാൻ ആഗ്രഹിക്കില്ല എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ്  അറിഞ്ഞത് എന്റെ കൊച്ചു മകൻ എന്റെ വാടക ആ പദ്ധതിയിലേക്ക് മാറ്റിയിരിക്കുന്നു എന്ന്.

എന്റെ മകനേ... നീ ഇനിയാർക്കും ഭാരമാവാതിരിക്കാൻ ഈ അമ്മയ്ക്കു ചെയ്തു തരാവുന്നത് എത്രയും പെട്ടന്ന് ഈ കട്ടിൽ ഒഴിയുക എന്നതാണ്. എന്തെന്നാൽ അമ്മ എന്നു പറഞ്ഞാൽ സ്നേഹം, കരുതൽ, ജീവൻ എന്നെല്ലാമാണല്ലോ...

No comments: